Monday, September 8, 2008
ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ല
ഏഷ്യാനെറ്റ്, സ്‌റ്റാര്‍ഗ്രൂപ്പിനു വിറ്റെന്ന വാര്‍ത്ത, ഒടുവിലിതാ, ചാനല്‍തന്നെ സ്ഥിരീകരിച്ചു. മൂന്നുമാസമായി കേരളത്തിലെ ഏറ്റവും വലിയ കിംവദന്തിയായിരുന്നു ഏഷ്യാനെറ്റ് വില്‍പ്പന. എന്നിട്ടും, ഇതുവരെ, സത്യം അടിക്കീശയില്‍വയ്ക്കുകയായിരുന്നു ഏഷ്യാനെറ്റ് മുതലാളിമാര്‍. ഒടുവിലിതാ, നേരു പുറത്ത്. ഇനിയുള്ളത് സ്‌റ്റാര്‍ഇന്ത്യയുടെ ഏഷ്യാനെറ്റ്. അവരുടെ പണംപറ്റിയവരുടെ ഏഷ്യാനെറ്റ്.''ചാനല്‍ വിറ്റോ?'' എന്ന ചോദ്യത്തിന് "വാര്‍ത്ത വിറ്റില്ല'' എന്നാണ് ഏഷ്യാനെറ്റിന്റെ ഉത്തരം. വാര്‍ത്തയൊഴികെയുള്ള ചാനല്‍ പരദേശിക്കു വില്‍ക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും വാര്‍ത്തയിലൂടെ മാത്രമാണ് ആശയാധിനിവേശം നടക്കുകയെന്നുമാണ് ഇതു കേട്ടാല്‍തോന്നുക. അങ്ങനെ, മുതലാളിമാരുടെ വിവരക്കേടിന്റെ വിളംബരംകൂടിയായി ഏഷ്യാനെറ്റിന്റെ വിശദീകരണം.സ്‌റ്റാര്‍ഇന്ത്യ ആഗോളമാധ്യമപ്രഭു റൂപ്പേര്‍ട്ട് മര്‍ഡോക്കിന്റെ വകയാണ്. "അതുകൊണ്ടെന്ത്?'' എന്ന് നാട്ടില്‍ പ്രമാണിമാര്‍ ചാനലുകളിരുന്നു ചോദിക്കുന്നതും കേട്ടു!വാര്‍ത്തയ്ക്ക്, അഞ്ച് അളവുകോലുകള്‍ വിഖ്യാതചിന്തകന്‍ നോം ചോംസ്കി നിര്‍ണയിച്ചിട്ടുണ്ട്. അതൊക്കെ മാധ്യമത്തിനും ബാധകം. "ആരാണ് ഉടമ'' എന്നതുതന്നെ ഒന്നാമത്തേത്. മര്‍ഡോക് മുതലാളിയാവുന്നത്, ഇക്കാലത്ത് ഒരു മാധ്യമത്തിനു വരാവുന്ന കൊടുംദുരന്തം.മര്‍ഡോക് ലോകത്തെ അഞ്ചു മാധ്യമരക്ഷസ്സുകളില്‍ പ്രമുഖന്‍. ബിഗ് ഫൈവ് എന്ന അഞ്ചു മാധ്യമക്കുത്തകകളാണ് മാധ്യമലോകത്തെ അധിനിവേശശക്തികള്‍; മാധ്യമലോകം വെട്ടിപ്പിടിക്കുന്നവര്‍; ദേശീയപ്രാദേശിക മാധ്യമങ്ങളെ നക്കിക്കൊന്നും ഞെക്കിക്കൊന്നും കൊഴുക്കുന്നവര്‍. മര്‍ഡോക് അവരില്‍ ഏറ്റവും വഷളന്‍. അമേരിക്ക നാടാക്കിയ ഓസ്ട്രേലിയന്‍ സായിപ്പ്. അമേരിക്കയിലെ പണക്കാരില്‍ മുപ്പത്തിമൂന്നാമന്‍. ആസ്തി 880 കോടി ഡോളര്‍. വലതുപക്ഷക്കാരന്‍. ജനിച്ച ഓസ്ട്രേലിയമുതല്‍ ചെന്നുകൂടിയ അമേരിക്കവരെയുള്ള നാടുകളില്‍ നടത്തിയ രാഷ്ട്രീയകള്ളക്കരുനീക്കങ്ങള്‍ക്ക് കുപ്രസിദ്ധന്‍. മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ മുഖമുദ്ര കൊടികെട്ടിയ മൂരാച്ചിത്തരം. ലോകമെമ്പാടുമുള്ള 175 മര്‍ഡോക് പത്രങ്ങളും ഇറാഖ് അധിനിവേശത്തെ നിര്‍ലജ്ജം തുണച്ചത് സമീപകാല ലോകമാധ്യമചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്.ആ മര്‍ഡോക് മലയാളക്കര തീണ്ടുന്നു. മര്‍ഡോക്കിന്റെ ലക്ഷ്യം മലയാളത്തിലൊരു ചാനലല്ല. എങ്കിലെന്തിന് 500 കോടിയെങ്കിലും വിലവരുന്ന ഏഷ്യാനെറ്റ്? അതിന്റെ പകുതിക്ക് ഒരു മര്‍ഡോക് ചാനല്‍ തുടങ്ങരുതോ? ഏഷ്യാനെറ്റിന്റെ ബ്രാന്‍ഡ് മൂല്യത്തിലാണ് സായിപ്പിന്റെ കണ്ണ്.മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.ഈ വില്‍പ്പനക്കഥയിലെ വില്ലന്‍ പക്ഷേ, മര്‍ഡോക്കല്ല; ഏഷ്യനെറ്റിലെ വലിയ മുതലാളിയാണ്- ചാനല്‍ വിറ്റയാള്‍. മലയാളത്തില്‍ ഏറ്റവും ലാഭത്തില്‍ നടക്കുന്ന ഏഷ്യാനെറ്റ് വിറ്റത് പണക്കൊതികൊണ്ടുമാത്രം. ഒരു വണ്ടി ഡോളറിനും മര്‍ഡോക് ചരിതത്തില്‍ പേരിനും വേണ്ടി ഏഷ്യാനെറ്റ് വിറ്റ മുതലാളി അപമാനിച്ചത് ഈ നാടിനെയാണ്. ഒന്നരപ്പതിറ്റാണ്ട് ഏഷ്യാനെറ്റ് കണ്ട, ഏഷ്യാനെറ്റിനു വേണ്ടി കേബിള്‍ ശീലമാക്കിയ, അതിനു കാശുമുടക്കിയ, ഏഷ്യാനെറ്റിനെ തീറ്റിപ്പോറ്റിയ സാധാരണക്കാരായ മലയാളികളെയാണ്. ഏഷ്യാനെറ്റിന്റെ കാണപ്പെടാത്ത മുതലാളിമാരായ കേരളീയരെയാണ്. ഒന്നരപ്പതിറ്റാണ്ട് കേരളം ഏഷ്യാനെറ്റിനു തിരുമുല്‍ക്കാഴ്ചവച്ച വിയര്‍പ്പുചൂരുള്ള ജീവനക്കാശിനേക്കാള്‍ മര്‍ഡോക് സായിപ്പ് അളന്നു ചൊരിഞ്ഞ ചോരയും കണ്ണീരും പുരണ്ട ഡോളറുകളെ വിലമതിച്ചവര്‍ക്ക് ഈ നാട്ടില്‍ പിറക്കുന്ന ചൊറിയന്‍പുഴുവും ചൊറിത്തുമ്പയുംവരെ മാപ്പുകൊടുക്കില്ല.രണ്ടാമത്തെ തെറ്റുകാര്‍ ഏഷ്യാനെറ്റിലെ കൂട്ടുമുതലാളിമാരാണ്. വലിയമുതലാളി ചാനല്‍ സായിപ്പിനു വില്‍ക്കുമ്പോള്‍ അവര്‍ക്ക് ചെയ്യാന്‍ ചിലതുണ്ടായിരുന്നു. അവര്‍ മലയാളിമനസ്സുകളിലേക്ക് ഇറങ്ങണമായിരുന്നു. അതു ചെയ്യാനുള്ള സാമൂഹ്യബോധവും ചരിത്രജ്ഞാനവും നീതിബോധവും അവര്‍ക്കുണ്ടാകണമായിരുന്നു. കാരണം, ഇത് വക്കം മൌലവിയുടെ നാടാണ്. അതു ചെയ്യാത്ത ഏഷ്യാനെറ്റിലെ ചെറിയമുതലാളിമാര്‍ പിതൃഹത്യചെയ്യാന്‍ മാറ്റാനു കൂട്ടുനിന്ന മക്കളാണ്. മൂന്നാമത്തെ കുറ്റവാളിക്കൂട്ടം കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. ഈ പ്രശ്നത്തിലെ യൂണിയന്റെ മൌനം ദീനവും ദയനീയവുമായിരുന്നു. ഒരു തൊഴിലാളിസംഘടനയ്ക്കു വരാവുന്ന ഏറ്റവും ദാരുണമായ അധഃപതനവും പേറിനില്‍ക്കുന്ന യൂണിയന്‍നേതാക്കളെ ഭാവിചരിത്രം കുറ്റക്കാരെന്നു വിധിക്കും. അവര്‍ എറിഞ്ഞുകളഞ്ഞ രാഷ്ട്രീയം അവരെ വേട്ടയാടുന്ന കാലം വരും. സ്വന്തം തട്ടകത്ത് സാമ്രാജ്യത്വം കാല്‍വയ്ക്കുമ്പോള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് നാളെകള്‍ അവരോടു ചോദിക്കും. മിര്‍ജാഫറിന്റെ പേരെഴുതിയ താളില്‍ എന്റെയും നിങ്ങളുടെയും പേരക്കിടാങ്ങള്‍ അവരുടെ ചത്ത പേരുകള്‍ കുറിച്ചുപഠിക്കും.ആരാണ് ഈ സമൂഹത്തിലെ ഉപ്പെന്നും ഏഷ്യാനെറ്റിന്റെ ദുരന്തം തെളിയിച്ചു. മാര്‍ക്സിനേക്കാള്‍ വലിയ 'ചുവപ്പ'ന്മാരും ഗാന്ധിയേക്കാള്‍ വലിയ 'സ്വരാജ്യ'ക്കാരുമുള്ള മണ്ണാണിത്. എന്നിട്ടും ഏഷ്യാനെറ്റിനെ സായിപ്പിനു കൊടുക്കുന്നതിനെതിരെ മിണ്ടാന്‍ കേരളത്തിലെ അതുങ്ങള്‍ക്കു പേടിയായിരുന്നു. മലയാളത്തിലെ കപടരക്ഷകര്‍ക്കും പാട്ടദൈവങ്ങള്‍ക്കും സായിപ്പുകൂടിയാലും ഏഷ്യാനെറ്റ് വേണമായിരുന്നു. ഒരു ഭാഷാപദത്തിലെ സംസ്കാരത്തുറയില്‍ സാമ്രാജ്യത്വം പടക്കപ്പലിറക്കുമ്പോള്‍ 'അരുത് ' എന്നു പറയാന്‍ ആരൊക്കെയുണ്ടായിരുന്നുവെന്ന് നാളെയൊരിക്കല്‍ കേരളം കണക്കെടുക്കും.ഏഷ്യാനെറ്റ് ഒന്നാമതായി ജനങ്ങളുടേത്. ആദിയില്‍, കാശുകൊടുക്കാതെ സര്‍ക്കാരിന്റെ വിളക്കുകാലുകളില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ കാണിച്ചുവളര്‍ന്നത്. അങ്ങനെ, നാടിന്റെ സൌജന്യം പറ്റിയത്. ആ കൂറ് നാടിനോടു കാണിക്കേണ്ടത്.