സന്തോഷ് മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ, അമ്മതായ മഹാമായ....നിര നീളുകയാണ്. കാപട്യത്തിന്‍റെ മൂടുപടം അണിഞ്ഞു സന്യാസത്തെ വെറും കച്ചവടച്ചരക്കാക്കുന്ന കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെട്ടു തുടങ്ങി. എല്ലാവര്‍ക്കും എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ല എന്ന ലോകതത്വം ഈ സംഭവത്തിലും അക്ഷരം പ്രതി ശരിയായി. നൂറു ശതമാനം സാക്ഷരത നേടിയ മലയാളിയുടെ ‘ അന്ധമായ‘ വിശ്വാസങ്ങള്‍ക്ക് വന്ന തിരിച്ചടികൂടി ആയി ഈ തിരിച്ചറിവ്.
എന്താണ് ഈ വ്യാജസന്യാസിമാരുടെ ‘ഉത്ഭവ‘ത്തിനുള്ള കാരണം? അതന്വേഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും നമുക്കു മനസ്സിലാകുക. മനസ്സമാധാനം എന്നതു മലയാളിയെ വിട്ടുപോയിക്കൊണ്ടിരിക്കുന്നു. പണവും പ്രശസ്തിയും മാത്രം മതി ഇപ്പോള്‍ മലയാളിക്ക്. അതിനുള്ള ഒരു പരക്കം പാച്ചിലില്‍ ആണു നമ്മള്‍. ഈ വ്യഗ്രതില്‍ നഷ്ടമാകുന്നത് നമ്മുടെ മനസ്സാണ്, സന്തോഷമാണ്. ഈ യാന്ത്രിക ജീവിതത്തില്‍ മനസ്സമാധാനം തിരികെ കിട്ടാനുള്ള ഒരു വിഫല ശ്രമം. അതെ. അതു മാത്രമാണ് ഈ കള്ള സ്വാമിമാരുടെ മുന്‍പില്‍ മലയാളിയെ കൊണ്ടെത്തിക്കുന്നത്. രൂപമില്ലാത്ത ഈശ്വരനെ ഭജിച്ചു സമയം കളയാന്‍ ആര്‍ക്കാണ് സമയം. ഇതാകുമ്പോള്‍ വിഷമവും ആവശ്യവും എല്ലാം നേരിട്ട് ബോധിപ്പിക്കാം. അനുഗ്രഹം ഉടനടി കിട്ടും. കുറച്ചു കാശു മുടക്കണമെന്നു മാത്രം. എല്ലാം ഇന്‍സ്റ്റന്‍റ് മിക്സ് ആയി കിട്ടുന്ന കാലമല്ലെ.
ഇപ്പൊള്‍ ഏറ്റവും ലാഭകരമായി നടത്താവുന്ന രണ്ട് കച്ചവടങ്ങളാണുള്ളത്. ഭക്തിയും വിദ്യാഭ്യാസവും. അതില്‍ വിദേശ നാണ്യവും കൂടി നേടിതരുന്ന വ്യവസായം ഭക്തി മാത്രമെ ഉള്ളു. ഭക്തിയുടെ പേരില്‍ ആകുമ്പൊള്‍ ആര്‍ക്കും എന്തു തോന്ന്യാസവും ആകാം എന്നായിരിക്കുന്നു കേരളത്തിലെ സ്ഥിതി. പെണ്‍ വാണിഭം നടത്താം, കള്ളു കച്ചവടമൊ മയക്കുമരുന്നു കച്ചവടമോ നടത്താം ആരെ വേണമെങ്കിലും കൊല്ലാം ആരും ചോദിക്കില്ല. കാരണം ഇതു കേരളമാണ്. ആശ്രമങ്ങളിലോ മഠങ്ങളിലോ ഒരു റെയ്ഡ് നടത്താന്‍ പോലും ഭരണകൂടത്തിനും നീതിപാലകര്‍ക്കും മടിയാണ്. കാരണം പെട്ടെന്ന് വൃണപ്പെടുന്നതാണ് മലയാളിയുടെ മതവികാരം. കേരളം നിന്നു കത്തും ....ഇതാണ് സാക്ഷര കേരളം .
ഒരുപാട് ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായി. ഇത്രയേറെ മനുഷ്യ ദൈവങ്ങള്‍ കേരളത്തിലുണ്ടായിട്ടും അതില്‍ ഒരു 'ദൈവ'ത്തിനുപോലും അതൊന്നും മുന്‍കൂട്ടി കാണാനായില്ല. എന്തൊരു വൈരുദ്ധ്യം!!! ഇവരുടെ ഒക്കെ അസ്തിത്വത്തെ ചോദ്യം ചെയ്‌താല്‍ ഈ കാപട്യക്കാരുടെ ഭക്ത ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ഒരു വാദമുണ്ട്. പണ്ടു കൃഷ്ണനെയും നബിയെയും യേശുവിനെയും തള്ളി പറഞ്ഞിട്ടുണ്ട് എന്ന്. 'ഭക്തിയുടെ' നിര്‍വൃതിയില്‍ അന്ധരാക്കപ്പെട്ട ആള്‍ ദൈവ ഭക്തരെ ....ഒന്നു ചോദിച്ചോട്ടെ. യേശുവും നബിയും കൃഷ്ണനുമൊക്കെ വിദ്യാഭ്യാസ കച്ചവടം നടത്താനും, പെണ്‍ വാണിഭം നടത്താനും ,ജനങ്ങളെ കബളിപ്പിക്കാനും ആണല്ലേ ഇവിടെ അവതാരമെടുത്തത്.....
