കേരളീയരുടെ മാതൃഭാഷ ഏതാണ് ? ചോദ്യം കേട്ട് ചിരിക്കുകയാണോ? എങ്കില്‍ ആ ചിരി മായാന്‍ സമയമായി. കേരളത്തിലെ പുതിയ തലമുറയെ ഏറ്റവും അധികം ആശയക്കുഴപ്പത്തില്‍ ആക്കുന്ന ചോദ്യം ഇനി ഇതായിരിക്കും. അത്രയ്ക്ക് ഭേഷാണ് ഇപ്പോള്‍ മലയാളത്തിന്‍റെ സ്ഥിതി.
എന്‍റെ മക്കള്‍ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കും എന്ന് മാതാപിതാക്കള്‍ അഭിമാനം കൊള്ളുമ്പോള്‍ അതില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല നമുക്ക്. കാരണം മാറ്റങ്ങളില്‍ നിന്നു മാറ്റങ്ങളിലേക്ക് കുതിക്കുന്ന നമ്മുടെ ഈ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ നമുക്കു സായിപ്പിന്‍റെ ഈ ഭാഷ കൂടിയേ തീരൂ എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊണ്ടേ മതിയാകൂ. എന്നാല്‍ എന്‍റെ മക്കള്‍ക്ക് മലയാളം അറിയുകയേയില്ല എന്ന് കൂടി കൂട്ടി ചേര്‍ത്ത് അത് ഒരു "ക്രെഡിറ്റ്" ആയി വീമ്പിളക്കി അതില്‍ അഭിമാന പുളകിതരാകുന്ന മലയാളിയുടെ പാപ്പരത്തം അസ്സഹനീയമാണ് എന്ന് പറയാതെ വയ്യ.
മലയാളി മനസ്സില്‍ വേരോടിക്കോണ്ടിരിക്കുന്ന മലയാള ടെലിവിഷന്‍ ചാനലുകള്‍ ആണ് നമ്മുടെ മലയാളത്തെ ഇത്രയും മലീമസമാക്കിയത് എന്ന് നിസ്സംശയം പറയാം. നമ്മള്‍ കാണുന്നത് ഇംഗ്ലീഷ് ചാനല്‍ ആണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലാണ് മലയാളികളായ ടെലിവിഷന്‍ അവതാരകര്‍ പ്രകടിപ്പിക്കുന്ന മംഗ്ലീഷ് കസര്‍ത്തുകള്‍.ഇവരുടെ ഈ പ്രകടനങ്ങള്‍ കണ്ടു പുതിയ തലമുറ വഴി പിഴച്ചു പോയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ.
മലയാളം ചാനലുകള്‍ സംസാരിക്കേണ്ടത് മലയാളികളുടെ ഭാഷയിലാണ്.മലയാളത്തിലാണ്. അല്ലെങ്കില്‍ "മലയാളം " ചാനല്‍ എന്ന പേരു പോലും അധികപ്പറ്റാകും.ഇവിടെ മലയാളം ചാനലുകളില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളുടെ അതിപ്രസരം ദൃശ്യമാണ്. ഇതര ഭാഷാ പരിപാടികള്‍ ആസ്വദിക്കുന്നതിനു അതതു ഭാഷ ചാനലുകള്‍ നമുക്കും ലഭ്യമാണ് എന്നിരിക്കെ എന്തിനാണ് ഈ കാട്ടികൂട്ടലുകള്‍ ? മലയാളം ചാനലുകളില്‍ മറ്റു ഭാഷകളിലുള്ള ഗാനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏതെങ്കിലും ഇംഗ്ലീഷ് , ഹിന്ദി, തമിഴ് ചാനലില്‍ ഒരു മലയാളം ഗാനമോ എന്തിനധികം ഒരു മലയാള വാക്കുപോലും കേള്‍ക്കാന്‍ നമുക്കു കഴിയില്ല. മലയാളിക്കുള്ള 'ഇതര ഭാഷാ സ്നേഹം' അവര്‍ക്കൊന്നും ഇല്ലാത്തത് കൊണ്ടാകാം അത് .
മലയാളി മഹിളകള്‍ക്കാണ് മലയാളത്തോട് ഇപ്പോള്‍ കൂടുതല്‍ പുച്ഛം. മലയാളം പറഞ്ഞു പോയാല്‍ തങ്ങളുടെ 'അഭിമാനം' തന്നെ തകര്‍ന്നു പോകുന്ന വന്‍ പ്രതിസന്ധിയിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. തങ്ങളുടെ മക്കളും മലയാളം പറയരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട് . ഈ നിര്‍ബന്ധമാണ് വിദ്യാലയങ്ങളിലെ 'മൊട്ടയടിക്കല്‍ പ്രസ്ത്ഥാനത്തിന്' അടിത്തറ പാകിയ അധ്യാപക(ക്ഷുരക)ശ്രേഷ്ഠന്‍മാരുടെ പ്രേരക ശക്തി. കേരളത്തിലെ ഇംഗ്ലീഷ് മാധ്യമം ആയ എല്ലാ വിദ്യാലയങ്ങളും മലയാളം പറയുന്ന കുട്ടികള്‍ക്ക് പിഴ ചുമത്തും എന്നത് പുതിയ അറിവല്ല. ഇതൊക്കെ നടക്കുന്നത് മലയാളം മാതൃഭാഷ ആയ കേരളത്തിലാണ് എന്നതു മാത്രം മതി മലയാളത്തിന്‍റെ ഇന്നത്തെ സ്ഥിതി മനസ്സിലാക്കാന്‍ .
മലയാള ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള പത്രങ്ങളുടെ കാല്‍വയ്പ്പുകള്‍ പ്രശംസനീയം തന്നെ. മലയാളം ഭാഷ സംസാരിക്കാന്‍ മലയാളി മാത്രമെ ഉള്ളു . നാം അതിന് വിമുഖത കാണിച്ചാല്‍ പരിതാപകരമാകും മനോഹരമായ നമ്മുടെ ഭാഷയുടെ സ്ഥിതി. മറ്റു ഭാഷകളോട് ആദരവ് ആകാം .പക്ഷെ അത് നമ്മുടെ മാതൃഭാഷയെ തള്ളിപ്പറഞ്ഞു കൊണ്ട് ആകരുത്. അങ്ങനെ ആയാല്‍ നാം പുറം കാല് കൊണ്ടു ചവിട്ടി തെറുപ്പിക്കുന്നത് ഒരു മനോഹര ഭാഷയെ എന്നതിലുപരി ഒരു സംസ്കാരത്തെയാണ് ....പാരമ്പര്യത്തെ ആണ്...
കുട്ടികള്‍ ഇംഗ്ലീഷ് പഠിച്ചോട്ടെ. അതോടൊപ്പം നമ്മുടെ ഭാഷയും അവര്‍ പഠിക്കണം. മലയാളം 'കുരച്ചു' അറിയുന്ന മലയാളികള്‍ ആകരുത് അവര്‍.അങ്ങനെ ആയാല്‍ അത് നമ്മുടെ പരാജയമാണ്.മലയാളിയുടെ പരാജയമാണ്. മലയാളത്തിന്‍റെ പരാജയമാണ്.
No comments:
Post a Comment