Saturday, April 16, 2011

സഖാവ് കെ.പി. വത്സലൻ രക്ത സാക്ഷിത്വ ദിനം


'രക്തസാക്ഷിത്വം ' പോരാട്ടത്തിന്‍ കനൽ വഴികളിൽ ഇനിയും കെടാത്ത പ്രതീക്ഷകളുടെ തീനാളമാണ് ....
എനിക്കെതിരെ ഒരായിരം കൊലക്കത്തി ഉയർന്നെന്നിരിക്കാം ,എങ്കിലും
ധീരതയുടെ വേൺകൊടി വാനിലുയർന്നു പറക്കുക തന്നെ ചെയ്യും.


2006 ഏപ്രിൽ 16 – അന്നൊരു ഞായറാഴ്ചയായിരുന്നു.ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടിരുന്ന ഞായറാഴ്ചകൾക്ക് എത്രയോ ഭീകരമുഖം കൈവരിക്കാൻ കഴിയുമെന്ന് ബോദ്ധ്യപ്പെട്ട ഞായറാഴ്ച. ആ സായാഹ്നത്തിൽ കേട്ട നടക്കുന്ന വാർത്ത….ഒരിക്കലും സത്യമാകരുതേ എന്ന് അഗ്രഹിച്ചു. പിന്നീട് ആ വാർത്തയുടെ മുഴുവൻ യാഥാർത്ഥ്യങ്ങളും നേരിട്ട് കണ്ടു..അനുഭവിച്ചു…ഇപ്പോൾ അഞ്ച് ആണ്ട് കഴിഞ്ഞു. എങ്കിലും ഇന്നും മനസ്സാഗ്രഹിച്ചു പോക്കുന്നു ആ വാർത്ത സത്യമല്ലാതിരുന്നെങ്കിൽ……

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും യുവജനപ്രസ്ഥാനത്തിനും ആവേശകരമായ കുതിപ്പും വളർച്ചയും രേഖപ്പെടുത്തിയ എൺപതുകളിലാണ് സ.കെ.പി. വത്സലന്റെ രാഷ്ട്രിയ പ്രവർത്തനം ആരംഭിക്കുന്നത്. സഖാവിന്റെ പ്രവർത്തന മേഖലയായിരുന്ന പ്രദേശം വലതുപക്ഷ പ്രമാണിത്തത്തിന്റെയും ഗുണ്ടായിസത്തിന്റെയും കാലഘട്ടം. ചോദ്യം ചെയ്യാപ്പെടാനാളില്ലാത്തെ കോൺഗ്രസ്സ് – ലീഗ് പ്രമാണിമാരുടെ നെറികേടുകൾത്തിരെ CPI(M) ന്റെ നേത്രത്വത്തിൽ ഉയർന്നു വന്ന ചെറുത്തു നിൽപ്പിന് അന്ന് 18 തികയാത്ത സഖാവും പങ്കുചേരുകയായിരുന്നു. സ.കെ.അഹമ്മദിന്റെ വാത്സല്യവും സ്നേഹവും സഹായവും ഏറെ അനുഭാവിക്കാനും ഭാഗ്യം ലഭിച്ചു. പിതൃ- പുത്ര ബന്ധം പോലെ ഉന്നതമായ ആത്മബന്ധമുണ്ടായിരുന്ന ഈ സഖാകളുടെ നേത്രത്വത്തിലാണ് അനിഷേധ്യമായ സ്ഥാനത്തെക്ക് ഈ പ്രദേശത്തെ പാർട്ടി വളർന്നു വന്നത്.

കടൽത്തിരപോലെ നിർമലമായ മനസ്സുള്ള വത്സലന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ നടക്കുന്ന സ്മരണകളേ മാപ്പ്. ഇനിയുമിനിയും ഞങ്ങളിലേക്ക് ആ കറുത്ത രാവും പകലും കൊണ്ടു വരല്ലേ…ജീവിതം മറ്റുളവർക്കായി സമർപ്പിച്ച ആ നിരപരാധിയെ മൂർച്ചകൂട്ടിയ കത്തികൊണ്ട് അവസാനിപ്പിച്ച ക്രൂരഹ്രദയരേ നിങ്ങളെവിടെ. കടലിരമ്പം പോലെ തീരത്തിന്റെ മണ്ണിൽ വീണ കണ്ണീരിന് വില നൽക്കാൻ നിങ്ങൾക്കാകുമോ.ഒരു തുടം ചൊരകൊണ്ട് പങ്കിലമാക്കിയ മുസ്ലീംലീഗിന്റെ അക്രമത്തിന് ത്രശൂർ ജില്ലയുടെ തീരം ഈ തെരഞ്ഞെടുപ്പിലും അവർക്ക് മറുപ്പടി നൽക്കി കാത്തിരിക്കുകയാണ്. കടലമ്മയുടെ സത്യം കൊണ്ട് ജീവിക്കുന്ന അവരുടെ ആയുധം നിങ്ങൾ കരുത്തിയ കത്തിയല്ല, മനസ്സിൽ കൂർപ്പിച്ചെടുത്ത മൃഗഹൃദയമല്ല, സഹോദരനെ വഴിയിൽ കുത്തിവീഴ്ത്തുന്ന മൃഗയാവിനേദമല്ല. കാലം പൊരുതിനേടിയ ജനാധിപത്യ അവകാശമാണ് അവരുടെ ആയുധം. ഇല്ല, മാപ്പു നൽക്കാൻ ചോരയും ചുണയുമുള്ള തീരദേശവാസികൾക്കാവില്ല. അക്രമികളുടെ തോളിലേറി രഥയാത്ര നടത്തുന്ന ലീഗുകാരാ…യുഡീഫുകാരാ മാറുക വഴിമാറുക. മനുഷ്യനെ സ്നേഹിക്കുന്ന, അവനുവേണ്ടി പടപൊരുത്തുന്ന ഒരു കൂട്ടം പേരുണ്ട് ഇവിടെ. അവർക്കൊപ്പമാണ് ഇന്നാടിലെ ജനങ്ങൾ എന്ന് കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഒരു ലീഗുക്കാരനെയും ജയിപ്പിക്കാതെ അത് പ്രകടമാക്കുകയും ചെയ്തു.

വിഷുപ്പടക്കങ്ങൾ മടങ്ങിയ ഒരു സന്ധ്യക്ക് ഈസ്റ്റർ വിരുന്നിനായി നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയ സമയത്താണ് ഏപ്രിൽ 16ന് കെ.പി.വൽസലൻ പുന്നയൂരിൽ മുസ്ലീംലീഗക്രമികളുടെ കുത്തേറ്റ് പിടഞ്ഞത്. സഹപ്രവർത്തകനും സുഹൃത്തും എല്ലാമായ അക്ബറിനെ കുത്തിവീഴ്ത്തുന്നത് തടയവേ, തന്റെ ജഡം വീണശേഷമേ തന്റെ സഖാവിനെ കൊല്ലാനാവൂ എന്ന് ധീരതയോടെ കൂടിയാണ് മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങിയത്. തന്റെ ജീവിതം പകരം കൊടുത്ത്. സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

Sunday, January 2, 2011

എന്തുകൊണ്ട് രക്തസാക്ഷികൾ സിന്ദാബാദ്


"സഖാവ് നായനാർ മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ...'' അന്ന് തിരുവനന്തപുരം മുതൽ തലശേരി വരെ, ആ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാനായി ഒരുക്കിയ ഓരോ ഇടങ്ങളിലും അവസാനം ചിതയിലേക്കെടുത്തപ്പോഴും ഏറ്റവുമധികം മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു മേൽപ്പറഞ്ഞത്. ഇ എം എസ് മരിച്ചപ്പോഴും ഇതേ മുദ്രാവാക്യം ഉയർന്നിരിക്കും. പക്ഷേ 1998ൽ ഇവിടത്തെ ചാനലുകൾ ലൈവായുള്ള സംപ്രേഷണമൊന്നും സജീവമായി തുടങ്ങാത്തതുകൊണ്ടാവാം നമ്മളിൽ പലരും അത് കേട്ടില്ലെന്നുമാത്രം. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയിൽ ഏറ്റവും ചുരുങ്ങിയത് ഒരു ബസ് സ്റോപ്പെങ്കിലും കാണാത്ത പഞ്ചായത്തുകൾ കേരളത്തിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്.

എന്താണ് സഖാവ് നായനാരും ഇഎംഎസും കൂത്തുപറമ്പിലെ രക്തസാക്ഷികളുമൊക്കെ നിങ്ങളിലൂടെ ജീവിക്കും എന്നു പറയുന്നതിന്റെ അര്‍ഥം?

"ഞങ്ങൾ ചരിത്രത്തെ വിലമതിക്കുന്നവരാണ്. ഞങ്ങൾ ഇന്നലെകളെ വിലമതിക്കുന്നവരാണ്. ഇന്നലെകളിലെ സംഭവങ്ങളെ ഓര്‍ക്കുന്നവരാണ്. ഇന്നലെകളിലെ നേതാക്കന്മാരെ സ്മരിക്കുന്നവരാണ്. അവർ പ്രസ്ഥാനത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങളെ മറക്കില്ല. ഞങ്ങൾ അവർ ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങളില്‍നിന്നും നിലകൊണ്ട മൂല്യങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്നവരാണ്. മറ്റ് മുദ്രാവാക്യങ്ങൾ വിളിക്കുന്നതുപോലെയല്ല ഞങ്ങൾ രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് വിളിക്കുന്നത്. അത് ഉള്ളില്‍നിന്ന് വരുന്നതാണ്. എ കെ ജി യും ഇ എം എസും നായനാരുമൊക്കെ മരിച്ചപ്പോൾ ആ സഖാക്കൾ ഞങ്ങളിലൂടെ ജീവിക്കുമെന്നൊക്കെ ശരിക്കും കണ്ഠമിടറി തന്നെയാണ് ഏറ്റു വിളിച്ചത്. നായനാര്‍ക്കും ഇ എം എസിനും മാത്രമല്ല നിങ്ങളുടെ പത്രത്താളുകളിലും ചാനൽ കണ്ണുകളിലും ഒന്നും പെടാത്ത ഒരുപാട് നല്ല സഖാക്കൾ വിട്ടുപോയപ്പോഴും ഞങ്ങളീ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. നാളെയും വിളിക്കും, പ്രസ്ഥാനത്തിനുവേണ്ടി ത്യാഗമനുഭവിച്ചവർ ഞങ്ങളെ വിട്ടുപോകുമ്പോൾ... യാതൊരു സ്വാധീനത്തിനും വശംവദരാകാതെ ഞങ്ങളുടെ വിശ്വാസത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർ വിട്ടുപോകുമ്പോൾ മാത്രം... കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസും നായനാരുമൊക്കെ അങ്ങനെയുള്ളവരായിരുന്നു. അവർ ഞങ്ങളിലൂടെ ജീവിക്കുമെന്ന് ഞങ്ങൾ മുദ്രാവാക്യം വിളിക്കും. എല്ലാ ആത്മാര്‍ഥതയോടും തന്നെ...''' നേരത്തെ ഉന്നയിച്ച ചോദ്യത്തിന് ചെറിയ ജീവിതമുള്ള നാട്ടുമ്പുറത്തുകാരനായ ഒരു പഴയ കമ്യൂണിസ്റുകാരന്റെ വലിയ ഉത്തരമായിരുന്നു ഇത്.

