Thursday, December 30, 2010

പുതുവത്സരാശംസകൾ



ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു....
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങൾ
നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്…..
കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും
കയ്യിൽ കരുതിവച്ചിട്ടുണ്ടാവാം...
എന്ത് ആശംസിച്ചാലാണ് മതിയാവുക എന്നെനിക്കറിയില്ല എന്നാലും....
കല്ലും മുളളും നിറഞ്ഞ ജീവിതവഴിത്താരകളിൽ കാലം പൂമ്പട്ടുപ്പരവതാനി വിരിക്കട്ടെ
കണ്ണിണകളെ കുളിരണിയിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന മഞ്ഞക്കണിക്കൊന്നപോലെ,
മാനത്ത് വ൪ണ്ണരാജി വിരിയിച്ച് ദൃശ്യവിസ്മയം തീ൪ക്കുന്ന മഴവില്ലുപോലെ,
നെയ്ത്തിരിനാളങ്ങളുടെ പ്രഭയിൽ കുളിച്ചുനില്ക്കുന്ന കാ൪ത്തികരാവുപോലെ
ജീവിതം സുന്ദരസുരഭിലമാകട്ടെ.....
സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനും സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാനും ശ്രമ്മിക്കുക. "ഞാന്‍ " "എന്റെ " വീട് - എന്ന ചിന്ഥാഗതി മാറ്റി "നാം ", "നമ്മുടെ " വീട് , നാട് എന്ന് നമ്മള്ക്ക്ന ചിന്തിക്കാം. ഒരിക്കലും നാം നമ്മിലേയ്ക്ക് തന്നെ ചുരുങ്ങാതിരിക്കുക!
ഇന്നലെകളിലെ സ്വപ്നങ്ങൾ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങൾ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും കഴിയട്ടെ….

എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Saturday, May 15, 2010

ജീവിതപ്പച്ച തേടിപ്പോയവർക്ക് താങ്ങും തണലുമായ യാത്ര

മണൽക്കാട്ടിൽ വീശിയടിക്കുന്ന ചൂടുകാറ്റ്. ആ കാറ്റ് പലപ്പോഴും മണൽക്കാറ്റായി മാറാറുണ്ട്. ഇങ്ങനെയുള്ള ഒരു കൊടും പകൽ എരിഞ്ഞടങ്ങുന്ന വേളയിലാണ് ഷാർജയിലെ ലേബർ ക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേത്രത്വത്തിലുള്ള സംഘം എത്തിയത്. ഉറ്റവരെയും ഉടയവരെയും വിട്ട് ഗൾഫ് നാട്ടിൽ കഷ്ടനഷ്ടങ്ങൾ പങ്കിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലാളികളെ അവരുടെകേന്ദ്രങ്ങളിലെത്തി പിണറായിയും പാർടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവനും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ടി കെ ഹംസയും കണ്ടു. മല്ലപ്പള്ളി സ്വദേശിയായ ഒരു തൊഴിലാളി പിണറായിയുടെ കരംഗ്രഹിച്ച് മുത്തം നൽകിയാണ് തന്റെ സ്നേഹവായ്പ് പങ്കുവെച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ സ്വന്തം ജീവിതം ജീവിതം ബലിയർപ്പിച്ച് നാട്ടിലെ ഉറ്റവർക്ക് അന്നവും വസ്ത്രവും പാർപ്പിടവും സമ്പാദിച്ച് നൽകുന്ന ത്യാഗശീലരുടെ ജീവിതത്തിന്റെ അകവും പുറവുമാണ് സംഘത്തിന് ഗൾഫ് യാത്രയിൽ കാണാനായത്.

ബംഗാളികളും ബിഹാറികളും ഉൾപ്പെടെയുള്ളവർ സിപിഐ എം നേതാവിനെ സ്നേഹത്തോടെ സ്വീകരിച്ചു. അവരുടെ ഊണുമേശക്കരികിലും നേതാകൾ എത്തി. മരിഭൂമിയിലെത്തി മെഴുകുതിരിപോലെ എരിഞ്ഞമരുന്ന തൊഴിലെടുക്കുന്നവരുടെ ദുഖവും സന്തോഷവും സ്നേഹവുമേല്ലാം പിണറായിയുടെ നേത്രത്വത്തിൽ ഗൾഫിൽ പര്യടനം നടത്തിയ സംഘം മനസ്സിലാക്കി. എന്നിട്ടാണ് മലയാളമനോരമ “ഒരു കുടം താറും ഒരു കുറ്റിചൂലുമായി” :പിണറായിയുടെ നവകേരള ഗൾഫ് യാത്ര” യെന്ന വിഷലിപ്ത തലക്കെട്ടുമായി അപവാദം പ്രചരിപ്പിച്ചത്. ലേബർ ക്യാമ്പുകൾ സന്ദർശിച്ചില്ല, അനുഭാവികളിൽ അമർഷം എന്നെല്ലാമുള്ള പതിവുകല്ലുവച്ച നുണ പരത്തുന്നത്.

