Monday, December 21, 2009

കല എന്ന ആത്മീയാനുഭവം



കരിങ്കല്ലില്‍ താപസന്റെ ഏകാഗ്രതയോടെ ഒരു കന്യകയെ കൊത്തിയെടുക്കുന്ന ശില്‍പിയുടെ ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കും? താന്‍ കണ്ട സൌന്ദര്യത്തെ ഒരു ശിലയില്‍ അതേപടി പകര്‍ത്തുകയാവുമോ? കുറച്ചുകൂടി വിശാലമായി, പ്രകൃതിയില്‍ തന്റെ കണ്ണുകള്‍ ദര്‍ശിച്ച സൌന്ദര്യത്തെ ഒരു ശിലയിലേക്ക് ആവാഹിക്കുകയാവുമോ? തന്റെ ഉള്ളിലെ സൌന്ദര്യത്തെ ശില്‍പം എന്ന മാധ്യമത്തിലൂടെ പ്രകാശിപ്പിക്കുകയാവുമോ? ഒരു ശില്‍പിയെ ശില്പമെന്ന സൃഷ്ടിയുടെ കൊടുംവേദനയിലേക്ക് തള്ളിവിടുന്ന ആന്തരിക ചോദന ഇവയിലേതുമാകാം എന്നാണ് കലാകാരന്മാരുടെ അനുഭവങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്। കല സാമൂഹിക ഇടപെടലോ സ്വത്വ നിര്‍മ്മിതിയോ ആത്മപ്രകാശനമോ എന്നത് ‘കലാകാരന്‍’ എന്ന ‘വ്യക്തി’ ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും। എന്നാല്‍ ഇവയ്ക്കപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യം കലാകാരന്‍ കലയിലൂടെ അന്വേഷിക്കുന്നുണ്ടോ? പ്രകൃതി, സമൂഹം, വ്യക്തി എന്നിവരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തതും അതിവിശാലവും അനിര്‍വചനീയവുമായ ഒരു തലത്തിലേക്ക് സൃഷ്ടിവേളയിലെ സര്‍ഗാത്മകവ്യാധിയില്‍ ഒരു കലാകാരന്‍ നടന്നടുക്കുന്നുണ്ടോ? പ്രവാസത്തിന്റെ വെന്തു നീറുന്ന ജീവിതത്തില്‍നിന്ന് ചലച്ചിത്രകലയുടെ വെള്ളിവെളിച്ചത്തിലേക്ക് യാദൃച്ഛികമായി കടന്നുവന്ന പി।ടി.കുഞ്ഞുമുഹമ്മദുമായുള്ള സംഭാഷണം കലയുടെ അഥവാ ജീവിതത്തിന്റെ ആത്മീയാനുഭവത്തിലേക്ക് ഒരു കിളിവാതില്‍ തുറന്നു തന്നു.

ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ എന്താണ് താങ്കള്‍ അന്വേഷിക്കുന്നത്?
ബോധപൂര്‍വ്വം ഞാന്‍ ഒന്നും അന്വേഷിക്കുന്നില്ല। ചലച്ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും। ഏതെങ്കിലും പ്രത്യേകദര്‍ശനത്തിലോ തത്വസംഹിതയിലോ പാണ്ഡിത്യമോ അടിസ്ഥാന വിവരം പോലുമോ എനിക്കില്ല। ഇത്രയും നേരം എന്നോട് സംസാരിച്ചതില്‍ നിന്ന് എന്റെ അജ്ഞത മുസ്‌തഫിന് ബോധ്യമായിട്ടുണ്ടാകും। ഞാന്‍ ജീവിതം അന്വേഷിക്കുന്നു എന്നതിനേക്കാള്‍ ജീവിതം എന്നെ അന്വേഷിക്കുന്നു എന്നതാവും ശരി। നമുക്ക് അപരിചിതമായ വഴികളിലൂടെ ജീവിതം നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നു। എന്റെ സിനിമകളും ജീവിതം പോലെ, സംഭവിച്ചു പോകുന്നതാണ്।

ജീവിതം യാദൃച്ഛികമായ ഒരു കണ്ടുമുട്ടലായിരുന്നു അല്ലേ?

തീര്‍ച്ചയായും, ജീവിതത്തിലൊരിക്കലും ഞാന്‍ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. കണക്കുകൂട്ടിയുള്ള ജീവിതം യുക്തിഭദ്രമാണെന്ന അഭിപ്രായവും എനിക്കില്ല. പഠിക്കുന്ന കാലത്ത് പ്രവാസിയാകുമെന്ന് ഞാന്‍ നിനച്ചതേയല്ല. എന്നാല്‍ എപ്പോഴോ പൊള്ളുന്ന വേനലിലേക്ക് മരുഭൂമി എന്നെ മാടിവിളിച്ചു. മരുഭൂമി എനിക്ക് മറ്റൊരു ജീവിതം കാണിച്ചുതന്നു. അതെന്നെ ഞാനായി രൂപപ്പെടുത്തുകയായിരുന്നു. പ്രവാസം പിടയ്ക്കുന്ന ഒരു ഓര്‍മ്മയാക്കി ഈ മണ്ണില്‍ തിരിച്ചു കാല്‍വെക്കുമ്പോഴും ഇനി എങ്ങോട്ടു പോകുമെന്ന ചിന്ത എനിക്ക് അശേഷമില്ലായിരുന്നു. നാല്‍പ്പത്തിരണ്ടാം വയസിലാണ് ഒരു സിനിമ ചെയ്യുക എന്ന ആശയം എനിക്കുണ്ടാകുന്നത്. നിനച്ചിരിക്കാത്ത നേരത്തുണ്ടായ ഒരു വെളിപാട് തന്നെയായിരുന്നു അതും. ഒരു ജനപ്രതിനിധിയാവുക എന്നത് എന്റെ വിദൂര സ്വപ്നങ്ങളില്‍പോലും കടന്നുവരാത്ത ഒന്നായിരുന്നു. പിറകെ പാഞ്ഞു നടന്നാല്‍ മാത്രം കിട്ടുന്നതാണ് സ്ഥാനമാനങ്ങളെന്ന വിധി എന്റെ കാര്യത്തില്‍ ശരിയല്ല. എം.എല്‍.എ സ്ഥാനം ഞാനറിയാതെ എന്നെത്തേടി വരികയായിരുന്നു.

പ്രവാസി, ചലച്ചിത്രകാരന്‍, ജനപ്രതിനിധി, മാധ്യമപ്രവര്‍ത്തകന്‍...... ഈ പ്രയാണം എങ്ങോട്ടാണ്?

അറിയില്ല। ജീവിതത്തിലെ സുഖസൌകര്യങ്ങളും സ്ഥാനമാനങ്ങളും പൂര്‍ണ്ണമായും പരിത്യജിക്കാന്‍ കഴിയുംവിധം എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല. അതിലിപ്പോഴും സ്വാര്‍ത്ഥതയുടെ അംശങ്ങളുണ്ട്. എങ്കിലും ഭൌതിക വ്യവഹാരങ്ങളുടെ കണ്ണികള്‍ എന്നിലെവിടെയോ, ഒന്നൊന്നായി പൊട്ടിപ്പോകുന്നത് ഞാനറിയുന്നുണ്ട്. എല്ലാം കൂടുതല്‍ വിശാലമായ ഏതോ തലത്തിലേക്കുള്ള വഴികളായി എനിക്ക് തോന്നുന്നു. വഴിയില്‍ തങ്ങാന്‍ എനിക്കാവില്ല. ഒന്നിലും അള്ളിപ്പിടിച്ചിരിക്കാനും.

പ്രവാസം നല്‍കിയ അനുഭവങ്ങളെക്കുറിച്ച് പലകുറി താങ്കള്‍ പറഞ്ഞിട്ടുണ്ട്। എന്താണ് ചലച്ചിത്രം നല്‍കുന്ന അനുഭവം?

ചലച്ചിത്രം ഒരു പരകായ പ്രവേശമാണ്। അവിടെ ചലച്ചിത്രകാരനില്ല। സ്‌ക്രിപ്റ്റ് ചെയ്യുമ്പോഴാണ് എനിക്കീ അനുഭവം ഏറ്റവും നന്നായി ഉണ്ടായിട്ടുള്ളത്. എഴുതാനിരുന്നാല്‍ അവിടെ പിന്നെ പി.ടി.കുഞ്ഞുമുഹമ്മദ് ഇല്ല. ശാരീരികമായും മാനസികമായും. പല ശരീരങ്ങളിലൂടെയും പല മനസ്സുകളിലൂടെയും കൂടുവിട്ട് കൂടുമാറിയുള്ള ജീവിതം. ഒടുവില്‍ പേമാരിക്കും കൊടുങ്കാറ്റിനും ശേഷമുള്ള നിശ്ശബ്ദത പോലെ എല്ലാം ശാന്തം. സ്വസ്ഥം... അതൊരു അനിര്‍വചനീയമായ അനുഭൂതിയാണ്.

ഈയൊരു വിവരണാതീതമായ അനുഭൂതി തന്നെയല്ലേ ഫിലിം മേക്കിംഗിലൂടെ താങ്കള്‍ അന്വേഷിക്കുന്നതും.?

ആയിരിക്കാം। ആരാധനകളും പ്രാര്‍ത്ഥനയും മാത്രമല്ല ധ്യാനം। ഏതൊരു കര്‍മ്മത്തിലും കലയുണ്ട്. ഏതൊരു കലയ്ക്കും ധ്യാനത്തിന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയും.

കലാകാരന്‍ ജനപ്രതിനിധിയായപ്പോഴുണ്ടായ അനുഭവം എന്തായിരുന്നു.?

രാഷ്‌ട്രീയം അധികാരത്തിന്റെ മാനിഫെസ്‌റ്റേഷന്‍ തന്നെയാണ്। അധികാരമാവട്ടെ ഏതൊരു സാധാരണ മനുഷ്യനെയും ഉന്മത്തനാക്കും. എം.എല്‍.എ. ആയതിന് ശേഷം ആദ്യ കുറച്ചുനാളുകളില്‍ അധികാരത്തിന്റെ ലഹരി എന്നെയും മത്തുപിടിപ്പിച്ചിരുന്നു. എവിടേയും ആള്‍ക്കൂട്ടം എന്നെ പൊതിഞ്ഞു. കസേരകള്‍ എനിക്കു വേണ്ടി ഒഴിയപ്പെട്ടു. ആളുകള്‍ എനിക്കു മുമ്പില്‍ നമ്രശിരസ്‌ക്കരായി നിന്നു. എന്ത് വില കൊടുത്തും ഈ അധികാരം നിലനിര്‍ത്തേണ്ടതാണെന്നും എനിക്ക് തോന്നി. എന്നാല്‍ കൃത്രിമമായ വാക്കുകളിലും അഭിനയങ്ങളിലും എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ക്രമേണ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് എന്നെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ജനപ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ തികച്ചും സാധാരണക്കാരനായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. മുമ്പെന്നത്തേയും പോലെ മറ്റുള്ളവര്‍ക്കിടയില്‍ അവരിലൊരാളായി തുടര്‍ന്നു.

ഇടതുപക്ഷ രാഷ്‌ട്രീയത്തെക്കുറിച്ച്?

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷമല്ലാതെ മറ്റൊരു പ്രതീക്ഷ ബാക്കിയില്ല।
പ്രവാസം ഒരു കലാകാരനിലെ സാധ്യതകളെ പുറത്തുകൊണ്ടുവരാന്‍ സഹായകമാണെന്ന് തോന്നിയിട്ടുണ്ടോ?

പ്രവാസം ഒരു യാത്രയല്ല। യാത്രയില്‍ ഒരു പക്ഷെ നമുക്ക് നമ്മെത്തന്നെ കണ്ടെത്താന്‍ സാധിച്ചെന്നിരിക്കും। പ്രവാസം പക്ഷെ, പലായനമാണ്। നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് ഒരു പ്രവാസിയുടെ ജീവിതം. ഇതിനിടയില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാഹചര്യം അയാളെ അനുവദിക്കില്ല.

അടുത്ത സിനിമ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചാണെന്ന് കേട്ടിരുന്നു। ഒരു ചരിത്രനായകനെ വിഷയമാക്കാനുള്ള പ്രചോദനം?

ഞാന്‍ ഒരു നല്ല വായനക്കാരനല്ല। എങ്കിലും ഇടയ്‌ക്കൊക്കെ പുസ്‌തകം കയ്യിലെടുക്കാറുണ്ട്। ഒരു ഫിക്ഷന്‍ വായിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ചരിത്രവും ചിന്തയുമൊക്കെയാണ്. ഇതിനിടയിലെപ്പോഴൊ കടന്നുവന്നതാണ് മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബ്. ഏറ്റവും കൂടുതല്‍ കവിതക്ക് പാത്രമായ ചരിത്രനായകന്‍ മഹാത്മജിയോ ഭഗത്‌സിംഗോ അല്ല, മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ ആണ്. അദ്ദേഹം ജീവിതത്തില്‍ ഒരു ദുരന്ത നായകനായിരുന്നു. പ്രൌഢമായ പുലിത്തോലില്‍ കിടന്നുറങ്ങുമ്പോഴും ദാരിദ്യം കാര്‍ന്നു തിന്നുകയായിരുന്നു അദ്ദേഹത്തെ. പലരും നമ്മള്‍ കാണുന്നതുപോലെയല്ല. പുറമെ പൊട്ടിച്ചിരിക്കുമ്പോഴും ഉള്ളില്‍ ആര്‍ത്തിരമ്പുന്ന ഒരു ഹൃദയം കൊണ്ടുനടക്കുന്നവരുണ്ട്.

സിനിമ ഡോക്യു ഫിൿഷനാണോ?

ഫിൿഷന്‍ തന്നെയാണ്। മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിബീപാത്തുവും തമ്മിലുണ്ടാകുന്ന ചുരുങ്ങിയ കാലത്തെ പ്രണയത്തിന്റെ വ്യത്യസ്‌ത തലങ്ങളിലൂടെയാണ് ഈ സിനിമയുടെ പ്രയാണം।

പ്രണയത്തിന് ഇനിയും സാധ്യതയുണ്ടോ?
സിനിമയിലും ജീവിതത്തിലും...പ്രണയത്തിന് ശരീരത്തിനും മനസിനുമപ്പുറം ആത്മീയമായ ചില തലങ്ങളുണ്ട്। അബ്‌ദുറഹ്‌മാന്‍ സാഹിബും ബീപാത്തുവും തമ്മിലുണ്ടായിരുന്ന പ്രണയം ആഴത്തില്‍ ആത്മീയ ഉറവകളുള്ളതായിരുന്നു। പ്രണയം ഗാഢമാകുമ്പോള്‍ ‘ഞാന്‍’ എന്ന സ്വാര്‍ത്ഥബോധം തുടച്ചുമാറ്റപ്പെടുന്നു। മനുഷ്യന്‍ തെളിഞ്ഞ കണ്ണാടിയായി മാറുന്നു. മനുഷ്യന്റെ അടിസ്ഥാന ഭാവം വൈരാഗ്യമാണെന്ന് ആരാണ് പറഞ്ഞത് ? അല്ലേയല്ല. ഏതൊരു മനുഷ്യനിലും പ്രണയം നിറഞ്ഞു തുളുമ്പുന്ന ഒരു സൂഫിയുണ്ട്. ആരും അതറിയാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രം. സ്നേഹത്തിന്റെ തെളിനീരുറവയായിരുന്ന എന്റെ ഉമ്മയാണ് എന്നെയിത് പഠിപ്പിച്ചത്. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരാളോടും എനിക്ക് ശത്രുതയില്‍ കഴിയാനാവില്ല. ഫൈറ്റ് ചെയ്യുന്നത് പോലും സ്‌ട്രെയ്‌റ്റ് ആയിരിക്കണമെന്നതാണ് എന്റെ മതം...

അഭിനേതാക്കളെ കണ്ടെത്തിയോ?

അഭിനേതാക്കളെ മുന്‍കൂട്ടി നിശ്ചയിച്ചല്ല ഞാന്‍ സിനിമ ചെയ്യുന്നത്। അഭിനേതാക്കള്‍ ഒരു നിയോഗം പോലെ കടന്നുവരുന്നതാണ്. പരദേശിയിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ യാദൃച്ഛികമായി കടന്നുവരികയും ആ സിനിമ ഒരു അനുഭവമാക്കി മാറ്റുകയും ചെയ്‌തു.

പുതിയ മലയാളി ജീവിതത്തിന് പുറത്തായതാണോ മലയാളത്തില്‍ ജീവിതഗന്ധിയായ സിനിമകള്‍ വരാത്തതിന് കാരണം?

ജീവിതം ഇവിടെയെല്ലാമുണ്ട്। ചലച്ചിത്ര മേഖലയിലുള്ള ചില മുന്‍വിധികളാണ് നല്ല സിനിമകള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്। ആളുകള്‍ ഇതേ കാണൂ എന്ന മുന്‍വിധിയില്‍നിന്നും ചില ചേരുവകള്‍ കൂട്ടിയോജിപ്പിച്ച കൊമേഴ്‌സ്യല്‍ ഫോര്‍മുലയിലുള്ള സിനിമകള്‍ ഉണ്ടാകുന്നു. ഇതേ പോലെ അവാര്‍ഡിന് പരിഗണിക്കപ്പെടേണ്ട സിനിമകള്‍ ഇങ്ങനെയായിരിക്കണമെന്ന മുന്‍വിധിയില്‍ നിന്നും മറ്റു ചില ചേരുവകള്‍ കൂട്ടിത്തുന്നിയ ആര്‍ട്ട് ഫോര്‍മുലയിലുള്ള സിനിമകളും പുറത്തുവരുന്നു. ഇതിനിടയില്‍ മലയാള സിനിമക്ക് ജീവിതത്തിന്റെ മണം നഷ്ടപ്പെടുന്നു.

എന്താണ് കലാകാരന്റെ വിധി?

യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും ജനിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം। സൃഷ്‌ടി ഏത് കാലത്തും അപൂര്‍ണ്ണമാണ്. എന്റെ കല, അത് ഡോക്യുമെന്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായേക്കാം. എന്നാല്‍ ചരിത്രം വിസ്‌മൃതിയിലാണ്ടു പോകുന്നതോടെ എന്റെ കലയും അപ്രസക്തമാകും. അതുകൊണ്ട് കലാകാരനും മരണമുണ്ട് എന്നാണ് എന്റെ പക്ഷം. പ്രപഞ്ചം ഒരു വിസ്‌മയമാണ്. ആ വിസ്‌മയത്തിന്റെ ഭാഗമായിത്തീരുകയാണ് ഒരു കലാസൃഷ്‌ടിയിലൂടെ കലാകാരന്റെ നിയോഗം.


II

പേരു വെട്ടിമാറ്റപ്പെട്ടവർ


പ്രവാസത്തിന്റെ വേവും നോവുമാണ് താങ്കള്‍ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ മുഖ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുള്ളത്। പ്രവാസം ഒരു സര്‍ഗ്ഗാത്മക അനുഭവമായി മാറിയതെങ്ങനെയാണ് ?