തീര്‍ച്ചയായും ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇന്നലെകളെ (ചരിത്രത്തെ) മറന്നുകൊണ്ട് ഒരു മുന്നോട്ടുപോക്ക് ഒരര്‍ഥത്തിലും സാധ്യമല്ല. വര്‍ഗരാഷ്ട്രീയമാണ് അതിന്റെ അടിസ്ഥാനപ്രമാണമെന്ന് യാതൊരു അര്‍ഥശങ്കകള്‍ക്കും ഇടമില്ലാതെ അവർ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇന്നലെകളില്‍നിന്നും ഇന്നിന്റെ യാഥാര്‍ഥ്യങ്ങളില്‍നിന്നുകൊണ്ടുമാണ് അവർ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നത്. ചരിത്രവും കാലവുമെല്ലാം അവർ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്. അതുകൊണ്ടുതന്നെ ഇന്നലെകളെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മപ്പെടുത്തലുകൾ (Commemoration) തുടരുന്ന ഒരു രീതി ഈ പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവമായി നിരീക്ഷിക്കാന്‍ കഴിയും. അതിന് അവരുടെ പ്രത്യയശാസ്ത്രം തന്നെ സൈദ്ധാന്തിക ന്യായീകരണങ്ങളും നല്‍കുന്നുണ്ട്. തീര്‍ച്ചയായിട്ടും കേരളത്തിൽ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സാധാരണ അനുഭാവത്തിലുപരി ഈ പ്രസ്ഥാനം അവരുടെ വികാരത്തിന്റെ ഭാഗംകൂടിയാണ്. സൈദ്ധാന്തിക ന്യായീകരണങ്ങളും സാധ്യതകളുമൊക്കെയാണോ സാധാരണക്കാരായ അനുയായികളുടെ പ്രസ്ഥാനത്തോടുളള വികാരത്തെ എല്ലാ അര്‍ഥത്തിലും സ്വാധീനിക്കുന്നത് എന്ന് ചോദിച്ചാൽ ആണ് എന്ന് തറപ്പിച്ച് പറയാനും കഴിയുമെന്ന് തോന്നുന്നില്ല. വളരെ ആഴമേറിയതും അത്രതന്നെ സങ്കീര്‍ണവുമായ മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രം ഒരാൾ കൃത്യമായി അറിയണമെങ്കിലും പഠിക്കണമെങ്കിലും ഒന്നുകിൽ അയാള്‍ക്ക് കാര്യമായ അക്കാദമിക പരിജ്ഞാനം വേണം. അല്ലാത്ത പക്ഷം കൃത്യമായ സ്റ്റഡി ക്ളാസുകളെങ്കിലും കിട്ടേണ്ടതുണ്ട്. അപ്പോൾ പ്രത്യയശാസ്ത്രം പഠിച്ച് അതിന്റെ സൈദ്ധാന്തിക മൂല്യങ്ങളുടെ ദിശയില്‍മാത്രമാണ് എല്ലാവരും ഈ പ്രസ്ഥാനത്തിൽ ഏകോപിപ്പിക്കപ്പെടുന്നത് എന്നൊന്നും ഒരിക്കലും പറയാന്‍ കഴിയില്ല. മറിച്ച് പ്രസ്ഥാനത്തിന്റെ പ്രവർത്തന രീതികളും സ്വഭാവവുമായി ബന്ധപ്പെട്ട മറ്റെന്തൊക്കെയോ ആവാം ഒരുപക്ഷേ സാധാരണക്കാരന്റെ വികാരങ്ങളെ ആകര്‍ഷിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും ഏകോപനവുമായുമൊക്കെ ബന്ധപ്പെട്ട അത്തരം ചില രീതികളെ, പ്രത്യേകിച്ച് അതിൽ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ക്ക് സാധ്യത കല്‍പ്പിക്കുന്ന സ്വഭാവങ്ങളെ ചിതറിയ ഒരു വിശകലനത്തിലൂടെ നോക്കിക്കാണാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

പാര്‍ടി ഗ്രാമം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പുതിയ കാലത്ത് നമ്മുടെ പോപ്പുലർ സിനിമയും മാധ്യമകണ്ണുകളുമെല്ലാം ഫോക്കസ് ചെയ്ത് കാണിക്കുന്ന ചില ചിത്രങ്ങളും ബിംബങ്ങളുമുണ്ട്. നിരന്തരമായ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും അക്രമ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായ ഒരിടമായിട്ടാണ് പലപ്പോഴും ഇവിടം ചിത്രീകരിക്കപ്പെടാറ്. എന്നാൽ ജീവിച്ചിരിക്കുന്ന ഭൌതിക യാഥാര്‍ഥ്യമെന്ന നിലയിൽ ഒരു പാര്‍ടി ഗ്രാമത്തിന്റെ സാമൂഹിക ശാസ്ത്ര പ്രസക്തി (Sociological Importance) അന്വേഷിക്കുന്ന ഒരു വിശകലനം ഇത്തരം മുന്‍ധാരണകളില്‍നിന്നൊക്കെ മാറിനില്‍ക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരമൊരു അന്വേഷണത്തിന് അതിന്റേതായ ഒരു ചിത്തവൃത്തി(Mood)യും അതുള്‍ക്കൊള്ളാനാവുന്ന നടപടിക്രമങ്ങളു (Modality) മെല്ലാം രൂപപ്പെടുത്തിയെടുക്കേണ്ടതുമായിട്ടുണ്ട്.

ഒരു പാര്‍ടിഗ്രാമം ഇത്തരമൊരു വേറിട്ട കാഴ്ചപ്പാടിൽ നോക്കിക്കാണുമ്പോൾ ആദ്യമായി മനസ്സിലാക്കേണ്ടത് ഇതിന് കൃത്യമായ ഒരു ആര്‍ക്കിടെക്ചർ (Architecture) ഉണ്ട് എന്നുതന്നെയാണ്. പലപ്പോഴും അമൂര്‍ത്തമായ (Abstract) ഇത്തരമൊരു ആര്‍ക്കിടെക്ചർ ഒറ്റനോട്ടത്തിൽ നോക്കിക്കാണുന്ന ഒരു തച്ചുശാസ്ത്ര തനിമയായിട്ടൊന്നുമല്ല, മറിച്ച് പാര്‍ടി അനുയായികളുടെയും അവിടെ ജീവിക്കുന്ന വ്യക്തികളുടെയും മനസ്സിൽ വളരെ വൈകാരികമായൊരു അര്‍ഥത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഒരു പാര്‍ടിഗ്രാമത്തെ ഈ ലേഖനം പഠിക്കുന്നത് ആ പ്രസ്ഥാനത്തിന്റെ ഭാഗമായി അവിടെ ജീവിക്കുന്ന അനുയായികളിലും മറ്റു വ്യക്തികളിലും അതുണര്‍ത്തുന്ന വൈകാരിക (Emotional) സ്വാധീനത്തെ മനസ്സിലാക്കികൊണ്ടാണ്. പ്രസ്ഥാനത്തിന്റെ ഇന്നലെകളില്‍നിന്നാണ് ഇന്നിന്റെ ജീവന്‍ അവർ കണ്ടെത്തുന്നത്. ഒരു പാര്‍ടി ഗ്രാമമെന്ന സങ്കല്‍പ്പത്തെ അതുണര്‍ത്തുന്ന വൈകാരിക സ്വാധീനത്തെ സംബന്ധിച്ചിടത്തോളം അതിന് ഉല്‍പ്രേരമായി (Catalyst)ത്തീരുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളെയും കാണേണ്ടതായിട്ടുണ്ട്. കണ്ണൂരിലോ മറ്റോ യാത്രചെയ്താൽ നമുക്ക് കാണാം ഒരു പാര്‍ടി ഗ്രാമത്തിന് കൃത്യമായ അതിരുകളുണ്ടാകും(Boundary). ആ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും പാറിക്കളിക്കുന്ന ചെങ്കൊടികൾ, ഭൂതകാലത്തിന്റെ അടയാളങ്ങളായി വ്യക്തികളുടെ മനസ്സിനെ വികാരഭരിതമാക്കുന്ന വാക്കുകൾ ഉപയോഗിച്ചുള്ള ചുവരെഴുത്തുകൾ, കൃഷ്ണപ്പിള്ള എ കെ ജി, ഇ എം എസ് തുടങ്ങി നായനാര്‍വരെയുള്ള പ്രസ്ഥാനത്തിന്റെ ഇന്നലെകളുടെ നേതാക്കളുടെ അങ്ങിങ്ങായി പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ, പ്രസ്ഥാനത്തിനുവേണ്ടി ജീവൻ കളഞ്ഞ രക്തസാക്ഷികളുടെ സ്മാരകങ്ങൾ, ഇവിടങ്ങളിലൊക്കെ മുടങ്ങാതെ നടക്കുന്ന അനുസ്മരണ സമ്മേളനങ്ങൾ... ഇതൊക്കെയാണ് ഒരു പാര്‍ടി ഗ്രാമത്തെ നിരീക്ഷിക്കുമ്പോൾ ഒറ്റനോട്ടത്തിൽ കാണാവുന്നത്. ഒരു വ്യക്തിയുടെ പ്രസ്ഥാനത്തോടുള്ള ഐക്യദാര്‍ഢ്യം (Solidarity) എല്ലാ അര്‍ഥത്തിലും നിലനിര്‍ത്തുന്നതിൽ ഇത്തരമൊരു അന്തരീക്ഷത്തിന് വൈകാരികമായ പങ്കുണ്ടെന്നത് വളരെ അടിസ്ഥാനപരമായ സാമൂഹ്യശാസ്ത്ര വിശകലനമാണ്. ഒരു വ്യക്തിയെ വൈകാരികമായി സ്വാധീനിക്കാനും അവന്റെ ഉള്ളിലെ പ്രസ്ഥാനത്തോടുള്ള കൂറ് നിലനിര്‍ത്തിപ്പോരുന്നതുമാണ് ഇന്നലെകളെക്കുറിച്ചുള്ള നിരന്തമായ ഓര്‍മപ്പെടുത്തലുകളിലൂടെ സാധ്യമായിത്തീരുന്നത്. ഒരു അനുഭാവിയുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്ന ഇത്തരം ഇടപെടലുകൾ നടത്തുന്നതുകൊണ്ടാണ് അയാളെ സംബന്ധിച്ചിടത്തോളം പ്രസ്ഥാനം ഒരു വികാരമായിത്തീരുന്നത്.

