മണൽക്കാട്ടിൽ വീശിയടിക്കുന്ന ചൂടുകാറ്റ്. ആ കാറ്റ് പലപ്പോഴും മണൽക്കാറ്റായി മാറാറുണ്ട്. ഇങ്ങനെയുള്ള ഒരു കൊടും പകൽ എരിഞ്ഞടങ്ങുന്ന വേളയിലാണ് ഷാർജയിലെ ലേബർ ക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേത്രത്വത്തിലുള്ള സംഘം എത്തിയത്. ഉറ്റവരെയും ഉടയവരെയും വിട്ട് ഗൾഫ് നാട്ടിൽ കഷ്ടനഷ്ടങ്ങൾ പങ്കിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലാളികളെ അവരുടെകേന്ദ്രങ്ങളിലെത്തി പിണറായിയും പാർടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവനും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ടി കെ ഹംസയും കണ്ടു. മല്ലപ്പള്ളി സ്വദേശിയായ ഒരു തൊഴിലാളി പിണറായിയുടെ കരംഗ്രഹിച്ച് മുത്തം നൽകിയാണ് തന്റെ സ്നേഹവായ്പ് പങ്കുവെച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ സ്വന്തം ജീവിതം ജീവിതം ബലിയർപ്പിച്ച് നാട്ടിലെ ഉറ്റവർക്ക് അന്നവും വസ്ത്രവും പാർപ്പിടവും സമ്പാദിച്ച് നൽകുന്ന ത്യാഗശീലരുടെ ജീവിതത്തിന്റെ അകവും പുറവുമാണ് സംഘത്തിന് ഗൾഫ് യാത്രയിൽ കാണാനായത്.
ബംഗാളികളും ബിഹാറികളും ഉൾപ്പെടെയുള്ളവർ സിപിഐ എം നേതാവിനെ സ്നേഹത്തോടെ സ്വീകരിച്ചു. അവരുടെ ഊണുമേശക്കരികിലും നേതാകൾ എത്തി. മരിഭൂമിയിലെത്തി മെഴുകുതിരിപോലെ എരിഞ്ഞമരുന്ന തൊഴിലെടുക്കുന്നവരുടെ ദുഖവും സന്തോഷവും സ്നേഹവുമേല്ലാം പിണറായിയുടെ നേത്രത്വത്തിൽ ഗൾഫിൽ പര്യടനം നടത്തിയ സംഘം മനസ്സിലാക്കി. എന്നിട്ടാണ് മലയാളമനോരമ “ഒരു കുടം താറും ഒരു കുറ്റിചൂലുമായി” :പിണറായിയുടെ നവകേരള ഗൾഫ് യാത്ര” യെന്ന വിഷലിപ്ത തലക്കെട്ടുമായി അപവാദം പ്രചരിപ്പിച്ചത്. ലേബർ ക്യാമ്പുകൾ സന്ദർശിച്ചില്ല, അനുഭാവികളിൽ അമർഷം എന്നെല്ലാമുള്ള പതിവുകല്ലുവച്ച നുണ പരത്തുന്നത്.
കുവൈത്തിലെ മലായാളികളുടെ പൊതുസംഘടനയായ ‘കല’ ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പിണറായി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു യുവതി നിറകണ്ണുകളുമായി സഖാവിന് മുന്നിലെത്തി. ‘എന്നെ സഹായിക്കണം, നേഴ്സായി കുവൈത്തിയുടെ ക്ലിനിക്കിൽ ജോലിചെയ്യുന്ന എനിക്ക് അപകടമുണ്ടായി പൊള്ളലും പരിക്കുമേറ്റു. കൈ ഉയർത്താൻ വയ്യ. നാട്ടിൽ തിരിച്ചുപോകണം. സ്പോൺസർ അനുവദിക്കുന്നില്ല. സഖാവ് ഇടപെടണം.’ ചങ്ങനാശേരി സ്വദേശി ലിജിമോൾ കരഞ്ഞുകൊണ്ട് സഖാവിനോട് പറഞ്ഞു. ഭർത്താവ് ജിനീഷും അവർക്കൊപ്പമിണ്ടായിരുന്നു. ഡോ. തലാൽ സുലൈമാൻ അലിയുടെ ക്ലിനിക്കിലെ നേഴ്സായി മൂന്നുവർഷമായി ജോലിചെയ്യുന്ന ഇവർ പൊള്ളലേറ്റ് ചികിത്സ കഴിഞ്ഞശേഷം ക്ലിനിക്കിലെത്തിയപ്പോൾ ജോലിചെയ്യാനാവാത്ത് ശാരീരിക അവശതകൾ നേരിട്ടു. ഇതേത്തുടർന്ന് അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി നിഷേധിക്കുക മാത്രമല്ല ലിജിമോൾക്കെതിരെ പൊലീസിലും കോടതിയിലും കള്ളക്കേസ് കൊടുക്കുകയും ചെയ്തു. ഇതു കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ദുരവസ്ഥയിലായി. ഈ പ്രശ്നത്തിന്റെ കാര്യങ്ങൾ മനസിലാക്കി റിപ്പോർട്ട് നൽക്കാൻ കലയുടെ നേതാക്കളോട് പിണറായി നിർദേഷിച്ചു. അടുത്ത ദിവസം തന്നെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി അജയ് മൽഹോത്രയെ കണ്ടപ്പോൾ ലിജിമോൾക്കു നീതികിട്ടാൻ ഇടപെടണമെന്ന് പിണറായി അഭ്യർഥിച്ചു. പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ പ്രവാസികളുടെ കണ്ണീരപ്പൊനുള്ള യാത്രകൂടിയായിരുന്നു പിണറായിയുടെ പര്യടനം. സന്ദർശിച്ച രാജ്യങ്ങളിലെല്ലാം സ്ഥാനപതിമാരെയോ ഉന്നത ഉദ്യോഗസ്ഥരെയോ പിണറായി കണ്ടിരുന്നു. എന്നിട്ടാണ് ‘പണച്ചാക്കുകളുടെ പിൻബലത്തിലെ യാത്ര’യെന്നും ‘സമ്പന്നന്മാരുമായുള്ള സമ്പർക്കയാത്ര’ യെന്നുമുള്ള സത്യവിരുദ്ധമായ വിശേഷണവും കൊച്ചുവർത്തമാനവുമായി മനോരമ സി പി ഐ എമ്മിനെതിരായ പരമ്പര നിരത്തിയത്.
ചടയൻ ഗോവിന്ദൻ സെക്രടറിയാകും വരെയുള്ള കമ്മ്യൂണിസ്റ്റ് ശൈലി പിണറായി സെക്രടറിയായതോടെ കൈമോശം വന്നെന്ന കണ്ടുപിടിത്തമാണ് മനോരമ നടത്തിയത്. സ്വദേശത്തും വിദേശത്തുമുള്ള സി പി ഐ എമ്മിനെ സ്നേഹിക്കുന്നവരിൽനിന്ന് പാർടി നടത്തുന്ന പ്രഖ്യാപിത ഫണ്ടു കലക്ഷനുമായി ബന്ധപ്പെടുത്തിയാണ് ഈ അബദ്ധപഞ്ചാംഗം എഴുന്നള്ളിച്ചത്. ദേശാഭിമാനി പത്രത്തിന്റെ നിലനിൽപ്പിനും പാർടിയുടെ വളർച്ചയ്ക്കും വേണ്ടി എ കെ ജി സിലോണിലും സിംഗപ്പൂരിലും മലേഷ്യയിലും പര്യടനം നടത്തിയിരുന്നു. ആ അനുഭവം ആവേശപൂർവം എ കെ ജി വിവരിച്ചിട്ടുമുണ്ട്. ഹർകിഷൻസിങ് സുർജിത് ഉൾപ്പെടെയുള്ള നേതാക്കളെല്ലാം സ്വദേശത്തും വിദേശത്തും പാർടിക്കുവേണ്ടി അഭ്യുദയകാംക്ഷികളെ സംഭവനയ്ക്കായി കണ്ടിട്ടുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഫണ്ട് കലക്ഷ്നിലൂടെ പിണറായിവിജയൻ പുതിയൊരു ശൈലി കൊണ്ടുവന്നിരിക്കുന്നെന്ന മനോരമയുടെ വികലമായ വിലയിരുത്തൽ.
ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്ന ഗൾഫ് രാജ്യമായ സൌദ്യ അറേബ്യയിൽ പിണറായി എത്തുന്നത് ആദ്യമാണ്. സ്വന്തം നാടിന്റെ നേതാവ് തങ്ങളുടെ അടുത്തേക്ക് എത്തിയപ്പോൾ മറ്റൊരു നേതാവിനും ഇതുവരെ നൽകാത്തത്ര വികാരവായ്പോടെയുള്ള വരവേൽപ്പാണ് സൌദ്യയിലെ പ്രവാസി മലയാളികൾ നൽകിയത്. ജിദ്ദയിലെ സ്വീകരണസമ്മേളനം ചരിത്രമായി. ആയിരങ്ങളാണ് പങ്കെടുത്തത്. അറബികൾ ഉൾപ്പെടെയുള്ള മറുനാട്ടുകാരുടെ നല്ലൊരു പങ്കിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. സൌദ്യ ഭരണകൂടത്തിലെ പ്രമുഖരടക്കം പങ്കെടുത്ത യോഗത്തിൽ അവരുടെ ആവശ്യപ്രകാരം പിണറായിയുടെ പ്രസംഗം അറബ് ഭാഷയിൽ വിവർത്തനം ചെയ്യുകയും ചെയ്തു. റിയാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സ്നേഹനിർഭരമായ വരവേൽപ്പായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ഒത്തുകൂടലുകളും ഉണ്ടായിരുന്നു. അവിടങ്ങളിലും സഖാവിന് മരുഭൂമിക്ക് നടുവിലെ ലേബർ ക്യാബിന് സമീപമുള്ള സ്ഥലത്തെ ഒത്തുകൂടലിനും സമയം മാറ്റി. ‘ഞാൻ സൌദ്യ അറേബ്യയിൽ ഒരു പാടു തവണ വന്നിട്ടുണ്ട്. പോയിട്ടുണ്ട്. എന്റെ മകളും കുടുംബവും ഇവിടെയാണ്. പക്ഷേ, ഇന്നുവരെ ഒരു രാഷ്ട്രിയപാർടി നേതാവിനും പിണറായിക്ക് നൽകിയതുപോലൊരു സ്നേഹവരവേൽപ്പ് സൌദ്യ നൽകിയിട്ടില്ല.’
മലയാളികളുടെ ഹ്രദയത്തിൽ ജീവിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാർക്ക് കണ്ണൂരിൽ ഉചിതമായൊരു സ്മാരകം ഉയരുമ്പോൾ അതുമായി സഹകരികണമെന്ന് നേതാകൾ അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പുറപ്പെടുമ്മുമ്പുള്ള പത്രവാർത്തയിൽ തന്നെ കണ്ണൂരിൽ ഉയരുന്ന നായനാർ സ്മാരകത്തിന്റെ പ്രചാരണപ്രവർത്തനവും യാത്രാ ഉദ്ദേശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥകളും ഫണ്ട് ശേഖരണവും തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് പ്രവാസി മലയാളികളുടെ സംഘടനയും നേതാക്കളും പ്രവർത്തിച്ചിട്ടുള്ളത്. നായനാർ സ്മാരകം നല്ലനിലയിൽ ഉയരുന്നതിന് നായനാരെയും നായനാരുടെ പ്രസ്ഥാനത്തെയും സ്നേഹിക്കുന്നവർ കലവറയില്ലാത്ത സഹകരണത്തിന് മുന്നോടുവരികയും വാഗ്ദാനം നൽക്കുകയും ചെയ്തു. നായനാരുടെ പേരിൽ നല്ലൊരു സ്മാരകം സഖാവിന്റെ നാട്ടിൽ ഉയരുന്നത് മനോരമയുടെ കമ്യൂണിസ്റ്റ് വിരുദ്ധ വിഷമനസ്സിന് സഹിക്കുന്നില്ല. അതുകൊണ്ടാണ് നായനാർ സ്മാരകത്തിനുവേണ്ടി നേതാകൾ നടത്തിയ സൽപ്രവർത്തിയെ കരിതേച്ചു കാട്ടാൻ നെറികെട്ട പരമാർശങ്ങൾ കുത്തിനിറച്ച് മനോരമ പരമ്പരയാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ പ്രതിബദ്ധതയുള്ള ജനങ്ങളെയാകെ ബൻഡ്പ്പെട്ടുകൊണ്ടുള്ള പര്യടനമാണ് പിണറായിയും സംഘവും നടത്തിയത്. എന്നിട്ടാണ് പാർടിയുമായി ബൻഡ്പ്പെട്ട പോലീസ് ഉദ്യേഗസ്ഥനെ പൈലറ്റായി ഇറക്കിയെന്ന നെറിക്കെട്ട ആക്ഷേപം ഇതേ പത്രം ഉദ്ധരിച്ചത്. ഈ ‘പൈലറ്റുമാ’യി ഗൾഫ് യാത്രക്കിടയിൽ ടെലിഫോണിലോ അല്ലാതയോ ഒരു തവണ പോലും പിണറായി സംസാരിച്ചിട്ടില്ല. സി പി ഐ എം നേതാക്കൾക്ക് ഏതെങ്കിലും നാട്ടിൽ പര്യടനം നടത്താൻ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം വേണമെന്ന് എഴുതുന്നവരുടെ ചർമബലം കാണ്ടാമ്രഗത്തെ തോൽപ്പിക്കും. ‘ഗൾഫ് പര്യടനത്തിനിടയിൽ പത്രക്കാരെ പാർടി സെക്രടറി അകറ്റിനിർത്തി’ യെന്ന് എഴുതിയ മനോരമയുടെ ഗൾഫ് പതിപ്പിൽപോലും പിണാറായി സന്ദർശിച്ച എല്ലാ രാജ്യങ്ങളിലെയും പൊതുപാരിപാടികളുടെ റിപ്പോർട്ട് വന്നിട്ടുണ്ട്.