ഞാന്‍ ഒരു പ്രവാസിയായിരുന്നു। പ്രവാസജീവിതമാണ് എന്നെ മാറ്റിമറിച്ചത്। ഞാന്‍ ഒരു കളിമണ്ണാണെങ്കില്‍ എന്നെ മൌള്‍ഡ് ചെയ്‌ത അച്ചാണ് പ്രവാസം। പ്രവാസത്തിന്റെ പരുപരുത്ത പാതകള്‍, അതിന്റെ ഭയവിഹ്വലതകള്‍, ഉത്കണ്ഠകള്‍, ഭീകരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇവയെല്ലാം ഒരു സംഭരണിയിലെന്നപോലെ എന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതാണ് പിന്നീട് സിനിമാസംവിധായകനായപ്പോഴും രാഷ്‌ട്രീയക്കാരനായപ്പോഴും മീഡിയാ പ്രവര്‍ത്തകനായപ്പോഴുമെല്ലാം പുറത്തേക്ക് വന്നത്.

എത്രകാലം താങ്കള്‍ പ്രവാസിയായിരുന്നിട്ടുണ്ട്?

പത്തുപന്ത്രണ്ട് വര്‍ഷക്കാലം। എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കുറേ വര്‍ഷങ്ങള്‍. വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എനിക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ ആസൂത്രണങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ആസൂത്രണങ്ങളില്‍ വിശ്വസിക്കാത്ത ഒരാളാണ്. തൊഴില്‍ കണ്ടെത്തി ഒരു ജീവിതമാരംഭിക്കുക എന്ന സ്വപ്‌നത്തോടെയാണ് ഞാന്‍ അബുദാബിയിലെത്തുന്നത്.

ഏതുതരം ജോലിയാണ് താങ്കള്‍ക്കവിടെ ലഭിച്ചത് ?

എല്ലാതരം ജോലികളും ഞാന്‍ ചെയ്‌തിട്ടുണ്ട്। ഹോട്ടലിലെ റിസപ്‌ഷനിസ്‌റ്റായും കമ്പനിയില്‍ ക്ളാര്‍ക്കായും ട്രാന്‍‌സ്‌പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായും ഫ്രഞ്ച് കമ്പനിയിലുമൊക്കെ ഞാന്‍ ജോലിനോക്കിയിട്ടുണ്ട്.

എന്താണ് പ്രവാസം താങ്കളിലുണ്ടാക്കിയ മാറ്റം?

എല്ലാതരം ആളുകളുമായി സഹവസിക്കാന്‍ പ്രവാസം എനിക്ക് അവസരം നല്‍കി। വ്യത്യസ്‌ത പശ്ചാത്തലങ്ങളില്‍ നിന്നും ദേശങ്ങളില്‍നിന്നും വരുന്ന മനുഷ്യരാണെങ്കിലും എല്ലാപ്രവാസികള്‍ക്കും ഒരേ മുഖച്ഛായയാണെന്ന് എനിക്ക് തോന്നി. ഒടുവില്‍ അവരില്‍ ഓരോരുത്തരും ഞാന്‍ തന്നെയാണെന്ന ഒരു താദാത്മ്യബോധത്തിലേക്ക് ഞാനെത്തിച്ചേര്‍ന്നു. അതോടെ മനുഷ്യര്‍ തമ്മില്‍ യാതൊരു വിഭജനവുമില്ലെന്ന ഒരുള്‍ക്കാഴ്ച എനിക്കുണ്ടായി. തട്ടുകടയും ഫൈവ്‌സ്‌റ്റാര്‍ ഹോട്ടലും തമ്മില്‍ ഒരു വ്യത്യാസവും കാണാത്ത ഒരാളാണ് ഞാനിന്ന്. എവിടെ കയറാനും മടിയില്ലാത്ത ഒരാള്‍. ഇത് പ്രവാസമുണ്ടാക്കിയ മാറ്റമാണ്.

പിന്നീട് ഗള്‍ഫ് ഉപേക്ഷിക്കുകയായിരുന്നോ?

അതെ, അന്യനാട്ടില്‍ ഒരു സ്വാസ്ഥ്യവും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല। എനിക്ക് അവരുടെ ഭാഷയുമായോ സംസ്‌ക്കാരവുമായോ ഒരു തരത്തിലും അലിഞ്ഞുചേരാന്‍ സാധിക്കുമായിരുന്നില്ല. ഈ മണ്ണും മരങ്ങളും കാറ്റും വെളിച്ചവുമായിരുന്നു എന്റെ മനസ്സുനിറയെ.

എന്തൊക്കെയാണ് ഗള്‍ഫ് നാടുകളില്‍ മലയാളി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍?

ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തില്‍ തന്നെ അടിസ്ഥാനപരമായി ചില പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍। നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം നമ്മെ ഒരു തരം അടിമത്തത്തിലേക്കാണ് നയിക്കുന്നത്. നമ്മുടെ മണ്ണും സംസ്‌ക്കാരവും ഭാഷയുമെല്ലാം മൂന്നാംകിടയാണെന്നാണ് നാം പഠിപ്പിക്കപ്പെടുന്നത്. ലോകത്തുണ്ടായ ശാസ്‌ത്രീയ ചിന്തകളും കണ്ടുപിടുത്തങ്ങളും പടിഞ്ഞാറിന്റെ സംഭാവനയാണെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. ലോകസാഹിത്യം വിദേശിയുടേതാണെന്നാണ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ പഠിച്ചും വിശ്വസിച്ചും വരുന്ന ഒരാള്‍ താന്‍ മോശക്കാരനാണെന്ന ഒരു തരം കോംപ്ലൿസുമായിട്ടാണ് വിദേശത്ത് തൊഴില്‍ തേടിയെത്തുന്നത്. അവന്‍ സിനിമാക്കാരനോ രാഷ്‌ട്രീയക്കാരനോ പണ്ഡിതനോ ആവട്ടെ അവനില്‍ ഒരു അടിമ ഒളിഞ്ഞു കിടപ്പുണ്ട്. ഈ അടിമയാണ് നമ്മുടെ പൌരന്‍. പ്രവാസം യാതൊരു വിലപേശലുമില്ലാത്ത ജീവിതമാണ്. വിലപേശാത്ത അടിമയെ ഇറുക്കുമതി ചെയ്യുകയാണ് വിദേശികള്‍. നാം മുമ്പ് ഇവിടെ തമിഴ്‌നാട്ടുകാരെ പണിക്ക് കൊണ്ടുവന്നതുപോലെ.

അടിമത്തം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍, അല്ലേ...

അതെ, വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അവന്റയീ അടിമത്തബോധം കൂടുകയേയുള്ളൂ। എല്ലാതരത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടവനായിരിക്കും അവന്‍.

വിരഹം പ്രവാസിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം തീക്ഷ്ണമാണ് ?

പ്രവാസി ഒരു യന്ത്രമാണ്। ഓരോ ദിവസവും മുമ്പത്തെ ദിവസത്തിന്റെ ആവര്‍ത്തനം മാത്രം. ഒരു യന്ത്രത്തിന് എങ്ങനെ വിരഹത്തെ അനുഭവിക്കാനാവും? ഒന്നിനും ഒരു ഉറപ്പുമില്ലാത്തവനാണ് പ്രവാസി. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കിട്ടുന്നു എന്നതു മാത്രമാണ് അവനുള്ള ഏക ഉറപ്പ്. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നിടത്ത് യാതൊരു ചിന്തയുമുണ്ടാവില്ലെന്നാണ് ചിന്തകര്‍ പറയുന്നത്. ഒരു മുറിയില്‍ ഇരുപതോളം ആളുകള്‍ തിങ്ങിവിങ്ങിത്താമസിക്കുന്നിടത്ത് വിരഹത്തെ തീക്ഷ്ണമായി അറിയാനുള്ള സ്വകാര്യതയെവിടെ?

എന്താണ് പ്രവാസത്തിനെത്തുന്ന സ്‌ത്രീകളുടെ അവസ്ഥ?

പ്രവാസത്തിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്‌ത്രീകളാണ്। ഒരു സ്‌ത്രീയെ സ്‌ത്രീയാക്കുന്ന എല്ലാഘടകങ്ങളും അവള്‍ക്ക് ബലികഴിക്കേണ്ടിവരുന്നു. ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ തന്റെ കുഞ്ഞിനെ ഒറ്റക്കിട്ടുപോന്ന് ഒമ്പത് വര്‍ഷമായി പ്രവാസം തുടരുന്ന ഒരു സ്‌ത്രീയെ എനിക്കറിയാം. ഇങ്ങനെ പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ പോലും കഴിയാത്ത അനേകം സ്‌ത്രീകളുണ്ട്.

നാട്ടിലായിരിക്കുമ്പോള്‍ ഒരു ജോലിയും ചെയ്യാത്ത മലയാളികള്‍ വിദേശത്തായിരിക്കുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ മടിയില്ലാത്തവരാണെന്ന് പറയാറുണ്ട്...

സ്വദേശത്തും വിദേശത്തും ഒരേ കൂലിയാണെങ്കില്‍ കൂടി വിദേശത്തെ ജോലിക്കായിരിക്കും മലയാളി മുന്‍ഗണന കൊടുക്കുക। വിദേശജോലിക്കാരന്റെ സാമൂഹിക പദവി സ്വദേശിയേക്കാള്‍ കൂടുതലാണ് എന്നതാണ് ഇതിനു പിന്നിലെ മനശാസ്‌ത്രം. സ്വദേശത്ത് കൂലിപ്പണി എന്നറിയപ്പെടുന്നതിക്കോള്‍ വിദേശത്ത് തൂപ്പുജോലിയാണെങ്കിലും ഒരു കമ്പനിയുടെ അഡ്രസ്സില്‍ അറിയപ്പെടുന്നത് നാട്ടിലെ വിവാഹക്കമ്പോളത്തിലും മറ്റും ഒരാളുടെ പദവി ഉയര്‍ത്തുന്നു.

പ്രവാസിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്‌തമായി എന്താണ് താങ്കള്‍ക്കിപ്പോള്‍ അനുഭവിക്കാനാവുന്നത്?

ജീവിതം തന്നെ। ഒന്നും ചെയ്യാതെ ഇവിടെയിങ്ങനെ ഇരിക്കുകയാണെങ്കില്‍ പോലും എവിടെയോ ജീവിതമുണ്ടെന്ന ഒരു തോന്നല്‍. ആ തോന്നലിലാണ് ജീവിതത്തിന്റെ താളം. ഒരു പ്രവാസിക്ക് കിട്ടാതെ പോകുന്നതും അതുതന്നെയാണ്.

പ്രവാസം എന്നൊരു ‘കണ്ടുപിടുത്തം’ ഇല്ലാതിരുന്നെങ്കില്‍ മലയാളിയുടെ അവസ്ഥ എന്താകുമായിരുന്നു?

വളരെ പരിതാപകരമാകുമായിരുന്നു। നാം തമിഴരെപ്പോലെയോ ബീഹാറികളെപ്പോലെയോ ആകുമായിരുന്നു. പ്രത്യേകിച്ചും മുസ്ലിംകളുടെ സാമൂഹികപദവിയില്‍ പ്രവാസം ഒട്ടേറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇവിടത്തെ നായര്‍ ക്രൈസ്‌തവ സമുദായങ്ങളോടൊപ്പം ഓടിയെത്താന്‍ പ്രവാസം മുസ്ലിംങ്ങളെ സഹായിച്ചു. പക്ഷേ ഇതെല്ലാം ജീവിതം ഹോമിച്ചാണെന്ന് മാത്രം.

നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍। എന്നിട്ടും റേഷന്‍കാര്‍ഡില്‍ നിന്നും വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നുമൊക്കെ അവരുടെ പേര് വെട്ടിമാറ്റപ്പെടുന്നു. സ്വദേശത്തും വിദേശത്തും വേരുകള്‍ നഷ്ടപ്പെട്ടവരായി ജീവിക്കാനാണോ പ്രവാസികളുടെ വിധി?

സ്വദേശത്തെ വേരുകള്‍ക്ക് വെള്ളവും വളവും നല്‍കാന്‍ വേണ്ടിയാണ് ഒരു പ്രവാസി പരദേശിയായി അലയുന്നത്। എന്നാല്‍ പ്രവാസികളെ രണ്ടാംകിട പൌരന്മാരായി മാത്രമേ നാം പരിഗണിക്കുന്നുള്ളൂ। മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍ ഉരുകിത്തീരുന്ന മെഴുകുതിരികളാണവര്‍. യഥാര്‍ത്ഥത്തില്‍ വോട്ടുചെയ്യാന്‍ ഏറ്റവും അവകാശമുള്ളവര്‍ ഇവരാണ്. അതുകൊണ്ട് നാട്ടിലുള്ള സമയങ്ങളിലെങ്കിലും വോട്ടേഴ്‌സ് ലിസ്റിലും റേഷന്‍കാര്‍ഡിലും പേര് നിലനിര്‍ത്താന്‍ അവര്‍ക്ക് സൌകര്യമൊരുക്കേണ്ടതുണ്ട്.
എം.എല്‍.എ.ആയിരുന്നപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?

സിനിമാ സംവിധായകനും എം।എല്‍।എ.യും ആകും മുമ്പ് ഞാനൊരു പ്രവാസിയായിരുന്നു. പ്രവാസിയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എം.എല്‍.എ.എന്നതിനേക്കാള്‍ തുല്യദുഖം അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി എന്നനിലയില്‍ പ്രവാസികളുടെ ജീവിതത്തില്‍ ഇടപെടാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ബോധപൂര്‍വ്വമോ ആസൂത്രിതമോ ആയ പ്രവര്‍ത്തനങ്ങളായിരുന്നില്ല. മുറിവേറ്റ് ചോര പൊടിയുന്ന ഒരു പ്രവാസമനസ്സ് എനിക്കുണ്ടായിരിക്കണം. മറ്റൊരു പ്രവാസിയുടെ സങ്കടം കേള്‍ക്കുമ്പോള്‍, അയാളെ സഹായിക്കുമ്പോള്‍ ഞാന്‍ എന്റെ മുറിവില്‍തന്നെ മരുന്നുപുരുട്ടുകയാണ് ചെയ്യുന്നത്. എന്നില്‍ തന്നെയുള്ള ഒരു പരിഹാരക്രിയ. ഒരു സ്വയം ബോധ്യപ്പെടല്‍।
എന്തോ, ആളുകള്‍ എന്നെത്തേടി വന്നുകൊണ്ടിരിക്കുന്നു। ഞാന്‍ ചെന്നുപെടുന്നിടത്തെല്ലാം എപ്പോഴും ഒരു പ്രവാസിയെ കണ്ടുമുട്ടാറുണ്ട്. സഹായമിരക്കാനല്ല പലരും എന്നോട് സംസാരിക്കുന്നത്. സങ്കടങ്ങള്‍ പങ്കുവെക്കാന്‍ മാത്രമായി പലരും എന്റെ വീട്ടില്‍ വരുന്നു. അവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരില്‍ ഒരാളെപ്പോലെ അവരെന്നെക്കാണുന്നു. സത്യത്തില്‍ ഒരു ആത്മ സുഹൃത്തിന്റെയോ മനശ്ശാസ്‌ത്ര കൌണ്‍സിലറുടെയോ റോളാണ് എനിക്കവര്‍ കല്പിച്ചുതരുന്നത്।
ട്രെയിനില്‍ വെച്ചും ഹോട്ടലില്‍ വെച്ചും വഴിയോരത്തുവെച്ചുമെല്ലാം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്। ഒരു ട്രെയിന്‍ യാത്രയ്‌ക്കിടെ കണ്ടുമുട്ടിയ ഒരു അമ്മ, പാസ്‌പോര്‍ട്ട് ലഭിക്കാത്തതുമൂലം കുഞ്ഞുമകളെ കൂടെകൊണ്ടുപോകാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവെക്കുകയുണ്ടായി. ഞാനപ്പോള്‍ തന്നെ ചില അധികാരികളുമായി ബന്ധപ്പെട്ടു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ മകള്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടിയ സന്തോഷത്തില്‍ ആ സ്‌ത്രീ വിളിച്ചു. ഒന്നും പ്രതീക്ഷിച്ചല്ല പറഞ്ഞതെന്നും അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞുപോയതാണെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.
മറ്റൊരിക്കല്‍ എന്റെ സുഹൃത്തും അഭ്യൂദയകാംക്ഷിയുമായ ഏനിക്കുട്ടിസാഹിബുമൊന്നിച്ച് കോഴിക്കോട്ട് ഒരു പരിപാടിയില്‍ സംബന്ധിച്ച് തിരിച്ചുവരികയായിരുന്നു ഞാന്‍। കോട്ടക്കല്‍ ചങ്കുവെട്ടിയിലെത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നെ കണ്ട് ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു. മുഖം കണ്ടാലറിയാം അയാള്‍ സങ്കടക്കയത്തിലാണെന്ന്. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്റെ കഥ പറഞ്ഞു. രണ്ടുകൊല്ലത്തെ കോണ്‍ട്രാക്റ്റില്‍ ഒരാള്‍ അയാളെ മലേഷ്യയിലേക്ക് കൊണ്ടുപോയതാണ്. എന്നാല്‍ ഒരു കൊല്ലമായപ്പോഴേക്കും ഒരു കാരണവുമില്ലാതെ അവര്‍ അയാളെ പിരിച്ചുവിട്ടു. മാത്രമല്ല ശമ്പളയിനത്തില്‍ നാല്പതിനായിരം രൂപയോളം അയാള്‍ക്കവിടെ നിന്ന് കിട്ടാനുമുണ്ട്. ചെറുപ്പക്കാരന്റെ വിഷമം എനിക്ക് ബോധ്യമായി. മലേഷ്യയില്‍ ഒട്ടേറെ ബന്ധങ്ങളുള്ള ആളായിരുന്നു ഏനിക്കുട്ടിസാഹിബ്. ചെറുപ്പക്കാരന്റെ തൊഴിലുടമയെ അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു. ഉടനെ അദ്ദേഹം മലേഷ്യയിലേക്കു വിളിച്ചു. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ പ്രസ്‌തുത ചെറുപ്പക്കാരന്റെ സ്വഭാവം അത്ര മെച്ചമല്ലാതിരുന്നതുകൊണ്ടാണ് പിരിച്ചുവിട്ടത് എന്ന വിവരമാണ് കിട്ടിയത്. പ്രവാസകാലത്ത് അയാള്‍ ആകെ തകര്‍ന്ന ഒരു മാനസികാവസ്ഥയിലായിരുന്നെന്ന കാര്യം അറിയുന്നത് അപ്പോഴാണ്. അയാളുടെ പിതാവ് ജയിലിലായിരുന്നു. ജ്യേഷ്ഠന്‍ മരണപ്പെട്ടിരുന്നു. നാട്ടിലെ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ നെഞ്ചില്‍ തളംകെട്ടിനില്‍ക്കുമ്പോള്‍ അയാള്‍ക്കെങ്ങനെയാണ് മറ്റുള്ളവരോട് ആകര്‍ഷകമായി പെരുമാറാനാവുക.? ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം മുഖം മനസ്സിന്റെ കണ്ണാടി തന്നെയാണ്. പ്രവാസിയാകട്ടെ തന്റെ മനസ്സ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്തോറും പരാജയപ്പെടുന്നവനാണ്.
ഏതായാലും ചെറുപ്പക്കാരന്റെ അവസ്ഥ ഓണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ അയാളുടെ ശമ്പളവും മറ്റും കിട്ടി। ഇതുപോലെ എനിക്ക് പ്രവാസികളുടെ ജീവിത്തില്‍ ഇടപെടാന്‍ കഴിയുന്നുണ്ടെങ്കില്‍ അതൊരു നിയോഗം പോലെ സംഭവിച്ചുപോകുന്നതാണ്. എന്റെ ജീവിതം പോലെ, എനിക്കതില്‍ യാതൊരു നിയന്ത്രണവുമില്ല.
ഒരു നിയോഗം പോലെ കടന്നുവരുന്ന ഇടപെടലുകള്‍ക്കിടയില്‍ നിസ്സഹായനെന്ന് തോന്നിയ സന്ദര്‍ഭങ്ങളുണ്ടാകുമല്ലോ?