സ്മരണകളും സ്മാരകങ്ങളും എല്ലാ അര്‍ഥത്തിലും മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന സാമൂഹിക മാറ്റ (Social Change) സിദ്ധാന്തപ്രകാരം കാലത്തിന്റെ (Time) ഒരു റഫറന്‍സ് പോയിന്റ് തന്നെയാണ്. സൈദ്ധാന്തിക അടിത്തറയിൽ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇന്നലെകളെ ഒരര്‍ഥത്തിലും വിസ്മരിക്കാൻ കഴിയില്ല. ഇന്നലെകളില്‍നിന്നാണ് ഇന്നിന്റെ ഊര്‍ജം അവർ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അനുഭാവികളെ ഇന്നലെകളിൽ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിൽ നിര്‍ണായകമായ സംഭവങ്ങളെയും (Event) വ്യക്തികളെയും നേതാക്കളെയും സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം നിരന്തരം ഓര്‍മപ്പെടുത്തേണ്ടതായിട്ടുണ്ട്. പാര്‍ടിയുടെ പ്രധാനപ്പെട്ട ഓഫീസുകളെല്ലാംതന്നെ സ്മാരകങ്ങളായിട്ടാണ് നാമഃകരണം ചെയ്തിരിക്കുന്നത്. പാര്‍ടി സമ്മേളനങ്ങൾ സ്മാരക നഗരികളിലാണ് പൊതുവെ സംഘടിപ്പിക്കപ്പെടാറ്. രക്തസാക്ഷി പ്രമേയങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സമ്മേളന പരിപാടികളിൽ ഒന്നാണ്. പാര്‍ടി പ്രസിദ്ധീകരണങ്ങളിൽ രക്തസാക്ഷി അനുസ്മരണങ്ങള്‍ക്കും മണ്‍മറഞ്ഞ നേതാക്കളുടെ ഓര്‍മകള്‍ക്കും സംഭവങ്ങളുടെ സ്മരണകള്‍ക്കും പ്രത്യേകം ഇടങ്ങള്‍തന്നെ അനുവദിക്കപ്പെടാറുണ്ട്. എന്തൊക്കെയായാലും സ്മരണകളുടെയും സ്മാരകോത്സവങ്ങളുടെയും (Commemoration) സാമൂഹികശാസ്ത്ര പ്രസക്തി കൃത്യമായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയപ്രസ്ഥാനമാണ് കേരളത്തിലെ ഇടതുപക്ഷ പാര്‍ടികൾ.

അതുപോലെത്തന്നെ സ്മാരകങ്ങൾ കേവലം കോണ്‍ക്രീറ്റ് സൌധങ്ങളായിമാത്രം കരുതാൻ വയ്യ, മറിച്ച് അവയിൽ ആവാഹിക്കപ്പെട്ടിരിക്കുന്ന വികാരത്തിന്റെ അംശത്തെ സംബന്ധിച്ച ഒരു തലംകൂടി ഉണ്ടെന്നും അവ അനുയായികളിൽ ജനിപ്പിക്കുന്ന ഭൂതകാലത്തെകുറിച്ചുള്ള ഓര്‍മകളും വിചാരങ്ങളും കേരളത്തിലെ ഇടതുപക്ഷ പാര്‍ടികളുടെ കെട്ടുറപ്പിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ വലിയൊരു സ്വാധീനമാണെന്ന കാര്യം അധികമാരും പറയാതെയും ശ്രദ്ധിക്കാതെയും പോയ വസ്തുതയാണ്.

ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തികൾ തമ്മിലുള്ള ഐക്യത്തിന്റെ സാമൂഹിക മനഃശാസ്ത്രം (Social Psychology) സംബന്ധിച്ചിടത്തോളം പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും ആദര്‍ശങ്ങളും പരിപാടികളും പൊതുജനങ്ങളിലേക്കെത്തിക്കുന്ന പഴയകാല പ്രചാരണ സംവിധാനങ്ങളായ ചുവരെഴുത്തുകള്‍ക്കും ബാനറെഴുത്തുകള്‍ക്കും തുടങ്ങി ഒന്നിലധികം അനുയായികൾ ഒരുമിച്ച് ഇടപെടുന്ന സമരപരിപാടികള്‍ക്കുവരെ വലിയ പങ്കുണ്ട്. സാമൂഹിക ഐക്യദാര്‍ഢ്യം (Social Solidarity) എന്ന അര്‍ഥത്തിൽ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പ് അതിന്റെ വേരുകളില്‍തന്നെ ശക്തമാക്കുന്നതില്‍ ഒരുപാട് പ്രവര്‍ത്തകർ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിൽ അസാമാന്യ പങ്കാളിത്തമുണ്ട്. ഇങ്ങനെ വ്യക്തിപരമായി ഒരു പ്രതിഫലവും ഇച്ഛിക്കാതെ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തകർ ഇടപെടുന്നതും അതിന്റെയൊരു വൈകാരിക തലം മനസ്സിലാക്കിക്കൊണ്ട് മാത്രമാണ് സമീപിക്കേണ്ടത്.

മലബാറിലെ എസ്എഫ്ഐയുടെ രക്തസാക്ഷികളായ കെ വി സുധീഷിന്റെയും ടി കെ രമേശന്റെയും ജോബി ആന്‍ഡ്രൂസിന്റെയുമെല്ലാം പേരിൽ വര്‍ഷാവര്‍ഷം നടക്കുന്ന അനുസ്മരണങ്ങളിൽ പങ്കെടുക്കുവാൻ ബസ്സുകളിലും ലോറികളിലും വളരെ ദൂരസ്ഥലങ്ങളിലുള്ള ക്യാമ്പസുകളില്‍നിന്നുവരെ വിദ്യാര്‍ഥികൾ വരുന്നതു കണ്ടിട്ടുണ്ട്. അതുപോലെതന്നെ ആര് ഭരണത്തിലിരുന്നാലും വര്‍ഷാവര്‍ഷം മുടങ്ങാതെ എസ്എഫ്ഐ ഓരോ ജില്ലാ ആസ്ഥാനത്തും സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-അവകാശപത്രികാ സമര്‍പ്പണത്തിനുമെല്ലാം ഒരുപാട് വിദ്യാര്‍ഥികൾ പങ്കെടുക്കാറുണ്ട്. മിക്കപ്പോഴും സംഘടനയിലേക്ക് കടന്നുവരുന്ന പുതിയ വിദ്യാര്‍ഥികളാകും ഈ പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുക. സംഘടനയുടെ ജില്ലാകമ്മിറ്റിയോ ഏരിയാകമ്മിറ്റിയോ മറ്റോ ഏര്‍പ്പാടാക്കുന്ന വാഹനങ്ങളിൽ വിദ്യാര്‍ഥികൾ സംഘങ്ങളായി പരിപാടി നടക്കുന്നിടത്തേക്ക് യാത്ര തിരിക്കും. ഈ യാത്രയിലുടനീളം സംഘടനയുടെ മുദ്രാവാക്യങ്ങൾ വളരെ ആകര്‍ഷകമായും താളത്തിലും വിളിച്ചുകൊടുക്കാനും വിദ്യാര്‍ഥികളെക്കൊണ്ട് ഏറ്റുവിളിപ്പിക്കാനും ആരെങ്കിലുമൊക്കെ ചുമതലയേറ്റിട്ടുണ്ടാകും. പരിപാടി നടക്കുന്നിടത്തെത്തിയാൽ വിവിധ ക്യാമ്പസുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് സമ്മേളിക്കാന്‍ പ്രത്യേകം പ്രത്യേകം ഇടങ്ങളൊക്കെയുണ്ടാകും. എന്നാലും മറ്റ് ക്യാമ്പസുകളില്‍നിന്നെത്തിയവരോടും നേതാക്കളെയുമെല്ലാം പുതുമുഖക്കാരെ പരിചയപ്പെടുത്താന്‍ ക്യാമ്പസിലെ കാരണവന്മാർ പ്രത്യേക ശ്രദ്ധവച്ചുപുലര്‍ത്താറുണ്ട്. തെരുവിലെ പൊതുയോഗങ്ങളിൽ തുടങ്ങുന്ന ഇത്തരം ബന്ധങ്ങൾ യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഉള്‍പ്പടെയുള്ള സോണൽ കലോത്സവങ്ങളിലൂടെയും മുടങ്ങാതെ സംഘടിപ്പിക്കുന്ന മറ്റ് സംഘടനാ പരിപാടികളിലൂടെയുമൊക്കെ തുടരുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്യുകയാണുണ്ടാകാറ്. അനുയായികളെല്ലാം പരസ്പരം മിക്കപ്പോഴും സഖാക്കളെന്ന് സംബോധന ചെയ്യുന്നതുകൊണ്ട് തന്നെ അതും വല്ലാത്ത ഒരു വൈകാരിക ബന്ധം പ്രസ്ഥാനത്തോട് വ്യക്തികളിൽ ഉണ്ടാക്കിത്തീര്‍ക്കുന്നുണ്ട്. സംഘടയെക്കുറിച്ച് ഒന്നും അറിയാത്തവര്‍പോലും ഇതുപോലുള്ള ഒന്നോ രണ്ടോ യാത്രകൾ കൊണ്ടുമാത്രം ഏകദേശം സംഘടനാ രീതികളും മുദ്രാവാക്യങ്ങളുമെല്ലാം ഹൃദിസ്ഥമാക്കുന്നതും കണ്ടിട്ടുണ്ട്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഭൂതകാലത്തെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചുമുള്ള നിരന്തരമായ ഓര്‍മപ്പെടുത്തലുകള്‍ക്ക് വലിയ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച നേതാക്കന്മാരിൽ പ്രഥമഗണനീയന്‍ ഇ എം എസ് തന്നെയായിരുന്നു. ആധുനിക കേരളം കണ്ട തികഞ്ഞ ധൈഷണികനായ അദ്ദേഹത്തിന്റെ എഴുത്തുകളിലാണ് മേല്‍പ്പറഞ്ഞ നിരന്തര സ്മരണകളുടെ സാധ്യതകൾ കണ്ടെത്താന്‍ കഴിയുന്നത്. കേരളം മലയാളികളുടെ മാതൃഭൂമി, കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനം ഉദ്ഭവവും വളര്‍ച്ചയും തുടങ്ങിയ ഇ എം എസ്സിന്റെ പ്രധാന കൃതികൾ അതിന്റെ സൂക്ഷ്മമായ അര്‍ഥത്തിൽ വായിക്കുമ്പോൾ അതിലൊക്കെ അദ്ദേഹം വിവരിക്കുന്ന, ചരിത്രത്തിലെ ഓരോ സംഭവങ്ങളും തികഞ്ഞ സ്മാരകോത്സവങ്ങ (Commemoration)ളായി വിലയിരുത്താം. ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിൽ നിര്‍ണായക സംഭവങ്ങളായ തെലുങ്കാന, പുന്നപ്ര-വയലാർ സമരങ്ങൾ, 1957-ലെ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭയുടെ രൂപീകരണം, വിദ്യാഭ്യാസരംഗത്തെ നയപരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിൽ ഇന്നും ഒരു റഫറന്‍സ് പോയിന്റായി കാണിക്കപ്പെടുന്ന 1957-ലെ വിദ്യാഭ്യാസബിൽ, 1975-ലെ അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മകൾ അങ്ങനെ തന്റെ എഴുത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പ്രസ്ഥാനത്തെ വളര്‍ത്തുന്നതിൽ കടന്നുവന്ന വഴികളും ഇന്നലെകളെ ഓര്‍മപ്പെടുത്തുന്നതിൽ വലിയ സ്വാധീനമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

