Tuesday, September 9, 2008
ഒറീസ്സ: ആത്മപരിശോധന വേണം
മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ് 'മതം'। എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത് ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്, അവിനയം കൊണ്ടു മാത്രമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു। മതമല്ല, മനസ്സാണ് പരിവര്‍ത്തനം ചെയ്യേണ്ടത്; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ് സത്യം ഉദിക്കുന്നത്। ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം। ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം. ഇന്ത്യയെന്ന വികാരത്തെ മുറിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമാണ് ഒറീസ്സയില്‍ നിന്നു വരുന്നത്. അതിനിടയ്‌ക്ക് ചാരത്തിലെ സ്വര്‍ണത്തിളക്കം പോലെ രണ്ടെണ്ണം പ്രത്യാശയ്‌ക്കും പ്രതീക്ഷയ്‌ക്കും വക നല്‍കുന്നു. ഒന്ന്- ജീവനും സ്വത്തും അപകടത്തിലായ ക്രിസ്‌ത്യാനികള്‍ക്ക് തുണയായി അയല്‍ ഗ്രാമങ്ങളിലെ ഹിന്ദു കുടുംബങ്ങള്‍ മുന്നോട്ടുവരുന്നു. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച മുന്‍മന്ത്രി ജി.കാര്‍ത്തികേയന്‍ ഇത് സത്യമെന്ന് സാക്ഷ്യപ്പെടുത്തുന്നു. രണ്ട്- മത പ്രചാരണത്തിനുവേണ്ടി എന്തും ചെയ്യുന്ന മിഷണറിമാര്‍ ആത്മപരിശോധനയ്‌ക്ക് തയ്യാറാകണം എന്ന് ലത്തീന്‍ കത്തോലിക്കാസഭ നിര്‍ദേശിക്കുന്നു. ആള്‍ക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി ജനസംഖ്യാനിയന്ത്രണത്തെ പരാജയപ്പെടുത്തുന്ന പ്രഖ്യാപിത പദ്ധതികള്‍ ക്രൈസ്‌തവ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നും അവര്‍ കരുതുന്നു. ഇന്ന് അറിയപ്പെടുന്നതില്‍ വെച്ച്‌ഏറ്റവും പഴക്കംചെന്നവാക്ക് ഇന്ത്യയിലെ വേദങ്ങളാണല്ലോ. ''മാമാ ഹിംസീഃ' (അരുതേ, കൊല്ലരുതേ!) എന്നും, ''മാഹിം സീഃ പുരുഷം ജഗത്'' (ഈശ്വരമയമാണ് പ്രാണികള്‍, കൊല്ലരുത്!) എന്നും ആജ്ഞാപിക്കുന്ന വേദത്തെ അനുസരിക്കുന്നത് ദരിദ്രരും നിരക്ഷരരുമായ ആ ഗ്രാമീണഹിന്ദുക്കളാണ്; ബുദ്ധിയും മിടുക്കുമുള്ള അവരുടെ നേതാക്കളല്ല. കൊലയെ കൊലകൊണ്ട് നേരിടുന്നവര്‍ ഇരുട്ടുകൊണ്ട് നിഴല്‍ മായ്‌ക്കാന്‍ ശ്രമിക്കുന്നവരാണ്. മഷികൊണ്ട് ചെളി കഴുകിക്കളയുകയാണ് അവരുടെ ഉന്നം. ഇതൊക്കെ മനസ്സിലുറയ്‌ക്കാന്‍ വേണ്ടതാകട്ടെ, പാണ്ഡിത്യമല്ല; അല്‌പം വിവേകവും കരളലിവുമാകുന്നു. ഇവയുടെ നീരുറവകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ മണ്ണില്‍ ഇന്നും വറ്റിയിട്ടില്ലെന്നറിയുമ്പോള്‍ തോന്നുന്ന ആശ്വാസം ചെറുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം വ്യത്യസ്‌തവും ചിരപുരാതനവും ആകുന്നത് ഈ പ്രകരണത്തിലാണ്; ഇത്തരം