ഉണ്ടായിട്ടുണ്ട്। ആത്മവിമര്‍ശനം നടത്തുന്ന ഒരാളാണുഞാന്‍. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന പലതും ഞാന്‍ ചെയ്തില്ല എന്നൊരു ഖേദം നെഞ്ചില്‍ വിങ്ങലായി ബാക്കിയാവാറുണ്ട്.ഒരിക്കല്‍ ഒരാള്‍ മസ്‌ക്കറ്റില്‍ നിന്നു വിളിച്ചു. രക്തം ഛര്‍ദ്ദിച്ച് അവശനിലയിലാണ് അയാള്‍. എങ്ങനെയെങ്കിലും അയാള്‍ക്ക് നാട്ടിലെത്തണം. പക്ഷേ പാസ്‌പോര്‍ട്ടുമില്ല, വിസയുമില്ല. ഞാന്‍ എനിക്കു ബന്ധമുള്ള ചിലരെ വിളിച്ച് അയാളുടെ നമ്പര്‍ കൊടുക്കുകയും അയാള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ മരിച്ചെന്നറിഞ്ഞു. നിസ്സഹായനായ അയാള്‍ക്കുവേണ്ടി അതില്‍ കൂടുതലെന്തോ എനിക്ക് ചെയ്യാനുണ്ടായിരുന്നെന്നും ഞാനതു ചെയ്യാന്‍ ശ്രമിച്ചില്ലെന്നുമുള്ളൊരു കുറ്റബോധം എന്നെ പിന്നീട് വേട്ടയാടിക്കൊണ്ടിരുന്നു.ജീവിതം ബലികഴിച്ച് പ്രവാസിയുണ്ടാക്കുന്ന പണം കോണ്‍ക്രീറ്റ് വീടു വയ്ക്കാനും പെണ്‍മക്കളെ സ്‌ത്രീധനം കൊടുത്ത് കെട്ടിച്ചയക്കാനും മാത്രമായി ചെലവഴിക്കപ്പെടുന്നു എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ പ്രവാസിയുടെ ദുരന്തം ഇരട്ടിക്കുകയാണ്. പ്രവാസിയുടെ പണം ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാരില്‍നിന്നും സാമൂഹിക സംഘടനകളില്‍ നിന്നുമെല്ലാം ചില ശ്രമങ്ങളുണ്ടാവേണ്ടതല്ലേ?നോക്കൂ, ലോകത്തിലെ ഏറ്റവും വലിയ വീടുകള്‍ കേരളീയരുടേതാണ്. മറ്റെവിടെയും നമുക്കിത്ര കൂറ്റന്‍ വീടുകള്‍ കാണാനാവില്ല. വീടു വയ്ക്കാനും അതുപരിപാലിക്കാനും മാത്രമായി വീണുകിട്ടിയ ഒരു ജന്മം മുഴുവന്‍ ചെലവഴിക്കുന്ന ഒരു ജനതയെ മറ്റെവിടെ കണ്ടെത്താന്‍ കഴിയും? വളരെ സങ്കീര്‍ണ്ണമാണ് നമ്മുടെ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും. പ്രവാസികള്‍ക്ക് തങ്ങളുടെ ജന്മത്തിന്റെ വില എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം കാലം ഈ അവസ്ഥ തുടരുകയേ ഉള്ളൂ. പ്രവാസികള്‍ക്കുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ നിന്നോ സാമൂഹിക സംഘടനകളുടെ ഭാഗത്തുനിന്നോ ശരിയായ ആസൂത്രണത്തോടുകൂടിയ പദ്ധതികളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. പ്രവാസികളെ ബോധവത്കരിക്കാനും അവര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്ക്കരിക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാറിന്റെയും സാമൂഹിക സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടായെങ്കിലേ ഒരു പ്രവാസി ജീവിതകാലം മുഴുവന്‍ പ്രവാസിയാകുക എന്ന ദുരന്തത്തില്‍ നിന്ന് മോചിതനാവൂ.

xxxxxx

ശ്രീ പി.ടി.കുഞ്ഞുമുഹമ്മദുമായി ശ്രീ. കെ.എം. മുസ്‌തഫ് നടത്തിയ അഭിമുഖം

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

Sunday, December 6, 2009

ഒരു പേര്‌ നിര്‍ദ്ദേശിക്കൂ...

ഞങ്ങളുടെ സാംസ്കാരിക വേദിയുടെ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് അനുയോജ്യമായ ഒരു പേര്‌ ബൂലോകത്ത്‌ നിന്നും പ്രതീക്ഷിക്കുന്നു.ഗ്രാമീണതയുള്ള ഒരു മലയാളം പേര്‌ കൂടുതല്‍ അഭികാമ്യം.

Saturday, October 10, 2009

പോരാട്ടത്തിന്റെ ഇതിഹാസം

ലോകത്തിലെ എല്ലാ വിപ്ലവകാരികള്‍ക്കും എക്കാലവും ആവേശം ചൊരിയുന്ന സമരജീവിതത്തിന്റെ ഉടമായായ ചെ വീരമൃത്യു വരിച്ചിട്ട് ഇന്നേക്ക് 40 വര്‍ഷം। 1969 ഒക്ടോബര്‍ ഒമ്പതിനാണ് ലാറ്റിന്‍ അമേരിക്കന്‍ ഉപഭൂഖണ്ഡത്തെയാകെ പ്രകമ്പനം കൊള്ളിച്ച വിപ്ളവ സമരനായകനെ സാമ്രാജ്യത്വം കശാപ്പ് ചെയ്തത്.1928 ജൂൺ 14നാണ് ചെ അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ ജനിച്ചത്. ഫിദല്‍ കാസ്‌ട്രോയേക്കാള്‍ രണ്ടു വയസ്സിനിളപ്പം. ചെയുടെ മരണശേഷം ഒരിക്കല്‍ പിതാവ് ഗുവേരലിഞ്ച് മകനെപ്പറ്റി അഭിമാനപുളകിതനായി ഇപ്രകാരം പറഞ്ഞു. "എന്റെ മകന്‍ ക്യൂബന്‍വിപ്ളവത്തിന്റെ പടനായകരില്‍ ഒരാളായ മേജര്‍ ചെ ആയിത്തീര്‍ന്നതിനും പിന്നീട് ബൊളീവിയന്‍ പര്‍വതനിരകളിലേക്ക് അവൻ ആകര്‍ഷിക്കപ്പെട്ടതിനും പിന്നിൽ അവന്റെ പൂര്‍വികരുടെ സാഹസികത ഒരു കാരണമായിട്ടുണ്ടാകാം. എന്റെ മകന്റെ സിരകളില്‍ ഒഴുകുന്നത് ഐറിഷ് കലാപകാരികളുടെയും സ്പാനിഷ് പടയോട്ടക്കാരുടെയും അര്‍ജന്റീനിയന്‍ ദേശാഭിമാനികളുടെയും ചുടുരക്തമാണ്. പുത്തന്‍ ആശയങ്ങള്‍ അവന്റെ ചിന്തയ്ക്ക് കരുത്തുപകര്‍ന്നു. സാഹസികതയും വിപ്ളവബോധവും അവനെ തികഞ്ഞ വിപ്ളവകാരിയാക്കി മാറ്റി''.
1946 മുതല്‍ 1953 വരെ ചെ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു। '53ല്‍ മെഡിക്കല്‍ ബിരുദമെടുക്കുന്നതിനുമുമ്പുതന്നെ മിക്ക ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പര്യടനം നടത്തി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ പാവഭരണകൂടങ്ങളുടെ നിഷ്ഠുരമായ അടിച്ചമര്‍ത്തലുകള്‍ക്ക് തൊഴിലാളികളും കൃഷിക്കാരും ഇരയായിക്കൊണ്ടിരുന്നത് ചെയുടെ മനസ്സിനെ രോഷാകുലമാക്കി. 1953 ജൂലൈ 26ന് ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ വിപ്ളവകാരികള്‍ ബാറ്റിസ്റ്റയുടെ മോകാദ പട്ടാള ബാരക്കിനുനേരെ നടത്തിയ കലാപം ചെയുടെ വിപ്ളവചിന്തയില്‍ വമ്പിച്ച സ്വാധീനം ചെലുത്തി. ഈ സന്ദര്‍ഭത്തില്‍ ചെ ഗ്വാട്ടിമാലയിലായിരുന്നു. 1954ല്‍ തികഞ്ഞ ജനാധിപത്യവാദിയും ഗ്വാട്ടിമാലന്‍ പ്രസിഡന്റുമായ അര്‍ബന്‍സിനെതിരെ അമേരിക്കന്‍ സിഐഎയുടെ തണലില്‍ ഒരുവിഭാഗം പട്ടാളക്കാരും അര്‍ബന്‍സിനെ എതിര്‍ത്ത രാഷ്‌ട്രീയക്കാരും ചേര്‍ന്ന് കലാപം ആരംഭിച്ചു. ചെ അര്‍ബന്‍സുമായി കണ്ട് ഭരണത്തില്‍ ഉറച്ചുനില്‍ക്കാനും ജനങ്ങളെ സംഘടിപ്പിച്ച് പ്രതിവിപ്ലവശക്തികളെ അമര്‍ച്ച ചെയ്യാനും ഉപദേശിച്ചു. തികഞ്ഞ ബൂര്‍ഷ്വാ ജനാധിപത്യവാദിയായിരുന്നു അര്‍ബന്‍സ് എങ്കിലും സോവിയറ്റ് യൂണിയനുമായി നയതന്ത്രംബന്ധം സ്ഥാപിച്ചത് അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അര്‍ബന്‍സ് ചെയുടെ സഹായവാഗ്ദാനം സ്വീകരിച്ചെങ്കിലും അധികനാള്‍ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല.

പിന്നീട് ചെ മെക്സിക്കോയിലെത്തി ഡോക്ടറായി പ്രാക്ടീസ് തുടങ്ങി। ഈ സമയത്ത് ക്യൂബന്‍ ജയിലില്‍നിന്ന് മോചനംനേടിയ കാസ്‌ട്രോയും അനുയായികളും മെക്സിക്കോയിലെത്തി ഒളിപ്പോര്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചു। 1955ല്‍ കാസ്‌ട്രോയുമായി കാണുകയും അദ്ദേഹത്തിന്റെ സൈനിക യൂണിറ്റില്‍ അംഗമായി ചേരുകയും ചെയ്തു। പ്രസ്തുത സൈനിക യൂണിറ്റിലെ അംഗമെന്ന കാരണത്താല്‍ മെക്സിക്കന്‍ പൊലീസ് 1956ല്‍ ചെയെ അറസ്റ് ചെയ്തു. 1956 നവംബര്‍ 25ന് ഫിദല്‍ കാസ്‌ട്രോയുടെ വിപ്ളവസംഘത്തിലെ 81 ഉശിരന്‍ പോരാളികളില്‍ ഒരാളായി 'ഗ്രാന്‍മ' എന്ന നൌകയില്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. വിപ്ലവസംഘം ഡിസംബര്‍ രണ്ടിന് ക്യൂബന്‍ തീരത്തെത്തി. വിശ്വവിഖ്യാതമായ 'ഗ്രാന്‍മ' വിപ്ലവത്തില്‍ പങ്കെടുത്തതുമുതല്‍ 1959 വരെ ചെ ക്യൂബന്‍ വിപ്ലവസമരത്തിന് നിര്‍ണായകമായ നേതൃത്വം നല്‍കി. യുദ്ധത്തിനിടയ്ക്ക് ക്യൂബയില്‍വച്ച് ചെയ്ക്ക് ഒന്നില്‍ കൂടുതല്‍ തവണ പരിക്കേറ്റിരുന്നു.

1957 ജൂൺ അഞ്ചിന് ക്യൂബന്‍ വിപ്ലവ കമാന്‍ഡ് ചെയെ മേജറായും നാലാം കോളത്തിന്റെ കമാന്‍ഡറായും നിയമിച്ചു। ചെയുടെ നേതൃത്വത്തിലുള്ള പട്ടാളഗ്രൂപ്പ് ഗ്രാമപ്രദേശങ്ങളും പട്ടണങ്ങളും ഒന്നൊന്നായി മോചിപ്പിച്ചു. ബാറ്റിസ്റ്റ വെറുതെയിരുന്നില്ല. വിപ്ലവ നേതാക്കളുടെ തലയ്ക്ക് വിലപറഞ്ഞ് പ്രഖ്യാപനമിറക്കി. ബാറ്റിസ്റ്റയുടെ പ്രസിദ്ധമായ കമ്പാനക്കോട്ട ജനുവരി ഒന്നിനാണ് ചെയുടെ പട്ടാളം പിടിച്ചെടുത്തത്. 1959 ജനുവരി ഒന്നിന് അധികാരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റിസ്റ്റ പലായനംചെയ്തു. ജനുവരി എട്ടിന് ക്യൂബയുടെ വിപ്ലവ സമരനായകന്‍ ഫിദല്‍ കാസ്‌ട്രോ ഹവാനയിലെത്തി. വഴിനീളെ കര്‍ഷകരും തൊഴിലാളികളും പട്ടാളവിഭാഗങ്ങളും അടങ്ങിയ പതിനായിരങ്ങള്‍ കാസ്‌ട്രോയെ അഭിവാദ്യംചെയ്തു. ബാറ്റിസ്റ്റയുടെ പകരക്കാരനായ ജനറല്‍ കാന്‍ഡിലയ്ക്ക് 24 മണിക്കൂര്‍പോലും ഭരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

വിപ്ലവസമരത്തിന്റെ മുന്നേറ്റഘട്ടങ്ങളില്‍ വിപ്ലവകാരികളില്‍ അഭിപ്രായവ്യത്യാസവും സംശയവും ജനിപ്പിക്കുന്നതിന് ബൂര്‍ഷ്വാ പത്രങ്ങള്‍ പല കള്ളക്കഥയും പടച്ചുവിട്ടു। അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫിദല്‍ കാസ്‌ട്രോ ബാറ്റിസ്റയുടെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം ചെയ്‌തു എന്നുള്ള വാര്‍ത്തയായിരുന്നു. ബാറ്റിസ്റ്റയെ സഹായിക്കാന്‍ അമേരിക്കന്‍ ഭരണകൂടവും സിഐഎയും സദാ ജാഗരൂകമായിരുന്നു. ഇരുപതിനായിരത്തിലധികം ജനങ്ങളെ ബാറ്റിസ്റ്റയുടെ പട്ടാളം കൊലപ്പെടുത്തി. വിപ്ലവത്തോട് ആഭിമുഖ്യം കാണിച്ച കൃഷിക്കാരുടെ വയലുകളും തോട്ടങ്ങളും അഗ്നിക്കിരയാക്കി. 1959 ഫെബ്രുവരി ഒമ്പതിന് ക്യൂബന്‍ പ്രസിഡന്‍ഷ്യല്‍ ഡിക്രിയനുസരിച്ച് ചെയ്ക്ക് ക്യൂബന്‍ പൌരത്വം നല്‍കപ്പെട്ടു. നവംബര്‍ 26ന് ക്യൂബന്‍ ദേശീയ ബാങ്കിന്റെ ഡയറക്ടറായി. ക്യൂബന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ എന്നുള്ള നിലയ്ക്ക് സോവിയറ്റ് യൂണിയന്‍, ചൈന, ഉത്തരകൊറിയ, കിഴക്കന്‍ ജര്‍മനി, യൂഗോസ്ളാവിയ, സുഡാന്‍, ഈജിപ്ത്, സ്പെയിന്‍, ഇന്ത്യ, പാകിസ്ഥാന്‍, ബര്‍മ, ജപ്പാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1961 ഫെബ്രുവരി 23ന് ചെ ക്യൂബയുടെ വ്യവസായമന്ത്രിയായി.

ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ അതിരൂക്ഷമായ ആക്രമണമാണ് ചെയില്‍നിന്നുണ്ടായത്। 1965 മാര്‍ച്ചുവരെ ക്യൂബന്‍ സര്‍ക്കാരിന്റെ വിവിധ സമിതികളിലും പാര്‍ടി നേതൃനിരയിലും പ്രവര്‍ത്തിച്ചു. 1966 നവംബറില്‍ ബൊളീവിയയിലെത്തി. ഏറ്റവുമടുത്ത 17 പോരാളികളായ സുഹൃത്തുക്കളുമായിട്ടാണ് ചെ ക്യൂബ വിട്ടത്. ബാരിയന്റോസ് എന്ന ഏകാധിപതിയില്‍നിന്ന് ബൊളിവിയയെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബൊളീവിയയിലെ നങ്കാഹു വാസു നദിക്കരയില്‍ ആദ്യത്തെ ഒളിപ്പോര്‍ കേന്ദ്രം സ്ഥാപിച്ചു. ലോക വിപ്ലവചരിത്രത്തില്‍ എണ്ണംകൊണ്ട് അംഗബലംകുറഞ്ഞവര്‍ നടത്തിയ വിപ്ലവസമരമായിരുന്നു ചെയുടെ നേതൃത്വത്തില്‍ ബൊളീവിയയില്‍ നടന്നത്. ബൊളീവിയയിലെ ചെയുടെ പ്രവര്‍ത്തനകാലം അത്യന്തം അപകടകരവും സങ്കീര്‍ണവുമായിരുന്നു. പ്രതികൂല കാലാവസ്ഥ, പട്ടിണി, രോഗം, ശക്തരായ പട്ടാള വിഭാഗങ്ങളോടുള്ള ചെറുത്ത്നില്‍പ്പ്- ഇവയെല്ലാം സഹിച്ച് ഒരു വര്‍ഷകാലത്തോളം ബൊളീവിയയിലെ പാവങ്ങള്‍ക്കുവേണ്ടി പോരാടി.

ബാരിയന്റോസിന്റെ പട്ടാളം ചെയെയും കൂട്ടരെയും വധിക്കാന്‍ നിശ്ചയിച്ചു। സംശയമുള്ള വനപ്രദേശങ്ങള്‍ മുഴുവന്‍ മാസങ്ങളോളം വിമാന ബോംബ് ആക്രമണം നടത്തി. 1967 ഒക്ടോബര്‍ ആദ്യം ചെയുടെ വിപ്ളവസംഘത്തെ ബാരിയന്റോസിന്റെ പട്ടാളം വളഞ്ഞു. ചെയും കൂട്ടരും ധീരോചിതമായി പോരാടി. 1967 ഒൿടോബര്‍ ഏഴിന് ചെയ്ക്ക് വെടിയേല്‍ക്കുകയും തടവുകാരനാക്കപ്പെടുകയും ചെയ്‌തു. വിപ്ലവസമരത്തിനിടയ്ക്ക് ക്യൂബയിലും ബൊളീവിയയിലും ചെയുടെ വിപ്ലവവിഭാഗം തടവുകാരാക്കിയ പട്ടാള ഓഫീസര്‍മാരോടും പട്ടാളക്കാരോടും ചെ തികച്ചും മാന്യമായാണ് പെരുമാറിയത്. എന്നാല്‍, ബാരിയന്റോഴ്സിന്റെ ബൂര്‍ഷ്വാ പട്ടാളം ചെയോട് വളരെ ക്രൂരമായാണ് പെരുമാറിയത്. ഒക്ടോബര്‍ ഒമ്പതിന് ഹിഗുവേരഗ്രാമത്തിലുള്ള സ്കൂള്‍ മുറിയില്‍വച്ച് പട്ടാളക്കാര്‍ ചെയെ നിഷ്‌ഠൂരമായി വെടിവച്ചുകൊന്നു.