കുവൈത്തിലെ മലായാളികളുടെ പൊതുസംഘടനയായ ‘കല’ ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പിണറായി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു യുവതി നിറകണ്ണുകളുമായി സഖാവിന് മുന്നിലെത്തി. ‘എന്നെ സഹായിക്കണം, നേഴ്സായി കുവൈത്തിയുടെ ക്ലിനിക്കിൽ ജോലിചെയ്യുന്ന എനിക്ക് അപകടമുണ്ടായി പൊള്ളലും പരിക്കുമേറ്റു. കൈ ഉയർത്താൻ വയ്യ. നാട്ടിൽ തിരിച്ചുപോകണം. സ്പോൺസർ അനുവദിക്കുന്നില്ല. സഖാവ് ഇടപെടണം.’ ചങ്ങനാശേരി സ്വദേശി ലിജിമോൾ കരഞ്ഞുകൊണ്ട് സഖാവിനോട് പറഞ്ഞു. ഭർത്താവ് ജിനീഷും അവർക്കൊപ്പമിണ്ടായിരുന്നു. ഡോ. തലാൽ സുലൈമാൻ അലിയുടെ ക്ലിനിക്കിലെ നേഴ്സായി മൂന്നുവർഷമായി ജോലിചെയ്യുന്ന ഇവർ പൊള്ളലേറ്റ് ചികിത്സ കഴിഞ്ഞശേഷം ക്ലിനിക്കിലെത്തിയപ്പോൾ ജോലിചെയ്യാനാവാത്ത് ശാരീരിക അവശതകൾ നേരിട്ടു. ഇതേത്തുടർന്ന് അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി നിഷേധിക്കുക മാത്രമല്ല ലിജിമോൾക്കെതിരെ പൊലീസിലും കോടതിയിലും കള്ളക്കേസ് കൊടുക്കുകയും ചെയ്തു. ഇതു കാ‍രണം നാട്ടിലേക്ക് മടങ്ങാ‍ൻ കഴിയാത്ത ദുരവസ്ഥയിലായി. ഈ പ്രശ്നത്തിന്റെ കാര്യങ്ങൾ മനസിലാക്കി റിപ്പോർട്ട് നൽക്കാൻ കലയുടെ നേതാക്കളോട് പിണറായി നിർദേഷിച്ചു. അടുത്ത ദിവസം തന്നെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി അജയ് മൽഹോത്രയെ കണ്ടപ്പോൾ ലിജിമോൾക്കു നീതികിട്ടാൻ ഇടപെടണമെന്ന് പിണറായി അഭ്യർഥിച്ചു. പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ പ്രവാസികളുടെ കണ്ണീരപ്പൊനുള്ള യാത്രകൂടിയായിരുന്നു പിണറായിയുടെ പര്യടനം. സന്ദർശിച്ച രാജ്യങ്ങളിലെല്ലാം സ്ഥാനപതിമാരെയോ ഉന്നത ഉദ്യോഗസ്ഥരെയോ പിണറായി കണ്ടിരുന്നു. എന്നിട്ടാണ് ‘പണച്ചാക്കുകളുടെ പിൻബലത്തിലെ യാത്ര’യെന്നും ‘സമ്പന്നന്മാരുമായുള്ള സമ്പർക്കയാത്ര’ യെന്നുമുള്ള സത്യവിരുദ്ധമായ വിശേഷണവും കൊച്ചുവർത്തമാനവുമായി മനോരമ സി പി ഐ എമ്മിനെതിരായ പരമ്പര നിരത്തിയത്.