മാതൃകയിലൂടെയാണ്. ഒരായിരം കൊല്ലം മുമ്പുവരെ, മുക്കാലും പ്രാകൃതമായ സമൂഹവ്യാപാരങ്ങളില്‍ കുടുങ്ങിക്കിടന്ന മധ്യകാല യൂറോപ്പിനെ നവോത്ഥാനത്തിന്റെ ഇളം വെയിലിലേക്കു വിളിച്ചുണര്‍ത്തിയത് ക്രിസ്‌തുഭഗവാന്റെ മൊഴിമുത്തുകളും മാതൃകയുമായിരുന്നു. വൈക്ലിഫും മില്‍ട്ടണും മുതല്‍ ദാന്തെയും ലൂഥറും വരെയുള്ള പരിഷ്‌കര്‍ത്താക്കള്‍ അതതുകാലത്ത്, വഴിപിഴയ്‌ക്കുന്ന ക്രൈസ്‌തവ സമൂഹത്തിന്റെ ചുവടുകളെ ക്രിസ്‌തുദര്‍ശനത്തിന്റെ മൂല ചൈതന്യത്തിലേക്ക് ഉപനയിച്ചവരത്രേ. മൗലികമായ പരിവര്‍ത്തനത്തിന്റെ മൂശയില്‍ രൂപം കൊള്ളുന്ന നമ്മുടെ പുതിയ ഇന്ത്യയിലും അത്തരമൊരു ചുവടു മാറ്റത്തിനു വേണ്ടി ക്രൈസ്‌തവര്‍ ആത്മപരിശോധന നടത്തണം എന്ന ലത്തീന്‍ കത്തോലിക്കാസഭയുടെ നിര്‍ദേശം ഏറെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു. അവനവന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള പവിത്രമായ അവകാശം എല്ലാ സംസ്‌കൃത സമൂഹവും അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ ഭരണഘടനയും ഇതിനെ ശരിവെക്കുന്നു. കുഴപ്പം ആരംഭിക്കുന്നത് അവിടെയല്ല, വിശ്വാസത്തിന്റെ പ്രചാരണത്തിന് ഒരു സംഘം ഒരുമ്പെടുന്ന സമയത്താണ്. ആചരണ മാതൃക വഴിക്കുള്ള പ്രചാരണമാണ് ഉത്തമമാര്‍ഗം. വാക്കു വഴിക്കുള്ള പ്രചാരണം, എത്ര കരുതലോടെ ആയാല്‍ക്കൂടി, രണ്ടാംതരമേ ആകുന്നുള്ളൂ. ''വന്നു പോം പിഴയും അര്‍ഥശങ്കയാല്‍'' എന്ന് വചോവല്ലഭനായ ആശാന്‍ പോലും സമ്മതിക്കുന്നു. പരോക്ഷമായ സ്വാധീനം വഴിക്കുള്ള പ്രചാരണമാകട്ടെ, ഏറ്റവും തരംതാഴ്‌ന്ന നടപടിയാകുന്നു. ആത്മീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആ വിധമുള്ള പ്രചാരണം വര്‍ജിക്കുകയാണ് ഉചിതം. മതപരിവര്‍ത്തനത്തില്‍ അടങ്ങിയിരിക്കുന്ന ചതിക്കുഴി ഇതാകുന്നു: തന്റെ വിശ്വാസം, അതെത്ര മഹത്തായാലുംഅപരന്റെ വിശ്വാസത്തെക്കാള്‍ മെച്ചമാണെന്ന് ഉറപ്പിച്ചിട്ടു വേണമല്ലോ മതപരിവര്‍ത്തനത്തിന് പുറപ്പെടുക. ലോകത്ത് ഇന്നോളം, ആത്മീയ വിഷയങ്ങളില്‍ മതപ്രമാണങ്ങളെ താരതമ്യം വഴി മൂല്യനിര്‍ണയം ചെയ്യാനുള്ള സാര്‍വലൗകികമായ ഒരു മാനദണ്ഡം ഇല്ല. സാധകന് സ്വാനുഭവമാണ് പ്രമാണം. ''ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ '' (വിശിഷ്‌ടമായ തത്ത്വങ്ങള്‍ എല്ലായിടത്തും നിന്ന് നമ്മിലേക്ക് ഒഴുകിയെത്തട്ടേ!) എന്നതാണ്, ആത്മീയ സാധനയ്‌ക്കും ലോക സംഗ്രഹത്തിനും ഒരേ സമയം ഉതകുന്ന, ആരോഗ്യകരമായ കാഴ്‌ചപ്പാട്. ഇതിന്റെ അഭാവം ആണ് ലോക മഹായുദ്ധങ്ങളുടെ ബീജകാരണം. സുകൃതം കൊണ്ടെന്നുപറയട്ടേ, ഇന്ത്യയില്‍ ഇന്നും സമൂഹാചാരത്തിന്റെ അടിത്തറയായി ഇതിനെ നാം അംഗീകരിച്ചിരിക്കുന്നു. ഇതിനെ ഭഞ്‌ജിക്കുന്നവന്‍ ആത്മനാശം വിതയ്‌ക്കുന്നു. മനനം ചെയ്‌തു