ഫിദല്‍ കാസ്‌ട്രോയും ഏണസ്‌റ്റോ ചെ ഗുവേരയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യാസം ഇന്ന് സഫലമായി വരികയാണ്. അവര്‍ വിതച്ച വിത്ത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയ്ക്ക് പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പാവസര്‍ക്കാരുകളെ വാഴിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. വെനസ്വേല, ഇക്വഡോര്‍, നിക്കരാഗ്വ, പരാഗ്വേ, ബ്രസില്‍, അര്‍ജന്റീന... തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ശക്തി ത്രസിച്ചുനില്‍ക്കുന്നു. അവര്‍ ആഗോളവല്‍ക്കരണത്തെയും സാമ്രാജ്യത്വത്തെയും വെല്ലുവിളിക്കുന്നു. ക്യൂബന്‍ വിപ്ലവസമരത്തില്‍ പങ്കെടുത്ത് വിജയിക്കുകയും അതിനുശേഷം തനിക്ക് ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും കൈവിട്ട് ബൊളീവിയയിലെത്തി വിപ്ലവത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച വിശ്വവിഖ്യാത പോരാളി ചെ എന്നും ജ്വലിക്കുന്ന ഓര്‍മയാണ്.

Tuesday, June 9, 2009

ലാവ്‌ലിന്‍ കേസ് ആരുടെ ഗൂഢാലോചന?