എന്തായാലും സ്മരണകളും സ്മാരകങ്ങളും അനുസ്മരണങ്ങളുമെല്ലാം (Commemorative Performances) ഭൂതകാലത്തില്‍നിന്ന് ഇന്നിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് എന്തൊക്കെയോ പകര്‍ന്നുനല്‍കുന്നുണ്ട്. രണ്ടു മൂന്നു വര്‍ഷക്കാലം മുമ്പ് മലയാളത്തില്‍ റിലീസ് ചെയ്ത ലാൽ ജോസ് ചിത്രം 'അറബിക്കഥ'യിൽ ശ്രീനിവാസൻ അവതരിപ്പിച്ച ക്യൂബാ മുകുന്ദൻ എന്ന കഥാപാത്രത്തെ ഒരുവിധം മലയാളികളെല്ലാം ഓര്‍ക്കുന്നുണ്ടാകും. ട്രേഡ് യൂണിയനുകളും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളൊന്നുമില്ലാത്ത അറബിനാട്ടിൽ ജോലി ചെയ്യേണ്ടിവരുന്ന ക്യൂബാ മുകുന്ദന്‍ ജോലിസ്ഥലത്തെ ബലിഷ്ഠനായ തന്റെ പാകിസ്ഥാനി മേസ്തിരിക്കുമുമ്പിൽ ഒന്ന് പ്രതികരിക്കാൻ പോലുമാകാതെ നിസ്സഹായനായി, തന്റെ ഉള്ളിൽ തിളച്ചുമറിയുന്ന വര്‍ഗബോധം എങ്ങനെയെങ്കിലും ഒന്ന് പ്രകടിപ്പിക്കാനായി ആരും കാണാതെ ബാത്റൂമിലെ കണ്ണാടിക്കുമുന്‍പിൽ മുഷ്ടിചുരുട്ടി 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന് ഉറക്കെ വിളിക്കുന്നൊരു രംഗമുണ്ട്. വര്‍ഗബോധവും ആത്മാര്‍ഥതയുമുള്ള ഒരു പ്രവര്‍ത്തകന് പ്രസ്ഥാനം എങ്ങനെ ഒരു വികാരമായി തീരുന്നുവെന്നും എത്രമാത്രം അയാൾ ആ വികാരം നെഞ്ചേറ്റുന്നുവെന്നും തെളിയിക്കുന്ന ഒരുപാട് രംഗങ്ങൾ ഒരു കച്ചവട സിനിമയുടെ എല്ലാ പൊടിപ്പും തൊങ്ങലും കുറേയൊക്കെ കുത്തിനിറച്ച ഒരു സിനിമയാണെങ്കിലും അറബിക്കഥയിൽ കാണാന്‍ കഴിയും. ഒട്ടുമിക്ക കേരളീയര്‍ക്കും സുപരിചിതമായ ഒരു സിനിമ എന്ന നിലയിലും ഈ ലേഖനത്തിലെ പ്രധാന ഫോക്കസുകളിലൊന്നായ സ്മരണകളുടെ ബോധശക്തി (Rationality) സംബന്ധിച്ച പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ചലച്ചിത്രമെന്ന നിലയിലും അറബിക്കഥ ഒരു മെറ്റഫറായി (Metaphor) ഉപയോഗപ്പെടുത്താന്‍ ലേഖകൻ താല്‍പ്പര്യപ്പെടുന്നു. കൂടാതെ ഈ ലേഖനത്തിൽ മുമ്പ് ചര്‍ച്ച ചെയ്ത പാര്‍ടിഗ്രാമമെന്ന സങ്കല്‍പ്പത്തിന്റെ ചില പ്രത്യേകതകളും ഭാവങ്ങളും ഒരു ചലച്ചിത്രം എന്ന നിലയിൽ പകര്‍ന്നുനല്‍കാൻ ഈ സിനിമയുടെ പ്രധാന പശ്ചാത്തലമായ ’'ചെമ്മണ്ണൂർ' ’എന്ന ഗ്രാമം അവസരമൊരുക്കുന്നുണ്ട്.

