ജീവിതമെന്നത് പുത്തൻകാഴ്ചകളാണെന്നും തുറന്നിട്ട പ്രദർശനമാണെന്നും പഠിപ്പിക്കുന്ന പുതിയ വിശാലചിന്തയ്ക്കുള്ള കരിയാത്ത മുറിവിന്റെ അടയാളം.
ക്ലാസ്മുറികളെ മരണശയ്യയാക്കുക. പാഞ്ഞുവരുന്ന മരണവേഗതയ്ക്കു മുന്നിലേക്ക് പുസ്തകക്കെട്ടുമായി നടന്നടുക്കുക. എല്ലാം കൂട്ടത്തോടെ. ദാലിയൻ ചിത്രത്തെ ഓർമിപ്പിക്കുന വിഭ്രമാത്മകമായ മരണദർശനങ്ങളിലേയ്ക്ക് നമ്മുടെ കൌമാരത്തെ കൂട്ടിക്കൊണ്ടുപോയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെയും ക്ലാസ്മുറികളിലും പുസ്തകസഞ്ചിയിലും മരണം കൂടുകെട്ടാൻ തുടങ്ങിയത്തിന്റെ കാരണം അന്വേഷിക്കാതെയുമുള്ള മുന്നോടുപോക്ക് മഹാപാതകമാകും.
കൊതിയോടെ ജീവിതത്തെ പ്രണയിക്കാൻ തുടങ്ങേണ്ട കാലത്ത് അതിനേക്കാളേറെ വാശിയോടെ മരണത്തെ വാരിപ്പുണരുന്ന കൌമാരങ്ങളെ സ്രഷ്ടിച്ചെടുത്തതിന്റെ ഉത്തരവാദിത്വം ആരേൽക്കും? അപക്വപ്രണയങ്ങളുടെയും അടിപതറലിന്റെയും കഥകളായി കുരുന്നുമരണങ്ങളെ കൂട്ടിവായിക്കാനാണ് നമുക്ക് താല്പര്യം. കൌമാരത്തിനു പ്രണയം പുതിയതല്ല. എന്നാൽ നമ്മുടെ കുട്ടികളുടെ പ്രണയസങ്കൽപ്പത്തെ വികലമാക്കിയതാരാണ്. ജീവിതം രസിക്കലാണെന്നും ശരീരം ആകർഷിക്കാനുള്ള ഒരുപകരണമാണെന്നും പെൺകുട്ടിയ്ക്കും, പെണ്ണ് ശരീരമാണെന്നും പ്രണയസ്വകാര്യതകൾ പോലും ഒരു മൊബൈൽകാമറയിലൂടെ നാടുമുഴുവൻ പങ്കുവയ്ക്കാനുള്ളതാണെന്നും ആൺകുട്ടിക്കും ഓതിക്കൊടുത്തതാരാണ്? നിത്യവും കണ്മുന്നിലിരുക്കുന്ന കുഞ്ഞുങ്ങളുടെ മാറ്റങ്ങളെ കണ്ടറിയാൻ കഴിയാത്തവരായി അധ്യാപകർ മാറിയതും മക്കളുടെ മനോവിചാരങ്ങളുടെ ഗതിവേഗമറിയാത്ത മാതാപിതാകൾ ഉണ്ടായതും ഏതു കാലത്തിന്റെ സ്രഷ്ടിയാണ്? ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ തിരു.
ഇങ്ങിനെയായിരുന്നില്ല നമ്മുടെ ചുറ്റുപാടുകൾ। മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ കുഞ്ഞുങ്ങളെയും മാറ്റിയെടുക്കാനുള്ള് തത്രപ്പാടായിരുന്നല്ലോ. പക്ഷെ നമ്മുടെ പൊങ്ങച്ചത്തിനു മീതെ കൂടുകൂട്ടാൻ കത്തിരുന്ന കഴുകന്മാരെ കാണാനാവാതെ പോയതാണ് ദുരന്തങ്ങൾക്ക് പാതയായത്.
പുതിയ കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും കുട്ടികൾ കുട്ടിത്തം കൈവിടുന്നതും പുസ്തകതാളിൽ മയിൽപീലി ഒളിപ്പിച്ചിരുന്ന അഞ്ചാം ക്ലാസുകാർ അതിരുവിട്ട പ്രണയക്കുറിപ്പുകൾ സൂക്ഷിച്ചതും കണേണറുകൊണ്ടും കൈമാടിക്കൊണ്ടും പ്രണയം പകർന്ന കൌമാരം രണ്ടാംകാഴ്ചയിൽതന്നെ ശരീരം പകരാൻ തുടങ്ങിയതും നാമറിഞ്ഞില്ല। പത്താംക്ലാസ് പൂർത്തിയാക്കിയ മകൻ പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ നാം സന്തോഷിച്ചു. പുത്തൻ ബാങ്കുകാരന്റെ പണപ്പിരിവിനുള്ള ഗുണ്ടയായും അയൽപക്കത്തെ കളിക്കൂട്ടുകാരിയുടെ ചിത്രവും ശരീരവും വിറ്റുമാണ് അവൻ പണമുണ്ടാകൂന്നതെന്ന് നാമറിയാതെപോയി. വർണാഭമായ അലങ്കാരങ്ങൾ ആടിത്തിമിർക്കുന്ന പ്രണയങ്ങൾ, ചോക്ലേറ്റ് പോലെ മധുരതരവും ലോലവുമായ ക്യാമ്പസുകൾ-സ്വീകരണമുറിയിലും സിനിമാകൊട്ടകയിലും കാഴ്ച്കളിൽ ലയിച്ചിരിക്കുമ്പോൾ തൊട്ടരികിലിരിക്കുന്ന കുട്ടികൾ നായികയും നായകനുമായി സങ്കൽപകൊട്ടരങ്ങളിൽ ചേക്കേറുന്നതും മനോരോഗികളാവുന്നതും നാമറിഞ്ഞില്ല. I.T.പാർക്കിൽ നിന്നിറങ്ങി മദ്യശാലയിൽ ക്ഷീണം മാറ്റുന്ന മലയാളിക്കുഞ്ഞുങ്ങളുമുണ്ടെന്നും രാത്രികളിൽ ഇവർക്ക് ഉറഞ്ഞാടാൻ നമ്മുടെ നഗരങ്ങളിലും താവളങ്ങളൊരുങ്ങുന്നുണ്ടെന്നും നാം സമ്മതിക്കില്ല്ല. അല്ലെങ്കിൽ ഇതിനെയൊക്കെ ജനറേഷൻ ഗ്യാപ് എന്ന ഓമനപ്പേരിട്ടു വിളിച്ചു നാം നിലവാരമുള്ളവരായി.
കച്ചവടക്കാർ മെനഞ്ഞ തന്ത്രങ്ങളോന്നും തിരിച്ചറിയാതിരുന്നതാണ് ദുരന്തം. അവർ ആശയം കൊണ്ട് അധീശത്വം നേടി. നമ്മുടേതെല്ലാം ചീത്തയാണെന്നും പഴഞ്ചനാണെന്നുമുള്ള പാഠങ്ങൾ അവർ നമ്മെ പഠിപ്പിച്ചു. ഭാഷ, സാംസകാരം, ജീവിതം, വസ്ത്രം, ഭക്ഷണം…….എല്ലാം മാറ്റാൻ കുഞ്ഞുങ്ങളേക്കാൾ തിരക്കു കൂട്ടിയ മുതിർന്നവരുണ്ട്. എല്ലാ കച്ചവടങ്ങളും നല്ലതെന്ന് പറയുന്നേടത്തേയ്ക്ക് നമ്മുടെ മനസ്സിനെ പരുവപ്പെടുത്തിയാണ് അവർ കച്ചവടം തുടങ്ങിയത്. ലാഭവും നേട്ടവും മാത്രമായി ജീവിതം.
മരണത്തിലേയ്ക്ക് നടന്നുകയരുയവരുടെയും പീഡനങ്ങളിൽ ജന്മം തകർന്നവരുടെയും കൂട്ടത്തിൽ മഹാഭൂരിപക്ഷവും മധ്യവർഗത്തിലോ അതിനുതാഴെയോ ഉള്ളവരാണ്. കാലത്തിന്റെ എല്ലാ ദുരിതങ്ങളോടിമൊപ്പം ഇതിനും ഇവർ ഇരകളാകുന്നു. ഈ കുട്ടികൾ കാണുന്നതും അറിയുന്നതും മുകളിലുള്ളവരുടെ ജീവിതമാണ്. അതിനൊപ്പം ഓടിയെത്താനുള്ള കൊതിയിൽ പലതും അവർ മറന്നുപോകുന്നു. കൊച്ചുകൊച്ചുപ്രലോഭനങ്ങൾ കൊണ്ട് അവരെ താളത്തിനു തുള്ളിക്കാനാവുമെന്ന് കണ്ടെത്തിയ ചിലരുണ്ട്. നാമറിഞ്ഞില്ലെങ്കിലും നമ്മുടെ കുട്ടികളുടെ മനസ്സ് അവർ പഠിച്ചെടുത്തു.
കുരുന്നുരക്തം ചിതറിയ പുസ്തകകെട്ടുകൾ ഇനിയും നാം കണികാണും.ജീവിതവും സംസ്കാരവും കൈവിട്ടുപോകുമ്പോഴും കുരുന്നുകൾ ഭ്രാന്തമായി മരണത്തിലേയ്ക്ക് നടക്കുമ്പോഴും കാഴ്ചകളിൽ നിന്ന് നമ്മുക്ക് തെന്നിമാറാം. സമ്രദ്ധമായ ആട്ടവും പാട്ടും നമ്മെ രസിപ്പികാനുണ്ട്. പക്ഷെ എത്ര നാൾ? നമ്മുടെ വൈകുന്നേരങ്ങളിലും നാം കാത്തിരിക്കുന്ന ഒരു കുഞ്ഞുണ്ട്. അവൻ/അവൾ ഒരു ദിനം മടങ്ങിയെത്താതിരുന്നാൽ?