ഏഷ്യാനെറ്റ് രണ്ടാമതായി തൊഴിലാളികളുടേത്. ഏഷ്യാനെറ്റിന്റെ കെടുകാലത്ത് മൂന്നാംതരം പത്രത്തിലെ ശമ്പളംപറ്റി ഒന്നാംകിട പത്രത്തിലേതിനേക്കാള്‍ മൂന്നിരട്ടി പണിയെടുത്ത തൊഴിലാളികളുടേത്. കാശുകിട്ടിയാല്‍ ചാനല്‍ വില്‍ക്കാമെന്നു പറയുന്ന പണക്കാരന്‍ മുതലാളിയല്ല, പൊന്നുകിട്ടിയാലും വാര്‍ത്ത വില്‍ക്കില്ലെന്നു ശഠിച്ച ദരിദ്രതൊഴിലാളിയാണ് ഏഷ്യാനെറ്റുണ്ടാക്കിയത്. നക്ഷത്രപത്രങ്ങളില്‍നിന്നും മീഡിയാ അക്കാദമികളില്‍നിന്നും ഇറങ്ങിവന്നവരല്ല, ചെറുപത്രങ്ങളില്‍നിന്നുമുതല്‍ വീഡിയോക്കടകളില്‍നിന്നുവരെ വന്നുകൂടിയ, എഴുപതുകളുടെ ചുവന്ന പ്രബുദ്ധതയില്‍ മുതിര്‍ന്ന, ഒരുപിടി സ്വപ്നചാരികളും ആദര്‍ശകാമികളുമാണ് ഏഷ്യാനെറ്റുണ്ടാക്കിയത്.ഏപ്രിലിലെ മഴയാണ് മേയിലെ പൂക്കള്‍. മുതലാളിയുടെ കോര്‍പറേറ്റ് മാജിക്കിനല്ല മര്‍ഡോക് വിലപറഞ്ഞത്. ഏഷ്യാനെറ്റിലെ ആദ്യകാലതൊഴിലാളികളുടെ നേരിനും നെറിവിനുമാണ്. മര്‍ഡോക്കിട്ട വില ഞങ്ങള്‍, തൊഴിലാളികള്‍, പൊലീസിനെ നേരിട്ട ഗുണ്ടകളെ പേടിച്ച വാര്‍ത്താദിവസങ്ങളുടെ വില. ഞങ്ങള്‍ തുലച്ച ഉത്സവദിനങ്ങളുടെ, ത്യജിച്ച സായാഹ്നങ്ങളുടെ, തകര്‍ത്ത ബന്ധങ്ങളുടെ വില. ഞങ്ങള്‍ തൊഴില്‍ജന്യരോഗികളും ആയുസ്സറുത്തവരുമായതിന്റെ വില. ഏഷ്യാനെറ്റ് വിറ്റവരേ, നിങ്ങള്‍ ഏറ്റുവാങ്ങിയത്, ഒരു വാര്‍ത്തയില്‍പ്പോലും വാര്‍ത്തയുടെ നീതി വിറ്റുതിന്നാത്ത കെ ജയചന്ദ്രന്റെ ആത്മാവിന്റെ വില. വാര്‍ത്തയുടെ വേഗത്തിന് ജീവിതം എറിഞ്ഞുകൊടുത്ത സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ ചോരയുടെ വില.ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് ആ കാശ് ഉതകാതെ പോകട്ടെ. ഏഷ്യാനെറ്റ് വാങ്ങിയവര്‍ക്ക് ജനതകളുടെ മഹാശിക്ഷ കിട്ടട്ടെ.ചോറ്റുകലത്തില്‍ തലയിടാന്‍ പട്ടികളെത്തുമ്പോള്‍ എന്തു ചെയ്യണമെന്ന് ഇടശ്ശേരിയുടെ നാടിന്നറിയാം; പട്ടി തീണ്ടിയാല്‍പ്പിന്നെ ആ അന്നം എന്തുചെയ്യണമെന്നും.ആകയാല്‍, ഇനി നമുക്ക് ഏഷ്യാനെറ്റിന് ശിക്ഷവിധിക്കാം; വേദനയോടെ. പക്ഷേ, വിശ്വാസധീരതയോടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment