Thursday, December 18, 2008

ഡിസംബർ 18 അന്താരാഷ്ട്ര പ്രവാസിത്തൊഴിലാളി ദിനം

ലോകത്തിലെ കോടിക്കണക്കായ പ്രവാസിതൊഴുലാളികൾക്കായി അന്തർദേശീയ സംഘടന(ഐഎ‌ൽ‌ഒ‌) ആഹ്വാനംചെയതിട്ടുള്ള ദിനമാണ് 18.വിവിധ രാഷ്ട്രങ്ങളുടെ ഭൌതികവും സാമ്പത്തികവുമായ പുരോഗതിയിൽ അന്യദേശക്കാരായ തൊഴിലാളികളുടെ അധ്വാനത്തിന്റെ പങ്ക് വളരെ വലുതാണ്. ലോക ജനസംഖ്യയിലെ 17.50 കോടി പേർ പ്രവാസികളാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാൽ, അവരെ വേണ്ടുംവിധം ആദരിക്കാനോ അംഗീകരിക്കാനോ എന്തിനു മനുഷ്യനെന്ന പരിഗണന നൽകാൻപോലും അവരുടെ അധ്വാനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കന്ന അതിഥേയരാഷട്രങ്ങളിലെയോ സ്വന്തം നാട്ടിലെയോ സഹജീവികൾ പലപ്പോഴും തയ്യാറാകുന്നില്ല. എന്ന് മാത്രമല്ല നമ്മുടെ നാട്ടിലെ ചില ആളുകളും,ചില രാഷട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവാസികളുടെ സമ്പാദ്യത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും അവരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു.നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ പ്രവാസിതൊഴിലാളികളുടെ കുടിയേറ്റം ആരംഭിച്ചതാണ്. അമേരിക്കൻ ഐക്യനാടുകളുടെയും ഓസ്ട്രേലിയ, സിംഗപ്പുർ, ശ്രിലങ്ക, ബ്രിട്ടൻ, ചില അഫ്രിക്കൻ രാജ്യങ്ങൾ മുതലായവയുടെയും ഇന്നത്തെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാ‍ജ്യങ്ങളുടെയും വികസനത്തിനും നിദാനമായതിൽ പ്രാവസികൾക്ക് മുഖ്യപങ്കാണുള്ളത്.ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരായ പ്രവാസിത്തൊഴിലാളികൾ പണിയെടുക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളിലാണ്. കേരളത്തിൽനിന്ന് 28 ലക്ഷത്തോളം പേർ പുറത്തുപോയി പണിയെടുക്കുന്നു. ഒരു വർഷം നമ്മൾ നാട്ടിലേക്ക് അയക്കുന്നത് 25000 കോടിയോളം രൂപയാണ്. കേന്ദ്രസർക്കാർ കേരളത്തിനു നൽക്കുന്ന ബജറ്റ് വിഹിതത്തിന്റെ ഏഴ് ഇരട്ടിയിലും അധികമാണ് ഈ തുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നിലവാരവും തൊഴിലാളികളുടെ സാങ്കേതികവൈദഗ്ധ്യവും എത്ര ദുർഘടമായ പരിത:സ്ഥിതികളെയും നേരിടാനുള്ള മനോബലവും ഇന്നും ഈ രംഗത്ത് കേരളത്തിന്റെ മേൽക്കൈ നിലനിർത്തുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം, കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രവാ‍സികളുടെയും കുടുബംഗങ്ങളുടെയും ക്ഷേമനിനിധി രൂപീകരിക്കുന്നത്. 12 മത് കേരള നിയമസഭയുടെ ഈ സമ്മേളനം പാസാക്കുന്ന ‘പ്രവാസി കേരളീയരുടെ ക്ഷേമബിൽ 2008‘ ബിൽ മറ്റു സംസ്ഥാനങ്ങൾക്കും രാജ്യത്തിനുതന്നെയും മാത്രകയാകുന്നു. ആരൊക്കെ എവിടെയൊക്കെ എങ്ങനെയൊക്കെ പണിയെടുക്കുന്നു എന്ന ക്രത്യമായ വിവരം‌പോലും പ്രവാസികളായ സ്വന്തം പൌരന്മാരെക്കുറിച്ച് ഇല്ലാത്ത രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ നാട്ടിലെ രൂക്ഷമായ ദാരിദ്ര്യവും പട്ടിണിയും കുറച്ചെങ്കിലും മാറ്റാൻ കഴിഞ്ഞതിൽ, ചെലവഴിക്കാവുന്ന പണത്തിന്റെ അളവും ക്രയവിക്രയവും വർധിപ്പിച്ചതിൽ, തൊഴിലില്ലായ്മ വളർച്ചനിരക്കിൽ ഇടിവുണ്ടാക്കിയതിൽ, സമ്പാദ്യങ്ങളും നിക്ഷേങ്ങളും വർധിപ്പിച്ചതിൽ, കൂലി വർധനയോടൊപ്പം തൊഴിലവസരങ്ങൾ സ്രഷ്ടിച്ചതിൽ…. പ്രവാസികളായ തൊഴിലാളികൾക്കുള്ള പങ്ക് വളരെ പ്രധാനമാണ്.
വിസിറ്റിങ് വിസയിൽ ഭാര്യമാരേ കൊണ്ടുവരുന്നത് നിരോധിക്കും എന്ന് പറയുന്ന കാലത്ത് ഈ ദിനം കൊണ്ട് പ്രവാസി തൊഴിലാളികൾക്ക് ഉപാകാരമുണ്ടോ?.

