Tuesday, March 3, 2009

സ്വഭാവഹത്യയുടെ രാഷ്ട്രീയം

ഭീരു വെടിവെയ്ക്ക്, നീ കൊല്ലുന്നത് ഒരു മനുഷ്യനെ മാത്രമാണ്. വിശ്വവിപ്ലവകാരി ചെഗുവേര തന്നെ വധിക്കാനുള്ള സി ഐ എ യുടെ ഉത്തരവ് നടപ്പാക്കാനെത്തിയ മാരിയോ ടെറാൻ എന്ന സാർജന്റിന്റെ നിറതോക്കിനു മുന്നിൽനിന്ന് ഗർജിച വാക്കുകൾ. ഈ ധീര വിപ്ലവകാരിയെ അപകീർത്തിപ്പെടുത്താൻ സാമ്രാജ്യത്വത്തിന്റെ വൈതാളികന്മാർ പ്രചരിപ്പിച്ചത് അന്ത്യനിമിഷങ്ങളിൽ അദ്ദേഹം ജീവനുവേണ്ടി യാചിച്ചു എന്നാണ് ! കമ്മ്യൂണിസ്റ്റുകാർക്കെതിരായ ഹീനമായ രാഷ്ട്രിയ ആയുധമാക്കി സ്വഭാവഹത്യയെ ശത്രുകൾ ഉപയോഗികുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളിലൊന്നുമാത്രമാണിത്.ലാവ്‌ലിന്റ് പേരിൽ പിണറായിയിൽ തുടങ്ങി ഇപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാ‍ക്കളായ സുർജിത്തിലേക്കും പ്രകാശ് കാരാട്ടിലേക്കുംവരെ എത്തികഴിഞ്ഞതും ദേശീയതലത്തിലേക്ക് വ്യാപിച്ചതുമായ സ്വഭാവഹത്യാ ശ്രമങ്ങൾ ഒറ്റപ്പെട്ടതോ ഇതാദ്യമായി നടക്കുന്നതോ അല്ലെന്ന് കാണാനാവും. സർവദേശീയ-ദേശീയതലത്തിൽ സ്വഭാ‍വഹത്യയുടെയും അപവാദ പ്രചാരണത്തിന്റെയും ക‌മ്യൂണിസ്റ്റ് വിരുദ്ധ പ്രയോഗത്തിന് ഒരു ദീർഘചരിത്രംതന്നെയുണ്ട്. ചെ യെ അത്യന്തം ക്രൂരമായി സ്വഭാവഹത്യ നടത്തുന്ന ഒരു വികല സ്രഷ്ടി അടുത്തിടെ ഒരു പുസ്തകോത്സവത്തിൽ കാണുകയുണ്ടായി. ചെ യെ സ്ത്രിലമ്പടനും ഭീരുവും ആഡംബരപ്രിയനും സുഖലോലുപനും കാപട്യക്കാരനുമൊക്കെയായിണ്ടാണ് അതിൽ ചിത്രികരിച്ചിട്ടുള്ളത്. ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റയുടെ കൊട്ടാ‍രത്തിൽനിന്ന് ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഒരു അഡംബരവാച്ച് ചെ കൈക്കലാക്കിയെന്നതടക്കമുള്ള വിഷം പുരട്ടിയ അനേകം നുണകൾ അതിൽ മഷിപുരട്ടിയിട്ടുണ്ട്. വിപ്ലവാനന്തര ക്യൂബയിലെ അധികാരത്തിന്റെ അത്യുന്നതങ്ങളിൽനിന്ന് ഫിദലിന് സ്നേഹപൂർവ്വം ഒരു കത്തുമെഴുതിവെച്ച് മന്ത്രിപദവി ഉപേക്ഷിച്ച് ബോളീവിയൻ കാടുകളിലെ മരണം പതിയിരിക്കുന്ന ഗറില്ലാ പോരാട്ടത്തിന്റെ അപകടവീഥികളിലേക്ക് സ്വയം ഇറങ്ങിവന്ന മഹാനായ വിപ്ലവകാരിയെയാണ് ഇത്ര മോശമായി ചിത്രീകരിച്ചതെന്നോർക്കുക. ചെ യുടെ ഭൂ‍ഗോളത്തിലെമ്പാടുമുള്ള ആരാധകരെ മൂഢന്മാർ എന്നാണ് പുസ്തകത്തിൽ ആക്ഷേപിച്ചിട്ടുള്ളത്. ഫിദൽ കാസ്ട്രോയും