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ വൈദ്യുതിപദ്ധതികളുടെ നവീകരണം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ടെന്ന പേരില്‍ ഒരു രേഖ സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളും ചാനലുകളും ഒരേ ദിവസം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമാവുകയായിരുന്നു. നവീകരണ ജോലിയിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് സിഎജിയുടെ കണ്ടെത്തല്‍ എന്നും നവീകരണക്കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് കൊടുത്തത് എല്‍ഡിഎഫ് ഭരണകാലത്തായിരുന്നുവെന്നും മാധ്യമങ്ങള്‍ എഴുതി.ടിവി ചാനലുകളിലും പത്രങ്ങളിലും അനുദിനം നിറഞ്ഞുകവിഞ്ഞ വാര്‍ത്തകള്‍, വിശകലനങ്ങള്‍, ചര്‍ച്ചകള്‍. അരുതാത്തതെന്തോ നടന്നിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുണ്ടായി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ടിന്റെ അകമ്പടിയോടെ സംസ്ഥാനത്തിന് വന്‍നഷ്ടം വരുത്തിവച്ചുവെന്ന ആരോപണം. എഴുതിത്തയ്യാറാക്കിയ ഒരു തിരക്കഥയിലെന്നപോലെയാണ് കാര്യങ്ങള്‍ നടന്നത്.ഒരു പ്രമുഖ ഇംഗ്ളീഷ് പത്രത്തില്‍ ആദ്യവും തുടര്‍ന്ന് ഏതാനും മലയാളപത്രങ്ങളിലും നവീകരണകരാറിനെക്കുറിച്ച് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് 'തിരക്കഥ'യുടെ തുടക്കം. കോണ്‍ഗ്രസിലെ പിളര്‍പ്പ്, ഒമ്പത് എംഎല്‍എമാരുടെ രാജി, ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക്, വിദ്യാര്‍ഥിപ്രക്ഷോഭം, സ്‌മാര്‍ട് സിറ്റി അടക്കമുള്ള ആരോപണങ്ങള്‍- ഇങ്ങനെ യുഡിഎഫ് നിലയില്ലാക്കയത്തിലാണന്ന്. നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നു എന്ന വിവരവും പുറത്തുവന്നു.ആ സമയത്താണ് ഒരേ ദിവസം, വിവിധ പത്രങ്ങളിലും ടിവി ചാനലുകളിലും പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ നവീകരണപ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി എന്ന വന്‍ വാര്‍ത്ത അവതരിച്ചത്. ബൊഫോഴ്സിനേക്കാള്‍ വലിയ അഴിമതി നടന്നെന്നുവരെ ചിലര്‍ പറഞ്ഞുവച്ചു. സംഘടിതമായ പ്രചാരണം. ഇ കെ നായനാര്‍ നയിച്ച മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ, സിപിഐഎമ്മിനെതിരെ, ഒടുവില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ. കേട്ടപാതി, കേള്‍ക്കാത്തപാതി രോഷപ്രകടനവുമായി ചിലര്‍ ഇളകിയാടി. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാതെ, ആരോപണങ്ങളുടെയും അബദ്ധങ്ങളുടെയും പെരുമഴ പെയ്യിച്ചു. നിയമസഭയില്‍ അവിശ്വാസപ്രമേയചര്‍ച്ച അതിജീവിക്കാനുള്ള ആയുധമായി യുഡിഎഫ് അത് മുതലെടുത്തു. ആര്യാടന്‍ മുഹമ്മദിനെപ്പോലെ കേരള രാഷ്ട്രീയത്തിലെ പ്രഖ്യാപിതകുബുദ്ധികള്‍ തന്ത്രപൂര്‍വം കാര്യങ്ങള്‍ മെനഞ്ഞു.സിഎജി റിപ്പോര്‍ടുകള്‍ ഇതിനുമുമ്പും നിരവധി വന്നിട്ടുണ്ട്. തങ്ങള്‍ക്കുമുന്നില്‍ കിട്ടുന്ന വിവരങ്ങളും കണക്കുകളും വച്ചാണ് ആ റിപ്പോര്‍ട് തയാറാക്കുക. കരടു തയാറായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയക്കും. വന്ന പിശകുകളും പോരായ്മകളും അവര്‍ ചുണ്ടിക്കാട്ടുന്ന മുറയ്ക്ക് തിരുത്തി അവസാന റിപ്പോര്‍ട് തയാറാക്കുകയാണ് പതിവ്. ഇവിടെ, ഈ കേസില്‍ ചില ഓഡിറ്റര്‍മാരെയടക്കം സ്വാധീനിച്ച് തെറ്റായ നിഗമനങ്ങളിലെത്താന്‍ ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി.ഒരു വൈദ്യുതി പദ്ധതിയുടെ നിര്‍മാണം പോലെതന്നെ അങ്ങേയറ്റം സങ്കീര്‍ണമാണ് അതിനുള്ള കരാറുകളും. സാങ്കേതിക വൈദഗ്ധ്യമില്ലാത്തവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഒന്നും ഗ്രഹിക്കാനാവില്ല. അങ്ങനെയുള്ള സ്വാഭാവികമായ ദുര്‍ഗ്രാഹ്യത ഈ പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനൊരുങ്ങിയവര്‍ക്ക് സഹായകമായി എന്നു പറയാതെ വയ്യ. ഇന്നും അവര്‍ പ്രചരിപ്പിക്കുന്നത് 374 കോടി രൂപയുടെ പദ്ധതിയാണതെന്നാണ്. ആകെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന കമ്പനിക്ക് മൂന്നു പദ്ധതികളുടെയും നവീകരണത്തിനായി കൊടുത്തത് 185.10 കോടി രൂപ മാത്രമാണ്. വിദേശസാധനങ്ങള്‍, ഇന്ത്യന്‍ സാധനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനം, കണ്‍സള്‍ട്ടന്‍സി, പലിശ, ബാങ്ക് ചാര്‍ജുകള്‍, നികുതികള്‍ എന്നിങ്ങനെ എല്ലാ ചെലവും കൂട്ടിയാല്‍ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടത് 333.8 കോടി രൂപയാണ്. മൂന്നു പദ്ധതിയുടെയും വിദേശചെലവ് 185 കോടി, ഇന്ത്യന്‍ ചെലവ് 68 കോടി- ആകെ 253 കോടി. ബാങ്കിങ് ചാര്‍ജ്, അഡ്‌മിനിസ്ട്രേഷന്‍ ഫീ, പലിശ, കമിറ്റ്മെന്റ് ഫീ എന്നിവ ചേര്‍ത്ത് 79 കോടി. അതില്‍ കനഡയില്‍നിന്ന് സാധന സാമഗ്രികള്‍ വാങ്ങിയതിന്റെ ചെലവ് 163.84 കോടി രൂപയാണ്.ഇതെല്ലാം വെറുതെ പറയുന്ന കണക്കല്ല-മറിച്ച് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും രേഖകളിലുള്ളതാണ്. ആകെ 333കോടി ചെലവിടുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി പന്ത്രണ്ടു കോടിരൂപ ഗ്രാന്റ് ഇതിനകം വാങ്ങിയെടുക്കുകയും ചെയ്ത ഒരു പദ്ധതി എങ്ങനെ 374 കോടി രുപയുടേതാകും? ആ പദ്ധതികളില്‍നിന്ന് നവീകരണത്തിനു ശേഷം 1100 കോടി രൂപയുടെ വൈദ്യുതി (യൂണിറ്റൊന്നിന് മൂന്നുരൂപ വച്ച്) ഇതിനകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അതായത്, കാലപ്പഴക്കംകൊണ്ട് ഞെങ്ങിഞെരുങ്ങി നീങ്ങിയ യന്ത്രങ്ങള്‍ മുഴുവന്‍ മാറ്റി പുതിയ മൂന്നു പദ്ധതികളായാണ് ഇന്നവ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ മാറ്റിയതിന്റെ ഗുണം ഉല്‍പ്പാദനത്തിലുമുണ്ട്-വര്‍ധന ഇരുപതു ശതമാനത്തോളമാണ്.സിഎജി ഓഡിറ്റ് ചെയ്യാനെടുത്ത രണ്ടുവര്‍ഷങ്ങള്‍ മഴ ഏറ്റവും കുറഞ്ഞവയാണ്. ആ വര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ എല്ലാ ജലപദ്ധതികളിലും ഉല്‍പ്പാദനം കുറഞ്ഞു. അതിനനുസരിച്ച് ഈ മൂന്നു നിലയങ്ങളിലും. ജലവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കുന്നത് സ്ഥാപിത ശേഷി നോക്കിയല്ല. വെള്ളമുണ്ടെങ്കിലേ ടര്‍ബൈന്‍ കറങ്ങൂ. മഴ കുറഞ്ഞാല്‍ വെള്ളം കുറയും; ഉല്‍പ്പാദനവും കുറയും. കഴിഞ്ഞ വര്‍ഷം ഇത്രയുണ്ടായില്ലേ, ഇക്കൊല്ലം എന്തേ കുറഞ്ഞുപോയത് എന്ന് ചോദിക്കുമ്പോള്‍ രണ്ടുവര്‍ഷത്തെയും മഴയുടെ ലഭ്യതയും സംസ്ഥാനത്താകെയുള്ള ഉല്‍പ്പാദന ശരാശരിയും നോക്കേണ്ടിവരുമെന്നര്‍ഥം. അതു നോക്കാതെയായിരുന്ന സിഎജിയുടെ റിപ്പോര്‍ട്. വൈദ്യുതി ബോര്‍ഡ് അക്കാര്യം പിന്നീട് വിശദമായി രേഖപ്പെടുത്തി സിഎജിക്ക് മറുപടി നല്‍കിയിട്ടുമുണ്ട്.കേരളത്തിലെ ആദ്യത്തെ വൈദ്യുത പദ്ധതിയാണ് പള്ളിവാസല്‍. തൊട്ടു പിന്നില്‍ വന്നവയാണ് ശെങ്കുളവും പന്നിയാറും. മൂന്നും കാലപ്പഴക്കം നിമിത്തം ഇഴഞ്ഞുനീങ്ങുന്നവയായിരുന്നു-40-50 വര്‍ഷം പഴക്കമുള്ളവ. മൂന്നു പദ്ധതികളുടെയും ജനറേറ്റര്‍ ഉള്‍പടെയുള്ള യന്ത്രങ്ങളുടെ ആയുസ്സ് മുപ്പത്തിയഞ്ചു വര്‍ഷമായിരുന്നു. അതു കഴിഞ്ഞതിനാല്‍ നവീകരണം അനിവാര്യമായിരുന്നു. പഴകിയ യന്ത്രങ്ങള്‍ക്ക് ഇടക്കിടെയുണ്ടാകുന്ന തകരാറ് കാരണം ഉല്‍പാദനം നിര്‍ത്തിവയ്ക്കുന്നത് ബോര്‍ഡിനു വലിയ നഷ്ടമുണ്ടാക്കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് നവീകരണത്തിന് ബോര്‍ഡ് തീരുമാനിച്ചത്.ലാവ്‌ലിന്‍ കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പുവച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ കരാര്‍ ഉണ്ടാക്കിയത് അവരായിരുന്നു. ഈ കരാര്‍പ്രകാരം പദ്ധതിയുടെ രൂപരേഖയുടെയും നടത്തിപ്പിന്റെയും സാധനസാമഗ്രികള്‍ വാങ്ങുന്നതിന്റെയും ഉപദേശ-മേല്‍നോട്ടം എസ്എന്‍സി ലാവ്‌ലിനായിരുന്നു. കണ്‍സള്‍ട്ടന്‍സി ഫീസായി 24.4 കോടി രൂപയ്ക്ക് എസ്എന്‍സി ലാവ്‌ലിന് നിശ്ചയിച്ചു. ഈ ഒറിജിനല്‍ കരാറിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ 1997 ഫെബ്രുവരിയിലും 1998 ജൂലൈയിലും രണ്ട് അനുബന്ധകരാറുകള്‍ കൂടി ഒപ്പുവച്ചു. ഈ കരാറുകള്‍ യന്ത്രസാമഗ്രികളും സ്പെയര്‍പാര്‍ട്കളും വാങ്ങുന്നത് സംബന്ധിച്ചുള്ളതാണ്. ലാവ്‌ലിന്‍ ഇടപാട് സംബന്ധിച്ച് വൈദ്യുതിബോര്‍ഡ് നിയമസഭയുടെ ജലസേചനവും വൈദ്യുതിയും സംബന്ധിച്ച നിയമസഭാകമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ടില്‍ യുഡിഎഫ് ഉണ്ടാക്കിയ കരാറിന്റെ തുടര്‍ച്ചയും കൂട്ടിച്ചേര്‍ക്കലുമാണ് എല്‍ഡിഎഫ് ഉണ്ടാക്കിയ കരാര്‍ എന്നത് സമ്മതിച്ചിട്ടുള്ളതാണ്. "24.2.1996ലെ കണ്‍സള്‍ട്ടന്‍സി കരാറിന്റെ തുടര്‍ച്ചയായും കൂട്ടിച്ചേര്‍ക്കലുമാണ് 10.2.1997ലെ രണ്ടാമത്തെയും 6.7.1998ലെ മൂന്നാമത്തെയും കരാറുകള്‍. ഇതുമൂലമാണ് 24.2.96ലെ കരാറിനെ ഒറിജിനല്‍ എഗ്രിമെന്റ് എന്നു പറഞ്ഞിരിക്കുന്നത്.''കേരളം നേരിട്ട ഗുരുതരമായ വൈദ്യുതിപ്രതിസന്ധി തരണംചെയ്യാനാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശം അവഗണിച്ച് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കാന്‍ 1995-ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ജൂലൈ 19ന് നിയമസഭയില്‍ വ്യക്തമാക്കിയത്. നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കാര്‍ത്തികേയന്റെ വിശദീകരണം. അതോടെ, ഈ പ്രശനം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ലാവ്‌ലിന്‍ കേസിനെ രാഷ്ട്രീയ ആയുധമാക്കാന്‍ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ വൈരനിര്യാതന കുബുദ്ധികള്‍ അടങ്ങിയിരുന്നില്ല.ആഗോള ടെന്‍ഡര്‍ വിളിക്കാത്തതെന്തുകൊണ്ട് ?കനേഡിയന്‍ സ്ഥാപനങ്ങളായ ഇഡിസിയുടെയും സിഐഡിഎയുടെയും വായ്പ കാനഡയില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വാങ്ങാമെന്ന വ്യവസ്ഥയിന്മേലാണ്. 1996 ഫെബ്രുവരി 24 ന്റെ കരാറിലെ വ്യവസ്ഥയാണത്. കാനഡയിലെ നിര്‍മാതാക്കളുടെ വിലകള്‍ വാങ്ങി അതിന്റെ പട്ടിക ആ കരാറിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. കാനഡയില്‍നിന്നുതന്നെ സാധനങ്ങള്‍ വാങ്ങേണ്ടതുകൊണ്ട് 'ഗ്ളോബല്‍' ടെന്‍ഡര്‍ വിളിക്കാനാവില്ല. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെയുള്ള വഴിയാണ് ധാരണാപത്രത്തിലൂടെ ജി കാര്‍ത്തികേയന്റെ കാലത്ത് തുറന്നത്. ആ ധാരണാപത്രത്തില്‍ മുറുകെപിടിച്ചാണ് 96ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ നയം തന്നെയായിരുന്നു. കാനഡയുടെ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ കിട്ടുന്നത്, അവരുടെ രാജ്യത്ത് നിന്നുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാന്‍തന്നെയാണ്. ആ പണം ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനാവില്ല.1997ല്‍ അനുബന്ധ കരാര്‍ ഒപ്പിട്ടശേഷം സാധനങ്ങളുടെ വില അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷ (എന്‍എച്ച്പിസി) നോട് ചോദിച്ചു. ഉറപ്പുവരുത്താനാണ് ചോദിച്ചത്. അതുസംബന്ധിച്ച് വൈദ്യുതിബോര്‍ഡിന്റെ മിനിട്സ് ഉണ്ട്. അത് ഇപ്രകാരം; "എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് പരിശോധിക്കലാണ്. എല്ലാ രേഖകളും സമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് എടുത്തുപറയേണ്ടതാണ്''. പൊതുവില്‍ വിലകള്‍ കൂടുതലാണെന്ന് എന്‍എച്ച്പിസി പറയുന്നില്ല. "പൊരുത്തപ്പെടുന്നത്'' എന്നാണ് പറയുന്നത്. ചിലതിന്റെ വില കൃത്യമായി കണക്കാക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും എന്‍എച്ച്പിസിക്ക് കിട്ടിയിരുന്നില്ല. എന്നിട്ടും, വിലകള്‍ അസ്വീകാര്യമാണെന്നോ, അംഗീകരിക്കരുതെന്നോ അവര്‍ ശുപാര്‍ശ ചെയ്തിട്ടില്ല.ആഗോള ടെന്‍ഡറിലൂടെയല്ലാതെ പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനിച്ചുവെന്നും എന്നാല്‍, കാനഡയില്‍നിന്ന് കിട്ടിയ വിലനിലവാരം പരിശോധിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റുകാലത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അവരുടെ റിപ്പോര്‍ടിന്റെ വെളിച്ചത്തിലാണ് തുടര്‍നടപടിയുണ്ടായതെന്നും ഇവിടെ വ്യക്തമാകുന്നു.ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് കരാറുകളില്‍ ഏര്‍പ്പെട്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. ആഗോളടെന്‍ഡര്‍ വിളിക്കാതെ ധാരണാപത്രം ഒപ്പിട്ട് കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ച ജി കാര്‍ത്തികേയനാണ് ഇതിന് മറുപടി പറയേണ്ടത്. 1996 വരെ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നില്ല എന്നതും പ്രസ്താവിക്കേണ്ടതുണ്ട്. ധാരണാപത്രം അഥവാ എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്ന് കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നു.കടവൂര്‍ ശിവദാസന്‍ 25-6-2002ല്‍ കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ക്ക് നിയമസഭയില്‍ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു."ചോദ്യം: മേല്‍പറഞ്ഞ പ്രവൃത്തികള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നുവോ? ഇല്ലെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഇങ്ങനെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വിദേശ കമ്പനിക്ക് നല്‍കുന്നത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് ഗവണ്‍മെന്റ് കരുതുന്നുണ്ടോ?''"ഉത്തരം: "ഇല്ല'. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന കീഴ്വഴക്കമുണ്ട്.''ധാരണാപത്രമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തില്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിന് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കാനഡ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ ഉപയോഗിച്ചുകൊണ്ടാണല്ലോ യന്ത്രസാമഗ്രികള്‍ വാങ്ങേണ്ടത്. കാനഡയില്‍ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ വാങ്ങുന്നതിനേ ഈ പണം ഉപയോഗിക്കാന്‍ പാടുള്ളൂ. കാനഡയില്‍ നിന്നുള്ള കയറ്റുമതി സഹായവായ്പ ഉപയോഗപ്പെടുത്തി മറ്റു രാജ്യങ്ങളില്‍നിന്ന് ചരക്കുകള്‍ വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് വാദിക്കുന്നത് വിചിത്രംതന്നെ.ആഗോള ടെന്‍ഡര്‍ വിളിക്കാതെ യന്ത്രസാമഗ്രികള്‍ വാങ്ങിയതിന്റെ ഫലമായി അമിതവില നല്‍കേണ്ടിവന്നു എന്നും സംസ്ഥാനത്തിന് ധനനഷ്ടമുണ്ടായി എന്നുമുള്ളതാണ് അടുത്തവിമര്‍ശനം. ഒരു മെഗാവാട്ട് വൈദ്യുതിക്കു നേര്യമംഗലം, ശബരിഗിരി പദ്ധതികളുടെ നവീകരണത്തിന് വേണ്ടിവന്നതിനേക്കാള്‍ ചെലവ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് വേണ്ടിവന്നു എന്നാണ് വാദം. ഇത്തരം താരതമ്യകണക്കുകളുടെ പരിമിതികള്‍ മനസ്സിലാക്കിയിരിക്കുന്നതും നന്ന്. ഏതാണ്ടെല്ലാ യന്ത്രസാമഗ്രികളും പഴക്കം ചെന്നിരുന്നതിനാല്‍ പള്ളിവാസലില്‍ എല്ലാം മാറ്റിവയ്ക്കപ്പെട്ടു. താരതമ്യം ചെയ്യുന്ന മറ്റു പല പദ്ധതികളിലും ഇത്തരത്തില്‍ സമൂലമായ മാറ്റം നടത്തിയിട്ടില്ലായെന്നത് അവഗണിച്ചുകൊണ്ടാണ് താരതമ്യകണക്കുകള്‍ നിരത്തുന്നത്. മാത്രമല്ല ഓരോ ജലവൈദ്യുത പദ്ധതിക്ക് തനതായ സവിശേഷതകള്‍ ഉള്ളതുമൂലം സാര്‍വത്രികമായ ഒരു നിരക്ക് സാധ്യമല്ല.ഇതിനേക്കാളേറെ പ്രധാനപ്പെട്ട അടിസ്ഥാനപരമായ ഒരു വസ്തുതയുണ്ട്. യന്ത്രസാമഗ്രികളുടെ വിലകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തല്ല നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇവ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചത് 1995ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ചീഫ് എന്‍ജിനിയര്‍ര ാധാകൃഷ്ണപിള്ളയാണ്. മാത്രവുമല്ല 1996 ഫെബ്രുവരിയില്‍ യുഡിഎഫ് ഉണ്ടാക്കിയ കള്‍സള്‍ട്ടന്‍സി കരാറില്‍ യന്ത്രസാമഗ്രികളുടെ വാങ്ങലിന്റെ മേല്‍നോട്ടത്തിന് ലാവ്‌ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുകയും കരാറിന്റെ അനുബന്ധമായി ഓരോയിനം യന്ത്രത്തിനുമുള്ള വില ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് ഇപ്രകാരം 1995ല്‍ നിശ്ചയിച്ച് 1996ല്‍ കരാറില്‍ ഉള്‍പ്പെടുത്തിയ വിലയ്ക്ക് യന്ത്രസാമഗ്രികള്‍ സപ്ളൈ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമായിരുന്നു.അന്താരാഷ്ട്ര വിലകളും ഭെല്ലിന്റെ ഓഫറുംയുഡിഎഫ് നിശ്ചയിച്ച ഈ വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് നാഷണല്‍ ഹൈഡല്‍ പവ്വര്‍ കോര്‍പറേഷനെക്കൊണ്ട് ഒരന്വേഷണവും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുകയുണ്ടായി. എന്‍എച്ച്പിസി എത്തിച്ചേര്‍ന്ന നിഗമനം സാധനസാമഗ്രികള്‍ക്കു നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്ര നിലവാരവുമായി ഒത്തുപോകുന്നതാണ് എന്നാണ്. ഇതു സംബന്ധിച്ച് 1998 ജനുവരി 13 ന്റെ വൈദ്യുതിബോര്‍ഡിന്റെ യോഗ മിനിറ്റ്സില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്:"എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്നു പരിശോധിക്കലാണ്. എല്ലാ രേഖകളുംസമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്''.ഭെല്‍ 100 കോടി രൂപയ്ക്ക് ചെയ്യാമെന്നു പറഞ്ഞ പദ്ധതിയാണ് ഇരട്ടിയിലേറെ പണച്ചെലവുണ്ടാക്കി ലാവ്‌ലിന്‍ കമ്പനി വഴി നടത്തിയത് എന്ന് നേരത്തെ യുഡിഎഫും ഇപ്പോള്‍ സിബിഐയും പറയുന്നുണ്ട്. ഭെല്ലിന് പദ്ധതിയുടെ ചുമതലയേല്‍പ്പിക്കാന്‍ കഴിയാത്തവിധം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞതായി നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇവിടെ ഭെല്‍ അല്ല മറ്റൊരു കമ്പനിയും ഒരു നിര്‍ദേശവും സമര്‍പ്പിച്ചിരുന്നില്ല എന്നാണ് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ തന്നെ നിയമസഭയില്‍, ചോദ്യത്തിനുത്തരമായി ബി വിജയകുമാര്‍ തുടങ്ങിയവര്‍ക്ക് 16-10-2001ല്‍ നല്‍കിയത്.വൈദ്യുതിബോര്‍ഡും ക്യാന്‍സര്‍ ചികില്‍സയും തമ്മില്‍ എന്തു ബന്ധമെന്ന് സാമാന്യയുക്തിയില്‍ ഉദിക്കാവുന്ന ചോദ്യമാണ്. ഇക്കഴിഞ്ഞ ദിവസം ടിവിആര്‍ ഷേണായി ഇങ്ങനെയൊരു ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇന്നത്തെ ആഗോളവായ്പാ കച്ചവട സംരംഭങ്ങളുടെ സങ്കീര്‍ണ പശ്ചാത്തലത്തിലേ ഇത് മനസ്സിലാക്കാനാവൂ.പല വികസിത രാജ്യങ്ങളും തങ്ങളുടെ ബജറ്റിന്റെ ഒരു നിശ്ചിത വിഹിതമോ തുകയോ അവികസിതരാജ്യങ്ങള്‍ക്ക് ആതുരശുശ്രൂഷ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഗ്രാന്റായി നല്‍കാറുണ്ട്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികള്‍ അധികാരത്തിലിരുന്ന സമയത്ത് ചില സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഗ്രാന്റുകള്‍ നല്‍കണമെന്നത് നിയമവ്യവസ്ഥപോലുമാക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ഇത്തരം സഹായങ്ങള്‍ കുറഞ്ഞുവരികയാണ്. കാനഡപോലുള്ള രാജ്യങ്ങളാവട്ടെ ഇത്തരം സഹായങ്ങളെ തങ്ങളുടെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിന് കരുവായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.കാനഡയില്‍നിന്ന് ചരക്കുകളും മറ്റും വാങ്ങുന്നതിന് പ്രോല്‍സാഹനമായി വായ്പകള്‍ മാത്രമല്ല ഈ വ്യാപാരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും വിദ്യാഭ്യാസം/ ആരോഗ്യം/ ദാരിദ്യ്രനിര്‍മാര്‍ജനമേഖലകളില്‍ ഗ്രാന്റുകൂടി നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കുന്നു. അവികസിത രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഗ്രാന്റുകള്‍ വ്യാപാര പ്രോല്‍സാഹനാര്‍ഥം ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം ഗ്രാന്റുകള്‍ വ്യാപാരകരാറില്‍ സാധാരണഗതിയില്‍ ഉള്‍പ്പെടില്ല. പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ല എന്ന നാട്യത്തില്‍ പ്രത്യേക ധാരണാപത്രം തയ്യാറാക്കുകയാണ് പതിവ്.പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണ പദ്ധതിയുടെ തുടക്കം മുതലുള്ള ചര്‍ച്ചയില്‍ ഗ്രാന്റിന്റെ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. അധികാരത്തിലേറിയയുടന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ വി രാജഗോപാല്‍ നല്‍കിയ കത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞതിനാല്‍ പദ്ധതി പ്രായോഗികമാകുന്നതിനുള്ള നടപടികളെ കുറിച്ചാണ് കത്തില്‍ പ്രതിപാദിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുകയുണ്ടായി.ഈ സന്ദര്‍ശനവേളയില്‍ ലാവ്‌ലിന്‍ കമ്പനിയുമായി യുഡിഎഫ് ഉണ്ടാക്കിയ വ്യവസ്ഥകളില്‍ മൂന്ന് നേട്ടങ്ങളുണ്ടായി.ഒന്നാമത്തേത് 182 കോടി രൂപയുടെ വിദേശസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം 149 കോടി രൂപയുടെതുമതി എന്നു തീരുമാനിച്ചു.രണ്ട്, 7.81 ശതമാനത്തിലധികമാണ് പലിശ ലാവ്‌ലിന്‍ ആവശ്യപ്പെട്ടത്. അത് 6.8 ശതമാനമാക്കി കുറച്ചു.മൂന്നാമതായി 45 കോടി ഗ്രാന്റായി നല്‍കാം എന്നുള്ളത് 98 കോടി രൂപയായി വര്‍ധിപ്പിച്ചു. ഈ പണംകൊണ്ട് മലബാറില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും ധാരണയായി. ഇവയാണ് യുഡിഎഫ് ധാരണയില്‍നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ വരുത്തിയ മാറ്റം.ക്യാന്‍സര്‍ സെന്ററിനുള്ള 98 കോടി രൂപ സംബന്ധിച്ച് ഒരു ധാരണാപത്രം പിന്നീട് ഒപ്പുവച്ചു. അതുപ്രകാരം ക്യാന്‍സര്‍ ആശുപത്രിക്കുള്ള വിശദമായ പ്രൊജക്ട് ലാവ്‌ലിന്‍ കമ്പനിതന്നെ തയ്യാറാക്കുമെന്നും ആശുപത്രി സംയുക്ത മേല്‍നോട്ടത്തില്‍ ലാവ്‌ലിന്‍ കമ്പനി മുഖേന സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കുമെന്നുമാണ് കരാര്‍. ഇതു വൈദ്യുതിബോര്‍ഡിന്റെ പൂര്‍ണയോഗം അംഗീകരിക്കുകയും ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.ക്യാന്‍സര്‍ ആശുപത്രിയുടെ ആദ്യഘട്ടം 12 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കി. ഇത്രയുംപോലും വിദേശധനസഹായം ലഭിച്ചോ എന്ന് തര്‍ക്കം ഉന്നയിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് പരിശോധിക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ക്യാന്‍സര്‍ ആശുപത്രിയുടെ പുരോഗതിയും മന്ദീഭവിച്ചു. പിന്നീടാകെ നടന്ന പ്രവര്‍ത്തനം ഒരുകോടി രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഉല്‍ഘാടനം ചെയ്ത ബ്ളഡ്ബാങ്കാണ്. ധാരണയനുസരിച്ച് ഔപചാരിക കരാറിലേര്‍പ്പെടണമെന്ന് ലാവ്‌ലിന്‍ കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. ധാരണാപത്രം പുതുക്കണമെന്ന് എല്ലാവരും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എസ്എന്‍സി പല തവണ മുഖ്യമന്ത്രിക്കും മന്ത്രിക്കും കത്ത് അയച്ചതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നിട്ടും എംഒയു പുതുക്കിയില്ല. അത് താനേ കാലഹരണപ്പെടട്ടേ എന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. രണ്ടുവര്‍ഷത്തോളം കരടുകരാര്‍ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ പൂഴ്ത്തിവച്ചു. തങ്ങള്‍ പണം സമാഹരിച്ച് തരാം അതിന് സഹായകമായി ഒരു അപ്രിസിയേഷന്‍ ലെറ്റര്‍ തരണം, ധാരണാപത്രത്തിന് പകരമായ കരാറില്‍ ഒപ്പിടണം എന്ന് എസ്എന്‍സി ആവശ്യപ്പെടുന്ന കത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ക്രിമിനല്‍ നിഷ്ക്രിയത്വവും നിഷേധാത്മകതയും മൂലമാണ് ധാരണാപത്രം കാലഹരണപ്പെട്ടത്.കേരളത്തിന് ലഭിക്കേണ്ടുന്ന 98 കോടി ഗ്രാന്റില്ലാതാക്കിയവര്‍ എല്‍ഡിഎഫിനുനേരെ അഴിമതിയായി ആരോപിക്കുകയാണ്. 98 കോടിയില്‍ 12 കോടിയുടേതിനേ കണക്കുള്ളൂ. ബാക്കിയുള്ളത് എവിടെപ്പോയി എന്നാണ് ചോദ്യം! ആ ചോദ്യം ഇപ്പോള്‍ സിബിഐയും ആവര്‍ത്തിക്കുകയാണ്. യുഡിഎഫ് നേതാക്കളുടെ പ്രസംഗം അന്വേഷണ റിപ്പോര്‍ടായി എഴുതിവയ്ക്കലാണോ സിബിഐയുടെ ജോലി? എസ്എന്‍സി ലാവ്‌ലിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊടുക്കേണ്ട തുക കൃത്യമായി കൊടുത്ത് തീര്‍ത്ത യുഡിഎഫ് സര്‍ക്കാര്‍ ക്യാന്‍സര്‍ ആശുപത്രിയിലേക്കുള്ള ഗ്രാന്റ് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിന് കേരളത്തിലെ ജനങ്ങളോട് അവര്‍ മറുപടി പറഞ്ഞേ തീരൂ.ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിനുള്ള പണം യഥാര്‍്ഥത്തില്‍ പണമായിട്ടല്ല കിട്ടുന്നത്. ആശുപത്രിയുടെ പണി ചെയ്യുന്ന ഏജന്‍സിക്ക് എസ്എന്‍സി നേരിട്ട് പേയ്മെന്റ് നടത്തുകയാണ്. ആശുപത്രി നിര്‍മാണത്തില്‍ പ്രാഗല്‍ഭ്യമുള്ള ടെക്നിക്കാലിയ എന്ന കമ്പനിക്കാണ് നിര്‍മാണക്കരാര്‍ നല്‍കിയത്. അത് ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരമാണ്. പതിനേഴ് കൊല്ലമായി ആശുപത്രി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെയും വിദേശത്തെയും കൂറ്റന്‍ ആശുപത്രികള്‍ നിര്‍മിച്ച് പരിചയമുള്ള സ്ഥാപനമാണ് ടെക്നിക്കാലിയ. ആ സ്ഥാപനത്തെക്കുറിച്ച് ദുരാരോപണങ്ങളുന്നയിച്ചും ദുരൂഹത വളര്‍ത്തിയും വിവാദം സൃഷ്ടിക്കാനുള്ള ശ്രമവും 'ലാവ്‌ലിന്‍ കേസി'നോടനുബന്ധിച്ചുണ്ടായി.2001 ഒക്ടോബര്‍ മുതല്‍ 2003 ഫെബ്രുവരി വരെയുള്ള കാലത്താണ് നവീകരിച്ച പദ്ധതികള്‍ കമീഷന്‍ ചെയ്തത്. ആ സമയത്ത് ആശുപത്രിക്കുള്ള പണം വാങ്ങിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. നാട്ടിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ ചികില്‍സക്കായി സ്ഥാപിച്ച ആതുരാലയത്തിന്റെ വികസനം മുടക്കിയാണ് യുഡിഎഫ് രാഷ്ട്രീയം കളിച്ചത്. 2001നുശേഷം 101 കോടി രൂപ എസ്എന്‍സി ലാവ്‌ലിന് കരാര്‍ തുക നല്‍കിയിട്ടുണ്ട്.ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്പ്രശ്നങ്ങള്‍ പഠിച്ച് കേരളത്തിന്റെ വൈദ്യുതിവികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഇ ബാലാനന്ദന്‍ അധ്യക്ഷനായി 'പവര്‍ ഡെവലപ്മെന്റ് കമ്മിറ്റിയെ എല്‍ഡിഎഫ് ഗവണ്‍മെന്റ് '96 സെപ്തംബര്‍ 19ന് നിയോഗിക്കുന്നത്. നാലുമാസത്തെ വിശദമായ പഠനത്തിനുശേഷം 39 നിര്‍ദേശങ്ങളാണ് ആ കമ്മിറ്റി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. മൂന്നിനങ്ങളാണ് കമ്മിറ്റിയുടെ പഠനത്തിനായി ഗവണ്‍മെന്റ് നിശ്ചയിച്ചത്.1. ആവശ്യമനുസരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ കെഎസ്ഇബിക്ക് ഉണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തല്‍, ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി മാറ്റണോ എന്ന് നിര്‍ദേശിക്കല്‍.2. വരുംവര്‍ഷങ്ങളിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ഉല്‍പ്പാദന- പ്രസരണ- വിതരണ മേഖലയിലെ പ്രവര്‍ത്തനം വേഗംകൂട്ടാനുള്ള നടപടികള്‍ നിര്‍ദേശിക്കല്‍.3. അധികരിച്ച ആവശ്യത്തിന് അനുസരിച്ച് ഫണ്ട് എങ്ങനെ സ്വരൂപിക്കാം എന്നത്.പൊതുവായ ഈ വിഷയങ്ങള്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പള്ളിവാസല്‍- ചെങ്കുളം- പന്നിയാര്‍ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിനമായി കമ്മിറ്റി ഉള്‍പ്പെടുത്തി.1997 ഫെബ്രുവരി രണ്ടിനാണ് ബാലാനന്ദന്‍ റിപ്പോര്‍ട് നല്‍കുന്നത്. അതിന് രണ്ടുവര്‍ഷംമുമ്പുതന്നെ കരാറായ ഒന്ന് ആ ഘട്ടത്തില്‍ പുനഃപരിശോധിക്കുക അസാധ്യമായിരുന്നു. അക്കാര്യം ബാലാനന്ദന്‍തന്നെ ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചതാണ്.എല്‍ഡിഎഫ് ഗവണ്‍മെന്റ് ഒരു ബഹുരാഷ്ട്ര കുത്തകയെയും കേരളത്തിന്റെ വൈദ്യുതിമേഖലയിലേക്ക് കൊണ്ടുവന്നിട്ടില്ല. പിണറായി വിജയന്‍ വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച് അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കിയ ഒന്നാണ് കോഴിക്കോട്ടെ ഡീസല്‍ വൈദ്യുതിനിലയം. നിശ്ചിത കാലത്തിനുമുമ്പ് പണി പൂര്‍ത്തിയാക്കി റെക്കോഡ് സൃഷ്ടിച്ച പദ്ധതിയാണ് ഇത്. അതിന്റെ പൂര്‍ണമായ കരാര്‍ നല്‍കിയത് ഭെല്ലിനാണ്. നിര്‍മാണ മേല്‍നോട്ടച്ചുമതല പൊതുമേഖലാസ്ഥാപനം തന്നെയായ എന്‍ടിപിസിക്കാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തുതന്നെ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കിയ മറ്റൊരു പദ്ധതി കായംകുളം താപനിലയമാണ്. അതും പൊതുമേഖലയിലാണ്. വൈദ്യുതിമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട 13 ധാരണാപത്രങ്ങളിലൊന്നാണ് മഞ്ചേശ്വരത്തേത്. അതാണ് കെ പി പി നമ്പ്യാര്‍ ഏറ്റെടുത്ത് കണ്ണൂര്‍ പവര്‍ പ്രോജക്ടാക്കി എന്‍റോണ്‍ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ മുതിര്‍ന്നത്. ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടത് യുഡിഎഫ് അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ്.ബോർഡ് പറഞ്ഞത്പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉദ്ദേശിച്ചപോലെ അതിന്റെ പ്രയോജനം കേരളത്തിനു ലഭിക്കുന്നുണ്ടെന്നും ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് അക്കൌണ്ടന്റ് ജനറലിന് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പറയുന്നു. ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി എം മനോഹരനാണ് റിപ്പോര്‍ട് നല്‍കിയത്.ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ഇതുവരെ യുഡിഎഫ് പറഞ്ഞുനടന്നതും ഇപ്പോള്‍ അവര്‍ സിബിഐയെക്കൊണ്ട് പറയിച്ചതുമായ ആരോപണങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് എന്നാണ്.1.നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്‌ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്.2.യുഡിഎഫ് '96 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാര്‍ നടപടികള്‍ തുടരുകയാണ് എല്‍ഡിഎഫ് ചെയ്തത്.3.മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം മുടക്കിയത് എസ്എന്‍സി ലാവ്‌ലിനുമായുള്ള ധാരണാപത്രം കാലഹരണപ്പെടുത്തിയ യുഡിഎഫ് ആണ്.4.ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട് നല്‍കുന്നതിനുമുമ്പുതന്നെ യുഡിഎഫ് വച്ച കരാര്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നു.5.ഭെല്ലില്‍നിന്ന് ഗവണ്‍മെന്റിന് ഓഫര്‍ കിട്ടിയിരുന്നില്ല. വൈദ്യുതിബോര്‍ഡില്‍ലഭിച്ച കത്താകട്ടെ, എസ്എന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടശേഷമായിരുന്നു.6.മൂന്നു പദ്ധതികളുടെ നവീകരണംമൂലം സംസ്ഥാനത്തിന് നഷ്ടമല്ല, വന്‍തോതിലുള്ള ലാഭമാണുണ്ടായത്.7. നവീകരണ കരാറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലാണ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും നടത്തിയത്.8. പദ്ധതിക്കായി 374 കോടി രൂപ ചെലവിട്ടെന്നും അത് പാഴായെന്നുമുള്ള ആരോപണം അജ്ഞതമൂലമാണ്.ഇതാണ് ലാവ്‌ലിന്‍ കേസിന്റെ കഥ. ഇതിലെവിടെ അഴിമതി? എവിടെ ഗൂഢാലോചന? സിബിഐക്ക് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