സ്വന്തമായി ചാനലുകള്‍ വരെയുള്ള മനുഷ്യ ദൈവങ്ങള്‍ ഉണ്ടിവിടെ. അത്തരം ഒരു ചാനലില്‍ മനുഷ്യ ദൈവത്തിന്‍റെ ഒരരുളപ്പാട് കാണുകയുണ്ടായി. ഒരു ശരാശരി മലയാളി സ്ത്രീ പറയുന്ന വാക്കുകള്‍ ...ആ വാക്കുകള്‍ക്ക് ഏതൊക്കെ രീതിയില്‍ ചിന്തിച്ചാലും ഒരു പ്രത്യേകതയും നമുക്കു തോന്നില്ല. പക്ഷെ ഇനിയാണ് കളി മാറുന്നത് . വിദ്യാസമ്പന്നനും സുമുഖനുമായ പ്രഥമ ശിഷ്യന്‍ രംഗത്ത് എത്തുന്നു. ആള്‍ ദൈവത്തിന്‍റെ വാക്കുകള്‍ക്കു , നമ്മളോ ആ മനുഷ്യ ദൈവമോ പോലും ചിന്തിക്കാത്ത ആത്മീയ പരിവേഷം അദ്ദേഹം നല്കുന്നു. ഭക്ത ലക്ഷങ്ങള്‍ അതുകേട്ട് ഭക്തിയില്‍ ലയിക്കുന്നു. മനുഷ്യ ദൈവത്തിന്‍റെ വളര്‍ച്ചക്ക് അത്യാവശ്യം, ബുദ്ധിമാനായ ശിഷ്യനാണെന്ന് വിളിച്ചോതുന്ന ദൃശ്യങ്ങള്‍...
കള്ള സ്വാമിമാരുടെ ഏറ്റവും വലിയ പ്രചാരകര്‍ സ്ത്രീജനങ്ങള്‍ ആണെന്നുള്ളതാണ് വിഷമകരമായ വസ്തുത. പൊങ്കാല എന്നത് ഒരു ഫാഷന്‍ ആണ് ഇപ്പോള്‍. ഏത് മനുഷ്യ ദൈവങ്ങളുടെയും വീട്ടുപടിക്കല്‍ പൊങ്കാലയിടാനും ഇല്ലാത്ത അത്ഭുത പ്രവൃത്തികള്‍ വാഴ്ത്തി നടക്കാനും സ്ത്രീജനങ്ങള്‍ തയാറായി നില്‍ക്കുമ്പോള്‍ ആര്‍ക്കു രക്ഷിക്കാന്‍ കഴിയും ഈ കേരളത്തെ?
ആത്മീയതയിലൂടെ ജീവിച്ച ഒരുപാട് മഹാത്മാക്കള്‍ നമുക്കുണ്ട് . ഇപ്പോഴും ഉണ്ട്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് പോലും സ്വൈര്യ ജീവിതം സാധ്യമല്ല . ആത്മീയതയെ ജീവാത്മാവായി കൊണ്ടു നടക്കുന്നവരെ പോലും നാം അടച്ചാക്ഷേപിക്കുകയാണ്. കല്ലെറിയുകയാണ്. എന്തിനാണ് ഈ പരാക്രമങ്ങള്‍ ?
ഇവിടെ ഉണരേണ്ടത് ഭരണ കൂടവും നീതി പാലകരുമാണ്. കേന്ദ്ര മന്ത്രിമാരും സമൂഹത്തിലെ ഉന്നതരും കാലില്‍ വീഴാനും അനുഗ്രഹത്തിനും ആള്‍ദൈവങ്ങളുടെ മുന്‍പില്‍ കാത്തുനില്‍ക്കുമ്പോള്‍ നിയമത്തിനു കണ്ണും കേട്ടിയിരിക്കാനെ സാധിക്കു. ചെറിയ പരല്‍ മീനുകളോടൊപ്പം 'തിമിംഗലങ്ങളെയും ' ശക്തമായ തെളിവുകളോടെ വലയില്‍ വീഴ്ത്താന്‍ നമ്മുടെ നിയമത്തിനു കഴിയണം. അതോടൊപ്പം ആത്മീയതയെ ഉള്‍ക്കൊണ്ട് ജീവിതം നയിക്കുന്നവരെ തിരിച്ചറിയാനും നമുക്കു സാധിക്കണം. അപ്പോഴേ നമ്മള്‍ നേടിയെന്നവകാശപ്പെടുന്ന വിദ്യാഭ്യാസത്തിന്‍റെ അര്‍ത്ഥം പൂര്‍ണമാകൂ...
No comments:
Post a Comment