സ്വഭാവഹത്യാശ്രമങ്ങളുടെ ഇരയാണ്. ഫിദലിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായിട്ടാണ് അമേരിക്കയിലേ ഫോബ്സ് മാസിക മുമ്പ് അവതരിപ്പിച്ചത്. കാസ്ട്രോയുടെ ജീവനെടുക്കാൻ സിഐഎ നടത്തിയ 638 വധശ്രമത്തോടൊപ്പം വെണം നിരന്തരമായ സ്വഭാവഹത്യാശ്രമങ്ങളെയും കാണാൻ. രോഗബാധിതനായ ഫിദൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് വിപ്ലവത്തിൽ ഫിദലിനും ചെ യ്ക്കുമൊപ്പം നേത്രപരമായ പങ്കുവഹിച്ച സഹോദരൻ റൌൾ കാസ്ട്രോ പ്രസിഡന്റായപ്പോൾ ഫിദലിനെ കുടുംബവാഴ്ചയുടെ വക്താവയാണ് ചിത്രീകരിച്ചത്. ലെനിനെയും മാവോയെയും ശത്രുകൾ വെറുതെ വിട്ടില്ല. റഷ്യൻ വിപ്ലവകാലത്ത് കഴുത്തിനേറ്റ വെടിയുണ്ടയാണ് പിന്നീട് ലെനിന്റെ മരണകാ‍രണമായത് എന്ന സത്യം ലോകത്തിനാകെ അറിയുന്നതാണ്. എന്നാൽ അടുത്ത കാലത്ത് ലെനിന്റെ മരണകാരണം സിഫിലിസ് ആയിരുന്നെന്ന അധമ പ്രചാരണം ശത്രുകൾ നടത്തുകയുണ്ടായി. മാവോ മരിച്ച് ഏറെക്കാലത്തിനു ശേഷം ജീവചരിത്രമെന്ന ലേബലിൽ പ്രസിദ്ധീകരിച്ച ഒരു മഞ്ഞപുസ്തകം ലൈംഗിക വൈക്രതങ്ങളും ലൈംഗിക അരാജകത്വവും വരെയുള്ള നിക്രഷ്ടമാ‍യ ആരോപണങ്ങൾ ഉന്നയിച്ചു. സ്റ്റാലിനെക്കുറിച്ചാകട്ടെ, ക‌മ്യൂണിസ്‌റ്റ് വിരുദ്ധർ ചൊരിഞ്ഞ അപവാദങ്ങൾ കണക്കറ്റതാണ്. അദ്ദേഹത്തിന്റെ തെറ്റുകളെ പർവതീകരിച്ചും അവയോടൊപ്പം ഇല്ലാക്കഥകളും നുണകളും കൂട്ടിച്ചേർത്തും സ്വഭാവഹത്യ നടത്താനും ചരിത്രത്തിന്റെ പ്രതിക്കൂട്ടിൽ ഹിറ്റ്ലർക്കൊപ്പം പ്രതിഷ്‌ഠിക്കാനുമാണ് ശത്രുകൾ എന്നും ശ്രമിച്ചിട്ടുള്ളത്. സോവിയന്റെ യുണീയന്റെയും കിഴക്കൻ യൂറോപിലെ സോഷ്യലിസത്തിന്റെയും തകർച്ചയ്ക്കുശേഷം സ്വഭാവഹത്യാശ്രമങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. സോഷ്യലിസ്റ്റ് ജർമനിയിലെ പ്രസിഡന്റായിരുന്ന ഏറിക് ഹോണേക്കുറിച്ച് ബുർഷ്വാ മാധ്യമങ്ങൾ സിനിമാക്കഥകളേക്കാൾ അതിശയോക്തിപരമായ വാർത്താകളായിരുന്ന പ്രചരിപ്പിച്ചത്. ഹോണേക്കർ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തി ശതകോടികളുടെ സമ്പത്ത് ആർജിച്ചെന്നായിരുന്നു കഥകൾ. എന്നാൽ, ആ മനുഷ്യൻ പിന്നിട് ക്യാൻസർ ബാധിതനായി അങ്ങേയറ്റം ദരിദ്രവും ദയനീയവുമായ സാഹചര്യങ്ങളിൽ മരിച്ചത് വാർത്തയേ ആയില്ല. പഴയ കോടീശ്വരന്റെ വിഭ്രമിക്കുന്ന കഥകളെല്ലാം മാധ്യമങ്ങൾതന്നെ നിശബ്ദമായി വിഴുങ്ങി. കേരളത്തിൽ സ്: അഴീക്കോടൻ രാഘവനെ അഴിമതിക്കോടൻ” എന്നു വിളിച്ച് അധിക്ഷേപിച്ചത് മറന്നുകൂടാ. ഇ എം എസിന്റെ മകൻ ജോലിയുപേക്ഷിച്ച് പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായപ്പോൾ അത് മകൾ രാഷ്ട്രീയമാണെന്ന് അപവാദം പറഞ്ഞതും ആരും മറന്നിട്ടില്ല. നിഷ്കാമ കർമിയായ സ: ഇ എം എസിനെ കരുണാകരന്റെ മക്കൾ‌രാഷ്ട്രീയവുമായി താരത‌മ്യപ്പെടുത്തുന്ന കാർട്ടൂണുകളും കഥകളും നിർമിച്ചവരാണ് കേരളത്തിലെ ക‌മ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങൾ. എല്ലാ സ്വഭാവഹത്യാശ്രമങ്ങളുടെയും പിന്നിലുള്ളത് ക‌മ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രിയം തന്നെയാണ്. ലാവ്‌ലിന്റെ പുകമറയ്ക്കു പിന്നിൽനിന്ന് പിണറായിയെന്ന ഒരാൾക്കുനേരെ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ക‌മ്യൂണിസ്റ്റ് പാർടിയുടെ ഉന്നത നേത്രത്വത്തിനുനേരെയാകെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് ക‌മ്യൂണിസ്റ്റ് വിരുദ്ധർ. ലാവ്‌ലിൻ യുദ്ധത്തിൽ ശിഖണ്ഡിയെപ്പോലെ മുന്നിൽ നിർത്തിയ കുറ്റവാസനയുള്ള മഞ്ഞപത്രാധിപർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനവും അതേറ്റുപിടിച്ച യുഡി‌എഫ് – ബിജെപി നേതാക്കളുടെ വാമൊഴികളും ക‌മ്യൂണിസ്റ്റുകാരെ പേടിച്ച് വിഷം കഴിച്ച് മരിക്കാനൊരുങ്ങിയവരുടെ ജനിതക പാരമ്പര്യം പേറി പെറ്റുപെരുകിയ മാധ്യമമാർജാരന്മാരുടെ മോങ്ങലുകളും ഇന്ത്യയിലെ ഉന്നത ക‌മ്യൂണിസ്റ്റ് നേത്രത്വത്തെയാകെ അവഹേളിക്കുന്നവയാണ്. ബ്രിട്ടീഷുകാർ മുതൽ ഖലിസ്ഥാൻ തീവ്രവാദികൾ വരെയുള്ളവരുടെ വെടിയുണ്ടകളെ അതിജീവിച്ച, ഏഴു പതിറ്റാണ്ടിന്റെ ധന്യമായ വിപ്ലവജീവിതത്തിന്റെ ഉടമയായ സുർജിത്തിനെയും ദേശീയ രാഷ്ട്രിയത്തിലെ തെളിമായർന്ന വ്യക്തിത്വത്തിനുടമയായ പ്രകാശ് കാരാട്ടിനെയും ആക്രമിക്കുമ്പോൾ ലക്ഷ്യം പാർടിയാകെയാണ് എന്ന് വ്യക്തമാകുന്നു. അന്തരിച്ച സ: ഇ ബാലാനന്ദൻ തനിക്ക് രേഖകൾ ചോർത്തിതന്നെന്ന മഞ്ഞപത്രത്തിന്റെ പത്രാധിപലക്ഷണന്റെ അവകാശവാദം ഉന്നതനായ ആ തൊഴിലാളിവർഗ നേതാവിന്റെ സ്വഭാവദാർഢ്യത്തെത്തന്നെ അവഹേളിക്കലാണ്. മൻ‌മോഹൻസിങ് സർക്കാരിന്റെ ജീവൻ രക്ഷിച്ചതിലൂടെ കോഗ്രസിന്റെ ആപൽബാനഡവനായി മാറിയ അമർസിങ്ങാണ് ലാവ്‌ലിൻ കേസിൽ സിബി‌ഐ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയെന്ന് പറഞ്ഞത്. തരിമ്പും