Monday, June 8, 2009

ഗവര്‍ണര്‍ എന്ന ചട്ടുകം

സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കു വിലകല്‍പ്പിക്കാതെ ലാവ്ലിന്‍കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ജനാധിപത്യ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്। ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറ്റിയ ഗവമെന്റിനു മേലെയാണോ ഒരു ജനാധിപത്യ പ്രക്രിയയിലൂടെയുമല്ലാതെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണര്‍ എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയുടെ ശുപാര്‍ശയെ കേന്ദ്രഭരണകക്ഷിയാല്‍ നോമിനേറ്റു ചെയപ്പെട്ട ഒരു ഗവര്‍ണര്‍ക്കു കാറ്റില്‍ പറത്താമെന്നുവന്നാല്‍ ജനാധിപത്യത്തിന് എന്താണ് വില? ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാവുന്ന മേഖലകള്‍ 1974ലെ ഷംഷേര്‍സിങ് കേസില്‍ സുപ്രീംകോടതി നിര്‍വഹിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം അയുക്തികമോ ദുരുദ്ദേശ്യപരമോ തന്നിഷ്ടപ്രകാരമുള്ളതോ പക്ഷപാതപരമായതോ ആണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം എന്നാണതില്‍ പറയുന്നത്. മന്ത്രിസഭ സ്വന്തം ഇഷ്ടപ്രകാരം ഒരു പ്രക്രിയയിലൂടെയുമല്ലാതെ എടുത്ത തീരുമാനമാണെങ്കില്‍മാത്രമേ ആ തീരുമാനത്തെ ഇപ്പറഞ്ഞ ഏതെങ്കിലും വാക്കുകൊണ്ടു വിശേഷിപ്പിക്കാനാവൂ. മന്ത്രിസഭ ഇവിടെ ചെയ്തത് സ്വയം തീരുമാനിക്കലല്ല. ഭരണഘടനാസ്ഥാപനമായ അഡ്വക്കറ്റ് ജനറലിനു പ്രശ്നം റഫര്‍ ചെയ്യുകയും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അംഗീകരിച്ചറിയിക്കുകയുമാണ്. നിയമസഭയിലും മന്ത്രിസഭയില്‍പോലും ചെന്നു നിയമകാര്യങ്ങള്‍ വിശദീകരിക്കാന്‍ അധികാരമുള്ള ഭരണഘടനാസ്ഥാനമാണ് അഡ്വക്കറ്റ് ജനറലിന്റേത്. അത്തരമൊരു സ്ഥാപനത്തിന്റെ ഉപദേശപ്രകാരം കൈക്കൊള്ളുന്ന നടപടി എങ്ങനെ തന്നിഷ്ടപ്രകാരമുള്ളതാവും? ദുരുദ്ദേശ്യപരമാവും? അയുക്തികമോ പക്ഷപാതപരമോ ആണെന്നു പറയാനാവും. നിയമ പ്രക്രിയയിലൂടെയാണ് മന്ത്രിസഭ തീരുമാനത്തിലെത്തിയത് എന്നതുകൊണ്ടുതന്നെ ഗവര്‍ണര്‍ക്കു മറിച്ചൊരു ഇടപെടല്‍ നടത്താന്‍ ഇടമില്ലാത്തതാണ്. പ്രശ്നം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തില്‍ ആസ്പദമായത് അല്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കുന്നതിന് ഇടമുണ്ട് എന്നു പറയാമായിരുന്നു. പക്ഷേ, ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ, മന്ത്രിസഭാ തീരുമാനത്തെ പൊളിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലാത്തതാണ്. മന്ത്രിസഭാ തീരുമാനത്തെ പാലിക്കാന്‍ വിധേയനാണ് എന്നതാണ് ഷംഷേര്‍ സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ സാരം.ഇവിടെ ഗവര്‍ണര്‍ ആരുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നുകൂടി നോക്കേണ്ടതുണ്ട്. ഭരണഘടനാ സ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെയല്ല; തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയല്ല. മറിച്ച് സിബിഐ എന്ന പൊലീസ് സംഘടനയുടെ ഉപദേശം. പൊലീസിന്റെ ഉപദേശത്തിന് ഭരണഘടനാസ്ഥാപനത്തിനും പരമോന്നത ജനാധിപത്യ സ്ഥാപനത്തിനും മേലെ പ്രാധാന്യം കല്‍പ്പിക്കുന്നത് നീതി നിര്‍വഹണത്തിന്റെയോ ജനാധിപത്യത്തിന്റെയോ താല്‍പ്പര്യത്തിലാവുമോ? ഇല്ല എന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. ഈ പ്രക്രിയയില്‍ മന്ത്രിസഭയുടെ ശുപാര്‍ശയെ മാത്രമല്ല, പരമോന്നത നീതിന്യായ പീഠമായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിതീര്‍പ്പിനെക്കൂടിയാണ് ഗവര്‍ണര്‍ കാറ്റില്‍ പറത്തിയത്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിനു കീഴില്‍ പ്രസിഡന്റിനുള്ളതിനു സമാനമായ അധികാരങ്ങളാണ് തനിക്കുള്ളത് എന്നു ഗവര്‍ണര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവണം. ഇന്ത്യയിലുള്ളത് വാഷിങ്ട രീതിയല്ല, പ്രസിഡന്‍ഷ്യല്‍ രീതിയല്ല. മറിച്ച് വെസ്റ്റ് മിനിസ്റ്റര്‍ സമ്പ്രദായത്തെ മാതൃകയാക്കുന്ന പാര്‍ലമെന്ററി ജനാധിപത്യരീതിയാണ് എന്നും അത് പ്രസിഡന്റിനോ ഗവര്‍ണര്‍ക്കോ അമിതാധികാരങ്ങള്‍ നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ 19(1) വകുപ്പും ക്രിമിനല്‍ പ്രൊഡ്യൂസര്‍ കോഡിന്റെ 197-ാംവകുപ്പും പ്രോസിക്യൂഷന് അനുമതി വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍ നിര്‍ത്തി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശല്യവ്യവഹാരങ്ങള്‍ കൊണ്ടു വലയ്ക്കുന്നതിനെ തടയാനാണ്. അത്തരം സ്ഥാനങ്ങളിലിരുന്നിട്ടുള്ളവര്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷയാണത്. ആ പരിരക്ഷ ഇവിടെ നിഷേധിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നിഷേധിക്കപ്പെടുന്നത് ഭരണഘടനാപരമായ അവകാശംതന്നെയാണ്. ഇതു നിഷേധിക്കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചതെന്താവാം?അദ്ദേഹത്തിനുമേലുണ്ടായ നിരന്തരമായ രാഷ്ട്രീയസമ്മര്‍ദം എന്നതാണ് ആ ചോദ്യത്തിനുള്ള ഉത്തരം.ഗവര്‍ണറെക്കൊണ്ട് തങ്ങളുടെ നിലപാട് അംഗീകരിപ്പിക്കാനുള്ള രാഷ്ട്രീയസമ്മര്‍ദതന്ത്രങ്ങളാണ് യുഡിഎഫ് തുടര്‍ച്ചയായി പ്രയോഗിച്ചുപോന്നത്. സെക്രട്ടറിയറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ, പിന്നാലെ നടന്ന ഹര്‍ത്താല്‍, രണ്ടുവട്ടം ഗവര്‍ണറെ കണ്ട് നടത്തിയ നിവേദനം എന്നിവയെല്ലാം രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായിരുന്നു. സ്വതന്ത്രമായി തീരുമാനമെടുക്കേണ്ടയാളാണ് ഗവര്‍ണര്‍ എന്നു പരസ്യമായി പറഞ്ഞുകൊണ്ടുതന്നെ അങ്ങനെയൊരു തീരുമാനമെടുക്കല്‍ ഗവര്‍ണര്‍ക്ക് അസാധ്യമാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് യുഡിഎഫില്‍ നിന്നുണ്ടായിക്കൊണ്ടിരുന്നത്. ഇത് നിയമത്തെ അതിന്റെ സ്വാഭാവികമായ വഴിക്കു പോകാന്‍ അനുവദിക്കാതിരിക്കലായിരുന്നു; തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ചു വഴി തിരിച്ചുവിടാന്‍ ശ്രമിക്കലായിരുന്നു. നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ വിരുദ്ധവുമായിരുന്നു പ്രതിപക്ഷത്തിന്റെ ഈ ഇടപെടല്‍. നിയമപരമായ നില പരിശോധിച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രാപ്തിയുണ്ട് എന്നു ഭരണഘടന കരുതുന്ന സ്ഥാപനമാണ് ഗവര്‍ണറുടേത്. ഗവര്‍ണറുടെ ആ പ്രാപ്തിയില്‍ അവിശ്വാസം രേഖപ്പെടുത്തുക കൂടിയായിരുന്നു ഇത്തരം ഇടപെടലുകളിലൂടെ പ്രതിപക്ഷം ചെയ്തത്. ആ ഭരണഘടനാസ്ഥാനത്തിന്റെ അന്തസ്സിടിക്കല്‍ കൂടിയായിരുന്നു അത്. ഈ നിലയ്ക്ക് ഇതു ജനാധിപത്യവിരുദ്ധമായിരുന്നു.മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് ഗവര്‍ണറുടേത്. ഭരണഘടനതന്നെ സംശയാതീതമായി ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയല്ല, ജനങ്ങളാല്‍ നിരാകരിക്കപ്പെട്ട തങ്ങളുടെ അഭിപ്രായപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന സന്ദേശം നല്‍കുകയാണ് ഇത്തരം ചെയ്തികളിലൂടെ പ്രതിപക്ഷം ചെയ്തത്. ഈ നിലയ്ക്ക് ഇതു ഭരണഘടനാവിരുദ്ധമായിരുന്നു. ഔദ്യോഗികസ്ഥാനത്തിരുന്നുകൊണ്ട് ചെയ്യുന്നതും നീതിയുക്തമെന്നു സ്വയം ബോധ്യമുള്ളതുമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരാളെയും അനാവശ്യമായ വ്യവഹാരങ്ങളില്‍ കുടുക്കി വലച്ചുകൂടാ എന്നതാണ് നിയമവ്യവസ്ഥയുടെ നില. അതുകൊണ്ടാണ് അത്തരം സ്ഥാപനങ്ങളിലിരുന്നു ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രോസിക്യൂഷന്‍ നടത്തണമെങ്കില്‍ അതിന് അനുമതി വേണമെന്നു വ്യവസ്ഥചെയ്തിട്ടുള്ളത്. ആ വ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ മന്ത്രിമാര്‍ക്കും മന്ത്രിസ്ഥാനത്ത് ഇരുന്നിട്ടുള്ളവര്‍ക്കും കോടതിവരാന്തകളില്‍ നിന്നിറങ്ങാനേ സമയമുണ്ടാവില്ല. അത്രയേറെയാവും ശത്രുതാപരമായ ശല്യവ്യവഹാരങ്ങള്‍. വൈരനിര്യാതനത്തിനായുള്ള അത്തരം വ്യവഹാരങ്ങളില്‍നിന്നുള്ള പരിരക്ഷ നിയമപരമായി വ്യവസ്ഥചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ പരിരക്ഷ നിഷേധിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ ഈ ഇടപെടല്‍ നിയമവിരുദ്ധമായിരുന്നു.പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെകണ്ട് അറിയിച്ചത് എതിര്‍വാദങ്ങളാണ്. എന്നാല്‍, അനുകൂലമായ വാദങ്ങള്‍ ഗവര്‍ണര്‍ക്കു മുമ്പാകെ ചെന്നു നിരത്തി സ്വയം ന്യായീകരിക്കാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് അവസരമില്ല. ആ ഭാഗത്തിനു സ്വയം ന്യായീകരിക്കാന്‍ ഒരു സന്ദര്‍ഭവുമില്ല എന്നിരിക്കെ എതിര്‍വാദങ്ങള്‍മാത്രം അറിയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത് പ്രതിചേര്‍ക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സാമാന്യനീതിയുടെ നിഷേധമായി. ഗവര്‍ണര്‍ ഈ പ്രശ്നം മന്ത്രിസഭയുടെ ഉപദേശത്തിനു വിട്ടത് താന്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട സ്ഥാനത്താണിരിക്കുന്നത് എന്ന ബോധ്യംകൊണ്ടാണ്. അതല്ലെങ്കില്‍ ഗവര്‍ണര്‍ പ്രശ്നം മന്ത്രിസഭയ്ക്കു വിടുമായിരുന്നില്ലല്ലോ. മന്ത്രിസഭയാകട്ടെ, സ്വയം തീരുമാനമെടുക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടി അതിന്റെ അടിസ്ഥാനത്തില്‍ നിലപാടെടുക്കുകയാണ് ചെയ്തത്. അതാണു നിയമത്തിന്റെ വഴി. എന്നിട്ടും ആ വഴിയെ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. തള്ളാനാണെങ്കില്‍ പിന്നെ മന്ത്രിസഭ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടേണ്ടതില്ലല്ലോ.നിയമപ്രക്രിയ അതിന്റെ സ്വാഭാവിക വഴിക്കു പോകുന്നതു കാത്തിരിക്കാന്‍ കൂട്ടാക്കാത്ത രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. സമാനമായ ഒരു സാഹചര്യത്തിലും ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ നിയമപ്രക്രിയ നടക്കുന്നതിനിടയ്ക്ക് അതിനെ അട്ടിമറിക്കാന്‍ ഇങ്ങനെ ഹര്‍ത്താലും സമരങ്ങളുമായി നടന്ന ചരിത്രമില്ല. നിയമപ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിന്റെ ക്ളാസിക് ഉദാഹരണമായി അത്. ഈ സമ്മര്‍ദത്തിന്റെ ശക്തികൊണ്ടാണ് യുഡിഎഫ് ഭരണകാലത്തെ വിജിലന്‍സുതന്നെയും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം ഗവര്‍ണര്‍ ശ്രദ്ധിക്കാതിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം തിരക്കിട്ട് പ്രശ്നം സിബിഐക്കു വിട്ടതിലെ രാഷ്ട്രീയതാല്‍പ്പര്യം കാണാതെ പോയത്. പിണറായി വിജയന്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയതായി സിബിഐക്കുപോലും അതിന്റെ റിപ്പോര്‍ട്ടില്‍ പറയാന്‍ കഴിയാതിരുന്ന കാര്യം ശ്രദ്ധിക്കാന്‍ കഴിയാതെ പോയത്.ഈ വിധത്തില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി ഗവര്‍ണര്‍ക്കു തീരുമാനം എടുക്കേണ്ടിവന്നത് എന്തു കൊണ്ടാണ്? ഗവര്‍ണര്‍ കേന്ദ്രഭരണകക്ഷിയുടെ നോമിനിയായതുകൊണ്ട്. ഞങ്ങളുടെ പാര്‍ടിയാണ് നിങ്ങളെ ഗവര്‍ണറാക്കിയത് എന്നതായിരുന്നു പ്രതിപക്ഷം എടുത്ത സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനം. ഇങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കുമേലെ നോമിനേറ്റു ചെയ്യപ്പെട്ട ഒരു ഗവര്‍ണര്‍ വേണോ? ഇനി ഇതാണ് രാജ്യം ചര്‍ച്ച ചെയ്യേണ്ട വിഷയം.
പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം

Monday, June 1, 2009

നഷ്ടപ്പെട്ട നീലാംബരി

പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തോട് മൂന്നരക്കോടി ജനങ്ങളുടെ മലയാളം ഇങ്ങനെ പറയുന്നു:"കമല മടങ്ങിവരികയാണ്. നിഷ്കളങ്കയായ കുട്ടിയുടെ പതിവു പരിഭവങ്ങളില്ലാതെ. നേര്‍ത്ത പുഞ്ചിരിയും കാരണമില്ലാത്ത പൊട്ടിച്ചിരിയും അര്‍ഥവത്തായ പൊട്ടത്തരങ്ങളുമില്ലാതെ. ഇനി ഒരിക്കലും വീടുമാറ്റമില്ലാത്ത നിര്‍നിമേഷയായ സ്ഥിരവാസിയായി.''നീര്‍മാതളം വേദന ഉള്ളിലൊതുക്കി നിശബ്ദയായി നില്‍ക്കുകയാണ്; കാറ്റില്‍ ഉലയാതെ. ഈ നീര്‍മാതളം പൂത്തതിന്റെ നിലാവെളിച്ചമാണ് മലയാളഭാഷയ്ക്ക് കമല സുരയ്യ പകര്‍ന്നുനല്‍കിയത്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമല ദാസ് എന്ന പേരില്‍ ഇംഗ്ളീഷിലും എഴുതി ലോകപ്രശസ്തിയുടെ പടവുകള്‍ കയറിയ കമലയുടെ സാഹിത്യത്തിനും ജീവിതത്തിനും അരങ്ങൊരുക്കിയത് ബാലാമണിയമ്മയുടെ മാതൃത്വത്തിന്റെ പരിലാളനയില്‍ നാലപ്പാട് തറവാട്ടില്‍ പൂത്തുലഞ്ഞ അദ്വിതീയമായ സര്‍ഗാത്മകാനുഭവമാണ്. വിസ്മയകരമായ ഭാവനയും രൂപവും പുലര്‍ത്തിയ മാധവിക്കുട്ടിരചനകളുടെ അന്തര്‍ധാര സ്നേഹത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ദാഹമാണ്. മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വചനങ്ങളില്ലാത്ത പ്രണയത്തിന്റെ താഴ്വാരം തേടി അവര്‍ അലഞ്ഞു. എന്റെ വാളും പരിചയും സ്നേഹമാണെന്ന് മാധവിക്കുട്ടി വിളിച്ചുപറഞ്ഞിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷബന്ധത്തിന്റെ പുനര്‍നിര്‍വചനവുമാണ് അവര്‍ വരച്ചുകാട്ടിയത്. ആര്‍ഭാടരഹിതമായ ഭാഷയില്‍ വളരെ വലിയ ധ്വനിയോടെ, നിര്‍മലമായ ഒരു പുഴപോലെ മാധവിക്കുട്ടിയുടെ സാഹിത്യജീവിതം നിറഞ്ഞൊഴുകി. പുന്നയൂര്‍ക്കുളത്തെയും കൊല്‍ക്കത്തയിലെ ഫ്ളാറ്റിനെയും ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക് ഒരേസമയം പ്രാദേശികതയുടെയും സാര്‍വലൌകികതയുടെയും മാനമാണുണ്ടായത്. സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കലഹങ്ങള്‍ ഫെമിനിസ്റ്റ് എന്ന പ്രഖ്യാപിത ലേബലില്ലാതെതന്നെ മാധവിക്കുട്ടിയെ ഫെമിനിസത്തിന്റെ പതാകവാഹകയാക്കി. 'എന്റെ കഥ'യിലൂടെ അവര്‍ പിച്ചിച്ചീന്തിയത് സദാചാരത്തിന്റെ കപടമായ മുഖമാണ്. ജീവിതത്തിലെ നീതിനിഷേധങ്ങളോടാണ് കമല ചൊടിച്ചത്. ആ ചൊടിയാണ് അവരെ പേരും മതവും ഉപേക്ഷിക്കുന്ന തലംവരെ എത്തിച്ചത്.മലയാളസാഹിത്യത്തെ ലോകസാഹിത്യവുമായി അടുപ്പിച്ച ആധുനിക എഴുത്തുകാരില്‍ ഒന്നാംനിരയിലാണ് മാധവിക്കുട്ടി. ഒരുപക്ഷേ, മലയാളസാഹിത്യ ലോകത്തുനിന്ന് അന്തര്‍ദേശീയതലത്തില്‍ തിരിച്ചറിയപ്പെടുന്ന ആദ്യവ്യക്തിയും അവര്‍തന്നെ. സാന്ദ്രമായ കാല്‍പ്പനികതയുടെ ലാവണ്യഭൂമികയാണ് മാധവിക്കുട്ടിയുടെ രചനകളെ ജനപ്രിയമാക്കിയത്. കപടമായ സദാചാര പരികല്‍പ്പനകളോടുമാത്രമല്ല, അന്തസ്സാരശൂന്യമായ ആചാരവൈകൃതങ്ങളോടും അവര്‍ പോരടിച്ചു; അതിന്റെ മുഖാവരണം വലിച്ചുകീറുകയും വിയോജിപ്പുകള്‍ മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു. ബാലാമണിയമ്മയടക്കമുള്ള മുന്‍ഗാമികളില്‍നിന്നും പിന്നാലെ വന്നവരില്‍നിന്നും മാധവിക്കുട്ടിയെ വേറിട്ടുനിര്‍ത്തുന്നത് തനിക്ക് തോന്നുന്നത് പറയാനുള്ള ധീരതയാണ്. ആ ധീരത മനസ്സിന്റെ കടുപ്പംകൊണ്ടുണ്ടാകുന്നതല്ല. തികഞ്ഞ നിഷ്കളങ്കതയും കെട്ടുപാടുകളുടെ നിരാസവും അവര്‍ക്ക് നല്‍കിയ സാധ്യതകളാണ്. കേരളീയ സമൂഹത്തിന്റെ പരിമിതമായ പരിവൃത്തത്തിനപ്പുറം നാഗരികജീവിതം പകര്‍ന്നുനല്‍കിയ ലോകവീക്ഷണവും വ്യക്തിപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട ഏകാന്തതയും മൌലികതയാര്‍ന്ന ഒരു ഭാവനാലോകം സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രേരണയായി.പരിമിതികളില്ലാത്ത പ്രണയം എന്ന ഏകവികാരത്തില്‍ കേന്ദ്രീകരിച്ചാണ് മാധവിക്കുട്ടിയുടെ ലോകം വികസിക്കുന്നത് എന്നത് ഹ്രസ്വദൃഷ്ടികളുടെ സാഹിത്യാവലോകനമാണ്. ചുട്ടുപൊള്ളുന്ന ജീവിതനിലങ്ങളില്‍നിന്ന് സ്നേഹത്തിന്റെ ധ്രുവനക്ഷത്രത്തോട് സ്വയം ചേര്‍ത്തുവയ്ക്കാന്‍ കൊതിക്കുന്ന സ്ത്രീമനസ്സ് മാധവിക്കുട്ടിയുടെ രചനകളുടെ ഉപരിതലത്തില്‍തന്നെ ദൃശ്യമാണ്. ഫെമിനിസത്തിന്റെ സാമ്പ്രദായികമായ അന്തഃക്ഷോഭങ്ങളെയാണ് സ്വന്തമായ വഴിയിലൂടെ മാധവിക്കുട്ടി ആവിഷ്കരിച്ചത്. ജീവിതത്തിന്റെ നിരാലംബതയെക്കുറിച്ചുള്ള ദാര്‍ശനിക ഗഹനമായ ഉല്‍ക്കണ്ഠകള്‍ ആ കവിതകളിലും കഥകളിലും മറഞ്ഞുകിടപ്പുണ്ട്. തന്റെതന്നെ ഉള്ളിലേക്കിറങ്ങിച്ചെല്ലാന്‍ വ്യഗ്രത കാട്ടിയതുകൊണ്ടാകണം, ചുറ്റുപാടുകളുടെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ വേണ്ടത്ര തിരിച്ചറിയാനുള്ള പരിമിതി മാധവിക്കുട്ടിയില്‍ പ്രകടമാണ്. സാമ്പത്തിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ അര്‍ഥത്തിലും ആഴത്തിലും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, എഴുത്തുകാരിയുടെ ശരിയായ സാമൂഹ്യദര്‍ശനം രൂപപ്പെടുത്താനോ പ്രകാശിപ്പിക്കാനോ സാധിക്കാതെ വരും. ഈ വിമര്‍ശം മാധവിക്കുട്ടിയുടെ കാര്യത്തിലും യാഥാര്‍ഥ്യമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പച്ചയായി പ്രതികരിക്കാറുള്ള അവരില്‍നിന്ന് അപക്വമെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പ്രതികരണങ്ങള്‍ വരാറുള്ളതും മറ്റൊന്നുകൊണ്ടല്ല. താന്‍ മലയാളത്തില്‍ എഴുതിയതെല്ലാം വ്യര്‍ഥമായോ എന്ന് അവര്‍ ഒടുവില്‍ വ്യാകുലപ്പെട്ടിരുന്നു. കഥാപാത്രങ്ങള്‍ എഴുത്തുകാരിതന്നെയാണെന്ന പ്രചാരണവും ഓരോ കൃതിയെയും വിവാദങ്ങളില്‍ മുക്കി ചര്‍ച്ചചെയ്യുന്നതിന്റെ ദുരനുഭവങ്ങളുമാണ് കമല സുരയ്യയെ അങ്ങനെ പറയിച്ചത്. സുകുമാര്‍ അഴീക്കോട് അനുസ്മരിച്ചപോലെ, അവര്‍ എന്തിനെക്കുറിച്ച് പറയുമ്പോഴും മറ്റൊരാള്‍ പറഞ്ഞതുപോലെയാകില്ല. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലുള്ള കാഴ്ചകളാണ് മാധവിക്കുട്ടിയുടെ വാക്കുകളില്‍ നിറയുന്നത്. ആകാശത്തിന്റെ നേര്‍മയുള്ള എഴുത്താണത്. ഓരോ വാക്കിലും നിയതമായ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.ആമിയും കമലയും അമ്മയും മുത്തശ്ശിയുമായി നമ്മുടെ മുന്നിലെത്തുന്നത് ആരാണ്? അത് നാംതന്നെയോ; നമ്മുടെ ജീവിതംതന്നെയോ എന്ന് മനസ്സില്‍ ഒരിക്കലെങ്കിലും തോന്നാത്ത വായനക്കാരുണ്ടാകില്ല. വ്യവസ്ഥാപിത കല്‍പ്പനകളും ചട്ടക്കൂടുകളും ഉല്ലംഘിച്ച് അനുകരണീയമായ വഴികളിലൂടെയാണ് മാധവിക്കുട്ടി സഞ്ചരിച്ചത്. യാഥാസ്ഥിതികത്വത്തിന്റെ നെറ്റിചുളിപ്പിക്കുന്നത് എഴുത്തിന്റെ ശൈലിതന്നെയായി. സ്ത്രീപക്ഷത്ത് നില്‍ക്കുന്നതുതന്നെ പുരോഗമനപരമാണെന്നിരിക്കെ മാധവിക്കുട്ടിയെക്കുറിച്ച് നമുക്ക് തുറന്നമനസ്സോടെ പറയാം- അവര്‍ പുരോഗമനപക്ഷത്ത് നിന്ന എഴുത്തുകാരിയാണെന്ന്. ആര്‍ജവം, ധീരത, സത്യസന്ധത എന്നിവയാണ് മാധവിക്കുട്ടിയെ ഉയരങ്ങളില്‍ എത്തിക്കുന്നത്. നഷ്ടപ്പെട്ട നീലാംബരി എന്നത് അവരുടെ രചനയാണ്. നീലാംബരി കരുണയുടെയും വാത്സല്യത്തിന്റെയും രാഗമാണ്. 'ഓമനത്തിങ്കള്‍ കിടാവോ' എന്ന ഗാനമാണ് നാം നീലാംബരി രാഗത്തില്‍ ഹൃദയത്തിലേറ്റിയിട്ടുള്ളത്. മാധവിക്കുട്ടിയും ആ നീലാംബരിയില്‍ മലയാളത്തെ കൈകളിലെടുത്ത് താരാട്ടുപാടുകയാണ്. പുണെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍നിന്ന് അനന്തപുരിയിലെ പാളയം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ എത്തുന്ന ആ താരാട്ടുപാട്ട് വിശ്വമലയാളത്തെ ഉറക്കുകയല്ല; ഉണര്‍ത്തുകയാണ് ചെയ്യുക. ആ നീലാംബരി മലയാളിയുടെ മനസ്സില്‍നിന്ന് ഒരിക്കലും നഷ്ടപ്പെടുകയില്ല.