Tuesday, December 16, 2008

രക്തസാക്ഷിത്വം ഭാവിയിലേക്കുള്ള സമരയാത്ര

രക്തസാക്ഷിയുടെ ചോരകൊടുത്തുവളർത്തിയ
നീതിയുടെ വ്രക്ഷം നാം എവിടെ നടും?
സച്ചിദാനന്ദൻ
ഇതൊരു ചോദ്യമല്ല। ഇതിന് ഒരൊറ്റപദം കൊണ്ട് പൂരിപ്പിക്കപ്പെടാവുന്ന ഒരു ഉത്തരവുമില്ല। മറിച്ചിത് മനുഷ്യവംശം അതിന്റെ മനസ്സിലോമനിക്കുന്ന ഒരു മഹാസ്വപ്നത്തിന്റെ സംഗ്രഹമാണ്। ആധിപത്യത്തിനും വിധേയത്വത്തിനുമപ്പുറം സ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വന്തം ജീവിതം പോലും സമർപ്പിക്കാൻ സന്നദ്ധമാക്കുന്ന മനുഷ്യജീവിതത്തിന്റെ സത്യവാങ്മൂലമാണ് രക്തസാക്ഷിത്വം। രണ്ടുതരം മരണങ്ങളെക്കുറിച്ച് മാവോ – ഒന്ന് ഒരു ചെറുകാറ്റടിച്ചാൽ പതിരുപോലെ പറന്നുപോകുന്ന സാധാരണ മരണമാണ്। മറ്റൊന്ന് കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചാലും ഇളകാതിരിക്കുന്ന മഹാപർവ്വതം പോലുള്ള കനമ്മുള്ള മരണം. രക്തസാക്ഷികളുടെ മരണവും തുടർന്നുള്ള അവരുടെ ജീവിതവും ഒരു മഹാപർവ്വതത്തിന്റെ ഗാംഭീര്യത്തെയാണ് അനുസ്മരിപ്പിക്കുന്നത്. സ്വന്തം ജീവിതം കൊണ്ടവർ മനുഷ്യജീവിതത്തെ ജ്വലിപ്പിക്കുകയും സ്വന്തം ചോരകൊണ്ടവർ ചരിത്രത്തെ ചൈതന്യവൽക്കരിക്കുകയും ചെയുന്നു. പടനിലങ്ങളിൽ അവരിന്നും പൂത്തുനിൽകുന്നു. അനീതിക്ക് മുമ്പിൽ ഇന്നും അവരുടെ ശബ്ദം ഇടിമുഴക്കങ്ങളായി ഇടഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണവർ ഒരു മരണത്തിനുശേഷം പിന്നെയും ഒരു പാടു തവണ മരിക്കാത്തത്. അതിന്റെ മൂല്യം അതർഹിക്കും വിധം ഉൾക്കൊള്ളാനാവാത്തതുകൊണ്ടാണ് മനുഷ്യരിലധികവും ജീവിച്ചിട്ടും ശരിയായർത്ഥത്തിൽ ജീവിക്കാത്തത്.സംഘടനയാണ് സമസ്ത അർത്ഥത്തിലും നിസ്സഹായരായ ചൂഷിതരുടെ ശക്തവും സൂക്ഷ്മവുമായ ആവിഷ്ക്കാര മാധ്യമം. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളിൽ വെച്ച് മനുഷ്യർക്ക് വികലമായ രീതിയിൽപ്പോലും ഒരു നാളും ജീവിതം മാനവികമായൊരർത്ഥത്തിൽ ആഘോഷിക്കാൻ ആവുകയില്ല. സാമൂഹ്യപരതയിലേക്ക് വികസിക്കുന്ന വ്യക്തി സ്വന്തം കാലത്തോട് തീക്ഷ്ണമായി സംഭാഷണം നടത്താനാരംഭിക്കുമ്പോഴാണ് ചരിത്രത്തിൽ സംഘടനകൾ ജന്മം കൊള്ളുന്നത്. തലചൊറിയുന്ന കൈകൾ, ചുരുട്ടുന്ന മുഷ്ടികളായി മാറുന്നതും, പിറുപിറുക്കലുകൾ മുദ്രാവാക്യങ്ങളായി പരിണമിക്കുന്നതും അപ്പോഴാണ്. സാമൂഹ്യവികാസം സാധ്യമാക്കുന്ന പാരസ്പര്യത്തിന്റെ അദ്രശ്യമായ പാലങ്ങൾ തകർത്ത് മനുഷ്യരെ തനിച്ചാക്കി തകർക്കാനുള്ള സർവ്വ ശ്രമങ്ങളും അപ്പോഴാണ് വെല്ലുവിളിക്കപ്പെടുന്നത്. സ്വന്തം വർഗ്ഗത്തിൽ നിന്ന് വേർപ്പെടുത്തുമ്പോൾ താനൊന്നുമല്ലെന്ന് ‘ഒന്നുമല്ലാത്തവരുമായി’ മാറിയ ഒരു ജനത തിരിച്ചറിയുമ്പോഴാണ് അവർ സ്വന്തം രക്തം കണ്ടെത്താനും സംഘം ചേരാനും ആരംഭിക്കുന്നത്. അതോടെയാണ് പറയപ്പെടാതെപോയ അവരുടെ വാക്കുകൾ ഭുഗർഭത്തിൽ നിന്ന് ഉറവയെന്നപോലെ കുതിച്ചൊഴുകാൻ തുടങ്ങുന്നത്. പർവ്വതാക്രതിപൂണ്ട അലസസഹനങ്ങളിൽ വിള്ളലുകൾ വീണുതുടങ്ങിയ ഒരു കാലത്തെക്കുറിച്ചുള്ള അശാന്തമായ ഓർമ്മകളാണ് ഇന്നും ചരിത്രത്തെ ചൂടുപിടിപ്പിക്കുന്നത്. ജീവിതം വീര്യമാർജ്ജിക്കുന്നതും അത്യന്തം വിസ്ത്രമാകുന്നതും വളർന്ന സ്മരണകളും മാനവിക സ്വപ്നങ്ങളും വർത്തമാനകാലത്തിന്റെ നടുത്തളങ്ങളിൽ വെച്ച് പരസ്പരം കെട്ടിപുണരുന്ന നേരങ്ങളിലാണ്. മറവിയും സ്വപ്നരാഹിത്യവും മനുഷ്യരെ സംബന്ധിച്ചിടത്തോളം മരണമാണ്. ഭൂതത്തിലേക്ക് വേരിറക്കാതെയും ഭാവുയിലേക്ക് വിടരാതെയും എങ്ങിനെയാണ് ‘വർത്തമാനം’ സ്വന്തം ഭൂപടം പൂർത്തിയാക്കുക?മരിച്ചിട്ടും മരിക്കാത്തവർക്ക് ജീവിച്ചിരിക്കുന്നവർ നൽക്കുന്ന അവേശകരമായ അംഗീകാരമാണ് അനുസ്മരണം. മരിച്ചുപോയവരുടെ ശവകുടീരങ്ങൾക്കുമുന്നിലെ അശ്രപൂജകളല്ല, ജനിക്കാനിരിക്കുന്ന നാളേകളിലേക്കുള്ള കണ്ണുതുറക്കലാണത്. അതൊരിക്കലും ഭൂതകാലത്തേക്കുള്ള തീർത്ഥയാത്രയല്ല, മറിച്ച് ഭാവിയിലേക്കുള്ള സമരയാത്രയാണ്. അതിന്റെ ലക്ഷ്യം കേവലമായ ഓർമ്മപുതുക്കലല്ല, പോയകാലത്തിന്റെ ഇനിയൊരിക്കലും തിരിച്ചുവരാത്ത മഹിമകളെക്കുറിച്ചോർത്ത് തരിച്ചു നിൽക്കലുമല്ല. മറിച്ച് പുനരുത്ഥാനവാദികളെ പേടിപ്പിക്കും വിധം വർത്തമാനത്തിലാകെ നിറഞ്ഞുനിൽക്കലാണ്. വർത്തമാനകാലത്തെ നിരന്തരം നവീകരിക്കുകയെന്ന ഭാരിച്ച ചരിത്രദൌത്യമാണ് അതിന് എപ്പോഴും നിർവ്വഹിക്കാനുള്ളത്. സ്മരണകളും സ്വപ്നങ്ങളും സന്ധിക്കുമ്പോഴാണ് സത്യം ജ്വലിക്കുന്നത്. ഭൂതവും ഭാവിയും സർഗ്ഗാത്മകമായി ‘ഇന്നിൽ’ വെച്ച് സംഗമിക്കുമ്പോഴാണ് വർത്തമാനകാലം വിസ്ത്രതമാകുന്നത്.ചരിത്രം മറക്കുന്നവരൊക്കെയും ജീവിച്ചുകൊണ്ട് സ്വയം തീ കൊടുക്കുന്നവരാണ്. മറവിയുടെ മഹാസമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജനത സ്വന്തം ചിതയൊരുക്കുന്നു. അവർക്കിടയിലേക്കാണ്, അവർക്കിയിലാധിപത്യം സഥാപിച്ചിട്ടുള്ള ജനവിരുദ്ധലഹരിയുടെ നിത്യവിസ്മ്രതിയിലേക്കാണ്, തീയാളുന്ന ഓര്മ്മകളുമായി ർക്തസാക്ഷി സഖാക്കൾ വരുന്നത്. അവർ ശവകുടീരങ്ങളിൽ അന്തിവിശ്രമം കൊള്ളുന്നവരല്ല. ബോധാബോധങ്ങളിലെ കയറ്റിറക്കങ്ങളിലും പ്രയോഗങ്ങളിലും സാക്ഷാത്ക്കരിക്കപ്പെടാത്ത സ്വപ്നങ്ങളുടെ ചോരയിറ്റുന്ന മുറിവുകളിലും അവർ നിറഞ്ഞുനൽക്കുന്നു. അവർ മരിച്ചവരല്ല, മറിച്ച് ജീവിതം ‘ജീവിതതുല്യം’ ജ്വലിച്ച് ജീവിച്ചവരാണ്. സമരം ചെയ്തു ജീവിക്കുന്നവരൊക്കെയും ഒരൊറ്റജന്മത്തിന്നകത്ത് നിരവധി ജന്മങ്ങൾ സ്വയം നിർമ്മിക്കുന്നവരാണ്. മരണതുല്യം ജീവിക്കാൻ മനസ്സിലെന്ന് ഒരു ജനത തിരിച്ചറിയിമ്പോഴാണ് ജീവിതം ജീവിതോത്സവമാകുന്നത്. ജന്മം യാദ്രശ്ചികമായി ലഭിച്ച വിശുദ്ധ വരദാനത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് ആത്മബോധത്തിന്റെ ആകാശത്തേക്കുള്ള ആരോഹണത്തിനുള്ള സാഹസിക ശ്രമമാണെന്നും അപ്പോഴാണ് നാമറിയുന്നത്. ഓരോ രക്ത സാക്ഷിത്വത്തിലും വിവരണവിധേയമല്ലാത്ത വേദനയുണ്ട്. അതേ സമയം ജീവിച്ചിരികുന്നവർക്ക് , ഉജ്വലമാം വിധം ജീവിച്ചിരിക്കാൻ അഗ്രഹിക്കുന്നവർക്ക്, അതിനെ ഒരുത്സവമാക്കി മാറ്റാനുള്ള ഉത്തരവാദിത്വമുണ്ട്. “ഇനിയും സൂര്യേദയങ്ങളും പൂക്കളും എന്റെ പൊന്നുണ്ണിക്കന്യമെന്നാൽ ഇനിവരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തി കുനിഞ്ഞുനിൽക്കും” സ്വന്തം കാലത്തിന്റെ ഭാവുകത്വത്തിനെ രക്തസാക്ഷികളുടെ ഇപ്പോഴും സ്പന്ദിക്കന്ന ഹ്രദയവുമായി