ചടയൻ ഗോവിന്ദൻ സെക്രടറിയാകും വരെയുള്ള കമ്മ്യൂണിസ്റ്റ് ശൈലി പിണറായി സെക്രടറിയാ‍യതോടെ കൈമോശം വന്നെന്ന കണ്ടുപിടിത്തമാണ് മനോരമ നടത്തിയത്. സ്വദേശത്തും വിദേശത്തുമുള്ള സി പി ഐ എമ്മിനെ സ്നേഹിക്കുന്നവരിൽനിന്ന് പാർടി നടത്തുന്ന പ്രഖ്യാപിത ഫണ്ടു കലക്ഷനുമായി ബന്ധപ്പെടുത്തിയാണ് ഈ അബദ്ധപഞ്ചാംഗം എഴുന്നള്ളിച്ചത്. ദേശാഭിമാനി പത്രത്തിന്റെ നിലനിൽ‌പ്പിനും പാർടിയുടെ വളർച്ചയ്ക്കും വേണ്ടി എ കെ ജി സിലോണിലും സിംഗപ്പൂരിലും മലേഷ്യയിലും പര്യടനം നടത്തിയിരുന്നു. ആ അനുഭവം ആവേശപൂർവം എ കെ ജി വിവരിച്ചിട്ടുമുണ്ട്. ഹർകിഷൻസിങ് സുർജിത് ഉൾപ്പെടെയുള്ള നേതാക്കളെല്ലാം സ്വദേശത്തും വിദേശത്തും പാർടിക്കുവേണ്ടി അഭ്യുദയകാംക്ഷികളെ സംഭവനയ്ക്കായി കണ്ടിട്ടുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഫണ്ട് കലക്ഷ്നിലൂടെ പിണറായിവിജയൻ പുതിയൊരു ശൈലി കൊണ്ടുവന്നിരിക്കുന്നെന്ന മനോരമയുടെ വികലമായ വിലയിരുത്തൽ.

ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്ന ഗൾഫ് രാജ്യമായ സൌദ്യ അറേബ്യയിൽ പിണറായി എത്തുന്നത് ആദ്യമാണ്. സ്വന്തം നാടിന്റെ നേതാവ് തങ്ങളുടെ അടുത്തേക്ക് എത്തിയപ്പോൾ മറ്റൊരു നേതാവിനും ഇതുവരെ നൽകാത്തത്ര വികാ‍രവായ്പോടെയുള്ള വരവേൽ‌പ്പാണ് സൌദ്യയിലെ പ്രവാസി മലയാളികൾ നൽകിയത്. ജിദ്ദയിലെ സ്വീകരണസമ്മേളനം ചരിത്രമായി. ആയിരങ്ങളാണ് പങ്കെടുത്തത്. അറബികൾ ഉൾപ്പെടെയുള്ള മറുനാട്ടുകാരുടെ നല്ലൊരു പങ്കിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. സൌദ്യ ഭരണകൂടത്തിലെ പ്രമുഖരടക്കം പങ്കെടുത്ത യോഗത്തിൽ അവരുടെ ആവശ്യപ്രകാരം പിണറായിയുടെ പ്രസംഗം അറബ് ഭാഷയിൽ വിവർത്തനം ചെയ്യുകയും ചെയ്തു. റിയാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സ്നേഹനിർഭരമായ വരവേൽ‌പ്പായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ഒത്തുകൂടലുകളും ഉണ്ടായിരുന്നു. അവിടങ്ങളിലും സഖാവിന് മരുഭൂമിക്ക് നടുവിലെ ലേബർ ക്യാബിന് സമീപമുള്ള സ്ഥലത്തെ ഒത്തുകൂടലിനും സമയം മാറ്റി. ‘ഞാൻ സൌദ്യ അറേബ്യയിൽ ഒരു പാടു തവണ വന്നിട്ടുണ്ട്. പോയിട്ടുണ്ട്. എന്റെ മകളും കുടുംബവും ഇവിടെയാണ്. പക്ഷേ, ഇന്നുവരെ ഒരു രാഷ്ട്രിയപാർടി നേതാവിനും പിണറായിക്ക് നൽകിയതുപോലൊരു സ്നേഹവരവേൽ‌പ്പ് സൌദ്യ നൽകിയിട്ടില്ല.’