ഇടതുപക്ഷത്തിന്റെ ചുവരെഴുത്തുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും, എന്തിന് ഏറ്റെടുക്കുന്ന സമരങ്ങള്‍ക്കുവരെ ഒരു രീതിയുണ്ട്. ചുവരെഴുത്തിന് ഉപയോഗിച്ചിരുന്ന ചായങ്ങള്‍ക്കും മഷിക്കൂട്ടുകള്‍ക്കും തുടങ്ങി പ്രയോഗിക്കുന്ന വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും വരെ അതിന്റേതുമാത്രമായ ഒരു പ്രത്യേക വൊക്കാബുലറിയും ഗ്രാമറും നമുക്ക് കണ്ടെത്താന്‍ കഴിയും. പലപ്പോഴും നിരന്തരം പുതുക്കാറുള്ള ചുവരെഴുത്തുകളിലും പോസ്ററുകളിലും, എന്തിന് നാട്ടിന്‍പുറങ്ങളിലെ ചായപ്പീടികളുടെ ചുവരുകളിൽ കോറിയിട്ട വാചകശകലങ്ങളില്‍വരെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ആ ഒരു വ്യാകരണം തെളിഞ്ഞുകാണാമായിരുന്നു. ഇതൊക്കെ നിരന്തരം കണ്ടും കേട്ടും വായിച്ചും അറിഞ്ഞിരുന്ന അന്നാട്ടിലെ ജനങ്ങളുടെ മനസ്സുകളിലേക്കും അവരറിയാതെ എന്തൊക്കെയോ പകര്‍ന്നുനല്‍കിയിരുന്നു. അതുകൂടാതെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള മേഖലകളിലെ ഇന്നലെകളിലെ ഇന്‍ഫ്രാസ്ട്രക്ചറിൽ ഒഴിവാക്കാൻ പറ്റാത്ത ഭാഗമായിരുന്നു വായനശാലകൾ. കേരളത്തിലെ മിക്ക പാര്‍ടി ഓഫീസുകള്‍ക്കും അനുബന്ധമായി ഒരു വായനശാല ഇന്നും കുറേയൊക്കെ കാണാന്‍ കഴിയും. ഇത്തരം വായനശാലകളിൽ പ്രധാനമായി ഇടതുപക്ഷ സൈദ്ധാന്തിക ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ എന്നതും ഒരു യാഥാര്‍ഥ്യമാണ്. സോവിയറ്റ് റഷ്യയില്‍നിന്ന് വന്‍തോതിൽ മലയാളത്തിലും മറ്റും പരിഭാഷപ്പെടുത്തിയ ഗ്രന്ഥങ്ങൾ അച്ചടിച്ചുവന്ന കാലത്തായിരുന്നു ഈ വായനശാലകൾ ഏറെ സജീവമായിരുന്നത് എന്നും പഴയകാലത്തെ ചില സഖാക്കൾ പറഞ്ഞ് കേള്‍ക്കാറുണ്ട്. കൂടാതെ അത്തരം വായനശാലകളുടെ മച്ചിന്‍പുറത്തും മറ്റും അന്നാട്ടിലെ യുവാക്കളുടെ നേതൃത്വത്തിൽ ചെറു നാടക സംഘങ്ങളും കലാസമിതികളുമെല്ലാം നടത്തിപ്പോന്ന ഒരു കാലത്തെപ്പറ്റിയും പലരും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നുണ്ട്. തന്റെ യൌവന കാലത്ത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന, എന്നാൽ ഇന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിൽ ജോലിനോക്കുന്ന, കഴിഞ്ഞ കുറേ കാലങ്ങളായി നാടിനോട് വലിയ ബന്ധമൊന്നുമില്ലാതെ പ്രാരബ്ധക്കാരനായ ഒരു വ്യക്തി നാട്ടിലിരുന്ന കാലത്ത് പണ്ടൊക്കെ പ്രസ്ഥാനം എങ്ങനെയാണ് താനൊക്കെ ഒരു വികാരമായി കൊണ്ടുനടന്നതെന്ന് പലപ്പോഴും പറയാറുണ്ട്. ജോലിയും കൂലിയുമൊന്നുമില്ലാതെ നാട്ടില്‍ അലഞ്ഞുതിരിഞ്ഞുനടന്ന ഒരു കാലത്ത് നാട്ടിന്‍പുറത്തെ വായനശാലയുടെ മേലെ പ്രവര്‍ത്തിച്ച നാടകസംഘത്തിലൂടെ അവതരിപ്പിച്ച 'ചെഗുവേര'’ എന്ന ഒരൊറ്റ നാടകംകൊണ്ട് മാത്രമായിട്ട് ഒരു കൊല്ലത്തോളം വീട്ടിൽ അരിവയ്ക്കാനുള്ളത് തരപ്പെടുത്തിയത് അദ്ദേഹം ഓര്‍ക്കാറുണ്ട്. ഒരു പാര്‍ടിഗ്രാമത്തില്‍നിന്ന് പെട്ടെന്നൊരുനാൾ ഡല്‍ഹിയിലേക്ക് പറിച്ചുനട്ടപ്പോൾ അനുഭവപ്പെട്ട വിങ്ങലും പിടച്ചിലുമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി അദ്ദേഹം കണ്ടത്. അന്നൊക്കെ നാടിനെപ്പറ്റി വല്ലാതെ ഓര്‍മ വരുമ്പോഴും മനസ്സ് അസ്വസ്ഥമാകുമ്പോഴും അദ്ദേഹം ഗോല്‍മാര്‍ക്കറ്റിൽ സ്ഥിതിചെയ്യുന്ന സി പി ഐ എം ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ വഴിയോരങ്ങളില്‍പോയി ഏറെനേരം ഇരിക്കാറുണ്ടത്രെ. കാരണം അവിടെ മാത്രമെ ഡല്‍ഹിയിൽ ചെങ്കൊടി കാണൂ... എ കെ ജിയുടെയും ലെനിന്റെയും പ്രതിമ കാണൂ..! അദ്ദേഹത്തിന് പെറ്റമ്മയെപ്പോലെയായിരുന്നു അന്നൊക്കെ നാടും പ്രസ്ഥാനവുമെല്ലാം. കമ്യൂണിസ്റ് മാനിഫെസ്റോയോ മൂലധനമോ (Das capital) ഒന്നും വായിച്ചിട്ടോ അദ്ദേഹമോ അദ്ദേഹത്തിന്റെ കുടുംബമോ പാര്‍ടിമെമ്പര്‍മാർ ആയിട്ടോ ഒന്നുമായിരുന്നില്ല. മറിച്ച് ജനിച്ചനാള്‍തൊട്ട് കേട്ടതും കണ്ടതും സ്വാധീനിച്ചതുമായ കാര്യങ്ങൾ ചെലുത്തുന്ന വികാരമായിട്ടാണ് അദ്ദേഹം അതിനെയൊക്കെ ഇന്ന് വിലയിരുത്തുന്നത്. നമ്മളിൽ പലര്‍ക്കും ഇതൊക്കെ വലിയൊരു അതിശയോക്തിയായി തോന്നാമെങ്കിലും ഇത്തരമൊരു പശ്ചാത്തലത്തിൽ ജീവിച്ചുപോരുന്ന ഒരു വ്യക്തിയുടെ ഇതിനോടൊക്കെയുള്ള വൈകാരികമായ അടുപ്പം അടുത്തറിഞ്ഞാൽ മാത്രമെ ഇതിനൊക്കെ അവർ കല്‍പ്പിക്കുന്ന യുക്തിയുടെ തലം പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. കൃത്യമായ സാമൂഹികശാസ്ത്ര ഭാഷയിൽ സാമൂഹികവല്‍ക്കരണം (Socialisation) എന്നൊക്കെ വേണമെങ്കിൽ ഇതിനെ വ്യാഖ്യാനിക്കാം. ഒരു വ്യക്തിയുടെ സാമൂഹികവും മാനസികവും വൈകാരികവുമായ ഘടന രൂപപ്പെടുത്തിയെടുക്കുന്നതിൽ നിരന്തരം കാണുന്നതും കേള്‍ക്കുന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന അടിസ്ഥാന സാമൂഹികശാസ്ത്ര തത്വംതന്നെയാണ് ഇവിടെയും ശരിയായ ഏകകം.

കേരളത്തിലെ പൊതുസമൂഹത്തിന്റെ ശ്രദ്ധയും വികാരങ്ങളും പെട്ടെന്ന് ആകര്‍ഷിക്കുന്ന ഒരു പ്രവര്‍ത്തന ശൈലി കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പ്രത്യേകിച്ച് യുവജന പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ചുവരെഴുത്തുകളിലും മുദ്രാവാക്യങ്ങളിലും സമരരീതികളിലുമെല്ലാം നേരത്തെ പറഞ്ഞ പ്രത്യേക വൊക്കാബുലറിയും ഗ്രാമറുമെല്ലാമായിരുന്നു ഇതിനൊക്കെ ഏറെക്കുറെ അടിസ്ഥാനമായി സാധാരണക്കാരന്‍ കരുതിയിരുന്നത്. എന്നാൽ പുതിയ കാലത്ത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങൾ പഴയ കോറത്തുണി ബാനറുകളും ചായം കൂട്ടിയുള്ള ചുവരെഴുത്തുകളുമെല്ലാം വിട്ട് ഫ്ളക്സ് ബോര്‍ഡുകളും മറ്റ് പുതിയ രീതികളും പരീക്ഷിക്കുവാന്‍ തുടങ്ങിയപ്പോൾ ഇടതുപക്ഷത്തിന്റെ പഴയ സമരായുധങ്ങള്‍ക്ക് പൊതുസമൂഹത്തിനിടയിലുള്ള സ്വീകാര്യതയും സ്വാധീനവും തിരിച്ചറിഞ്ഞുകൊണ്ട് തന്നെ മേല്‍പ്പറഞ്ഞ രീതികളോട് സാമ്യമുള്ള സമരായുധങ്ങൾ ഏറ്റെടുക്കാന്‍ പുതിയ കാലത്ത് മറ്റ് ചില സംഘടനകൾ തയ്യാറാകുന്നതും കണ്ടിട്ടുണ്ട്. ഇന്ന് സോളിഡാരിറ്റി പോലുള്ള യുവജന സംഘടനകൾ ഏറ്റെടുത്ത് നടത്തുന്ന സമരങ്ങളും അതിന്റെ പ്രചാരണങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ചുവരെഴുത്തുകളും ബാനറുകളുമെല്ലാം ഒരു കാലത്ത് ഡിവൈഎഫ്ഐയുടെ സമരപ്രചരണ രീതികളുടെ പകര്‍പ്പുകളാണെന്ന് അടുത്ത കാലത്തെ രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ടൊക്കെ ചില സാംസ്കാരിക പ്രവര്‍ത്തകർ പറഞ്ഞുകണ്ടു.

എന്തൊക്കെയായാലും ഈ പുതിയ കാലത്തും പ്രസ്ഥാനത്തോട് അനുഭാവം വച്ചുപുലര്‍ത്തിപ്പോരുന്നവരുടെ പാര്‍ടിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളിൽ കാലത്തിനപ്പുറം പ്രസ്ഥാനത്തിന്റെ ഇന്നലെകളോടും പാരമ്പര്യത്തോടുമുള്ള (Lineage) വല്ലാത്തൊരു അഭിനിവേശം പ്രകടമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രസ്ഥാനത്തിന്റെ ഓരോ ഇടപെടലുകളിലും ഇന്നലെകളില്‍നിന്ന് പിന്തുടര്‍ന്ന് പോന്നതും (Inherited) കടമെടുത്ത് പോന്നതുമായ സമരങ്ങളുടേയും നിലപാടുകളുടേതുമായ ഒരു ഭാഷ (Language)യും ഒരു തരം പ്രതിരൂപകാത്മകത്വവും (Symbolism) അറിഞ്ഞോ അറിയാതെയോ അവർ പ്രതീക്ഷിക്കുന്നുണ്ട്. അത് പ്രസ്ഥാനത്തിന്റെ അനുഭാവികളുടെ മാത്രമല്ല ഏറെക്കുറെ ഇടതുപക്ഷ മനഃസാക്ഷി വച്ചുപുലര്‍ത്തിപ്പോരുന്ന ശരാശരി കേരളീയന്റെ കൂടി പ്രതീക്ഷയുടെ ഭാഗമാണ്. ഇന്ന് മാത്രമല്ല ഇന്നലെകളിലും ഇടതുപക്ഷം കൈക്കൊള്ളുന്ന ചെറുതും വലുതുമായ ഓരോ വിഷയങ്ങളിലുമുള്ള നിലപാടുകളും നിലപാട് മാറ്റങ്ങളും കൃത്യമായി വിലയിരുത്തിപ്പോരുന്ന ഒരു സ്വഭാവവും ഈ സമൂഹത്തിന്റെ പ്രത്യേകതയാണെന്നതും യാഥാര്‍ഥ്യം.
കെ എസ് ഹക്കിം .
(ദില്ലി യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിദ്യാര്‍ഥിയാണ് ലേഖകന്‍)

Thursday, December 30, 2010

പുതുവത്സരാശംസകൾ



ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു....
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങൾ
നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്…..
കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും
കയ്യിൽ കരുതിവച്ചിട്ടുണ്ടാവാം...
എന്ത് ആശംസിച്ചാലാണ് മതിയാവുക എന്നെനിക്കറിയില്ല എന്നാലും....
കല്ലും മുളളും നിറഞ്ഞ ജീവിതവഴിത്താരകളിൽ കാലം പൂമ്പട്ടുപ്പരവതാനി വിരിക്കട്ടെ
കണ്ണിണകളെ കുളിരണിയിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന മഞ്ഞക്കണിക്കൊന്നപോലെ,
മാനത്ത് വ൪ണ്ണരാജി വിരിയിച്ച് ദൃശ്യവിസ്മയം തീ൪ക്കുന്ന മഴവില്ലുപോലെ,
നെയ്ത്തിരിനാളങ്ങളുടെ പ്രഭയിൽ കുളിച്ചുനില്ക്കുന്ന കാ൪ത്തികരാവുപോലെ
ജീവിതം സുന്ദരസുരഭിലമാകട്ടെ.....
സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനും സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാനും ശ്രമ്മിക്കുക. "ഞാന്‍ " "എന്റെ " വീട് - എന്ന ചിന്ഥാഗതി മാറ്റി "നാം ", "നമ്മുടെ " വീട് , നാട് എന്ന് നമ്മള്ക്ക്ന ചിന്തിക്കാം. ഒരിക്കലും നാം നമ്മിലേയ്ക്ക് തന്നെ ചുരുങ്ങാതിരിക്കുക!
ഇന്നലെകളിലെ സ്വപ്നങ്ങൾ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങൾ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും കഴിയട്ടെ….

എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Saturday, May 15, 2010

ജീവിതപ്പച്ച തേടിപ്പോയവർക്ക് താങ്ങും തണലുമായ യാത്ര

മണൽക്കാട്ടിൽ വീശിയടിക്കുന്ന ചൂടുകാറ്റ്. ആ കാറ്റ് പലപ്പോഴും മണൽക്കാറ്റായി മാറാറുണ്ട്. ഇങ്ങനെയുള്ള ഒരു കൊടും പകൽ എരിഞ്ഞടങ്ങുന്ന വേളയിലാണ് ഷാർജയിലെ ലേബർ ക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേത്രത്വത്തിലുള്ള സംഘം എത്തിയത്. ഉറ്റവരെയും ഉടയവരെയും വിട്ട് ഗൾഫ് നാട്ടിൽ കഷ്ടനഷ്ടങ്ങൾ പങ്കിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലാളികളെ അവരുടെകേന്ദ്രങ്ങളിലെത്തി പിണറായിയും പാർടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവനും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ടി കെ ഹംസയും കണ്ടു. മല്ലപ്പള്ളി സ്വദേശിയായ ഒരു തൊഴിലാളി പിണറായിയുടെ കരംഗ്രഹിച്ച് മുത്തം നൽകിയാണ് തന്റെ സ്നേഹവായ്പ് പങ്കുവെച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ സ്വന്തം ജീവിതം ജീവിതം ബലിയർപ്പിച്ച് നാട്ടിലെ ഉറ്റവർക്ക് അന്നവും വസ്ത്രവും പാർപ്പിടവും സമ്പാദിച്ച് നൽകുന്ന ത്യാഗശീലരുടെ ജീവിതത്തിന്റെ അകവും പുറവുമാണ് സംഘത്തിന് ഗൾഫ് യാത്രയിൽ കാണാനായത്.

ബംഗാളികളും ബിഹാറികളും ഉൾപ്പെടെയുള്ളവർ സിപിഐ എം നേതാവിനെ സ്നേഹത്തോടെ സ്വീകരിച്ചു. അവരുടെ ഊണുമേശക്കരികിലും നേതാകൾ എത്തി. മരിഭൂമിയിലെത്തി മെഴുകുതിരിപോലെ എരിഞ്ഞമരുന്ന തൊഴിലെടുക്കുന്നവരുടെ ദുഖവും സന്തോഷവും സ്നേഹവുമേല്ലാം പിണറായിയുടെ നേത്രത്വത്തിൽ ഗൾഫിൽ പര്യടനം നടത്തിയ സംഘം മനസ്സിലാക്കി. എന്നിട്ടാണ് മലയാളമനോരമ “ഒരു കുടം താറും ഒരു കുറ്റിചൂലുമായി” :പിണറായിയുടെ നവകേരള ഗൾഫ് യാത്ര” യെന്ന വിഷലിപ്ത തലക്കെട്ടുമായി അപവാദം പ്രചരിപ്പിച്ചത്. ലേബർ ക്യാമ്പുകൾ സന്ദർശിച്ചില്ല, അനുഭാവികളിൽ അമർഷം എന്നെല്ലാമുള്ള പതിവുകല്ലുവച്ച നുണ പരത്തുന്നത്.

കുവൈത്തിലെ മലായാളികളുടെ പൊതുസംഘടനയായ ‘കല’ ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പിണറായി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു യുവതി നിറകണ്ണുകളുമായി സഖാവിന് മുന്നിലെത്തി. ‘എന്നെ സഹായിക്കണം, നേഴ്സായി കുവൈത്തിയുടെ ക്ലിനിക്കിൽ ജോലിചെയ്യുന്ന എനിക്ക് അപകടമുണ്ടായി പൊള്ളലും പരിക്കുമേറ്റു. കൈ ഉയർത്താൻ വയ്യ. നാട്ടിൽ തിരിച്ചുപോകണം. സ്പോൺസർ അനുവദിക്കുന്നില്ല. സഖാവ് ഇടപെടണം.’ ചങ്ങനാശേരി സ്വദേശി ലിജിമോൾ കരഞ്ഞുകൊണ്ട് സഖാവിനോട് പറഞ്ഞു. ഭർത്താവ് ജിനീഷും അവർക്കൊപ്പമിണ്ടായിരുന്നു. ഡോ. തലാൽ സുലൈമാൻ അലിയുടെ ക്ലിനിക്കിലെ നേഴ്സായി മൂന്നുവർഷമായി ജോലിചെയ്യുന്ന ഇവർ പൊള്ളലേറ്റ് ചികിത്സ കഴിഞ്ഞശേഷം ക്ലിനിക്കിലെത്തിയപ്പോൾ ജോലിചെയ്യാനാവാത്ത് ശാരീരിക അവശതകൾ നേരിട്ടു. ഇതേത്തുടർന്ന് അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി നിഷേധിക്കുക മാത്രമല്ല ലിജിമോൾക്കെതിരെ പൊലീസിലും കോടതിയിലും കള്ളക്കേസ് കൊടുക്കുകയും ചെയ്തു. ഇതു കാ‍രണം നാട്ടിലേക്ക് മടങ്ങാ‍ൻ കഴിയാത്ത ദുരവസ്ഥയിലായി. ഈ പ്രശ്നത്തിന്റെ കാര്യങ്ങൾ മനസിലാക്കി റിപ്പോർട്ട് നൽക്കാൻ കലയുടെ നേതാക്കളോട് പിണറായി നിർദേഷിച്ചു. അടുത്ത ദിവസം തന്നെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി അജയ് മൽഹോത്രയെ കണ്ടപ്പോൾ ലിജിമോൾക്കു നീതികിട്ടാൻ ഇടപെടണമെന്ന് പിണറായി അഭ്യർഥിച്ചു. പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ പ്രവാസികളുടെ കണ്ണീരപ്പൊനുള്ള യാത്രകൂടിയായിരുന്നു പിണറായിയുടെ പര്യടനം. സന്ദർശിച്ച രാജ്യങ്ങളിലെല്ലാം സ്ഥാനപതിമാരെയോ ഉന്നത ഉദ്യോഗസ്ഥരെയോ പിണറായി കണ്ടിരുന്നു. എന്നിട്ടാണ് ‘പണച്ചാക്കുകളുടെ പിൻബലത്തിലെ യാത്ര’യെന്നും ‘സമ്പന്നന്മാരുമായുള്ള സമ്പർക്കയാത്ര’ യെന്നുമുള്ള സത്യവിരുദ്ധമായ വിശേഷണവും കൊച്ചുവർത്തമാനവുമായി മനോരമ സി പി ഐ എമ്മിനെതിരായ പരമ്പര നിരത്തിയത്.

ചടയൻ ഗോവിന്ദൻ സെക്രടറിയാകും വരെയുള്ള കമ്മ്യൂണിസ്റ്റ് ശൈലി പിണറായി സെക്രടറിയാ‍യതോടെ കൈമോശം വന്നെന്ന കണ്ടുപിടിത്തമാണ് മനോരമ നടത്തിയത്. സ്വദേശത്തും വിദേശത്തുമുള്ള സി പി ഐ എമ്മിനെ സ്നേഹിക്കുന്നവരിൽനിന്ന് പാർടി നടത്തുന്ന പ്രഖ്യാപിത ഫണ്ടു കലക്ഷനുമായി ബന്ധപ്പെടുത്തിയാണ് ഈ അബദ്ധപഞ്ചാംഗം എഴുന്നള്ളിച്ചത്. ദേശാഭിമാനി പത്രത്തിന്റെ നിലനിൽ‌പ്പിനും പാർടിയുടെ വളർച്ചയ്ക്കും വേണ്ടി എ കെ ജി സിലോണിലും സിംഗപ്പൂരിലും മലേഷ്യയിലും പര്യടനം നടത്തിയിരുന്നു. ആ അനുഭവം ആവേശപൂർവം എ കെ ജി വിവരിച്ചിട്ടുമുണ്ട്. ഹർകിഷൻസിങ് സുർജിത് ഉൾപ്പെടെയുള്ള നേതാക്കളെല്ലാം സ്വദേശത്തും വിദേശത്തും പാർടിക്കുവേണ്ടി അഭ്യുദയകാംക്ഷികളെ സംഭവനയ്ക്കായി കണ്ടിട്ടുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഫണ്ട് കലക്ഷ്നിലൂടെ പിണറായിവിജയൻ പുതിയൊരു ശൈലി കൊണ്ടുവന്നിരിക്കുന്നെന്ന മനോരമയുടെ വികലമായ വിലയിരുത്തൽ.

ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്ന ഗൾഫ് രാജ്യമായ സൌദ്യ അറേബ്യയിൽ പിണറായി എത്തുന്നത് ആദ്യമാണ്. സ്വന്തം നാടിന്റെ നേതാവ് തങ്ങളുടെ അടുത്തേക്ക് എത്തിയപ്പോൾ മറ്റൊരു നേതാവിനും ഇതുവരെ നൽകാത്തത്ര വികാ‍രവായ്പോടെയുള്ള വരവേൽ‌പ്പാണ് സൌദ്യയിലെ പ്രവാസി മലയാളികൾ നൽകിയത്. ജിദ്ദയിലെ സ്വീകരണസമ്മേളനം ചരിത്രമായി. ആയിരങ്ങളാണ് പങ്കെടുത്തത്. അറബികൾ ഉൾപ്പെടെയുള്ള മറുനാട്ടുകാരുടെ നല്ലൊരു പങ്കിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. സൌദ്യ ഭരണകൂടത്തിലെ പ്രമുഖരടക്കം പങ്കെടുത്ത യോഗത്തിൽ അവരുടെ ആവശ്യപ്രകാരം പിണറായിയുടെ പ്രസംഗം അറബ് ഭാഷയിൽ വിവർത്തനം ചെയ്യുകയും ചെയ്തു. റിയാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സ്നേഹനിർഭരമായ വരവേൽ‌പ്പായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ഒത്തുകൂടലുകളും ഉണ്ടായിരുന്നു. അവിടങ്ങളിലും സഖാവിന് മരുഭൂമിക്ക് നടുവിലെ ലേബർ ക്യാബിന് സമീപമുള്ള സ്ഥലത്തെ ഒത്തുകൂടലിനും സമയം മാറ്റി. ‘ഞാൻ സൌദ്യ അറേബ്യയിൽ ഒരു പാടു തവണ വന്നിട്ടുണ്ട്. പോയിട്ടുണ്ട്. എന്റെ മകളും കുടുംബവും ഇവിടെയാണ്. പക്ഷേ, ഇന്നുവരെ ഒരു രാഷ്ട്രിയപാർടി നേതാവിനും പിണറായിക്ക് നൽകിയതുപോലൊരു സ്നേഹവരവേൽ‌പ്പ് സൌദ്യ നൽകിയിട്ടില്ല.’

മലയാളികളുടെ ഹ്രദയത്തിൽ ജീവിക്കുന്ന ക‌മ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാർക്ക് കണ്ണൂരിൽ ഉചിതമായൊരു സ്മാരകം ഉയരുമ്പോൾ അതുമായി സഹകരികണമെന്ന് നേതാകൾ അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പുറപ്പെടുമ്മുമ്പുള്ള പത്രവാർത്തയിൽ തന്നെ കണ്ണൂരിൽ ഉയരുന്ന നായനാർ സ്മാരകത്തിന്റെ പ്രചാരണപ്രവർത്തനവും യാത്രാ ഉദ്ദേശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥകളും ഫണ്ട് ശേഖരണവും തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് പ്രവാസി മലയാളികളുടെ സംഘടനയും നേതാക്കളും പ്രവർത്തിച്ചിട്ടുള്ളത്. നായനാർ സ്മാരകം നല്ലനിലയിൽ ഉയരുന്നതിന് നായനാരെയും നായനാരുടെ പ്രസ്ഥാനത്തെയും സ്നേഹിക്കുന്നവർ കലവറയില്ലാത്ത സഹകരണത്തിന് മുന്നോടുവരികയും വാഗ്ദാനം നൽക്കുകയും ചെയ്തു. നായനാരുടെ പേരിൽ നല്ലൊരു സ്മാരകം സഖാവിന്റെ നാട്ടിൽ ഉയരുന്നത് മനോരമയുടെ ക‌മ്യൂണിസ്റ്റ് വിരുദ്ധ വിഷമനസ്സിന് സഹിക്കുന്നില്ല. അതുകൊണ്ടാണ് നായനാർ സ്മാര‌കത്തിനുവേണ്ടി നേതാകൾ നടത്തിയ സൽ‌പ്രവർത്തിയെ കരിതേച്ചു കാട്ടാൻ നെറികെട്ട പരമാർശങ്ങൾ കുത്തിനിറച്ച് മനോരമ പരമ്പരയാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ പ്രതിബദ്ധതയുള്ള ജനങ്ങളെയാകെ ബൻഡ്പ്പെട്ടുകൊണ്ടുള്ള പര്യടനമാണ് പിണറായിയും സംഘവും നടത്തിയത്. എന്നിട്ടാണ് പാർടിയുമായി ബൻഡ്പ്പെട്ട പോലീസ് ഉദ്യേഗസ്ഥനെ പൈലറ്റായി ഇറക്കിയെന്ന നെറിക്കെട്ട ആക്ഷേപം ഇതേ പത്രം ഉദ്ധരിച്ചത്. ഈ ‘പൈലറ്റുമാ’യി ഗൾഫ് യാത്രക്കിടയിൽ ടെലിഫോണിലോ അല്ലാതയോ ഒരു തവണ പോലും പിണറായി സംസാരിച്ചിട്ടില്ല. സി പി ഐ എം നേതാക്കൾക്ക് ഏതെങ്കിലും നാട്ടിൽ പര്യടനം നടത്താൻ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം വേണമെന്ന് എഴുതുന്നവരുടെ ചർമബലം കാണ്ടാമ്രഗത്തെ തോൽ‌പ്പിക്കും. ‘ഗൾഫ് പര്യടനത്തിനിടയിൽ പത്രക്കാരെ പാർടി സെക്രടറി അകറ്റിനിർത്തി’ യെന്ന് എഴുതിയ മനോരമയുടെ ഗൾഫ് പതിപ്പിൽ‌പോലും പിണാറായി സന്ദർശിച്ച എല്ലാ രാജ്യങ്ങളിലെയും പൊതുപാരിപാടികളുടെ റിപ്പോർട്ട് വന്നിട്ടുണ്ട്.

പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൈമെയ് മറന്ന് പോരാടാൻ ‘ഇനി സിപിഐ എമ്മിന് പരസഹായം വേണ്ടിവരില്ലെന്നാണ് ഉൾപാർടി വർത്തമാനം’ എന്ന പ്രയോഗം മനോരമ നടത്തിയിട്ടുണ്ട്. ഇതിനർഥം, കേരളത്തിൽ ഇനി ആരും സിപിഐ എമ്മിന് സംഭാവന കൊടുക്കരുതെന്നാണ്. പിന്തിരിപ്പൻ ശക്തികളെ സഹായിക്കാൻ നുണകളുടെ അണക്കെട്ട് പൊട്ടിക്കുന്ന സ്വഭാവം മനോരമയും മറ്റു പിന്തിരിപ്പൻ ശക്തികളും ചെയ്യുന്നത് ആദ്യമായല്ല. ദേശാഭിമാനിക്കും കൈരളിക്കും പുതിയ മന്ദിരം ഉയർന്നതും വിവിധ സഹകരണസംഘങ്ങൾ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതും പിന്തിരിപ്പൻ ശക്തികൾക്ക് സഹിക്കുന്നില്ല. ഈ അസഹിഷ്ണുത ഏറ്റവും പ്രകടമായത് ഒന്നാം ഇ എം സ് മന്ത്രിസഭയുടെ കാലത്താണ്. 25ലക്ഷം രൂപ ജനങ്ങളിൽ നിന്ന് ക‌മ്യൂണിസ്റ്റ് പാർടി ഫണ്ടിനായി പിരിച്ചെന്ന് പി രാമമൂർത്തി പറഞ്ഞപ്പോൾ അതിനെ കോഗ്രസുകാരും അവരുടെ മാധ്യമങ്ങളും അപഹസിച്ചു. 25ലക്ഷമല്ല ഒരു കോടി രൂപയാണ് പിരിച്ചതെന്നും അതിൽ 75ലക്ഷം രൂപ നേതാക്കൾ അടിച്ചുമാറ്റിയെന്നും അതുകൊണ്ടാണ് പാർടി ഫണ്ടിൽ 25ലക്ഷം രൂപയായി കുറഞ്ഞുപോയതെന്നും പ്രചരിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് ആന്ഡ്ര അരി ഇടപാടിലൂടെ ഭക്ഷ്യമന്ത്രി കെ എസ് ജോർജ് അഴിമതി നടത്തി പാർടിക്ക് വൻ‌തുകയുണ്ടാക്കിയെന്ന ആക്ഷേപവും ഉയർത്തിയത്. ഇ എം സും എ കെ ജിയുമെല്ലാം ജീവിച്ചിരുന്ന കാലം മുതൽ ക‌മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഉയർത്തിയ ക‌മ്യൂണിസ്റ്റ് വിരുദ്ധ ആക്ഷേപങ്ങളുടെ തുടർച്ചയാണ് മനോരമാദി പിന്തിരിപ്പൻ മാധ്യമങ്ങളുടെ ഇന്നത്തെ നുണപ്രചാരണം.

എ കെ ജി സ്മണയ്ക്കായി തിരുവനന്തപുരത്ത് സ്മാരകമന്ദിരം നിർമിക്കുമ്പോൾ മനോരമാദി പത്രങ്ങൾ ടൺ കണക്കിന് ന്യൂസ് പ്രിന്റു മഷിയുമാണ് സി പി ഐ എമ്മിനെതിരെ ഉപയോഗിച്ചത്. ഇ എം എസ് അധ്യക്ഷനും ഇ കെ നായനാർ സെക്രടറിയുമായ എ കെ ജി സ്മാരക കമ്മിറ്റിയാണ് അന്ന് പ്രവർത്തിച്ചിരുന്നത്. പിന്നീട് ട്രസ്റ്റും രൂപീകരിച്ചു. സർക്കാരിനെയും സർവലാശാലയെയും ജനങ്ങളെയും പറ്റിച്ചെന്ന് പിന്തിരിപ്പൻ പത്രങ്ങൾ അന്ന് എഴുതിക്കൂട്ടിയപ്പോൾ നിറം‌പിടിപ്പിച്ച കള്ളക്കഥകൾ ഓരോ ദിവസവും ചമച്ച് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ നോക്കേണ്ടെന്ന് ഓർമപ്പെടുത്തി ഇ എം എസ് ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. എ കെ ജി സ്മാരകമന്ദിരം ഉയർത്താനുള്ള അഭ്യർഥന ട്രസ്റ്റിയായിരുന്ന നായനാരുടേതായിരുന്നു. അന്ന് എ കെ ജി സ്മാരകം ഉയരുന്നതിനെതിരെ അപവാദം പ്രചരിപ്പിച്ച പിന്തിരിപ്പൻ ശക്തികൾ ഇപ്പൊൾ നായനാർ സ്മാരകം നിർമ്മിക്കുന്നതിനെതിരെ ചന്ദ്രഹാസം ഇളക്കുകയാണ്. ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാധ്യമക്കളി പ്രബുദ്ധകേരളം തിരിച്ചറിയും.

