1946 മുതല്‍ 1953 വരെ ചെ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു। '53ല്‍ മെഡിക്കല്‍ ബിരുദമെടുക്കുന്നതിനുമുമ്പുതന്നെ മിക്ക ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പര്യടനം നടത്തി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ പാവഭരണകൂടങ്ങളുടെ നിഷ്ഠുരമായ അടിച്ചമര്‍ത്തലുകള്‍ക്ക് തൊഴിലാളികളും കൃഷിക്കാരും ഇരയായിക്കൊണ്ടിരുന്നത് ചെയുടെ മനസ്സിനെ രോഷാകുലമാക്കി. 1953 ജൂലൈ 26ന് ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ വിപ്ളവകാരികള്‍ ബാറ്റിസ്റ്റയുടെ മോകാദ പട്ടാള ബാരക്കിനുനേരെ നടത്തിയ കലാപം ചെയുടെ വിപ്ളവചിന്തയില്‍ വമ്പിച്ച സ്വാധീനം ചെലുത്തി. ഈ സന്ദര്‍ഭത്തില്‍ ചെ ഗ്വാട്ടിമാലയിലായിരുന്നു. 1954ല്‍ തികഞ്ഞ ജനാധിപത്യവാദിയും ഗ്വാട്ടിമാലന്‍ പ്രസിഡന്റുമായ അര്‍ബന്‍സിനെതിരെ അമേരിക്കന്‍ സിഐഎയുടെ തണലില്‍ ഒരുവിഭാഗം പട്ടാളക്കാരും അര്‍ബന്‍സിനെ എതിര്‍ത്ത രാഷ്‌ട്രീയക്കാരും ചേര്‍ന്ന് കലാപം ആരംഭിച്ചു. ചെ അര്‍ബന്‍സുമായി കണ്ട് ഭരണത്തില്‍ ഉറച്ചുനില്‍ക്കാനും ജനങ്ങളെ സംഘടിപ്പിച്ച് പ്രതിവിപ്ലവശക്തികളെ അമര്‍ച്ച ചെയ്യാനും ഉപദേശിച്ചു. തികഞ്ഞ ബൂര്‍ഷ്വാ ജനാധിപത്യവാദിയായിരുന്നു അര്‍ബന്‍സ് എങ്കിലും സോവിയറ്റ് യൂണിയനുമായി നയതന്ത്രംബന്ധം സ്ഥാപിച്ചത് അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അര്‍ബന്‍സ് ചെയുടെ സഹായവാഗ്ദാനം സ്വീകരിച്ചെങ്കിലും അധികനാള്‍ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല.
പിന്നീട് ചെ മെക്സിക്കോയിലെത്തി ഡോക്ടറായി പ്രാക്ടീസ് തുടങ്ങി। ഈ സമയത്ത് ക്യൂബന്‍ ജയിലില്‍നിന്ന് മോചനംനേടിയ കാസ്‌ട്രോയും അനുയായികളും മെക്സിക്കോയിലെത്തി ഒളിപ്പോര്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചു। 1955ല്‍ കാസ്‌ട്രോയുമായി കാണുകയും അദ്ദേഹത്തിന്റെ സൈനിക യൂണിറ്റില്‍ അംഗമായി ചേരുകയും ചെയ്തു। പ്രസ്തുത സൈനിക യൂണിറ്റിലെ അംഗമെന്ന കാരണത്താല്‍ മെക്സിക്കന്‍ പൊലീസ് 1956ല്‍ ചെയെ അറസ്റ് ചെയ്തു. 1956 നവംബര്‍ 25ന് ഫിദല്‍ കാസ്‌ട്രോയുടെ വിപ്ളവസംഘത്തിലെ 81 ഉശിരന്‍ പോരാളികളില്‍ ഒരാളായി 'ഗ്രാന്‍മ' എന്ന നൌകയില്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. വിപ്ലവസംഘം ഡിസംബര്‍ രണ്ടിന് ക്യൂബന്‍ തീരത്തെത്തി. വിശ്വവിഖ്യാതമായ 'ഗ്രാന്‍മ' വിപ്ലവത്തില്‍ പങ്കെടുത്തതുമുതല്‍ 1959 വരെ ചെ ക്യൂബന്‍ വിപ്ലവസമരത്തിന് നിര്‍ണായകമായ നേതൃത്വം നല്‍കി. യുദ്ധത്തിനിടയ്ക്ക് ക്യൂബയില്‍വച്ച് ചെയ്ക്ക് ഒന്നില്‍ കൂടുതല്‍ തവണ പരിക്കേറ്റിരുന്നു.