മലയാളികളുടെ ഹ്രദയത്തിൽ ജീവിക്കുന്ന ക‌മ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാർക്ക് കണ്ണൂരിൽ ഉചിതമായൊരു സ്മാരകം ഉയരുമ്പോൾ അതുമായി സഹകരികണമെന്ന് നേതാകൾ അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പുറപ്പെടുമ്മുമ്പുള്ള പത്രവാർത്തയിൽ തന്നെ കണ്ണൂരിൽ ഉയരുന്ന നായനാർ സ്മാരകത്തിന്റെ പ്രചാരണപ്രവർത്തനവും യാത്രാ ഉദ്ദേശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥകളും ഫണ്ട് ശേഖരണവും തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് പ്രവാസി മലയാളികളുടെ സംഘടനയും നേതാക്കളും പ്രവർത്തിച്ചിട്ടുള്ളത്. നായനാർ സ്മാരകം നല്ലനിലയിൽ ഉയരുന്നതിന് നായനാരെയും നായനാരുടെ പ്രസ്ഥാനത്തെയും സ്നേഹിക്കുന്നവർ കലവറയില്ലാത്ത സഹകരണത്തിന് മുന്നോടുവരികയും വാഗ്ദാനം നൽക്കുകയും ചെയ്തു. നായനാരുടെ പേരിൽ നല്ലൊരു സ്മാരകം സഖാവിന്റെ നാട്ടിൽ ഉയരുന്നത് മനോരമയുടെ ക‌മ്യൂണിസ്റ്റ് വിരുദ്ധ വിഷമനസ്സിന് സഹിക്കുന്നില്ല. അതുകൊണ്ടാണ് നായനാർ സ്മാര‌കത്തിനുവേണ്ടി നേതാകൾ നടത്തിയ സൽ‌പ്രവർത്തിയെ കരിതേച്ചു കാട്ടാൻ നെറികെട്ട പരമാർശങ്ങൾ കുത്തിനിറച്ച് മനോരമ പരമ്പരയാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ പ്രതിബദ്ധതയുള്ള ജനങ്ങളെയാകെ ബൻഡ്പ്പെട്ടുകൊണ്ടുള്ള പര്യടനമാണ് പിണറായിയും സംഘവും നടത്തിയത്. എന്നിട്ടാണ് പാർടിയുമായി ബൻഡ്പ്പെട്ട പോലീസ് ഉദ്യേഗസ്ഥനെ പൈലറ്റായി ഇറക്കിയെന്ന നെറിക്കെട്ട ആക്ഷേപം ഇതേ പത്രം ഉദ്ധരിച്ചത്. ഈ ‘പൈലറ്റുമാ’യി ഗൾഫ് യാത്രക്കിടയിൽ ടെലിഫോണിലോ അല്ലാതയോ ഒരു തവണ പോലും പിണറായി സംസാരിച്ചിട്ടില്ല. സി പി ഐ എം നേതാക്കൾക്ക് ഏതെങ്കിലും നാട്ടിൽ പര്യടനം നടത്താൻ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം വേണമെന്ന് എഴുതുന്നവരുടെ ചർമബലം കാണ്ടാമ്രഗത്തെ തോൽ‌പ്പിക്കും. ‘ഗൾഫ് പര്യടനത്തിനിടയിൽ പത്രക്കാരെ പാർടി സെക്രടറി അകറ്റിനിർത്തി’ യെന്ന് എഴുതിയ മനോരമയുടെ ഗൾഫ് പതിപ്പിൽ‌പോലും പിണാറായി സന്ദർശിച്ച എല്ലാ രാജ്യങ്ങളിലെയും പൊതുപാരിപാടികളുടെ റിപ്പോർട്ട് വന്നിട്ടുണ്ട്.

പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൈമെയ് മറന്ന് പോരാടാൻ ‘ഇനി സിപിഐ എമ്മിന് പരസഹായം വേണ്ടിവരില്ലെന്നാണ് ഉൾപാർടി വർത്തമാനം’ എന്ന പ്രയോഗം മനോരമ നടത്തിയിട്ടുണ്ട്. ഇതിനർഥം, കേരളത്തിൽ ഇനി ആരും സിപിഐ എമ്മിന് സംഭാവന കൊടുക്കരുതെന്നാണ്. പിന്തിരിപ്പൻ ശക്തികളെ സഹായിക്കാൻ നുണകളുടെ അണക്കെട്ട് പൊട്ടിക്കുന്ന സ്വഭാവം മനോരമയും മറ്റു പിന്തിരിപ്പൻ ശക്തികളും ചെയ്യുന്നത് ആദ്യമായല്ല. ദേശാഭിമാനിക്കും കൈരളിക്കും പുതിയ മന്ദിരം ഉയർന്നതും വിവിധ സഹകരണസംഘങ്ങൾ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതും പിന്തിരിപ്പൻ ശക്തികൾക്ക് സഹിക്കുന്നില്ല. ഈ അസഹിഷ്ണുത ഏറ്റവും പ്രകടമായത് ഒന്നാം ഇ എം സ് മന്ത്രിസഭയുടെ കാലത്താണ്. 25ലക്ഷം രൂപ ജനങ്ങളിൽ നിന്ന് ക‌മ്യൂണിസ്റ്റ് പാർടി ഫണ്ടിനായി പിരിച്ചെന്ന് പി രാമമൂർത്തി പറഞ്ഞപ്പോൾ അതിനെ കോഗ്രസുകാരും അവരുടെ മാധ്യമങ്ങളും അപഹസിച്ചു. 25ലക്ഷമല്ല ഒരു കോടി രൂപയാണ് പിരിച്ചതെന്നും അതിൽ 75ലക്ഷം രൂപ നേതാക്കൾ അടിച്ചുമാറ്റിയെന്നും അതുകൊണ്ടാണ് പാർടി ഫണ്ടിൽ 25ലക്ഷം രൂപയായി കുറഞ്ഞുപോയതെന്നും പ്രചരിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് ആന്ഡ്ര അരി ഇടപാടിലൂടെ ഭക്ഷ്യമന്ത്രി കെ എസ് ജോർജ് അഴിമതി നടത്തി പാർടിക്ക് വൻ‌തുകയുണ്ടാക്കിയെന്ന ആക്ഷേപവും ഉയർത്തിയത്. ഇ എം സും എ കെ ജിയുമെല്ലാം ജീവിച്ചിരുന്ന കാലം മുതൽ ക‌മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഉയർത്തിയ ക‌മ്യൂണിസ്റ്റ് വിരുദ്ധ ആക്ഷേപങ്ങളുടെ തുടർച്ചയാണ് മനോരമാദി പിന്തിരിപ്പൻ മാധ്യമങ്ങളുടെ ഇന്നത്തെ നുണപ്രചാരണം.