കടപ്പാട് : ദേശാഭിമാനി

Monday, May 3, 2010

മഴ










എനിക്കിഷ്ടമാണു മഴയെ, മനസ്സിനെ ഓർമ്മകളിൽ നീരാടിക്കുന്ന പ്രക്രതിയുടെ സംഗീതത്തെ......ഗൾഫ് മണലാരണ്യത്തിൽ ജീവിക്കുമ്പൊഴും മഴ സമ്മാനിച്ച നല്ല നിമിഷങ്ങൾ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും അപ്പൊൾ എന്റെ മനസ്സിനെ കൊണ്ടത്തിക്കുന്ന ബാല്യകാലത്തെ കുറിച്ചുള്ള ആ നല്ല ഓർമ്മകളെ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു. തിമിർത്തു പെയ്യുന്ന മഴയിൽ ആർത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം. പണ്ട്‌ സ്കൂളിൽ പോകുമ്പോൾ ഇടവഴിയിൽ വെച്ചെന്റെ കുട മറിച്ച്‌ നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ... മഴ തോർന്ന പറമ്പിൽ ഓടിക്കളി‍ക്കുന്ന... എന്റെ ആ കുട്ടിക്കാലം മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന ഇടവ-തുലാ മാസ രാവുകൾ...അത് എല്ലാം ഇന്ന് ഒരു സ്വപ്നമായി മാറിയിരിക്കുന്നു. ഇനി എന്ന് തീരും ഈ പ്രവാസകാലം എന്ന് ഒരു നിശ്ചയമില്ലെങ്കിലും ആ കാലത്തിനിടക്ക് ഒരിക്കലെങ്കിലും മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തുന്ന മഴയത്ത് എന്റെ എല്ലാ ദു:ഖങ്ങളും കഴുകികളഞ്ഞ് ഒരു നാലാം ക്ലാസുകരനാവാൻ മോഹം.

മഴ എന്നും എനിക്ക് ഭ്രാന്തായിരുന്നു.. എന്റെ പ്രണയം.. എന്റെ പ്രിയപെട്ട സുഹൃത്ത് ... എന്നും അടങ്ങാത്ത ആവേശം... എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും മഴ എന്റെ കൂടെ ഉണ്ടായിരുന്നു.. എല്ലാ സങ്കടങ്ങളിലും.. എല്ലാ നേട്ടങ്ങളിലും.. എല്ലാ നഷ്ടങ്ങളിലും മഴ എന്നോടോപ്പോം ഉണ്ടായിരുന്നു... ചിലപ്പോൾ സ്വാന്തനമായി.. ചിലപ്പോൾ ആശ്രയമായി.. മറ്റു ചിലപ്പോൾ എന്റെ കണ്ണുനീർ മറയ്ക്കാനുള്ള ഒരു ആയുധമായി.. ഒരു പാടു ഇഷ്ടത്തോടെ ഹൃദയത്തോട്‌ ചേർത്തു പിടിച്ച ചില ബന്ധങ്ങളുടെ തുടക്കത്തിലും മഴ ഉണ്ടായിരുന്നു കൂട്ടായി.... ഒരിക്കലും ഇനി തിരികെ വരില്ല എന്ന് പറഞ്ഞു എന്റെ സ്നേഹവും സന്തോഷവും എന്നിൽ നിന്നും അകന്നു പോയ ദിവസവും മഴയുണ്ടായിരുന്ന.............

Friday, April 30, 2010

മെയ് ദിനാശംസകൾ













അധ്വാനിക്കുന്നവന്റെ അവകാശ ദിനമായ മെയ് ദിനമാണിന്ന്. തൊഴിലാളിയുടെ സാമ്പത്തികവും സാമൂഹ്യമായ ഉന്നമനവും ലക്ഷ്യമിട്ടു ആഘോഷിക്കുന്ന മെയ് ദിനം തൊഴിൽ സമയം എട്ടുമണിക്കൂറായി നിജയപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്.1884ൽ Federation of Organized Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതൽ 8 മണിക്കൂർ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേൽ‌പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുവാന്‍ നിർബതന്ധിതരായിരുന്ന തൊഴിലാളികൾക്കിടയിൽ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടർന്നു കയറി.1886 ഏപ്രിൽ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികൾ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.
ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People's Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വർഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകർക്കു വാനും അവർ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങൾ നൽക്കിയും കൂടുതൽ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവർ പൂർത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിർമ്മാണതൊഴിലാളികൾക്കും തുണിമിൽ തൊഴിലാളികൾക്കും ജോലി സമയത്തിൽ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികൾക്കായി സമരം ശക്തമാക്കി.
1886 മെയ് മൂന്നിന് മക്കോർമിക്ക് റീപ്പർ ഫാക്ടറിയിലെ തൊഴിലാളികൾ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഹൈ മാർക്കറ്റ് സ്ക്വയറിൽ ഒരു യോഗം ചേർന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോൾ ഒരു സംഘം പോലീസുകാർ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിർത്തിവെക്കാൻ അവർ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരൻ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിനെ ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
ആൽബർട്ട് പാർസൻസ്സ്, ആഗസ്റ്റ് സ്പൈസ്, അഡോൾഫ് ഫിഷർ, ജോർജ്ജ് ഏങ്കൽ എന്നിവരെ 1887 നവംബർ 11ന് ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേർക്ക് (മൈക്കേൽ ഷ്വാബ്, സാമുവേൽ ഫീൽഡെൻ, ഓസ്കാർ നീബെ)1893ൽ മാപ്പു ലഭിച്ചു.
ഹൈ മാർക്കറ്റ് സംഭവവും അതിനെത്തുടർന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയർന്നു . 1890 മെയ് ഒന്നു മുതൽ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷൻ ഓഫ് ലേബർ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.
പോലീസിനെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട്‌ ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമർത്താനാണ്‌ തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്‌.ലാത്തിച്ചാർജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകൾക്ക്‌ പരിക്കും നൂറുകണക്കിന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാർഡ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓർമ്മക്കുമുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ്‌ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം ഈ ദിനം ആഘോഷപൂർവം കൊണ്ടാടുന്നത്‌.
1886 ൽ ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികൾ നടത്തിയ അവകാശസമരത്തെ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്ത അതേവർഗ്ഗണത്തിൽ പെട്ടവർ തന്നെയാണ്‌ ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായീ അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌.സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങൾ ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്‌.തൊഴിലാളികളെക്കൊണ്ട്‌ പരമാവധി പണിയെടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ യഥാസമയം ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ നൽക്കാൻ ഇന്നും തയ്യാറാകുന്നില്ല.വികസിത രാജ്യങ്ങളിലെ തൊഴിലാളികൾക്ക്‌ ജോലിസ്ഥിരതയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോൾ അവികസിതരാജ്യങ്ങളിലെ തൊഴിലാളികൾ കടുത്ത ചൂഷണത്തിനും നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്‌.ആഗോളവൽക്കരണവും സൈനിക മേധാവിത്തവും കൊണ്ട്‌ ലോകരാജ്യങ്ങളുടെ നിയന്ത്രണവും കൈപ്പിടിയിലൊതുക്കാൻ സാമ്രാജിത്ത ശക്തികൾ കൊണ്ടുപിടിച്ച്‌ ശ്രമിക്കുകയാണ്‌.ആഗോളസമ്പാത്താകെ ഏതാനും ബഹുരാഷ്ട്രകുത്തക കമ്പിനികളുടെ അധീനതയിൽ വരുകയും അവരെ മാത്രം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുകയും ചെയ്യുമ്പോൾ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും വിലക്കയറ്റവും പട്ടിണിയുംകൊണ്ട്‌ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്‌.

രാഷ്‌ട്രീയത്തെ ആരാഷ്‌ട്രീയം കൊണ്ട്
തത്വചിന്തയെ പരസ്യം കൊണ്ട്
പ്രബുദ്ധതയെ ഉപഭോഗക്രമം കൊണ്ട്
സംഘടനാ ബോധ്യങ്ങളെ
വ്യക്തി സങ്കീർത്തനങ്ങൾ കൊണ്ട്
സംവാദങ്ങളെ വിവാദങ്ങൾ കൊണ്ട്
സമരോത്സുകമായ ശുഭാപ്തിയെ
അശുഭാപ്തി വിശ്വാസം കൊണ്ട്
യുക്തിയെ അയുക്തികത കൊണ്ട്
മതനിരപേക്ഷതയെ മതാന്ധത കൊണ്ട്
അന്വേഷണങ്ങളെ അപവാദങ്ങൾ കൊണ്ട്
മൂടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടതിൽ അതിനെയെല്ലാം സംഘടിത ശക്തി ഉപയോഗിച്ച് തൊല്പിച്ചിട്ടാലാതെ പുതിയൊരു ലോകം സ്വപ്നം കാണാൻ നമ്മുക്ക് കഴിയുകയില്ല.

"ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയിൽ കത്തിയമരും...... അതിന്റെ ചാരത്തിൽ നിന്നും ഒരു പുതിയ സമൂഹം ഉയർന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള, അനുദിനം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറുന്ന പുത്തൻ സാമൂഹ്യ വ്യവസ്ഥ.....''

"വിശപ്പടക്കുവാന്‍ ഭിക്ഷയാചിക്കുന്ന മക്കളും, ശരീരംകൊണ്ട് വിശപ്പടക്കേണ്ടിവരുന്ന സഹോദരിമാരും, മക്കളെ തെരുവിലുപേക്ഷിക്കുന്ന പിതാക്കന്മാരും ഇല്ലാത്ത ഒരു ലോകം.... ആയിരം മഴവില്ലുകളാൽ വർണ്ണാഭമായ ചക്രവാളവും ആർത്തുല്ലസിക്കുന്ന കുഞ്ഞുങ്ങളും, അദ്ധ്വാനത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പുരുഷന്മാരും, പ്രഭാതത്തിലെ ഈറനണിഞ്ഞ റോസാദളത്തിന്റെ ഹൃദ്യത പകരുന്ന കുടുംബിനികളും ഉള്ള ഒരു ലോകം.....


ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവർഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങൾക്കെതിരെയും വർഗ്ഗീയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികൾക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളിൽ സ്നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളിൽ പുത്തൻ പ്രതീക്ഷകളുടെ നാമ്പുകൾ കിളിർപ്പിക്കാനും ഈ സാർവ്വദേശീയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ.

എട്ടു മണിക്കൂർ അധ്വാനം - എട്ടു മണിക്കൂർ ആഹ്ലാദം - എട്ടു മണിക്കൂർ വിശ്രമം

എല്ലാവർക്കും എന്റെ മെയ് ദിനാശംസകൾ