ബന്ധിപ്പിക്കുന്ന കുഞ്ഞപ്പ പട്ടാന്നൂരിന്റെ വരികളാണ് മുകളിലുദ്ധരിച്ചത്. സ്വന്തം മകന്റെ രക്ത സാക്ഷിത്വത്തിന്റെ തപിക്കുന്ന സ്മരണകളിൽ തൊട്ടുകൊണ്ട് സഫ്ദർ ഹാശ്മിയുടെ അമ്മ എഴുതി: “We will not mourn saphdor, we will remember him in celebration.” വേദന നിർവ്വീര്യമായി മാറുന്ന ഇത്തരം വഴിത്തിരിവുകളിൽ വെച്ചാണ് അനുസ്മരണം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറുന്നത്. സ്വന്തം രക്തത്തെ സാക്ഷിയാക്കി ജീവിതംസഫലമാക്കാനുള്ള സന്നദ്ധത ഇടിവെട്ടിനും പേമാരിക്കും ഇടയിൽ നിന്നുകൊണ്ട് വീണ്ടും വീണ്ടും ഉറപ്പിച്ചുകൊണ്ടിരിക്കലാണ്. സഫലമീ ജീവിതം എന്ന് ഉള്ളുനിറഞ്ഞ് പാടാനാകും വിധം വർത്തമാനജീവിതത്തിൽ ഇടതടവില്ലാതെ ഇടപെടലാണ്. ഓർമ്മകൾ ഉത്തരവാദിത്വത്തിന്റെ അത്യുന്നതങ്ങളിലേക്ക് മുഷ്ടിചുരുട്ടുകയാണ്. രക്തസാക്ഷി സഖാക്കളുടെ തീയാളുന്ന സ്മരണകളെ സാക്ഷിയാക്കി ഉയരുന്ന മുഷ്ടി ഉൽപ്പാദിപ്പിക്കുന്ന അസാധാരണമായ കരുത്ത് സാധാരണ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഊർജ്ജം പകരുമ്പോഴാണ് ‘അനുസ്മരണം’ ആത്മബോധത്തിന്റെ ആഘോഷമായി മാറുന്നത്. അപ്പോഴാണ്, അപ്പോൾ മാത്രമാണ് കണ്ണീർകണങ്ങൾ കനൽക്കട്ടകളാക്കുന്നത്. “മ്രത്യുവിൽ നിന്ന് ഒരു സാന്ത്വനവും പ്രതീക്ഷിക്കാനില്ല. അത് നിഷ്ക്കരുണനാണ്. അത് തനിക്ക് കിട്ടേണ്ടത് മുഴുവൻ പിടിച്ചുപറ്റുക തന്നെ ചെയ്യും” പ്രബോദ്കുമാർ സന്ന്യാൽ പറയുന്നത് മരണത്തെ സംബന്ധിച്ചിടത്തോളം വലിയ ശരിയാണ്. എന്നാൽ ജീവിതത്തെ സംബന്ധിച്ച് മറ്റോരു ശരിയുണ്ട്. തങ്ങളോടൊപ്പം ജീവിക്കുന്ന് യാതൊന്നും അത് മരണത്തിനും കൊടുക്കില്ല. സ്വന്തം മണ്ണിൽ വേരുകളാഴ്ത്തി കാലത്തിന്റെ ആകാശത്തിലേക്ക് ചില്ലകൾ പടർത്തി പൂത്തുനിൽക്കുന്ന ഒരൊറ്റ ഓര്മ്മയെപ്പോലും ജീവിതത്തിൽ നിന്ന് കവർന്നെടുക്കാൻ മരണത്തെക്കൊണ്ടാവില്ല. ഇക്കാര്യത്തിൽ ജീവിതവും മ്രത്യുവിനോളം കർക്കശ്ശവും നിഷ്കരണവുമാണ്. ഒരൊറ്റ ഉപാധി മാത്രം, എന്നും ജാഗ്രത ജ്വലിച്ചുനിൽക്കണം. എന്നും ജാഗ്രതയോടെ ഉണർന്നിരിക്കണം

Monday, December 15, 2008

രക്ത പതാകയിലെ ദീപ്ത നക്ഷത്രം

രക്തസാക്ഷിത്വം കനലാണ്
എപ്പോഴും ആളികത്തുന്ന കനൽ
കാട്ടുതീ ഉള്ളിലുറങ്ങുന്ന ഒരു തീപ്പൊരി
പോരാളികളുടെ മനസ്സിൽ തീക്കാറ്റ്
തീർത്ത് കനലിനെ ജ്വലിപ്പിക്കുന്നു………

സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2008 ഏപ്രിൽ 16-ന് രണ്ട് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽ‌പ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽ‌പ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളിപ്പെടുത്താൻ വലതുപക്ഷ രാഷ്ടീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.
ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……
അതാണ് സ: വത്സലൻ.
തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽ‌വഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

Sunday, December 14, 2008

പ്രണയനിലാവ്

പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാൻ പോവുമ്പോഴാണ് നിനക്കുള്ള പ്രണയലേഖനങ്ങൾ പിറക്കുന്നത്.എഴുതാൻ തുടങ്ങുമ്പോൾ, പക്ഷേ വാക്കുകൾ പിടിതരാതെ ഒഴിഞ്ഞു മാറുന്നു. നിന്നോടുള്ളൈ ഇഷ്ടത്തിന് പകരംവയ്ക്കാനുള്ള വാക്കുകളുടെ ശേഖരം എന്റെ പക്കലില്ലെന്ന് തിരിച്ചറിഴുമ്പോഴാണ് നിനക്കുമുന്നിൽ ഞാനൊരുപാട് ചെറുതാക്കുന്നത്.കാമ്പസിലെ പ്രസംഗവേദികളിൽ അഗ്നിച്ചിറക്കുള്ള വാക്കുകൾ വാരിയെറിഞ്ഞുനടന്ന നാളുകളിലെന്നോ പരിചയപ്പെടുമ്പോൾ, കുസ്രതി നിറഞ്ഞ നിന്റെ കണ്ണൂകളിലൊളിപ്പിച്ച ആഴമുള്ള അഭിനന്ദനങ്ങളിലൂടെ തളിർത നമ്മുടെ പ്രണയത്തിന് കാലം വരുത്തിയ നിറഭേദങ്ങളത്രെ:എനിക്കുവേണ്ടി മാത്രം വിടർന്നിരുന്ന ഹ്രദയമിടിപ്പിന്റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോൾ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു…….ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവനെന്നഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതി പോലും എത്ര പെട്ടന്നാണ് നിന്റെ നിയന്ത്രണത്തിലായത്.എന്റെ നഷ്ടങ്ങളിൽ എന്നെക്കാൾ ദു:ഖിയ്ക്കുന്ന, എന്റെ വേദനകളിൽ സ്വാന്തനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമാണ് ഇന്നെന്റെ ജീവസ്പന്ദനം. ഇടിമിന്നലുകൾ ഇരമ്പുന്ന മനസ്സ്, നീയടുത്തെത്തുമ്പൊൾ എത്രപെട്ടെന്നാണ് ശാന്തമാവുന്നത്.നിന്റെ മടിയിൽ തലചായ്ക്കുമ്പൊൾ, നിന്റെ കൈവിരലുകൾ എന്റെ മുടിയിഴകൾ തഴുകുമ്പോൾ, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുമ്പോൾ മനസിൽ തെളിയുന്ന സ്നേഹനിലാവിന് സംഗീതത്തിന്റെ നിറമാണെന്ന് ഞാനറിയുന്നു.അത്മസുഹ്രത്തുകൾക്ക് പോലും കത്തെഴുതാൻ മടിക്കുന്ന ഞാൻ ഒരാഴ്ചക്കുള്ളിൽ ഏഴുകത്തുകൾ നിനക്കായി എഴുതി. പക്ഷേ എഴുതിയതൊന്നും മതിയായില്ല എന്നൊരു തോന്നൽ, ഉള്ളിൽ തുളുമ്പുന്ന സ്നേഹം അക്ഷരങ്ങളിൽ വന്നു നിറയുന്നില്ലെന്ന് മനസ്സുപറയുന്നു. മുടിയിഴകളാൽ വിരലുകോർത്ത്കണ്ണൂകളിലെ പ്രണയം നുകർന്നു മൊഴികളിലെ പ്രേമം നേഞ്ചിലേറ്റു വാങ്ങി നിന്റെ മടിയിൽ കിടക്കുമ്പോൾ മനസിൽ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്. മധുരമുള്ള വാക്കുകൾക്ക് സുഗന്ധമുള്ള പൂക്കളാക്കാൻ കഴിഞ്ഞെങ്കിൽ എത്ര പ്രണയഹാരങ്ങൾ ഞാൻ കോർത്തേനേ;……………….