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൈമെയ് മറന്ന് പോരാടാൻ ‘ഇനി സിപിഐ എമ്മിന് പരസഹായം വേണ്ടിവരില്ലെന്നാണ് ഉൾപാർടി വർത്തമാനം’ എന്ന പ്രയോഗം മനോരമ നടത്തിയിട്ടുണ്ട്. ഇതിനർഥം, കേരളത്തിൽ ഇനി ആരും സിപിഐ എമ്മിന് സംഭാവന കൊടുക്കരുതെന്നാണ്. പിന്തിരിപ്പൻ ശക്തികളെ സഹായിക്കാൻ നുണകളുടെ അണക്കെട്ട് പൊട്ടിക്കുന്ന സ്വഭാവം മനോരമയും മറ്റു പിന്തിരിപ്പൻ ശക്തികളും ചെയ്യുന്നത് ആദ്യമായല്ല. ദേശാഭിമാനിക്കും കൈരളിക്കും പുതിയ മന്ദിരം ഉയർന്നതും വിവിധ സഹകരണസംഘങ്ങൾ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതും പിന്തിരിപ്പൻ ശക്തികൾക്ക് സഹിക്കുന്നില്ല. ഈ അസഹിഷ്ണുത ഏറ്റവും പ്രകടമായത് ഒന്നാം ഇ എം സ് മന്ത്രിസഭയുടെ കാലത്താണ്. 25ലക്ഷം രൂപ ജനങ്ങളിൽ നിന്ന് കമ്യൂണിസ്റ്റ് പാർടി ഫണ്ടിനായി പിരിച്ചെന്ന് പി രാമമൂർത്തി പറഞ്ഞപ്പോൾ അതിനെ കോഗ്രസുകാരും അവരുടെ മാധ്യമങ്ങളും അപഹസിച്ചു. 25ലക്ഷമല്ല ഒരു കോടി രൂപയാണ് പിരിച്ചതെന്നും അതിൽ 75ലക്ഷം രൂപ നേതാക്കൾ അടിച്ചുമാറ്റിയെന്നും അതുകൊണ്ടാണ് പാർടി ഫണ്ടിൽ 25ലക്ഷം രൂപയായി കുറഞ്ഞുപോയതെന്നും പ്രചരിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് ആന്ഡ്ര അരി ഇടപാടിലൂടെ ഭക്ഷ്യമന്ത്രി കെ എസ് ജോർജ് അഴിമതി നടത്തി പാർടിക്ക് വൻതുകയുണ്ടാക്കിയെന്ന ആക്ഷേപവും ഉയർത്തിയത്. ഇ എം സും എ കെ ജിയുമെല്ലാം ജീവിച്ചിരുന്ന കാലം മുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഉയർത്തിയ കമ്യൂണിസ്റ്റ് വിരുദ്ധ ആക്ഷേപങ്ങളുടെ തുടർച്ചയാണ് മനോരമാദി പിന്തിരിപ്പൻ മാധ്യമങ്ങളുടെ ഇന്നത്തെ നുണപ്രചാരണം.
എ കെ ജി സ്മണയ്ക്കായി തിരുവനന്തപുരത്ത് സ്മാരകമന്ദിരം നിർമിക്കുമ്പോൾ മനോരമാദി പത്രങ്ങൾ ടൺ കണക്കിന് ന്യൂസ് പ്രിന്റു മഷിയുമാണ് സി പി ഐ എമ്മിനെതിരെ ഉപയോഗിച്ചത്. ഇ എം എസ് അധ്യക്ഷനും ഇ കെ നായനാർ സെക്രടറിയുമായ എ കെ ജി സ്മാരക കമ്മിറ്റിയാണ് അന്ന് പ്രവർത്തിച്ചിരുന്നത്. പിന്നീട് ട്രസ്റ്റും രൂപീകരിച്ചു. സർക്കാരിനെയും സർവലാശാലയെയും ജനങ്ങളെയും പറ്റിച്ചെന്ന് പിന്തിരിപ്പൻ പത്രങ്ങൾ അന്ന് എഴുതിക്കൂട്ടിയപ്പോൾ നിറംപിടിപ്പിച്ച കള്ളക്കഥകൾ ഓരോ ദിവസവും ചമച്ച് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ നോക്കേണ്ടെന്ന് ഓർമപ്പെടുത്തി ഇ എം എസ് ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. എ കെ ജി സ്മാരകമന്ദിരം ഉയർത്താനുള്ള അഭ്യർഥന ട്രസ്റ്റിയായിരുന്ന നായനാരുടേതായിരുന്നു. അന്ന് എ കെ ജി സ്മാരകം ഉയരുന്നതിനെതിരെ അപവാദം പ്രചരിപ്പിച്ച പിന്തിരിപ്പൻ ശക്തികൾ ഇപ്പൊൾ നായനാർ സ്മാരകം നിർമ്മിക്കുന്നതിനെതിരെ ചന്ദ്രഹാസം ഇളക്കുകയാണ്. ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാധ്യമക്കളി പ്രബുദ്ധകേരളം തിരിച്ചറിയും.
കടപ്പാട് : ദേശാഭിമാനി