Tuesday, March 3, 2009

സ്വഭാവഹത്യയുടെ രാഷ്ട്രീയം

ഭീരു വെടിവെയ്ക്ക്, നീ കൊല്ലുന്നത് ഒരു മനുഷ്യനെ മാത്രമാണ്. വിശ്വവിപ്ലവകാരി ചെഗുവേര തന്നെ വധിക്കാനുള്ള സി ഐ എ യുടെ ഉത്തരവ് നടപ്പാക്കാനെത്തിയ മാരിയോ ടെറാൻ എന്ന സാർജന്റിന്റെ നിറതോക്കിനു മുന്നിൽനിന്ന് ഗർജിച വാക്കുകൾ. ഈ ധീര വിപ്ലവകാരിയെ അപകീർത്തിപ്പെടുത്താൻ സാമ്രാജ്യത്വത്തിന്റെ വൈതാളികന്മാർ പ്രചരിപ്പിച്ചത് അന്ത്യനിമിഷങ്ങളിൽ അദ്ദേഹം ജീവനുവേണ്ടി യാചിച്ചു എന്നാണ് ! കമ്മ്യൂണിസ്റ്റുകാർക്കെതിരായ ഹീനമായ രാഷ്ട്രിയ ആയുധമാക്കി സ്വഭാവഹത്യയെ ശത്രുകൾ ഉപയോഗികുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളിലൊന്നുമാത്രമാണിത്.ലാവ്‌ലിന്റ് പേരിൽ പിണറായിയിൽ തുടങ്ങി ഇപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാ‍ക്കളായ സുർജിത്തിലേക്കും പ്രകാശ് കാരാട്ടിലേക്കുംവരെ എത്തികഴിഞ്ഞതും ദേശീയതലത്തിലേക്ക് വ്യാപിച്ചതുമായ സ്വഭാവഹത്യാ ശ്രമങ്ങൾ ഒറ്റപ്പെട്ടതോ ഇതാദ്യമായി നടക്കുന്നതോ അല്ലെന്ന് കാണാനാവും. സർവദേശീയ-ദേശീയതലത്തിൽ സ്വഭാ‍വഹത്യയുടെയും അപവാദ പ്രചാരണത്തിന്റെയും ക‌മ്യൂണിസ്റ്റ് വിരുദ്ധ പ്രയോഗത്തിന് ഒരു ദീർഘചരിത്രംതന്നെയുണ്ട്. ചെ യെ അത്യന്തം ക്രൂരമായി സ്വഭാവഹത്യ നടത്തുന്ന ഒരു വികല സ്രഷ്ടി അടുത്തിടെ ഒരു പുസ്തകോത്സവത്തിൽ കാണുകയുണ്ടായി. ചെ യെ സ്ത്രിലമ്പടനും ഭീരുവും ആഡംബരപ്രിയനും സുഖലോലുപനും കാപട്യക്കാരനുമൊക്കെയായിണ്ടാണ് അതിൽ ചിത്രികരിച്ചിട്ടുള്ളത്. ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റയുടെ കൊട്ടാ‍രത്തിൽനിന്ന് ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഒരു അഡംബരവാച്ച് ചെ കൈക്കലാക്കിയെന്നതടക്കമുള്ള വിഷം പുരട്ടിയ അനേകം നുണകൾ അതിൽ മഷിപുരട്ടിയിട്ടുണ്ട്. വിപ്ലവാനന്തര ക്യൂബയിലെ അധികാരത്തിന്റെ അത്യുന്നതങ്ങളിൽനിന്ന് ഫിദലിന് സ്നേഹപൂർവ്വം ഒരു കത്തുമെഴുതിവെച്ച് മന്ത്രിപദവി ഉപേക്ഷിച്ച് ബോളീവിയൻ കാടുകളിലെ മരണം പതിയിരിക്കുന്ന ഗറില്ലാ പോരാട്ടത്തിന്റെ അപകടവീഥികളിലേക്ക് സ്വയം ഇറങ്ങിവന്ന മഹാനായ വിപ്ലവകാരിയെയാണ് ഇത്ര മോശമായി ചിത്രീകരിച്ചതെന്നോർക്കുക. ചെ യുടെ ഭൂ‍ഗോളത്തിലെമ്പാടുമുള്ള ആരാധകരെ മൂഢന്മാർ എന്നാണ് പുസ്തകത്തിൽ ആക്ഷേപിച്ചിട്ടുള്ളത്. ഫിദൽ കാസ്ട്രോയും സ്വഭാവഹത്യാശ്രമങ്ങളുടെ ഇരയാണ്. ഫിദലിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായിട്ടാണ് അമേരിക്കയിലേ ഫോബ്സ് മാസിക മുമ്പ് അവതരിപ്പിച്ചത്. കാസ്ട്രോയുടെ ജീവനെടുക്കാൻ സിഐഎ നടത്തിയ 638 വധശ്രമത്തോടൊപ്പം വെണം നിരന്തരമായ സ്വഭാവഹത്യാശ്രമങ്ങളെയും കാണാൻ. രോഗബാധിതനായ ഫിദൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് വിപ്ലവത്തിൽ ഫിദലിനും ചെ യ്ക്കുമൊപ്പം നേത്രപരമായ പങ്കുവഹിച്ച സഹോദരൻ റൌൾ കാസ്ട്രോ പ്രസിഡന്റായപ്പോൾ ഫിദലിനെ കുടുംബവാഴ്ചയുടെ വക്താവയാണ് ചിത്രീകരിച്ചത്. ലെനിനെയും മാവോയെയും ശത്രുകൾ വെറുതെ വിട്ടില്ല. റഷ്യൻ വിപ്ലവകാലത്ത് കഴുത്തിനേറ്റ വെടിയുണ്ടയാണ് പിന്നീട് ലെനിന്റെ മരണകാ‍രണമായത് എന്ന സത്യം ലോകത്തിനാകെ അറിയുന്നതാണ്. എന്നാൽ അടുത്ത കാലത്ത് ലെനിന്റെ മരണകാരണം സിഫിലിസ് ആയിരുന്നെന്ന അധമ പ്രചാരണം ശത്രുകൾ നടത്തുകയുണ്ടായി. മാവോ മരിച്ച് ഏറെക്കാലത്തിനു ശേഷം ജീവചരിത്രമെന്ന ലേബലിൽ പ്രസിദ്ധീകരിച്ച ഒരു മഞ്ഞപുസ്തകം ലൈംഗിക വൈക്രതങ്ങളും ലൈംഗിക അരാജകത്വവും വരെയുള്ള നിക്രഷ്ടമാ‍യ ആരോപണങ്ങൾ ഉന്നയിച്ചു. സ്റ്റാലിനെക്കുറിച്ചാകട്ടെ, ക‌മ്യൂണിസ്‌റ്റ് വിരുദ്ധർ ചൊരിഞ്ഞ അപവാദങ്ങൾ കണക്കറ്റതാണ്. അദ്ദേഹത്തിന്റെ തെറ്റുകളെ പർവതീകരിച്ചും അവയോടൊപ്പം ഇല്ലാക്കഥകളും നുണകളും കൂട്ടിച്ചേർത്തും സ്വഭാവഹത്യ നടത്താനും ചരിത്രത്തിന്റെ പ്രതിക്കൂട്ടിൽ ഹിറ്റ്ലർക്കൊപ്പം പ്രതിഷ്‌ഠിക്കാനുമാണ് ശത്രുകൾ എന്നും ശ്രമിച്ചിട്ടുള്ളത്. സോവിയന്റെ യുണീയന്റെയും കിഴക്കൻ യൂറോപിലെ സോഷ്യലിസത്തിന്റെയും തകർച്ചയ്ക്കുശേഷം സ്വഭാവഹത്യാശ്രമങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. സോഷ്യലിസ്റ്റ് ജർമനിയിലെ പ്രസിഡന്റായിരുന്ന ഏറിക് ഹോണേക്കുറിച്ച് ബുർഷ്വാ മാധ്യമങ്ങൾ സിനിമാക്കഥകളേക്കാൾ അതിശയോക്തിപരമായ വാർത്താകളായിരുന്ന പ്രചരിപ്പിച്ചത്. ഹോണേക്കർ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തി ശതകോടികളുടെ സമ്പത്ത് ആർജിച്ചെന്നായിരുന്നു കഥകൾ. എന്നാൽ, ആ മനുഷ്യൻ പിന്നിട് ക്യാൻസർ ബാധിതനായി അങ്ങേയറ്റം ദരിദ്രവും ദയനീയവുമായ സാഹചര്യങ്ങളിൽ മരിച്ചത് വാർത്തയേ ആയില്ല. പഴയ കോടീശ്വരന്റെ വിഭ്രമിക്കുന്ന കഥകളെല്ലാം മാധ്യമങ്ങൾതന്നെ നിശബ്ദമായി വിഴുങ്ങി. കേരളത്തിൽ സ്: അഴീക്കോടൻ രാഘവനെ അഴിമതിക്കോടൻ” എന്നു വിളിച്ച് അധിക്ഷേപിച്ചത് മറന്നുകൂടാ. ഇ എം എസിന്റെ മകൻ ജോലിയുപേക്ഷിച്ച് പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായപ്പോൾ അത് മകൾ രാഷ്ട്രീയമാണെന്ന് അപവാദം പറഞ്ഞതും ആരും മറന്നിട്ടില്ല. നിഷ്കാമ കർമിയായ സ: ഇ എം എസിനെ കരുണാകരന്റെ മക്കൾ‌രാഷ്ട്രീയവുമായി താരത‌മ്യപ്പെടുത്തുന്ന കാർട്ടൂണുകളും കഥകളും നിർമിച്ചവരാണ് കേരളത്തിലെ ക‌മ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങൾ. എല്ലാ സ്വഭാവഹത്യാശ്രമങ്ങളുടെയും പിന്നിലുള്ളത് ക‌മ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രിയം തന്നെയാണ്. ലാവ്‌ലിന്റെ പുകമറയ്ക്കു പിന്നിൽനിന്ന് പിണറായിയെന്ന ഒരാൾക്കുനേരെ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ക‌മ്യൂണിസ്റ്റ് പാർടിയുടെ ഉന്നത നേത്രത്വത്തിനുനേരെയാകെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് ക‌മ്യൂണിസ്റ്റ് വിരുദ്ധർ. ലാവ്‌ലിൻ യുദ്ധത്തിൽ ശിഖണ്ഡിയെപ്പോലെ മുന്നിൽ നിർത്തിയ കുറ്റവാസനയുള്ള മഞ്ഞപത്രാധിപർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനവും അതേറ്റുപിടിച്ച യുഡി‌എഫ് – ബിജെപി നേതാക്കളുടെ വാമൊഴികളും ക‌മ്യൂണിസ്റ്റുകാരെ പേടിച്ച് വിഷം കഴിച്ച് മരിക്കാനൊരുങ്ങിയവരുടെ ജനിതക പാരമ്പര്യം പേറി പെറ്റുപെരുകിയ മാധ്യമമാർജാരന്മാരുടെ മോങ്ങലുകളും ഇന്ത്യയിലെ ഉന്നത ക‌മ്യൂണിസ്റ്റ് നേത്രത്വത്തെയാകെ അവഹേളിക്കുന്നവയാണ്. ബ്രിട്ടീഷുകാർ മുതൽ ഖലിസ്ഥാൻ തീവ്രവാദികൾ വരെയുള്ളവരുടെ വെടിയുണ്ടകളെ അതിജീവിച്ച, ഏഴു പതിറ്റാണ്ടിന്റെ ധന്യമായ വിപ്ലവജീവിതത്തിന്റെ ഉടമയായ സുർജിത്തിനെയും ദേശീയ രാഷ്ട്രിയത്തിലെ തെളിമായർന്ന വ്യക്തിത്വത്തിനുടമയായ പ്രകാശ് കാരാട്ടിനെയും ആക്രമിക്കുമ്പോൾ ലക്ഷ്യം പാർടിയാകെയാണ് എന്ന് വ്യക്തമാകുന്നു. അന്തരിച്ച സ: ഇ ബാലാനന്ദൻ തനിക്ക് രേഖകൾ ചോർത്തിതന്നെന്ന മഞ്ഞപത്രത്തിന്റെ പത്രാധിപലക്ഷണന്റെ അവകാശവാദം ഉന്നതനായ ആ തൊഴിലാളിവർഗ നേതാവിന്റെ സ്വഭാവദാർഢ്യത്തെത്തന്നെ അവഹേളിക്കലാണ്. മൻ‌മോഹൻസിങ് സർക്കാരിന്റെ ജീവൻ രക്ഷിച്ചതിലൂടെ കോഗ്രസിന്റെ ആപൽബാനഡവനായി മാറിയ അമർസിങ്ങാണ് ലാവ്‌ലിൻ കേസിൽ സിബി‌ഐ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയെന്ന് പറഞ്ഞത്. തരിമ്പും വിശ്വാസ്യതയില്ലാത്ത യുവമോര്ച്ചാ നേതാവിന്റെ വിടുവായത്തംവരെ നിറഞ്ഞ സ്ക്രീനിൽ പ്രദർശിപ്പിക്കാറുള്ള നമ്മുടെ ചാനലുകളൊന്നും അമർസിങ് പറഞ്ഞത് കേട്ടതായി ഭാവിച്ചില്ല. ആണവകരാർ പ്രശ്നത്തിൽ ഇടതുപക്ഷത്തെയും സിപിഐ എം നേതാക്കളെയും കടന്നാക്രമിച്ചപ്പോൾ ഇതേ അമർസിങ്ങ് മാധ്യമങ്ങളിലെ താരമായിരുന്നു എന്നോർക്കണം. ലവ്‌ലിൻ വിഷയത്തിലും അമർസിങ്ങ് സിപിഐ എമ്മിന് എതിരായാണ് പറഞ്ഞിരുന്നതെങ്കിൽ മാധ്യമചർച്ചകളും വിശകലനങ്ങളും ഹനുമാന്റെ വാലുപോലെ അന്തമില്ലാതെ നീണ്ടുപോകുമായിരുന്നു. ഇന്ന് കോഗ്രസ് – ബിജെപി ഇതര മൂന്നാംചേരിയെന്ന ഇടതുപക്ഷനിലപാടിനൊപ്പം കൂടുതൽ മതേതര പാർടികൾ അണിനിരക്കുകയുമാണ്. ഈ സാഹചര്യത്തിൽ, ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാക്കുന്നതിനെ സാമ്രജ്യത്വവും ഇന്ത്യയിലെ ഭരണവർഗങ്ങളും ഭയപ്പെടുന്നു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ തീവ്ര വലതുപക്ഷം മുതൽ തീവ്ര ഇടതുപക്ഷംവരെ, സാമ്രാജ്യത്വത്തിന്റെ കാർമികത്വത്തിൽ അണിനിരക്കുന്ന വിശാല ക‌മ്യൂണിസ്റ്റ് വിരുദ്ധമുന്നണി ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. നന്ദിഗ്രാമും സിംഗൂരും ബുദ്ധദേവിനെതിരായ വധശ്രമവുമെല്ലാം ബംഗാളിലെ ഇടതുപക്ഷത്തെ തകർക്കാനാണ്. ബംഗാളിലെ ബുദ്ധദേവിനെ ശാരീരികമായി വകവരുത്താൻ ശ്രമിച്ചവരുടെയും കേരളത്തിൽ പിണറായിയെ സ്വഭാവഹത്യ നടത്തുന്നവരുടെയും ലക്ഷ്യം ഒന്നുതന്നെ. രണ്ടിടത്തും പ്രസ്ഥാനത്തിന്റെ ആത്മവീര്യം ചോർത്തുക. ഒറീസയിലെ ന്യൂനപക്ഷവേട്ട, ഇസ്രയേലുമായുള്ള ചങ്ങാതം, അമേരിക്കൻ വിധേയത്വം എന്നിങ്ങനേയുള്ള നിരവധി രാഷ്ട്രീയപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടാൽ യുഡി‌എഫിന് നിൽക്കക്കള്ളിയില്ലാതാകും. അതൊഴിവാക്കാനാണ് ലാവ്‌ലിൻ മന്ത്രം അഖണ്ഡ നാമയജ്ഞം‌പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. സദാചാരവും ധാർമികതയും ക‌മ്യൂണിസ്റ്റ് രാഷ്ട്രിയത്തിന്റെയും ജീവിതചര്യയുടെയും ജീവവായുവാണ്. വർഗശത്രുകളുടെ സഹായത്തോടെ സംരക്ഷിക്കേണ്ടതോ വലതുപക്ഷമാധ്യമങ്ങളുടെ സാരോപദേശങ്ങളിൽനിന്ന് ഉൾക്കൊള്ളേണ്ടതോ അല്ല വിപ്ലവകാരിയുടെ സദാചാരം. അത് വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണാനുഭവങ്ങളിലൂടെ അനിവാര്യമായും സ്വാഭാവികമായും സ്വായത്തമാക്കുന്നതാണ്.

Monday, February 9, 2009

“ധീരരക്തസാക്ഷി”



ചെങ്കൊടിക്കീഴിലെ നിൻ വീരഗാഥ
ഉയിരറ്റ ഉടലിലും ചെങ്കൊടിയായ്
ഒരായിരങ്ങൾ ഉയിരർപ്പിച്ചും വളർന്നൊരാപൂമരം
നീയുമതൊലൊരു രക്തസാക്ഷി, നീയുമതിലൊരു ധീരസാക്ഷി.

നിൻ മോഹങ്ങളെല്ലാം ചില്ലുപോലുടഞ്ഞു പോയൊരാമണ്ണിൽ
നിൻ അവസാനതുള്ളിയാശ്രുവും വാർന്നൊലിച്ചു വീണൊരാമണ്ണിൽ
നിൻ അവസാന തുടിപ്പും നിലച്ചു നിശബ്ദാമായോരാമണ്ണിൽ
നിൻ അവസാനതുള്ളി ചോരയും വാർന്നിറ്റുവീണൊരാമണ്ണിൽ

അന്നവിടെ ചിതറിവീണതെല്ലാം നിൻ ഉറ്റവർ വാനോളം-
ഉയർത്തിവെച്ച വർണ്ണസ്വപ്നങ്ങളായിരുന്നു.
അന്നവിടെ വീണുറച്ചതെല്ലാം അലയടിക്കുമാമണ്ണിൽ
ചെങ്കടലായ് ഒരു നാളെങ്കിലും നിന്നുടെ സാക്ഷിയിൽ
ഒരുത്സവം തീർത്തിടും ഞങ്ങളിൽ ഒരു നാളെങ്കിലും നിന്നുടെ
സാക്ഷിയിൽ.

സദാ പുഞ്ചിരിക്കുന്നൊരാ പൂമുഖ താരകം-
പോൽ പൊട്ടിച്ചിരിക്കുകയാണിന്നുമെൻ വിണ്ണിൽ-
നിന്നുടെ മായാത്ത ഓർമ്മകൾ നിത്യവും-
കടലലപോൽ അലയടിച്ചുണർത്തുകയാണെന്നുമെൻ കരയെ,
അവസാനമായ് നാം സല്ലപിച്ചൊരാന്തിയിൽ എനിക്കായ്
പ്രാർത്ഥിക്കുവാൻ നീ പറഞ്ഞൊരാവാക്കുകൾ,
ഇന്നുമെൻ നെഞ്ചിൽ നീറിടുന്ന, ഇന്നുമെന്നുള്ളിൽ വിങ്ങിടുന്നു.
ഈ പോരാട്ടഭൂമിയിൽ പോരാടി നിന്നൊരു യോദ്ധാവു നീ-
ചേതനയറ്റുവീഴുന്ന നേരത്തും വീറോടെ പോരാടാൻ നിന്ന-
ധീരയോദ്ധാവു നീ……..

മായ്ച്ചാലും മായാത്ത വർണ്ണ ചിത്രമായ്-
അണച്ചാലും അണയാത്ത ചിത്ര വിളക്കായ്-
എന്നും നീ ഞങ്ങളിലുണ്ട് നീ മരിക്കാതെ-
അവസാനമായൊരു നോക്കു കാണാൻ കഴിയാത്തൊരാ
വ്രഥ നിഴലായെന്നുമെൻ കൂടെയുണ്ട്,
അനശ്വേരനായ് നീ എന്നുമെൻ ഉള്ളിലുണ്ട്-
എന്നുമാപകയുടെ ആഴമെൻ നെഞ്ചിലുണ്ട്-
പെറ്റമ്മയെ പോലെ സഖാക്കളെ സ്നേഹിച്ച നിൻ നിഷ്കളങ്ക-
മിന്നുമെൻ കണ്ണിലുണ്ട്.

ഒരു കൂടിൽ കഴിഞ്ഞൊരു പൈങ്കിളികൾ നാം
ഉറങ്ങാതെ ഉണ്ണാതെ കുശലം പറഞ്ഞതല്ലേ…..
വേടന്റെയമ്പേറ്റു വീണോരാ നീയാം പൈങ്കിളി,
ഒരായിരം കിളികൾ തൻ ഇണക്കിളിയായിരുന്നു,
ഒരു പൂവായ് വിടർന്നൊരാ നമ്മുടെ സ്നേഹത്തിൽ,
ആയിരമിതളായ് വർണ്ണങ്ങൾ വിതറിയോർ നാം,
ആ പൂവിൽ തളിരിതളോരോന്നും ഞെട്ടറ്റു വീഴവേ…..
നിന്നിതളും പറയാതെ ഞെട്ടറ്റു വീണുപോയ്…
മണോടുമണ്ണായ് അലിഞ്ഞു നീ ചേർന്നിട്ടും നന്ദന
വ്രന്ദാവനം പോൽ പൂക്കുകയാണിന്നും ഞങ്ങടെ മാനസ ഭൂമിയിൽ,
നിൻ‌ വഴിപാതയിലെവിടെയോ ചതിക്കുഴിവെട്ടി കാ‍ത്തി-
രുന്നൊരു ശത്രുവാം കാട്ടാളവർഗ്ഗം.

നിൻ വഴിപാതയിലെവിടെയോ പിഴചുപോയാരാ-
പഴുതിലൂടെ വന്നുനിൻ നേരെയാ
ശത്രുവാം വർഗ്ഗീയ വർഗ്ഗം,
“ഇല്ല മറക്കുകയില്ല ഞങ്ങൾ, ഇല്ല പൊറുക്കുകയില്ല ഞങ്ങൾ”
ഉള്ളിന്റെ ഉള്ളിലെ വെള്ള നൂൽപട്ടിൽ തെറിച്ചു-
വീണൊരാ നീയാം നക്ഷത്രശോണിമ സ്മരണയെന്നും
ഞങ്ങളിൽ ജ്വലിച്ചിടട്ടെ!
ഒരായിരങ്ങൾ രക്തം കൊടുത്തു വളർന്നൊരാപൂമരം…..
നീയുമതിലൊരു രക്തസാക്ഷി, നീയുമതിലൊരീ ധീരസാക്ഷി.

Friday, January 30, 2009

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?

സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന്‌ മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന്‌ സി।ബി।ഐ 'കണ്ടുപിടിച്ചി'രിക്കുന്നു। ഇത്‌ മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്‌. മാസങ്ങളായി ഈ ദിനത്തിന്‌ നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്‌.എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ്‌ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്‌. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതുകൊണ്ട്‌ ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന്‌ ആരംഭിക്കേണ്ടിയിരിക്കുന്നു.വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്‌. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ്‌ പൊതുധാരണ. ഇതിന്‌ വലിയ ചെലവുവരും. അതുകൊണ്ട്‌ തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌.വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്‌. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നതാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്‌. ഏറ്റവും ചെലവ്‌ കുറച്ച്‌ ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക്‌ കരാര്‍ ഉറപ്പിച്ചുകൊടുക്കാം.പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌.അങ്ങനെ യു.ഡി.എഫ്‌. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ്‌ ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത്‌ എന്നതാണ്‌. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ്‌ ലാവലിനുമായി ഉണ്ടാക്കിയത്‌. പിണറായി വിജയനാണ്‌ അത്‌ സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത്‌ എന്നാണ്‌ യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ്‌ കരാറിന്‌ നാനാതരം വിശേഷണം കൊടുത്ത്‌ ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം.എന്തിന്‌ സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന്‌ യു.ഡി.എഫ്‌ നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ്‌ വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളിലും സ്വീകരിച്ചത്‌. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല.ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടമുണ്ട്‌. ആദ്യത്തെത്‌ ധാരണാപത്രം ഒപ്പുവെക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജക്ട്‌? ഏത്‌ കമ്പനി? എത്ര തുക? വായ്‌പയെങ്ങനെയാണ്‌ ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌ രണ്ടാംഘട്ടം. പേര്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ്‌ അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്‌. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ്‌ ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്‌. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്‌. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്‌.കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്‌. മന്ത്രിയായിരുന്ന സി.വി. പദ്‌മരാജനാണ്‌ ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്‌. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ്‌ ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്‌. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം.പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌. 1996 ഫിബ്രവരി 24-നാണ്‌ കാര്‍ത്തികേയന്‍ ഇത്‌ ഒപ്പുവെച്ചത്‌. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്‌. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്‌. അതുകൊണ്ട്‌ ജി. കാര്‍ത്തികേയന്‌ കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട്‌ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്‌. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്‌. കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെന്‍ഡറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ്‌ കോടതിയില്‍ കേസും നടത്തേണ്ടിവരും.നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്‌. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട്‌ കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച്‌ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്‌.കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ്‌ അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്‌. അതല്ല പിണറായി വിജയന്‍ ചെയ്‌തത്‌. കാനഡയില്‍നിന്ന്‌ വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്‌, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ്‌ അവസാനകരാറില്‍ ഏര്‍പ്പെട്ടത്‌. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്‌. ഇത്രയും നേട്ടം കേരളത്തിന്‌ യു.ഡി.എഫിന്റെ കരാറില്‍നിന്ന്‌ അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്‌.ഇനി വാദത്തിന്‌ ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത്‌ ജി. കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ്‌ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്‌. മനസ്സിലാക്കേണ്ടത്‌ നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌ എന്നതാണ്‌.ആരാണ്‌ ഗൂഢാലോചന നടത്തുന്നത്‌? പ്രതിയാര്‌? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ്‌ പ്രതികള്‍കടപ്പാട്.
കടപ്പാട്।മാത്രഭൂമിമന്ത്രി തോമസ് ഐസക്ക്।