Sunday, January 10, 2010

എനിക്ക് കാണാം, നിങ്ങളുടെ കണ്ണുകളിലെ പ്രകാശം.

കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ സഖാവ് പുഷ്പന്‍ സമ്മേളനത്തിനയച്ച സന്ദേശം.
പ്രിയ സഖാക്കളെ....

എനിക്ക് കാണാം, നിങ്ങളുടെ കണ്ണുകളിലെ പ്രകാശം। വാനില്‍ ഉയര്‍ത്തിയ ശുഭ്ര പതാകയിലെ നക്ഷത്രം। ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളും കേള്‍ക്കാം, ഒട്ടും ദുരെയല്ല ഞാന്‍ നില്‍ക്കുന്നത്। ശരീരം അനുവദിക്കുന്നില്ലെങ്കിലും, മനസ് നിങ്ങളുടെ കൂടെയുണ്ട്। ചരിത്രത്തില്‍ പതിഞ്ഞ അനന്തപുരിയുടെ മണ്ണില്‍ ഡിവൈഎഫ്‌ഐ യുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിനായി ഒരുമിച്ച എന്റെ പ്രിയ സഖാക്കളെ എല്ലാവരേയും ആദ്യംതന്നെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു.

പതിനാറ് വര്‍ഷമായി, ഒരു ശക്തിക്കും കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന ഉറച്ച മനസ്സുമായി ഞാന്‍ കിടക്കുന്നു। അനുഭവിച്ച വേദനകളെല്ലാം എനിക്ക് നല്കിയത് ജീവിക്കാനുള്ള, പൊരുതാനുള്ള ചങ്കുറപ്പ്। ഒട്ടും നിരാശയില്ല; സമരം പാഴായി എന്ന് നമ്മുടെ എതിരാളികള്‍ വിലപിച്ചിട്ടുണ്ട്. എനിക്ക് ഉറച്ച ബോധ്യമുണ്ട്. കൂത്തുപറമ്പ് പകര്‍ന്ന ഊര്‍ജ്ജമാണ് വിദ്യാഭ്യാസ കച്ചവടക്കാരെ ചങ്ങലക്കിട്ടത്. സാമൂഹിക നീതിയുടെ പ്രകാശവൃത്തം തുറന്നത്. പ്രചാരണങ്ങളില്‍ അവസാനിക്കുന്നതല്ല കൂത്തുപറമ്പ്. സമരഭൂമിയില്‍ പിടഞ്ഞ് വീണ റോഷന്റെ പിതാവ് പറഞ്ഞത് ഓര്‍മ്മയില്ലേ? ''കമ്യൂണിസ്റ്റുകാര്‍ ഉള്ളിടത്തോളം വിരുദ്ധ രാഷ്ട്രീയക്കാരും നിലനില്ക്കും. സത്യത്തിന് നേരെ നില്‍ക്കുന്ന നാവുകള്‍ നിശ്ചലമാക്കാന്‍ എല്ലാ ഭരണകൂടങ്ങളും എന്നും ശ്രമിച്ചിട്ടുണ്ട്."

അതെ। നമ്മെ അനക്കമറ്റതാക്കാന്‍ ശത്രുപക്ഷം ഉണര്‍ന്നിട്ടുണ്ട്। നമുക്ക് മുന്നിലെ വഴികള്‍ എളുപ്പമല്ല. അന്ന് ശത്രു തോക്കുമായി നമുക്ക് നേര്‍ക്കുനേര്‍ വന്നു. വെടിയുണ്ടകള്‍ ഉതിര്‍ത്തു. അഞ്ച് രക്തനക്ഷത്രങ്ങള്‍ പിടഞ്ഞുവീണു. നേര്‍ക്ക് നേരെയല്ല അവരുടെ ഇനിയത്തെ വരവ്. അനവധി മുഖങ്ങളില്‍, വേഷങ്ങളില്‍ അവരെത്തും; നമ്മുടെ കീഴടക്കാനാവാത്ത പോരാട്ടവീര്യം തകര്‍ക്കാന്‍.

സഖാക്കളെ, കണ്ണും കാതും തുറന്നിരിക്കണം। കൂത്തുപറമ്പുകള്‍ നമുക്ക് കരുത്തായുണ്ട്। എനിക്ക് ഒട്ടും വേദനയില്ല. കാരണം വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കേരളത്തിന്റെ മന:സാക്ഷിയെയാണ് കൂത്തുപറമ്പ് സമരത്തിലൂടെ നാമുണര്‍ത്തിയത്. സഖാക്കള്‍ രാജീവനും മധുവും റോഷനും ബാബുവും ഷിബുലാലും നമുക്ക് പകര്‍ന്ന ത്യാഗത്തിന്റെ വഴികളില്‍ ഇനിയും ഏറെ ദൂരം പിന്നിടണം. ചെയ്യാനുള്ളത് നിങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് എനിക്കറിയാം. തകര്‍ക്കാന്‍ കണക്ക് കൂട്ടിയവരെയെല്ലാം തോല്‍പ്പിച്ച് അവസാന വിജയം നിങ്ങള്‍ എനിക്കായി കൊണ്ടുവരും, നമ്മുടെ പ്രസ്ഥാനത്തിനായി, നമ്മുടെ സ്വപ്നത്തിനായി.

പുതിയ കടമകള്‍ ഏറ്റെടുക്കുന്ന തിരുവനന്തപുരം സമ്മേളനത്തിലേക്ക് വരണമെന്ന് ആഗ്രഹമുണ്ട്। മനസ് ആഗ്രഹിച്ചാലും ശരീരം അനുവദിക്കുകയില്ലല്ലോ....? എന്നാലൂം എനിക്കറിയാം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്। ഈ അനന്തപുരിയുടെ മണ്ണില്‍. രക്തസാക്ഷികളുടെ സ്മരണകളില്‍ ഞാനും ചോരപൂക്കള്‍ അര്‍പ്പിക്കുന്നു. പതറാതെ പോകുക. പുതിയ വഴികളില്‍ നമ്മെ തകര്‍ക്കുന്ന മാധ്യമ ആക്രമണങ്ങളെയും സാമ്രാജ്യത്വ ഭീഷണികളെയും വലതുപക്ഷ ശക്തികളെയും സാമൂഹിക തിന്മകളെയും അകറ്റി ഒരു നവകേരളം- അത് ഞാന്‍ കാണുന്നു, നിങ്ങളിലൂടെ. ഇല്ല സഖാക്കളെ നമ്മുടെ പോരാട്ടം വെറുതെയാകില്ല.... രക്തസാക്ഷികളുടെ ആത്മത്യാഗവും.

ഈ നാലു നാള്‍ പ്രസ്ഥാനത്തിന് പുതിയ പ്രകാശമേകട്ടെ।

ലാല്‍സലാം സഖാക്കളെ....

അഭിവാദ്യങ്ങളോടെ
പുഷ്പന്‍
മേനപ്രം
9-01।10