1957 ജൂൺ അഞ്ചിന് ക്യൂബന്‍ വിപ്ലവ കമാന്‍ഡ് ചെയെ മേജറായും നാലാം കോളത്തിന്റെ കമാന്‍ഡറായും നിയമിച്ചു। ചെയുടെ നേതൃത്വത്തിലുള്ള പട്ടാളഗ്രൂപ്പ് ഗ്രാമപ്രദേശങ്ങളും പട്ടണങ്ങളും ഒന്നൊന്നായി മോചിപ്പിച്ചു. ബാറ്റിസ്റ്റ വെറുതെയിരുന്നില്ല. വിപ്ലവ നേതാക്കളുടെ തലയ്ക്ക് വിലപറഞ്ഞ് പ്രഖ്യാപനമിറക്കി. ബാറ്റിസ്റ്റയുടെ പ്രസിദ്ധമായ കമ്പാനക്കോട്ട ജനുവരി ഒന്നിനാണ് ചെയുടെ പട്ടാളം പിടിച്ചെടുത്തത്. 1959 ജനുവരി ഒന്നിന് അധികാരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റിസ്റ്റ പലായനംചെയ്തു. ജനുവരി എട്ടിന് ക്യൂബയുടെ വിപ്ലവ സമരനായകന്‍ ഫിദല്‍ കാസ്‌ട്രോ ഹവാനയിലെത്തി. വഴിനീളെ കര്‍ഷകരും തൊഴിലാളികളും പട്ടാളവിഭാഗങ്ങളും അടങ്ങിയ പതിനായിരങ്ങള്‍ കാസ്‌ട്രോയെ അഭിവാദ്യംചെയ്തു. ബാറ്റിസ്റ്റയുടെ പകരക്കാരനായ ജനറല്‍ കാന്‍ഡിലയ്ക്ക് 24 മണിക്കൂര്‍പോലും ഭരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
വിപ്ലവസമരത്തിന്റെ മുന്നേറ്റഘട്ടങ്ങളില്‍ വിപ്ലവകാരികളില്‍ അഭിപ്രായവ്യത്യാസവും സംശയവും ജനിപ്പിക്കുന്നതിന് ബൂര്‍ഷ്വാ പത്രങ്ങള്‍ പല കള്ളക്കഥയും പടച്ചുവിട്ടു। അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫിദല്‍ കാസ്‌ട്രോ ബാറ്റിസ്റയുടെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം ചെയ്‌തു എന്നുള്ള വാര്‍ത്തയായിരുന്നു. ബാറ്റിസ്റ്റയെ സഹായിക്കാന്‍ അമേരിക്കന്‍ ഭരണകൂടവും സിഐഎയും സദാ ജാഗരൂകമായിരുന്നു. ഇരുപതിനായിരത്തിലധികം ജനങ്ങളെ ബാറ്റിസ്റ്റയുടെ പട്ടാളം കൊലപ്പെടുത്തി. വിപ്ലവത്തോട് ആഭിമുഖ്യം കാണിച്ച കൃഷിക്കാരുടെ വയലുകളും തോട്ടങ്ങളും അഗ്നിക്കിരയാക്കി. 1959 ഫെബ്രുവരി ഒമ്പതിന് ക്യൂബന്‍ പ്രസിഡന്‍ഷ്യല്‍ ഡിക്രിയനുസരിച്ച് ചെയ്ക്ക് ക്യൂബന്‍ പൌരത്വം നല്‍കപ്പെട്ടു. നവംബര്‍ 26ന് ക്യൂബന്‍ ദേശീയ ബാങ്കിന്റെ ഡയറക്ടറായി. ക്യൂബന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ എന്നുള്ള നിലയ്ക്ക് സോവിയറ്റ് യൂണിയന്‍, ചൈന, ഉത്തരകൊറിയ, കിഴക്കന്‍ ജര്‍മനി, യൂഗോസ്ളാവിയ, സുഡാന്‍, ഈജിപ്ത്, സ്പെയിന്‍, ഇന്ത്യ, പാകിസ്ഥാന്‍, ബര്‍മ, ജപ്പാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1961 ഫെബ്രുവരി 23ന് ചെ ക്യൂബയുടെ വ്യവസായമന്ത്രിയായി.
ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ അതിരൂക്ഷമായ ആക്രമണമാണ് ചെയില്‍നിന്നുണ്ടായത്। 1965 മാര്‍ച്ചുവരെ ക്യൂബന്‍ സര്‍ക്കാരിന്റെ വിവിധ സമിതികളിലും പാര്‍ടി നേതൃനിരയിലും പ്രവര്‍ത്തിച്ചു. 1966 നവംബറില്‍ ബൊളീവിയയിലെത്തി. ഏറ്റവുമടുത്ത 17 പോരാളികളായ സുഹൃത്തുക്കളുമായിട്ടാണ് ചെ ക്യൂബ വിട്ടത്. ബാരിയന്റോസ് എന്ന ഏകാധിപതിയില്‍നിന്ന് ബൊളിവിയയെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബൊളീവിയയിലെ നങ്കാഹു വാസു നദിക്കരയില്‍ ആദ്യത്തെ ഒളിപ്പോര്‍ കേന്ദ്രം സ്ഥാപിച്ചു. ലോക വിപ്ലവചരിത്രത്തില്‍ എണ്ണംകൊണ്ട് അംഗബലംകുറഞ്ഞവര്‍ നടത്തിയ വിപ്ലവസമരമായിരുന്നു ചെയുടെ നേതൃത്വത്തില്‍ ബൊളീവിയയില്‍ നടന്നത്. ബൊളീവിയയിലെ ചെയുടെ പ്രവര്‍ത്തനകാലം അത്യന്തം അപകടകരവും സങ്കീര്‍ണവുമായിരുന്നു. പ്രതികൂല കാലാവസ്ഥ, പട്ടിണി, രോഗം, ശക്തരായ പട്ടാള വിഭാഗങ്ങളോടുള്ള ചെറുത്ത്നില്‍പ്പ്- ഇവയെല്ലാം സഹിച്ച് ഒരു വര്‍ഷകാലത്തോളം ബൊളീവിയയിലെ പാവങ്ങള്‍ക്കുവേണ്ടി പോരാടി.
ബാരിയന്റോസിന്റെ പട്ടാളം ചെയെയും കൂട്ടരെയും വധിക്കാന്‍ നിശ്ചയിച്ചു। സംശയമുള്ള വനപ്രദേശങ്ങള്‍ മുഴുവന്‍ മാസങ്ങളോളം വിമാന ബോംബ് ആക്രമണം നടത്തി. 1967 ഒക്ടോബര്‍ ആദ്യം ചെയുടെ വിപ്ളവസംഘത്തെ ബാരിയന്റോസിന്റെ പട്ടാളം വളഞ്ഞു. ചെയും കൂട്ടരും ധീരോചിതമായി പോരാടി. 1967 ഒൿടോബര്‍ ഏഴിന് ചെയ്ക്ക് വെടിയേല്‍ക്കുകയും തടവുകാരനാക്കപ്പെടുകയും ചെയ്‌തു. വിപ്ലവസമരത്തിനിടയ്ക്ക് ക്യൂബയിലും ബൊളീവിയയിലും ചെയുടെ വിപ്ലവവിഭാഗം തടവുകാരാക്കിയ പട്ടാള ഓഫീസര്‍മാരോടും പട്ടാളക്കാരോടും ചെ തികച്ചും മാന്യമായാണ് പെരുമാറിയത്. എന്നാല്‍, ബാരിയന്റോഴ്സിന്റെ ബൂര്‍ഷ്വാ പട്ടാളം ചെയോട് വളരെ ക്രൂരമായാണ് പെരുമാറിയത്. ഒക്ടോബര്‍ ഒമ്പതിന് ഹിഗുവേരഗ്രാമത്തിലുള്ള സ്കൂള്‍ മുറിയില്‍വച്ച് പട്ടാളക്കാര്‍ ചെയെ നിഷ്‌ഠൂരമായി വെടിവച്ചുകൊന്നു.
ഫിദല്‍ കാസ്‌ട്രോയും ഏണസ്‌റ്റോ ചെ ഗുവേരയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യാസം ഇന്ന് സഫലമായി വരികയാണ്. അവര്‍ വിതച്ച വിത്ത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയ്ക്ക് പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പാവസര്‍ക്കാരുകളെ വാഴിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. വെനസ്വേല, ഇക്വഡോര്‍, നിക്കരാഗ്വ, പരാഗ്വേ, ബ്രസില്‍, അര്‍ജന്റീന... തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ശക്തി ത്രസിച്ചുനില്‍ക്കുന്നു. അവര്‍ ആഗോളവല്‍ക്കരണത്തെയും സാമ്രാജ്യത്വത്തെയും വെല്ലുവിളിക്കുന്നു. ക്യൂബന്‍ വിപ്ലവസമരത്തില്‍ പങ്കെടുത്ത് വിജയിക്കുകയും അതിനുശേഷം തനിക്ക് ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും കൈവിട്ട് ബൊളീവിയയിലെത്തി വിപ്ലവത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച വിശ്വവിഖ്യാത പോരാളി ചെ എന്നും ജ്വലിക്കുന്ന ഓര്‍മയാണ്.
No comments:
Post a Comment