എ കെ ജി സ്മണയ്ക്കായി തിരുവനന്തപുരത്ത് സ്മാരകമന്ദിരം നിർമിക്കുമ്പോൾ മനോരമാദി പത്രങ്ങൾ ടൺ കണക്കിന് ന്യൂസ് പ്രിന്റു മഷിയുമാണ് സി പി ഐ എമ്മിനെതിരെ ഉപയോഗിച്ചത്. ഇ എം എസ് അധ്യക്ഷനും ഇ കെ നായനാർ സെക്രടറിയുമായ എ കെ ജി സ്മാരക കമ്മിറ്റിയാണ് അന്ന് പ്രവർത്തിച്ചിരുന്നത്. പിന്നീട് ട്രസ്റ്റും രൂപീകരിച്ചു. സർക്കാരിനെയും സർവലാശാലയെയും ജനങ്ങളെയും പറ്റിച്ചെന്ന് പിന്തിരിപ്പൻ പത്രങ്ങൾ അന്ന് എഴുതിക്കൂട്ടിയപ്പോൾ നിറം‌പിടിപ്പിച്ച കള്ളക്കഥകൾ ഓരോ ദിവസവും ചമച്ച് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ നോക്കേണ്ടെന്ന് ഓർമപ്പെടുത്തി ഇ എം എസ് ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. എ കെ ജി സ്മാരകമന്ദിരം ഉയർത്താനുള്ള അഭ്യർഥന ട്രസ്റ്റിയായിരുന്ന നായനാരുടേതായിരുന്നു. അന്ന് എ കെ ജി സ്മാരകം ഉയരുന്നതിനെതിരെ അപവാദം പ്രചരിപ്പിച്ച പിന്തിരിപ്പൻ ശക്തികൾ ഇപ്പൊൾ നായനാർ സ്മാരകം നിർമ്മിക്കുന്നതിനെതിരെ ചന്ദ്രഹാസം ഇളക്കുകയാണ്. ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാധ്യമക്കളി പ്രബുദ്ധകേരളം തിരിച്ചറിയും.

കടപ്പാട് : ദേശാഭിമാനി

Monday, May 3, 2010

മഴ










എനിക്കിഷ്ടമാണു മഴയെ, മനസ്സിനെ ഓർമ്മകളിൽ നീരാടിക്കുന്ന പ്രക്രതിയുടെ സംഗീതത്തെ......ഗൾഫ് മണലാരണ്യത്തിൽ ജീവിക്കുമ്പൊഴും മഴ സമ്മാനിച്ച നല്ല നിമിഷങ്ങൾ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും അപ്പൊൾ എന്റെ മനസ്സിനെ കൊണ്ടത്തിക്കുന്ന ബാല്യകാലത്തെ കുറിച്ചുള്ള ആ നല്ല ഓർമ്മകളെ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു. തിമിർത്തു പെയ്യുന്ന മഴയിൽ ആർത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം. പണ്ട്‌ സ്കൂളിൽ പോകുമ്പോൾ ഇടവഴിയിൽ വെച്ചെന്റെ കുട മറിച്ച്‌ നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ... മഴ തോർന്ന പറമ്പിൽ ഓടിക്കളി‍ക്കുന്ന... എന്റെ ആ കുട്ടിക്കാലം മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന ഇടവ-തുലാ മാസ രാവുകൾ...അത് എല്ലാം ഇന്ന് ഒരു സ്വപ്നമായി മാറിയിരിക്കുന്നു. ഇനി എന്ന് തീരും ഈ പ്രവാസകാലം എന്ന് ഒരു നിശ്ചയമില്ലെങ്കിലും ആ കാലത്തിനിടക്ക് ഒരിക്കലെങ്കിലും മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തുന്ന മഴയത്ത് എന്റെ എല്ലാ ദു:ഖങ്ങളും കഴുകികളഞ്ഞ് ഒരു നാലാം ക്ലാസുകരനാവാൻ മോഹം.

മഴ എന്നും എനിക്ക് ഭ്രാന്തായിരുന്നു.. എന്റെ പ്രണയം.. എന്റെ പ്രിയപെട്ട സുഹൃത്ത് ... എന്നും അടങ്ങാത്ത ആവേശം... എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും മഴ എന്റെ കൂടെ ഉണ്ടായിരുന്നു.. എല്ലാ സങ്കടങ്ങളിലും.. എല്ലാ നേട്ടങ്ങളിലും.. എല്ലാ നഷ്ടങ്ങളിലും മഴ എന്നോടോപ്പോം ഉണ്ടായിരുന്നു... ചിലപ്പോൾ സ്വാന്തനമായി.. ചിലപ്പോൾ ആശ്രയമായി.. മറ്റു ചിലപ്പോൾ എന്റെ കണ്ണുനീർ മറയ്ക്കാനുള്ള ഒരു ആയുധമായി.. ഒരു പാടു ഇഷ്ടത്തോടെ ഹൃദയത്തോട്‌ ചേർത്തു പിടിച്ച ചില ബന്ധങ്ങളുടെ തുടക്കത്തിലും മഴ ഉണ്ടായിരുന്നു കൂട്ടായി.... ഒരിക്കലും ഇനി തിരികെ വരില്ല എന്ന് പറഞ്ഞു എന്റെ സ്നേഹവും സന്തോഷവും എന്നിൽ നിന്നും അകന്നു പോയ ദിവസവും മഴയുണ്ടായിരുന്ന.............

Friday, April 30, 2010

മെയ് ദിനാശംസകൾ













അധ്വാനിക്കുന്നവന്റെ അവകാശ ദിനമായ മെയ് ദിനമാണിന്ന്. തൊഴിലാളിയുടെ സാമ്പത്തികവും സാമൂഹ്യമായ ഉന്നമനവും ലക്ഷ്യമിട്ടു ആഘോഷിക്കുന്ന മെയ് ദിനം തൊഴിൽ സമയം എട്ടുമണിക്കൂറായി നിജയപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്.1884ൽ Federation of Organized Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതൽ 8 മണിക്കൂർ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേൽ‌പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുവാന്‍ നിർബതന്ധിതരായിരുന്ന തൊഴിലാളികൾക്കിടയിൽ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടർന്നു കയറി.1886 ഏപ്രിൽ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികൾ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.
ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People's Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വർഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകർക്കു വാനും അവർ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങൾ നൽക്കിയും കൂടുതൽ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവർ പൂർത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിർമ്മാണതൊഴിലാളികൾക്കും തുണിമിൽ തൊഴിലാളികൾക്കും ജോലി സമയത്തിൽ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികൾക്കായി സമരം ശക്തമാക്കി.
1886 മെയ് മൂന്നിന് മക്കോർമിക്ക് റീപ്പർ ഫാക്ടറിയിലെ തൊഴിലാളികൾ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഹൈ മാർക്കറ്റ് സ്ക്വയറിൽ ഒരു യോഗം ചേർന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോൾ ഒരു സംഘം പോലീസുകാർ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിർത്തിവെക്കാൻ അവർ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരൻ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിനെ ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
ആൽബർട്ട് പാർസൻസ്സ്, ആഗസ്റ്റ് സ്പൈസ്, അഡോൾഫ് ഫിഷർ, ജോർജ്ജ് ഏങ്കൽ എന്നിവരെ 1887 നവംബർ 11ന് ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേർക്ക് (മൈക്കേൽ ഷ്വാബ്, സാമുവേൽ ഫീൽഡെൻ, ഓസ്കാർ നീബെ)1893ൽ മാപ്പു ലഭിച്ചു.
ഹൈ മാർക്കറ്റ് സംഭവവും അതിനെത്തുടർന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയർന്നു . 1890 മെയ് ഒന്നു മുതൽ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷൻ ഓഫ് ലേബർ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.
പോലീസിനെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട്‌ ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമർത്താനാണ്‌ തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്‌.ലാത്തിച്ചാർജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകൾക്ക്‌ പരിക്കും നൂറുകണക്കിന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാർഡ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓർമ്മക്കുമുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ്‌ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം ഈ ദിനം ആഘോഷപൂർവം കൊണ്ടാടുന്നത്‌.
1886 ൽ ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികൾ നടത്തിയ അവകാശസമരത്തെ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്ത അതേവർഗ്ഗണത്തിൽ പെട്ടവർ തന്നെയാണ്‌ ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായീ അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌.സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങൾ ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്‌.തൊഴിലാളികളെക്കൊണ്ട്‌ പരമാവധി പണിയെടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ യഥാസമയം ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ നൽക്കാൻ ഇന്നും തയ്യാറാകുന്നില്ല.വികസിത രാജ്യങ്ങളിലെ തൊഴിലാളികൾക്ക്‌ ജോലിസ്ഥിരതയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോൾ അവികസിതരാജ്യങ്ങളിലെ തൊഴിലാളികൾ കടുത്ത ചൂഷണത്തിനും നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്‌.ആഗോളവൽക്കരണവും സൈനിക മേധാവിത്തവും കൊണ്ട്‌ ലോകരാജ്യങ്ങളുടെ നിയന്ത്രണവും കൈപ്പിടിയിലൊതുക്കാൻ സാമ്രാജിത്ത ശക്തികൾ കൊണ്ടുപിടിച്ച്‌ ശ്രമിക്കുകയാണ്‌.ആഗോളസമ്പാത്താകെ ഏതാനും ബഹുരാഷ്ട്രകുത്തക കമ്പിനികളുടെ അധീനതയിൽ വരുകയും അവരെ മാത്രം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുകയും ചെയ്യുമ്പോൾ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും വിലക്കയറ്റവും പട്ടിണിയുംകൊണ്ട്‌ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്‌.

രാഷ്‌ട്രീയത്തെ ആരാഷ്‌ട്രീയം കൊണ്ട്
തത്വചിന്തയെ പരസ്യം കൊണ്ട്
പ്രബുദ്ധതയെ ഉപഭോഗക്രമം കൊണ്ട്
സംഘടനാ ബോധ്യങ്ങളെ
വ്യക്തി സങ്കീർത്തനങ്ങൾ കൊണ്ട്
സംവാദങ്ങളെ വിവാദങ്ങൾ കൊണ്ട്
സമരോത്സുകമായ ശുഭാപ്തിയെ
അശുഭാപ്തി വിശ്വാസം കൊണ്ട്
യുക്തിയെ അയുക്തികത കൊണ്ട്
മതനിരപേക്ഷതയെ മതാന്ധത കൊണ്ട്
അന്വേഷണങ്ങളെ അപവാദങ്ങൾ കൊണ്ട്
മൂടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടതിൽ അതിനെയെല്ലാം സംഘടിത ശക്തി ഉപയോഗിച്ച് തൊല്പിച്ചിട്ടാലാതെ പുതിയൊരു ലോകം സ്വപ്നം കാണാൻ നമ്മുക്ക് കഴിയുകയില്ല.

"ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയിൽ കത്തിയമരും...... അതിന്റെ ചാരത്തിൽ നിന്നും ഒരു പുതിയ സമൂഹം ഉയർന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള, അനുദിനം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറുന്ന പുത്തൻ സാമൂഹ്യ വ്യവസ്ഥ.....''

"വിശപ്പടക്കുവാന്‍ ഭിക്ഷയാചിക്കുന്ന മക്കളും, ശരീരംകൊണ്ട് വിശപ്പടക്കേണ്ടിവരുന്ന സഹോദരിമാരും, മക്കളെ തെരുവിലുപേക്ഷിക്കുന്ന പിതാക്കന്മാരും ഇല്ലാത്ത ഒരു ലോകം.... ആയിരം മഴവില്ലുകളാൽ വർണ്ണാഭമായ ചക്രവാളവും ആർത്തുല്ലസിക്കുന്ന കുഞ്ഞുങ്ങളും, അദ്ധ്വാനത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പുരുഷന്മാരും, പ്രഭാതത്തിലെ ഈറനണിഞ്ഞ റോസാദളത്തിന്റെ ഹൃദ്യത പകരുന്ന കുടുംബിനികളും ഉള്ള ഒരു ലോകം.....


ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവർഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങൾക്കെതിരെയും വർഗ്ഗീയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികൾക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളിൽ സ്നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളിൽ പുത്തൻ പ്രതീക്ഷകളുടെ നാമ്പുകൾ കിളിർപ്പിക്കാനും ഈ സാർവ്വദേശീയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ.

എട്ടു മണിക്കൂർ അധ്വാനം - എട്ടു മണിക്കൂർ ആഹ്ലാദം - എട്ടു മണിക്കൂർ വിശ്രമം

എല്ലാവർക്കും എന്റെ മെയ് ദിനാശംസകൾ

Monday, April 26, 2010

സഖാവ് കെ.പിയുടെ സ്വപ്നം പൂവണിഞ്ഞു.










നൂറേക്കർ പാടത്ത് നൂറുമേനി വിളവെടുപ്പ്


ചാവക്കാട് നഗരസഭ തിരുവത്ര മുട്ടിൽ - മത്തിക്കായൽ പാടശേഖരത്തിൽ കർഷക കൂട്ടായ്മ നൂറേക്കർ പാടത്ത് ഇറക്കിയ നെൽക്രഷിക്കു നൂറുമേനി വിളവെടുപ്പ്. വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കൊലചെയ്ത നഗരസഭാധ്യക്ഷൻ കെ.പി വത്സലന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിട്ടാണ് 25 വർഷത്തോളം തരിശുകിടന്ന പാടശേഖരത്തിൽ നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണന്റെ നേത്രത്വത്തിലുള്ള കൌൺസിൽ ക്രഷി ആരംഭിച്ചത്.
2006 – 07ൽ 50ഏക്കറിൽ ക്രഷി ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനെ തുടർന്നു 2008-09ൽ കർഷകർ വിത്ത് ഇറക്കിയിരുന്നില്ല. എം‌എൽ‌എയും നഗരസഭാധിക്രതരും പാഡിമിഷനും വീണ്ടും സഹായവുമായെത്തിയതോടെ പാടശേഖര സമിതിയുടെ നേത്രത്വത്തിൽ ക്രഷി പുനരാരംഭിക്കുകയായിരുന്നു.
പ്രതികൂല കാലാ‍വസ്ഥയും ശക്തമായ ചൂടും ഉണ്ടായിട്ടും നൂറുമേനി വിളവെടുക്കാനായതിന്റെ അഹ്ലാദത്തിലാണു പി.കെ ബാലന്റെ നേത്രത്വത്തിലുള്ള പാടശേഖരസമിതി പ്രവർത്തകർ. കൊയ്ത്തുൽ‌സവം സഖാവ് കെ.വി.അബ്ദുൽ ഖാദർ എം‌എൽ‌എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാലിക്കുളം അബാസ്, കൌൺസിലർമാരായ കെ.നവാസ്, കെ.ച്ച്.സലാം, കെ.എം.അലി, ടി.എ.ഹാരിസ്, എം.എ.സുമംഗല, എ.എ.മഹേന്ദ്രൻ, എൻ.കെ.അക്ബർ, കെ.പുരുഷോത്തമൻ, പാഡി മിഷൻ ഡയറക്ടർ ഡോ.ബാലചന്ദ്രൻ, പാടശേഖരസമിതി സെക്രട്ടറി പി.കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിലെ മുഴുവൻ തരിശുഭൂമിയിലും നെല്ലും പച്ചക്കറിയും ക്രഷി ചെയ്യുമെന്നു ചെയർമാൻ എം.എർ രാധാക്രഷ്ണൻ പറഞ്ഞു.









ചിറക്കൽ പാടം ഒരു വിദൂര ദ്രശ്യം

Thursday, April 15, 2010

സഖാവ് കെ.പി വത്സലൻ അനുസ്മരണം



രക്ത പതാകയിലെ ദീപ്ത നക്ഷത്രം







കത്തിത്തീർന്ന ചാരം
മണ്ണടരുകളിൽ ലയിച്ചുചേരുന്ന
ഒരു സ്വാഭാവിക പരിണാമമാണ് ചരമമെങ്കിൽ
ഓർമ്മകൾ പൂതുലയുമ്പോൾ
പിന്നെയും പിന്നെയും ജ്വലനവേഗമാർന്ന്
ഇരുട്ടുകൾക്ക് എന്നും പേടിയായ്
കത്തിനിൽക്കുന്ന ഒരു കനലാണ്
രക്തസാക്ഷിത്വം.....................
.
സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2010 ഏപ്രിൽ 16-ന് നാല് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ,ചാവക്കാട് നഗരസഭാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽപ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽപ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.

ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽവഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.