വിശ്വാസ്യതയില്ലാത്ത യുവമോര്ച്ചാ നേതാവിന്റെ വിടുവായത്തംവരെ നിറഞ്ഞ സ്ക്രീനിൽ പ്രദർശിപ്പിക്കാറുള്ള നമ്മുടെ ചാനലുകളൊന്നും അമർസിങ് പറഞ്ഞത് കേട്ടതായി ഭാവിച്ചില്ല. ആണവകരാർ പ്രശ്നത്തിൽ ഇടതുപക്ഷത്തെയും സിപിഐ എം നേതാക്കളെയും കടന്നാക്രമിച്ചപ്പോൾ ഇതേ അമർസിങ്ങ് മാധ്യമങ്ങളിലെ താരമായിരുന്നു എന്നോർക്കണം. ലവ്‌ലിൻ വിഷയത്തിലും അമർസിങ്ങ് സിപിഐ എമ്മിന് എതിരായാണ് പറഞ്ഞിരുന്നതെങ്കിൽ മാധ്യമചർച്ചകളും വിശകലനങ്ങളും ഹനുമാന്റെ വാലുപോലെ അന്തമില്ലാതെ നീണ്ടുപോകുമായിരുന്നു. ഇന്ന് കോഗ്രസ് – ബിജെപി ഇതര മൂന്നാംചേരിയെന്ന ഇടതുപക്ഷനിലപാടിനൊപ്പം കൂടുതൽ മതേതര പാർടികൾ അണിനിരക്കുകയുമാണ്. ഈ സാഹചര്യത്തിൽ, ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാക്കുന്നതിനെ സാമ്രജ്യത്വവും ഇന്ത്യയിലെ ഭരണവർഗങ്ങളും ഭയപ്പെടുന്നു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ തീവ്ര വലതുപക്ഷം മുതൽ തീവ്ര ഇടതുപക്ഷംവരെ, സാമ്രാജ്യത്വത്തിന്റെ കാർമികത്വത്തിൽ അണിനിരക്കുന്ന വിശാല ക‌മ്യൂണിസ്റ്റ് വിരുദ്ധമുന്നണി ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. നന്ദിഗ്രാമും സിംഗൂരും ബുദ്ധദേവിനെതിരായ വധശ്രമവുമെല്ലാം ബംഗാളിലെ ഇടതുപക്ഷത്തെ തകർക്കാനാണ്. ബംഗാളിലെ ബുദ്ധദേവിനെ ശാരീരികമായി വകവരുത്താൻ ശ്രമിച്ചവരുടെയും കേരളത്തിൽ പിണറായിയെ സ്വഭാവഹത്യ നടത്തുന്നവരുടെയും ലക്ഷ്യം ഒന്നുതന്നെ. രണ്ടിടത്തും പ്രസ്ഥാനത്തിന്റെ ആത്മവീര്യം ചോർത്തുക. ഒറീസയിലെ ന്യൂനപക്ഷവേട്ട, ഇസ്രയേലുമായുള്ള ചങ്ങാതം, അമേരിക്കൻ വിധേയത്വം എന്നിങ്ങനേയുള്ള നിരവധി രാഷ്ട്രീയപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടാൽ യുഡി‌എഫിന് നിൽക്കക്കള്ളിയില്ലാതാകും. അതൊഴിവാക്കാനാണ് ലാവ്‌ലിൻ മന്ത്രം അഖണ്ഡ നാമയജ്ഞം‌പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. സദാചാരവും ധാർമികതയും ക‌മ്യൂണിസ്റ്റ് രാഷ്ട്രിയത്തിന്റെയും ജീവിതചര്യയുടെയും ജീവവായുവാണ്. വർഗശത്രുകളുടെ സഹായത്തോടെ സംരക്ഷിക്കേണ്ടതോ വലതുപക്ഷമാധ്യമങ്ങളുടെ സാരോപദേശങ്ങളിൽനിന്ന് ഉൾക്കൊള്ളേണ്ടതോ അല്ല വിപ്ലവകാരിയുടെ സദാചാരം. അത് വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണാനുഭവങ്ങളിലൂടെ അനിവാര്യമായും സ്വാഭാവികമായും സ്വായത്തമാക്കുന്നതാണ്.