കിട്ടുന്നതെന്തോ അതാണ് 'മതം'. എന്റെ മതം എനിക്കു എത്രമാത്രം പ്രിയമായാലും അന്യന്റെ മതത്തെക്കാള്‍ അത് ശ്രേഷ്‌ഠമാണെന്നു തോന്നുന്നത്, അവിനയം കൊണ്ടു മാത്രമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്രിസ്‌തുഭഗവാന്റെ അരുളപ്പാടില്‍ മുഖ്യമായ ഒന്ന് ഇതുതന്നെയാകുന്നു. ലോകാരംഭം മുതല്‍ എല്ലാ ദേശത്തും എല്ലാ കാലത്തും ഉളവായിട്ടുള്ള ആദിമ പ്രവാചകരുടെ ദര്‍ശനങ്ങളെ നിരാകരിക്കുകയല്ല, പൂര്‍ത്തീകരിക്കുകയാണ് തന്റെ ദൗത്യം എന്ന് ഗിരി പ്രഭാഷണത്തില്‍ അവിടുന്ന് വ്യക്തമാക്കുന്നുണ്ട്. ഇവിടെ, ക സമ്വവ ര്‌ൗവ റ് ശുാശഹാ, ൃ്‌റ റ് ലവീറി്‌ള്‍' എന്ന ഇംഗ്ലീഷ് ബൈബിള്‍ വാക്യത്തെക്കാള്‍ എത്രയോ ആധികാരികമാണ് ശതായുസ്സായി കടന്നുപോയ പി.സി.ദേവസ്യാമാസ്റ്റര്‍ മൂലഭാഷകളും നിരവധി ഭാഷ്യങ്ങളും അഭ്യസിച്ചിട്ട് വിരചിച്ച 'ക്രിസ്‌തുഭാഗവത'ത്തിലെ ഈ വരികള്‍: ആയാതോ ശഹം ഛേത്തുമാദ്യാം വ്യവസ്ഥാം സിദ്ധാനാ മിത്യാത്മനാ നോ മനുധ്വം കിം ത്വേതസ്യാഃ പൂരണായാഗതോ ശ ഹം യുഷ്‌മാന്‍ വത്സാഃ! സത്യമേതദ് ബ്രവീമി. (കുഞ്ഞുങ്ങളേ! നിങ്ങള്‍ക്ക് ഞാനീ വാസ്‌തവം പറഞ്ഞുതരാം. ആദിമ പ്രവാചകന്‍മാരുടെ മതങ്ങളെ ഛേദിക്കാനാണ് എന്റെ ഉദ്യമമെന്ന് നിങ്ങള്‍ കരുതരുത്. പിന്നെയോ അവയെ പൂര്‍ത്തീകരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.) പക്ഷേ, ചരിത്രം മറ്റൊന്ന് ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനത്തിന്റെ ഉത്സാഹത്തില്‍ അധികൃതര്‍ ഈ ഗുരുവാക്യം മറന്നുപോയതുകാരണം ആണ് ഇങ്കാ, മയാ, ആസെ്‌തക് തുടങ്ങിയ പ്രാചീനമായ മതവ്യവസ്ഥകള്‍ അമേരിക്കയില്‍ നശിച്ച് നാമാവശേഷമായിത്തീര്‍ന്നത്. ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗങ്ങളോട് ആവക കടുംകൈകള്‍ക്കെല്ലാം നിരുപാധികമായി മാപ്പു ചോദിക്കുകയുണ്ടായല്ലോ. സത്യസന്ധമായ ആ ക്ഷമായാചനം ക്രിസ്‌തുഭഗവാന്റെ തേജസ്സിനെ ഉള്‍ക്കൊള്ളുന്നു. പഴയ മതപരിവര്‍ത്തന സാഹസങ്ങള്‍ അതിന്റെ നിഷേധത്തെയും. 'ബ്ലാക് എല്‍ക്കി'ന്റെ തപോവനത്തിലും 'വൂണ്‍ഡഡ് നീ' പടനിലത്തും ഒക്കെ പണ്ടുനടന്നത് എന്തായാലും ശരി; അതൊന്നും ആവര്‍ത്തിക്കാന്‍ കൊള്ളുന്നവയല്ല. അതുകൊണ്ടാണ് ഗാന്ധിജി, ''അരനാഴികനേരം അധികാരം കൈവന്നാല്‍ ഉടന്‍ ഞാന്‍ മദ്യത്തെയും മതപരിവര്‍ത്തനത്തെയും നിരോധിക്കും'' എന്ന് നിസ്സംശയം പ്രഖ്യാപിച്ചത്. മതമല്ല, മനസ്സാണ് പരിവര്‍ത്തനം ചെയ്യേണ്ടത്; അവിടെ ഭേദങ്ങള്‍ അസ്‌തമിച്ചിട്ടാണ് സത്യം ഉദിക്കുന്നത്. ആകയാല്‍ ആത്മപരിശോധന തീര്‍ച്ചയായും വേണം. ഒറീസ്സയില്‍ പന്തം കൊളുത്തി പടിയിറങ്ങുന്നവര്‍ മാത്രമല്ല, മത പരിവര്‍ത്തന പദ്ധതികളുമായി ഊരു ചുറ്റുന്നവരും അതു ചെയ്യണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment