Saturday, April 16, 2011

സഖാവ് കെ.പി. വത്സലൻ രക്ത സാക്ഷിത്വ ദിനം


'രക്തസാക്ഷിത്വം ' പോരാട്ടത്തിന്‍ കനൽ വഴികളിൽ ഇനിയും കെടാത്ത പ്രതീക്ഷകളുടെ തീനാളമാണ് ....
എനിക്കെതിരെ ഒരായിരം കൊലക്കത്തി ഉയർന്നെന്നിരിക്കാം ,എങ്കിലും
ധീരതയുടെ വേൺകൊടി വാനിലുയർന്നു പറക്കുക തന്നെ ചെയ്യും.


2006 ഏപ്രിൽ 16 – അന്നൊരു ഞായറാഴ്ചയായിരുന്നു.ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടിരുന്ന ഞായറാഴ്ചകൾക്ക് എത്രയോ ഭീകരമുഖം കൈവരിക്കാൻ കഴിയുമെന്ന് ബോദ്ധ്യപ്പെട്ട ഞായറാഴ്ച. ആ സായാഹ്നത്തിൽ കേട്ട നടക്കുന്ന വാർത്ത….ഒരിക്കലും സത്യമാകരുതേ എന്ന് അഗ്രഹിച്ചു. പിന്നീട് ആ വാർത്തയുടെ മുഴുവൻ യാഥാർത്ഥ്യങ്ങളും നേരിട്ട് കണ്ടു..അനുഭവിച്ചു…ഇപ്പോൾ അഞ്ച് ആണ്ട് കഴിഞ്ഞു. എങ്കിലും ഇന്നും മനസ്സാഗ്രഹിച്ചു പോക്കുന്നു ആ വാർത്ത സത്യമല്ലാതിരുന്നെങ്കിൽ……

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും യുവജനപ്രസ്ഥാനത്തിനും ആവേശകരമായ കുതിപ്പും വളർച്ചയും രേഖപ്പെടുത്തിയ എൺപതുകളിലാണ് സ.കെ.പി. വത്സലന്റെ രാഷ്ട്രിയ പ്രവർത്തനം ആരംഭിക്കുന്നത്. സഖാവിന്റെ പ്രവർത്തന മേഖലയായിരുന്ന പ്രദേശം വലതുപക്ഷ പ്രമാണിത്തത്തിന്റെയും ഗുണ്ടായിസത്തിന്റെയും കാലഘട്ടം. ചോദ്യം ചെയ്യാപ്പെടാനാളില്ലാത്തെ കോൺഗ്രസ്സ് – ലീഗ് പ്രമാണിമാരുടെ നെറികേടുകൾത്തിരെ CPI(M) ന്റെ നേത്രത്വത്തിൽ ഉയർന്നു വന്ന ചെറുത്തു നിൽപ്പിന് അന്ന് 18 തികയാത്ത സഖാവും പങ്കുചേരുകയായിരുന്നു. സ.കെ.അഹമ്മദിന്റെ വാത്സല്യവും സ്നേഹവും സഹായവും ഏറെ അനുഭാവിക്കാനും ഭാഗ്യം ലഭിച്ചു. പിതൃ- പുത്ര ബന്ധം പോലെ ഉന്നതമായ ആത്മബന്ധമുണ്ടായിരുന്ന ഈ സഖാകളുടെ നേത്രത്വത്തിലാണ് അനിഷേധ്യമായ സ്ഥാനത്തെക്ക് ഈ പ്രദേശത്തെ പാർട്ടി വളർന്നു വന്നത്.

കടൽത്തിരപോലെ നിർമലമായ മനസ്സുള്ള വത്സലന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ നടക്കുന്ന സ്മരണകളേ മാപ്പ്. ഇനിയുമിനിയും ഞങ്ങളിലേക്ക് ആ കറുത്ത രാവും പകലും കൊണ്ടു വരല്ലേ…ജീവിതം മറ്റുളവർക്കായി സമർപ്പിച്ച ആ നിരപരാധിയെ മൂർച്ചകൂട്ടിയ കത്തികൊണ്ട് അവസാനിപ്പിച്ച ക്രൂരഹ്രദയരേ നിങ്ങളെവിടെ. കടലിരമ്പം പോലെ തീരത്തിന്റെ മണ്ണിൽ വീണ കണ്ണീരിന് വില നൽക്കാൻ നിങ്ങൾക്കാകുമോ.ഒരു തുടം ചൊരകൊണ്ട് പങ്കിലമാക്കിയ മുസ്ലീംലീഗിന്റെ അക്രമത്തിന് ത്രശൂർ ജില്ലയുടെ തീരം ഈ തെരഞ്ഞെടുപ്പിലും അവർക്ക് മറുപ്പടി നൽക്കി കാത്തിരിക്കുകയാണ്. കടലമ്മയുടെ സത്യം കൊണ്ട് ജീവിക്കുന്ന അവരുടെ ആയുധം നിങ്ങൾ കരുത്തിയ കത്തിയല്ല, മനസ്സിൽ കൂർപ്പിച്ചെടുത്ത മൃഗഹൃദയമല്ല, സഹോദരനെ വഴിയിൽ കുത്തിവീഴ്ത്തുന്ന മൃഗയാവിനേദമല്ല. കാലം പൊരുതിനേടിയ ജനാധിപത്യ അവകാശമാണ് അവരുടെ ആയുധം. ഇല്ല, മാപ്പു നൽക്കാൻ ചോരയും ചുണയുമുള്ള തീരദേശവാസികൾക്കാവില്ല. അക്രമികളുടെ തോളിലേറി രഥയാത്ര നടത്തുന്ന ലീഗുകാരാ…യുഡീഫുകാരാ മാറുക വഴിമാറുക. മനുഷ്യനെ സ്നേഹിക്കുന്ന, അവനുവേണ്ടി പടപൊരുത്തുന്ന ഒരു കൂട്ടം പേരുണ്ട് ഇവിടെ. അവർക്കൊപ്പമാണ് ഇന്നാടിലെ ജനങ്ങൾ എന്ന് കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഒരു ലീഗുക്കാരനെയും ജയിപ്പിക്കാതെ അത് പ്രകടമാക്കുകയും ചെയ്തു.

വിഷുപ്പടക്കങ്ങൾ മടങ്ങിയ ഒരു സന്ധ്യക്ക് ഈസ്റ്റർ വിരുന്നിനായി നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയ സമയത്താണ് ഏപ്രിൽ 16ന് കെ.പി.വൽസലൻ പുന്നയൂരിൽ മുസ്ലീംലീഗക്രമികളുടെ കുത്തേറ്റ് പിടഞ്ഞത്. സഹപ്രവർത്തകനും സുഹൃത്തും എല്ലാമായ അക്ബറിനെ കുത്തിവീഴ്ത്തുന്നത് തടയവേ, തന്റെ ജഡം വീണശേഷമേ തന്റെ സഖാവിനെ കൊല്ലാനാവൂ എന്ന് ധീരതയോടെ കൂടിയാണ് മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങിയത്. തന്റെ ജീവിതം പകരം കൊടുത്ത്. സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

Sunday, January 2, 2011

എന്തുകൊണ്ട് രക്തസാക്ഷികൾ സിന്ദാബാദ്


"സഖാവ് നായനാർ മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ...'' അന്ന് തിരുവനന്തപുരം മുതൽ തലശേരി വരെ, ആ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാനായി ഒരുക്കിയ ഓരോ ഇടങ്ങളിലും അവസാനം ചിതയിലേക്കെടുത്തപ്പോഴും ഏറ്റവുമധികം മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു മേൽപ്പറഞ്ഞത്. ഇ എം എസ് മരിച്ചപ്പോഴും ഇതേ മുദ്രാവാക്യം ഉയർന്നിരിക്കും. പക്ഷേ 1998ൽ ഇവിടത്തെ ചാനലുകൾ ലൈവായുള്ള സംപ്രേഷണമൊന്നും സജീവമായി തുടങ്ങാത്തതുകൊണ്ടാവാം നമ്മളിൽ പലരും അത് കേട്ടില്ലെന്നുമാത്രം. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയിൽ ഏറ്റവും ചുരുങ്ങിയത് ഒരു ബസ് സ്റോപ്പെങ്കിലും കാണാത്ത പഞ്ചായത്തുകൾ കേരളത്തിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്.

എന്താണ് സഖാവ് നായനാരും ഇഎംഎസും കൂത്തുപറമ്പിലെ രക്തസാക്ഷികളുമൊക്കെ നിങ്ങളിലൂടെ ജീവിക്കും എന്നു പറയുന്നതിന്റെ അര്‍ഥം?

"ഞങ്ങൾ ചരിത്രത്തെ വിലമതിക്കുന്നവരാണ്. ഞങ്ങൾ ഇന്നലെകളെ വിലമതിക്കുന്നവരാണ്. ഇന്നലെകളിലെ സംഭവങ്ങളെ ഓര്‍ക്കുന്നവരാണ്. ഇന്നലെകളിലെ നേതാക്കന്മാരെ സ്മരിക്കുന്നവരാണ്. അവർ പ്രസ്ഥാനത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങളെ മറക്കില്ല. ഞങ്ങൾ അവർ ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങളില്‍നിന്നും നിലകൊണ്ട മൂല്യങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്നവരാണ്. മറ്റ് മുദ്രാവാക്യങ്ങൾ വിളിക്കുന്നതുപോലെയല്ല ഞങ്ങൾ രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് വിളിക്കുന്നത്. അത് ഉള്ളില്‍നിന്ന് വരുന്നതാണ്. എ കെ ജി യും ഇ എം എസും നായനാരുമൊക്കെ മരിച്ചപ്പോൾ ആ സഖാക്കൾ ഞങ്ങളിലൂടെ ജീവിക്കുമെന്നൊക്കെ ശരിക്കും കണ്ഠമിടറി തന്നെയാണ് ഏറ്റു വിളിച്ചത്. നായനാര്‍ക്കും ഇ എം എസിനും മാത്രമല്ല നിങ്ങളുടെ പത്രത്താളുകളിലും ചാനൽ കണ്ണുകളിലും ഒന്നും പെടാത്ത ഒരുപാട് നല്ല സഖാക്കൾ വിട്ടുപോയപ്പോഴും ഞങ്ങളീ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. നാളെയും വിളിക്കും, പ്രസ്ഥാനത്തിനുവേണ്ടി ത്യാഗമനുഭവിച്ചവർ ഞങ്ങളെ വിട്ടുപോകുമ്പോൾ... യാതൊരു സ്വാധീനത്തിനും വശംവദരാകാതെ ഞങ്ങളുടെ വിശ്വാസത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർ വിട്ടുപോകുമ്പോൾ മാത്രം... കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസും നായനാരുമൊക്കെ അങ്ങനെയുള്ളവരായിരുന്നു. അവർ ഞങ്ങളിലൂടെ ജീവിക്കുമെന്ന് ഞങ്ങൾ മുദ്രാവാക്യം വിളിക്കും. എല്ലാ ആത്മാര്‍ഥതയോടും തന്നെ...''' നേരത്തെ ഉന്നയിച്ച ചോദ്യത്തിന് ചെറിയ ജീവിതമുള്ള നാട്ടുമ്പുറത്തുകാരനായ ഒരു പഴയ കമ്യൂണിസ്റുകാരന്റെ വലിയ ഉത്തരമായിരുന്നു ഇത്.

തീര്‍ച്ചയായും ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇന്നലെകളെ (ചരിത്രത്തെ) മറന്നുകൊണ്ട് ഒരു മുന്നോട്ടുപോക്ക് ഒരര്‍ഥത്തിലും സാധ്യമല്ല. വര്‍ഗരാഷ്ട്രീയമാണ് അതിന്റെ അടിസ്ഥാനപ്രമാണമെന്ന് യാതൊരു അര്‍ഥശങ്കകള്‍ക്കും ഇടമില്ലാതെ അവർ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇന്നലെകളില്‍നിന്നും ഇന്നിന്റെ യാഥാര്‍ഥ്യങ്ങളില്‍നിന്നുകൊണ്ടുമാണ് അവർ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നത്. ചരിത്രവും കാലവുമെല്ലാം അവർ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്. അതുകൊണ്ടുതന്നെ ഇന്നലെകളെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മപ്പെടുത്തലുകൾ (Commemoration) തുടരുന്ന ഒരു രീതി ഈ പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവമായി നിരീക്ഷിക്കാന്‍ കഴിയും. അതിന് അവരുടെ പ്രത്യയശാസ്ത്രം തന്നെ സൈദ്ധാന്തിക ന്യായീകരണങ്ങളും നല്‍കുന്നുണ്ട്. തീര്‍ച്ചയായിട്ടും കേരളത്തിൽ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സാധാരണ അനുഭാവത്തിലുപരി ഈ പ്രസ്ഥാനം അവരുടെ വികാരത്തിന്റെ ഭാഗംകൂടിയാണ്. സൈദ്ധാന്തിക ന്യായീകരണങ്ങളും സാധ്യതകളുമൊക്കെയാണോ സാധാരണക്കാരായ അനുയായികളുടെ പ്രസ്ഥാനത്തോടുളള വികാരത്തെ എല്ലാ അര്‍ഥത്തിലും സ്വാധീനിക്കുന്നത് എന്ന് ചോദിച്ചാൽ ആണ് എന്ന് തറപ്പിച്ച് പറയാനും കഴിയുമെന്ന് തോന്നുന്നില്ല. വളരെ ആഴമേറിയതും അത്രതന്നെ സങ്കീര്‍ണവുമായ മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രം ഒരാൾ കൃത്യമായി അറിയണമെങ്കിലും പഠിക്കണമെങ്കിലും ഒന്നുകിൽ അയാള്‍ക്ക് കാര്യമായ അക്കാദമിക പരിജ്ഞാനം വേണം. അല്ലാത്ത പക്ഷം കൃത്യമായ സ്റ്റഡി ക്ളാസുകളെങ്കിലും കിട്ടേണ്ടതുണ്ട്. അപ്പോൾ പ്രത്യയശാസ്ത്രം പഠിച്ച് അതിന്റെ സൈദ്ധാന്തിക മൂല്യങ്ങളുടെ ദിശയില്‍മാത്രമാണ് എല്ലാവരും ഈ പ്രസ്ഥാനത്തിൽ ഏകോപിപ്പിക്കപ്പെടുന്നത് എന്നൊന്നും ഒരിക്കലും പറയാന്‍ കഴിയില്ല. മറിച്ച് പ്രസ്ഥാനത്തിന്റെ പ്രവർത്തന രീതികളും സ്വഭാവവുമായി ബന്ധപ്പെട്ട മറ്റെന്തൊക്കെയോ ആവാം ഒരുപക്ഷേ സാധാരണക്കാരന്റെ വികാരങ്ങളെ ആകര്‍ഷിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും ഏകോപനവുമായുമൊക്കെ ബന്ധപ്പെട്ട അത്തരം ചില രീതികളെ, പ്രത്യേകിച്ച് അതിൽ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ക്ക് സാധ്യത കല്‍പ്പിക്കുന്ന സ്വഭാവങ്ങളെ ചിതറിയ ഒരു വിശകലനത്തിലൂടെ നോക്കിക്കാണാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

പാര്‍ടി ഗ്രാമം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പുതിയ കാലത്ത് നമ്മുടെ പോപ്പുലർ സിനിമയും മാധ്യമകണ്ണുകളുമെല്ലാം ഫോക്കസ് ചെയ്ത് കാണിക്കുന്ന ചില ചിത്രങ്ങളും ബിംബങ്ങളുമുണ്ട്. നിരന്തരമായ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും അക്രമ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായ ഒരിടമായിട്ടാണ് പലപ്പോഴും ഇവിടം ചിത്രീകരിക്കപ്പെടാറ്. എന്നാൽ ജീവിച്ചിരിക്കുന്ന ഭൌതിക യാഥാര്‍ഥ്യമെന്ന നിലയിൽ ഒരു പാര്‍ടി ഗ്രാമത്തിന്റെ സാമൂഹിക ശാസ്ത്ര പ്രസക്തി (Sociological Importance) അന്വേഷിക്കുന്ന ഒരു വിശകലനം ഇത്തരം മുന്‍ധാരണകളില്‍നിന്നൊക്കെ മാറിനില്‍ക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരമൊരു അന്വേഷണത്തിന് അതിന്റേതായ ഒരു ചിത്തവൃത്തി(Mood)യും അതുള്‍ക്കൊള്ളാനാവുന്ന നടപടിക്രമങ്ങളു (Modality) മെല്ലാം രൂപപ്പെടുത്തിയെടുക്കേണ്ടതുമായിട്ടുണ്ട്.

ഒരു പാര്‍ടിഗ്രാമം ഇത്തരമൊരു വേറിട്ട കാഴ്ചപ്പാടിൽ നോക്കിക്കാണുമ്പോൾ ആദ്യമായി മനസ്സിലാക്കേണ്ടത് ഇതിന് കൃത്യമായ ഒരു ആര്‍ക്കിടെക്ചർ (Architecture) ഉണ്ട് എന്നുതന്നെയാണ്. പലപ്പോഴും അമൂര്‍ത്തമായ (Abstract) ഇത്തരമൊരു ആര്‍ക്കിടെക്ചർ ഒറ്റനോട്ടത്തിൽ നോക്കിക്കാണുന്ന ഒരു തച്ചുശാസ്ത്ര തനിമയായിട്ടൊന്നുമല്ല, മറിച്ച് പാര്‍ടി അനുയായികളുടെയും അവിടെ ജീവിക്കുന്ന വ്യക്തികളുടെയും മനസ്സിൽ വളരെ വൈകാരികമായൊരു അര്‍ഥത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഒരു പാര്‍ടിഗ്രാമത്തെ ഈ ലേഖനം പഠിക്കുന്നത് ആ പ്രസ്ഥാനത്തിന്റെ ഭാഗമായി അവിടെ ജീവിക്കുന്ന അനുയായികളിലും മറ്റു വ്യക്തികളിലും അതുണര്‍ത്തുന്ന വൈകാരിക (Emotional) സ്വാധീനത്തെ മനസ്സിലാക്കികൊണ്ടാണ്. പ്രസ്ഥാനത്തിന്റെ ഇന്നലെകളില്‍നിന്നാണ് ഇന്നിന്റെ ജീവന്‍ അവർ കണ്ടെത്തുന്നത്. ഒരു പാര്‍ടി ഗ്രാമമെന്ന സങ്കല്‍പ്പത്തെ അതുണര്‍ത്തുന്ന വൈകാരിക സ്വാധീനത്തെ സംബന്ധിച്ചിടത്തോളം അതിന് ഉല്‍പ്രേരമായി (Catalyst)ത്തീരുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളെയും കാണേണ്ടതായിട്ടുണ്ട്. കണ്ണൂരിലോ മറ്റോ യാത്രചെയ്താൽ നമുക്ക് കാണാം ഒരു പാര്‍ടി ഗ്രാമത്തിന് കൃത്യമായ അതിരുകളുണ്ടാകും(Boundary). ആ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും പാറിക്കളിക്കുന്ന ചെങ്കൊടികൾ, ഭൂതകാലത്തിന്റെ അടയാളങ്ങളായി വ്യക്തികളുടെ മനസ്സിനെ വികാരഭരിതമാക്കുന്ന വാക്കുകൾ ഉപയോഗിച്ചുള്ള ചുവരെഴുത്തുകൾ, കൃഷ്ണപ്പിള്ള എ കെ ജി, ഇ എം എസ് തുടങ്ങി നായനാര്‍വരെയുള്ള പ്രസ്ഥാനത്തിന്റെ ഇന്നലെകളുടെ നേതാക്കളുടെ അങ്ങിങ്ങായി പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ, പ്രസ്ഥാനത്തിനുവേണ്ടി ജീവൻ കളഞ്ഞ രക്തസാക്ഷികളുടെ സ്മാരകങ്ങൾ, ഇവിടങ്ങളിലൊക്കെ മുടങ്ങാതെ നടക്കുന്ന അനുസ്മരണ സമ്മേളനങ്ങൾ... ഇതൊക്കെയാണ് ഒരു പാര്‍ടി ഗ്രാമത്തെ നിരീക്ഷിക്കുമ്പോൾ ഒറ്റനോട്ടത്തിൽ കാണാവുന്നത്. ഒരു വ്യക്തിയുടെ പ്രസ്ഥാനത്തോടുള്ള ഐക്യദാര്‍ഢ്യം (Solidarity) എല്ലാ അര്‍ഥത്തിലും നിലനിര്‍ത്തുന്നതിൽ ഇത്തരമൊരു അന്തരീക്ഷത്തിന് വൈകാരികമായ പങ്കുണ്ടെന്നത് വളരെ അടിസ്ഥാനപരമായ സാമൂഹ്യശാസ്ത്ര വിശകലനമാണ്. ഒരു വ്യക്തിയെ വൈകാരികമായി സ്വാധീനിക്കാനും അവന്റെ ഉള്ളിലെ പ്രസ്ഥാനത്തോടുള്ള കൂറ് നിലനിര്‍ത്തിപ്പോരുന്നതുമാണ് ഇന്നലെകളെക്കുറിച്ചുള്ള നിരന്തമായ ഓര്‍മപ്പെടുത്തലുകളിലൂടെ സാധ്യമായിത്തീരുന്നത്. ഒരു അനുഭാവിയുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്ന ഇത്തരം ഇടപെടലുകൾ നടത്തുന്നതുകൊണ്ടാണ് അയാളെ സംബന്ധിച്ചിടത്തോളം പ്രസ്ഥാനം ഒരു വികാരമായിത്തീരുന്നത്.

സ്മരണകളും സ്മാരകങ്ങളും എല്ലാ അര്‍ഥത്തിലും മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന സാമൂഹിക മാറ്റ (Social Change) സിദ്ധാന്തപ്രകാരം കാലത്തിന്റെ (Time) ഒരു റഫറന്‍സ് പോയിന്റ് തന്നെയാണ്. സൈദ്ധാന്തിക അടിത്തറയിൽ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇന്നലെകളെ ഒരര്‍ഥത്തിലും വിസ്മരിക്കാൻ കഴിയില്ല. ഇന്നലെകളില്‍നിന്നാണ് ഇന്നിന്റെ ഊര്‍ജം അവർ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അനുഭാവികളെ ഇന്നലെകളിൽ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിൽ നിര്‍ണായകമായ സംഭവങ്ങളെയും (Event) വ്യക്തികളെയും നേതാക്കളെയും സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം നിരന്തരം ഓര്‍മപ്പെടുത്തേണ്ടതായിട്ടുണ്ട്. പാര്‍ടിയുടെ പ്രധാനപ്പെട്ട ഓഫീസുകളെല്ലാംതന്നെ സ്മാരകങ്ങളായിട്ടാണ് നാമഃകരണം ചെയ്തിരിക്കുന്നത്. പാര്‍ടി സമ്മേളനങ്ങൾ സ്മാരക നഗരികളിലാണ് പൊതുവെ സംഘടിപ്പിക്കപ്പെടാറ്. രക്തസാക്ഷി പ്രമേയങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സമ്മേളന പരിപാടികളിൽ ഒന്നാണ്. പാര്‍ടി പ്രസിദ്ധീകരണങ്ങളിൽ രക്തസാക്ഷി അനുസ്മരണങ്ങള്‍ക്കും മണ്‍മറഞ്ഞ നേതാക്കളുടെ ഓര്‍മകള്‍ക്കും സംഭവങ്ങളുടെ സ്മരണകള്‍ക്കും പ്രത്യേകം ഇടങ്ങള്‍തന്നെ അനുവദിക്കപ്പെടാറുണ്ട്. എന്തൊക്കെയായാലും സ്മരണകളുടെയും സ്മാരകോത്സവങ്ങളുടെയും (Commemoration) സാമൂഹികശാസ്ത്ര പ്രസക്തി കൃത്യമായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയപ്രസ്ഥാനമാണ് കേരളത്തിലെ ഇടതുപക്ഷ പാര്‍ടികൾ.

അതുപോലെത്തന്നെ സ്മാരകങ്ങൾ കേവലം കോണ്‍ക്രീറ്റ് സൌധങ്ങളായിമാത്രം കരുതാൻ വയ്യ, മറിച്ച് അവയിൽ ആവാഹിക്കപ്പെട്ടിരിക്കുന്ന വികാരത്തിന്റെ അംശത്തെ സംബന്ധിച്ച ഒരു തലംകൂടി ഉണ്ടെന്നും അവ അനുയായികളിൽ ജനിപ്പിക്കുന്ന ഭൂതകാലത്തെകുറിച്ചുള്ള ഓര്‍മകളും വിചാരങ്ങളും കേരളത്തിലെ ഇടതുപക്ഷ പാര്‍ടികളുടെ കെട്ടുറപ്പിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ വലിയൊരു സ്വാധീനമാണെന്ന കാര്യം അധികമാരും പറയാതെയും ശ്രദ്ധിക്കാതെയും പോയ വസ്തുതയാണ്.

ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തികൾ തമ്മിലുള്ള ഐക്യത്തിന്റെ സാമൂഹിക മനഃശാസ്ത്രം (Social Psychology) സംബന്ധിച്ചിടത്തോളം പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും ആദര്‍ശങ്ങളും പരിപാടികളും പൊതുജനങ്ങളിലേക്കെത്തിക്കുന്ന പഴയകാല പ്രചാരണ സംവിധാനങ്ങളായ ചുവരെഴുത്തുകള്‍ക്കും ബാനറെഴുത്തുകള്‍ക്കും തുടങ്ങി ഒന്നിലധികം അനുയായികൾ ഒരുമിച്ച് ഇടപെടുന്ന സമരപരിപാടികള്‍ക്കുവരെ വലിയ പങ്കുണ്ട്. സാമൂഹിക ഐക്യദാര്‍ഢ്യം (Social Solidarity) എന്ന അര്‍ഥത്തിൽ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പ് അതിന്റെ വേരുകളില്‍തന്നെ ശക്തമാക്കുന്നതില്‍ ഒരുപാട് പ്രവര്‍ത്തകർ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിൽ അസാമാന്യ പങ്കാളിത്തമുണ്ട്. ഇങ്ങനെ വ്യക്തിപരമായി ഒരു പ്രതിഫലവും ഇച്ഛിക്കാതെ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തകർ ഇടപെടുന്നതും അതിന്റെയൊരു വൈകാരിക തലം മനസ്സിലാക്കിക്കൊണ്ട് മാത്രമാണ് സമീപിക്കേണ്ടത്.

മലബാറിലെ എസ്എഫ്ഐയുടെ രക്തസാക്ഷികളായ കെ വി സുധീഷിന്റെയും ടി കെ രമേശന്റെയും ജോബി ആന്‍ഡ്രൂസിന്റെയുമെല്ലാം പേരിൽ വര്‍ഷാവര്‍ഷം നടക്കുന്ന അനുസ്മരണങ്ങളിൽ പങ്കെടുക്കുവാൻ ബസ്സുകളിലും ലോറികളിലും വളരെ ദൂരസ്ഥലങ്ങളിലുള്ള ക്യാമ്പസുകളില്‍നിന്നുവരെ വിദ്യാര്‍ഥികൾ വരുന്നതു കണ്ടിട്ടുണ്ട്. അതുപോലെതന്നെ ആര് ഭരണത്തിലിരുന്നാലും വര്‍ഷാവര്‍ഷം മുടങ്ങാതെ എസ്എഫ്ഐ ഓരോ ജില്ലാ ആസ്ഥാനത്തും സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-അവകാശപത്രികാ സമര്‍പ്പണത്തിനുമെല്ലാം ഒരുപാട് വിദ്യാര്‍ഥികൾ പങ്കെടുക്കാറുണ്ട്. മിക്കപ്പോഴും സംഘടനയിലേക്ക് കടന്നുവരുന്ന പുതിയ വിദ്യാര്‍ഥികളാകും ഈ പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുക. സംഘടനയുടെ ജില്ലാകമ്മിറ്റിയോ ഏരിയാകമ്മിറ്റിയോ മറ്റോ ഏര്‍പ്പാടാക്കുന്ന വാഹനങ്ങളിൽ വിദ്യാര്‍ഥികൾ സംഘങ്ങളായി പരിപാടി നടക്കുന്നിടത്തേക്ക് യാത്ര തിരിക്കും. ഈ യാത്രയിലുടനീളം സംഘടനയുടെ മുദ്രാവാക്യങ്ങൾ വളരെ ആകര്‍ഷകമായും താളത്തിലും വിളിച്ചുകൊടുക്കാനും വിദ്യാര്‍ഥികളെക്കൊണ്ട് ഏറ്റുവിളിപ്പിക്കാനും ആരെങ്കിലുമൊക്കെ ചുമതലയേറ്റിട്ടുണ്ടാകും. പരിപാടി നടക്കുന്നിടത്തെത്തിയാൽ വിവിധ ക്യാമ്പസുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് സമ്മേളിക്കാന്‍ പ്രത്യേകം പ്രത്യേകം ഇടങ്ങളൊക്കെയുണ്ടാകും. എന്നാലും മറ്റ് ക്യാമ്പസുകളില്‍നിന്നെത്തിയവരോടും നേതാക്കളെയുമെല്ലാം പുതുമുഖക്കാരെ പരിചയപ്പെടുത്താന്‍ ക്യാമ്പസിലെ കാരണവന്മാർ പ്രത്യേക ശ്രദ്ധവച്ചുപുലര്‍ത്താറുണ്ട്. തെരുവിലെ പൊതുയോഗങ്ങളിൽ തുടങ്ങുന്ന ഇത്തരം ബന്ധങ്ങൾ യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഉള്‍പ്പടെയുള്ള സോണൽ കലോത്സവങ്ങളിലൂടെയും മുടങ്ങാതെ സംഘടിപ്പിക്കുന്ന മറ്റ് സംഘടനാ പരിപാടികളിലൂടെയുമൊക്കെ തുടരുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്യുകയാണുണ്ടാകാറ്. അനുയായികളെല്ലാം പരസ്പരം മിക്കപ്പോഴും സഖാക്കളെന്ന് സംബോധന ചെയ്യുന്നതുകൊണ്ട് തന്നെ അതും വല്ലാത്ത ഒരു വൈകാരിക ബന്ധം പ്രസ്ഥാനത്തോട് വ്യക്തികളിൽ ഉണ്ടാക്കിത്തീര്‍ക്കുന്നുണ്ട്. സംഘടയെക്കുറിച്ച് ഒന്നും അറിയാത്തവര്‍പോലും ഇതുപോലുള്ള ഒന്നോ രണ്ടോ യാത്രകൾ കൊണ്ടുമാത്രം ഏകദേശം സംഘടനാ രീതികളും മുദ്രാവാക്യങ്ങളുമെല്ലാം ഹൃദിസ്ഥമാക്കുന്നതും കണ്ടിട്ടുണ്ട്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഭൂതകാലത്തെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചുമുള്ള നിരന്തരമായ ഓര്‍മപ്പെടുത്തലുകള്‍ക്ക് വലിയ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച നേതാക്കന്മാരിൽ പ്രഥമഗണനീയന്‍ ഇ എം എസ് തന്നെയായിരുന്നു. ആധുനിക കേരളം കണ്ട തികഞ്ഞ ധൈഷണികനായ അദ്ദേഹത്തിന്റെ എഴുത്തുകളിലാണ് മേല്‍പ്പറഞ്ഞ നിരന്തര സ്മരണകളുടെ സാധ്യതകൾ കണ്ടെത്താന്‍ കഴിയുന്നത്. കേരളം മലയാളികളുടെ മാതൃഭൂമി, കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനം ഉദ്ഭവവും വളര്‍ച്ചയും തുടങ്ങിയ ഇ എം എസ്സിന്റെ പ്രധാന കൃതികൾ അതിന്റെ സൂക്ഷ്മമായ അര്‍ഥത്തിൽ വായിക്കുമ്പോൾ അതിലൊക്കെ അദ്ദേഹം വിവരിക്കുന്ന, ചരിത്രത്തിലെ ഓരോ സംഭവങ്ങളും തികഞ്ഞ സ്മാരകോത്സവങ്ങ (Commemoration)ളായി വിലയിരുത്താം. ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിൽ നിര്‍ണായക സംഭവങ്ങളായ തെലുങ്കാന, പുന്നപ്ര-വയലാർ സമരങ്ങൾ, 1957-ലെ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭയുടെ രൂപീകരണം, വിദ്യാഭ്യാസരംഗത്തെ നയപരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിൽ ഇന്നും ഒരു റഫറന്‍സ് പോയിന്റായി കാണിക്കപ്പെടുന്ന 1957-ലെ വിദ്യാഭ്യാസബിൽ, 1975-ലെ അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മകൾ അങ്ങനെ തന്റെ എഴുത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പ്രസ്ഥാനത്തെ വളര്‍ത്തുന്നതിൽ കടന്നുവന്ന വഴികളും ഇന്നലെകളെ ഓര്‍മപ്പെടുത്തുന്നതിൽ വലിയ സ്വാധീനമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

എന്തായാലും സ്മരണകളും സ്മാരകങ്ങളും അനുസ്മരണങ്ങളുമെല്ലാം (Commemorative Performances) ഭൂതകാലത്തില്‍നിന്ന് ഇന്നിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് എന്തൊക്കെയോ പകര്‍ന്നുനല്‍കുന്നുണ്ട്. രണ്ടു മൂന്നു വര്‍ഷക്കാലം മുമ്പ് മലയാളത്തില്‍ റിലീസ് ചെയ്ത ലാൽ ജോസ് ചിത്രം 'അറബിക്കഥ'യിൽ ശ്രീനിവാസൻ അവതരിപ്പിച്ച ക്യൂബാ മുകുന്ദൻ എന്ന കഥാപാത്രത്തെ ഒരുവിധം മലയാളികളെല്ലാം ഓര്‍ക്കുന്നുണ്ടാകും. ട്രേഡ് യൂണിയനുകളും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളൊന്നുമില്ലാത്ത അറബിനാട്ടിൽ ജോലി ചെയ്യേണ്ടിവരുന്ന ക്യൂബാ മുകുന്ദന്‍ ജോലിസ്ഥലത്തെ ബലിഷ്ഠനായ തന്റെ പാകിസ്ഥാനി മേസ്തിരിക്കുമുമ്പിൽ ഒന്ന് പ്രതികരിക്കാൻ പോലുമാകാതെ നിസ്സഹായനായി, തന്റെ ഉള്ളിൽ തിളച്ചുമറിയുന്ന വര്‍ഗബോധം എങ്ങനെയെങ്കിലും ഒന്ന് പ്രകടിപ്പിക്കാനായി ആരും കാണാതെ ബാത്റൂമിലെ കണ്ണാടിക്കുമുന്‍പിൽ മുഷ്ടിചുരുട്ടി 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന് ഉറക്കെ വിളിക്കുന്നൊരു രംഗമുണ്ട്. വര്‍ഗബോധവും ആത്മാര്‍ഥതയുമുള്ള ഒരു പ്രവര്‍ത്തകന് പ്രസ്ഥാനം എങ്ങനെ ഒരു വികാരമായി തീരുന്നുവെന്നും എത്രമാത്രം അയാൾ ആ വികാരം നെഞ്ചേറ്റുന്നുവെന്നും തെളിയിക്കുന്ന ഒരുപാട് രംഗങ്ങൾ ഒരു കച്ചവട സിനിമയുടെ എല്ലാ പൊടിപ്പും തൊങ്ങലും കുറേയൊക്കെ കുത്തിനിറച്ച ഒരു സിനിമയാണെങ്കിലും അറബിക്കഥയിൽ കാണാന്‍ കഴിയും. ഒട്ടുമിക്ക കേരളീയര്‍ക്കും സുപരിചിതമായ ഒരു സിനിമ എന്ന നിലയിലും ഈ ലേഖനത്തിലെ പ്രധാന ഫോക്കസുകളിലൊന്നായ സ്മരണകളുടെ ബോധശക്തി (Rationality) സംബന്ധിച്ച പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ചലച്ചിത്രമെന്ന നിലയിലും അറബിക്കഥ ഒരു മെറ്റഫറായി (Metaphor) ഉപയോഗപ്പെടുത്താന്‍ ലേഖകൻ താല്‍പ്പര്യപ്പെടുന്നു. കൂടാതെ ഈ ലേഖനത്തിൽ മുമ്പ് ചര്‍ച്ച ചെയ്ത പാര്‍ടിഗ്രാമമെന്ന സങ്കല്‍പ്പത്തിന്റെ ചില പ്രത്യേകതകളും ഭാവങ്ങളും ഒരു ചലച്ചിത്രം എന്ന നിലയിൽ പകര്‍ന്നുനല്‍കാൻ ഈ സിനിമയുടെ പ്രധാന പശ്ചാത്തലമായ ’'ചെമ്മണ്ണൂർ' ’എന്ന ഗ്രാമം അവസരമൊരുക്കുന്നുണ്ട്.

ഇടതുപക്ഷത്തിന്റെ ചുവരെഴുത്തുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും, എന്തിന് ഏറ്റെടുക്കുന്ന സമരങ്ങള്‍ക്കുവരെ ഒരു രീതിയുണ്ട്. ചുവരെഴുത്തിന് ഉപയോഗിച്ചിരുന്ന ചായങ്ങള്‍ക്കും മഷിക്കൂട്ടുകള്‍ക്കും തുടങ്ങി പ്രയോഗിക്കുന്ന വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും വരെ അതിന്റേതുമാത്രമായ ഒരു പ്രത്യേക വൊക്കാബുലറിയും ഗ്രാമറും നമുക്ക് കണ്ടെത്താന്‍ കഴിയും. പലപ്പോഴും നിരന്തരം പുതുക്കാറുള്ള ചുവരെഴുത്തുകളിലും പോസ്ററുകളിലും, എന്തിന് നാട്ടിന്‍പുറങ്ങളിലെ ചായപ്പീടികളുടെ ചുവരുകളിൽ കോറിയിട്ട വാചകശകലങ്ങളില്‍വരെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ആ ഒരു വ്യാകരണം തെളിഞ്ഞുകാണാമായിരുന്നു. ഇതൊക്കെ നിരന്തരം കണ്ടും കേട്ടും വായിച്ചും അറിഞ്ഞിരുന്ന അന്നാട്ടിലെ ജനങ്ങളുടെ മനസ്സുകളിലേക്കും അവരറിയാതെ എന്തൊക്കെയോ പകര്‍ന്നുനല്‍കിയിരുന്നു. അതുകൂടാതെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള മേഖലകളിലെ ഇന്നലെകളിലെ ഇന്‍ഫ്രാസ്ട്രക്ചറിൽ ഒഴിവാക്കാൻ പറ്റാത്ത ഭാഗമായിരുന്നു വായനശാലകൾ. കേരളത്തിലെ മിക്ക പാര്‍ടി ഓഫീസുകള്‍ക്കും അനുബന്ധമായി ഒരു വായനശാല ഇന്നും കുറേയൊക്കെ കാണാന്‍ കഴിയും. ഇത്തരം വായനശാലകളിൽ പ്രധാനമായി ഇടതുപക്ഷ സൈദ്ധാന്തിക ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ എന്നതും ഒരു യാഥാര്‍ഥ്യമാണ്. സോവിയറ്റ് റഷ്യയില്‍നിന്ന് വന്‍തോതിൽ മലയാളത്തിലും മറ്റും പരിഭാഷപ്പെടുത്തിയ ഗ്രന്ഥങ്ങൾ അച്ചടിച്ചുവന്ന കാലത്തായിരുന്നു ഈ വായനശാലകൾ ഏറെ സജീവമായിരുന്നത് എന്നും പഴയകാലത്തെ ചില സഖാക്കൾ പറഞ്ഞ് കേള്‍ക്കാറുണ്ട്. കൂടാതെ അത്തരം വായനശാലകളുടെ മച്ചിന്‍പുറത്തും മറ്റും അന്നാട്ടിലെ യുവാക്കളുടെ നേതൃത്വത്തിൽ ചെറു നാടക സംഘങ്ങളും കലാസമിതികളുമെല്ലാം നടത്തിപ്പോന്ന ഒരു കാലത്തെപ്പറ്റിയും പലരും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നുണ്ട്. തന്റെ യൌവന കാലത്ത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന, എന്നാൽ ഇന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിൽ ജോലിനോക്കുന്ന, കഴിഞ്ഞ കുറേ കാലങ്ങളായി നാടിനോട് വലിയ ബന്ധമൊന്നുമില്ലാതെ പ്രാരബ്ധക്കാരനായ ഒരു വ്യക്തി നാട്ടിലിരുന്ന കാലത്ത് പണ്ടൊക്കെ പ്രസ്ഥാനം എങ്ങനെയാണ് താനൊക്കെ ഒരു വികാരമായി കൊണ്ടുനടന്നതെന്ന് പലപ്പോഴും പറയാറുണ്ട്. ജോലിയും കൂലിയുമൊന്നുമില്ലാതെ നാട്ടില്‍ അലഞ്ഞുതിരിഞ്ഞുനടന്ന ഒരു കാലത്ത് നാട്ടിന്‍പുറത്തെ വായനശാലയുടെ മേലെ പ്രവര്‍ത്തിച്ച നാടകസംഘത്തിലൂടെ അവതരിപ്പിച്ച 'ചെഗുവേര'’ എന്ന ഒരൊറ്റ നാടകംകൊണ്ട് മാത്രമായിട്ട് ഒരു കൊല്ലത്തോളം വീട്ടിൽ അരിവയ്ക്കാനുള്ളത് തരപ്പെടുത്തിയത് അദ്ദേഹം ഓര്‍ക്കാറുണ്ട്. ഒരു പാര്‍ടിഗ്രാമത്തില്‍നിന്ന് പെട്ടെന്നൊരുനാൾ ഡല്‍ഹിയിലേക്ക് പറിച്ചുനട്ടപ്പോൾ അനുഭവപ്പെട്ട വിങ്ങലും പിടച്ചിലുമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി അദ്ദേഹം കണ്ടത്. അന്നൊക്കെ നാടിനെപ്പറ്റി വല്ലാതെ ഓര്‍മ വരുമ്പോഴും മനസ്സ് അസ്വസ്ഥമാകുമ്പോഴും അദ്ദേഹം ഗോല്‍മാര്‍ക്കറ്റിൽ സ്ഥിതിചെയ്യുന്ന സി പി ഐ എം ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ വഴിയോരങ്ങളില്‍പോയി ഏറെനേരം ഇരിക്കാറുണ്ടത്രെ. കാരണം അവിടെ മാത്രമെ ഡല്‍ഹിയിൽ ചെങ്കൊടി കാണൂ... എ കെ ജിയുടെയും ലെനിന്റെയും പ്രതിമ കാണൂ..! അദ്ദേഹത്തിന് പെറ്റമ്മയെപ്പോലെയായിരുന്നു അന്നൊക്കെ നാടും പ്രസ്ഥാനവുമെല്ലാം. കമ്യൂണിസ്റ് മാനിഫെസ്റോയോ മൂലധനമോ (Das capital) ഒന്നും വായിച്ചിട്ടോ അദ്ദേഹമോ അദ്ദേഹത്തിന്റെ കുടുംബമോ പാര്‍ടിമെമ്പര്‍മാർ ആയിട്ടോ ഒന്നുമായിരുന്നില്ല. മറിച്ച് ജനിച്ചനാള്‍തൊട്ട് കേട്ടതും കണ്ടതും സ്വാധീനിച്ചതുമായ കാര്യങ്ങൾ ചെലുത്തുന്ന വികാരമായിട്ടാണ് അദ്ദേഹം അതിനെയൊക്കെ ഇന്ന് വിലയിരുത്തുന്നത്. നമ്മളിൽ പലര്‍ക്കും ഇതൊക്കെ വലിയൊരു അതിശയോക്തിയായി തോന്നാമെങ്കിലും ഇത്തരമൊരു പശ്ചാത്തലത്തിൽ ജീവിച്ചുപോരുന്ന ഒരു വ്യക്തിയുടെ ഇതിനോടൊക്കെയുള്ള വൈകാരികമായ അടുപ്പം അടുത്തറിഞ്ഞാൽ മാത്രമെ ഇതിനൊക്കെ അവർ കല്‍പ്പിക്കുന്ന യുക്തിയുടെ തലം പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. കൃത്യമായ സാമൂഹികശാസ്ത്ര ഭാഷയിൽ സാമൂഹികവല്‍ക്കരണം (Socialisation) എന്നൊക്കെ വേണമെങ്കിൽ ഇതിനെ വ്യാഖ്യാനിക്കാം. ഒരു വ്യക്തിയുടെ സാമൂഹികവും മാനസികവും വൈകാരികവുമായ ഘടന രൂപപ്പെടുത്തിയെടുക്കുന്നതിൽ നിരന്തരം കാണുന്നതും കേള്‍ക്കുന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന അടിസ്ഥാന സാമൂഹികശാസ്ത്ര തത്വംതന്നെയാണ് ഇവിടെയും ശരിയായ ഏകകം.

കേരളത്തിലെ പൊതുസമൂഹത്തിന്റെ ശ്രദ്ധയും വികാരങ്ങളും പെട്ടെന്ന് ആകര്‍ഷിക്കുന്ന ഒരു പ്രവര്‍ത്തന ശൈലി കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പ്രത്യേകിച്ച് യുവജന പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ചുവരെഴുത്തുകളിലും മുദ്രാവാക്യങ്ങളിലും സമരരീതികളിലുമെല്ലാം നേരത്തെ പറഞ്ഞ പ്രത്യേക വൊക്കാബുലറിയും ഗ്രാമറുമെല്ലാമായിരുന്നു ഇതിനൊക്കെ ഏറെക്കുറെ അടിസ്ഥാനമായി സാധാരണക്കാരന്‍ കരുതിയിരുന്നത്. എന്നാൽ പുതിയ കാലത്ത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങൾ പഴയ കോറത്തുണി ബാനറുകളും ചായം കൂട്ടിയുള്ള ചുവരെഴുത്തുകളുമെല്ലാം വിട്ട് ഫ്ളക്സ് ബോര്‍ഡുകളും മറ്റ് പുതിയ രീതികളും പരീക്ഷിക്കുവാന്‍ തുടങ്ങിയപ്പോൾ ഇടതുപക്ഷത്തിന്റെ പഴയ സമരായുധങ്ങള്‍ക്ക് പൊതുസമൂഹത്തിനിടയിലുള്ള സ്വീകാര്യതയും സ്വാധീനവും തിരിച്ചറിഞ്ഞുകൊണ്ട് തന്നെ മേല്‍പ്പറഞ്ഞ രീതികളോട് സാമ്യമുള്ള സമരായുധങ്ങൾ ഏറ്റെടുക്കാന്‍ പുതിയ കാലത്ത് മറ്റ് ചില സംഘടനകൾ തയ്യാറാകുന്നതും കണ്ടിട്ടുണ്ട്. ഇന്ന് സോളിഡാരിറ്റി പോലുള്ള യുവജന സംഘടനകൾ ഏറ്റെടുത്ത് നടത്തുന്ന സമരങ്ങളും അതിന്റെ പ്രചാരണങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ചുവരെഴുത്തുകളും ബാനറുകളുമെല്ലാം ഒരു കാലത്ത് ഡിവൈഎഫ്ഐയുടെ സമരപ്രചരണ രീതികളുടെ പകര്‍പ്പുകളാണെന്ന് അടുത്ത കാലത്തെ രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ടൊക്കെ ചില സാംസ്കാരിക പ്രവര്‍ത്തകർ പറഞ്ഞുകണ്ടു.

എന്തൊക്കെയായാലും ഈ പുതിയ കാലത്തും പ്രസ്ഥാനത്തോട് അനുഭാവം വച്ചുപുലര്‍ത്തിപ്പോരുന്നവരുടെ പാര്‍ടിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളിൽ കാലത്തിനപ്പുറം പ്രസ്ഥാനത്തിന്റെ ഇന്നലെകളോടും പാരമ്പര്യത്തോടുമുള്ള (Lineage) വല്ലാത്തൊരു അഭിനിവേശം പ്രകടമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രസ്ഥാനത്തിന്റെ ഓരോ ഇടപെടലുകളിലും ഇന്നലെകളില്‍നിന്ന് പിന്തുടര്‍ന്ന് പോന്നതും (Inherited) കടമെടുത്ത് പോന്നതുമായ സമരങ്ങളുടേയും നിലപാടുകളുടേതുമായ ഒരു ഭാഷ (Language)യും ഒരു തരം പ്രതിരൂപകാത്മകത്വവും (Symbolism) അറിഞ്ഞോ അറിയാതെയോ അവർ പ്രതീക്ഷിക്കുന്നുണ്ട്. അത് പ്രസ്ഥാനത്തിന്റെ അനുഭാവികളുടെ മാത്രമല്ല ഏറെക്കുറെ ഇടതുപക്ഷ മനഃസാക്ഷി വച്ചുപുലര്‍ത്തിപ്പോരുന്ന ശരാശരി കേരളീയന്റെ കൂടി പ്രതീക്ഷയുടെ ഭാഗമാണ്. ഇന്ന് മാത്രമല്ല ഇന്നലെകളിലും ഇടതുപക്ഷം കൈക്കൊള്ളുന്ന ചെറുതും വലുതുമായ ഓരോ വിഷയങ്ങളിലുമുള്ള നിലപാടുകളും നിലപാട് മാറ്റങ്ങളും കൃത്യമായി വിലയിരുത്തിപ്പോരുന്ന ഒരു സ്വഭാവവും ഈ സമൂഹത്തിന്റെ പ്രത്യേകതയാണെന്നതും യാഥാര്‍ഥ്യം.
കെ എസ് ഹക്കിം .
(ദില്ലി യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിദ്യാര്‍ഥിയാണ് ലേഖകന്‍)

Thursday, December 30, 2010

പുതുവത്സരാശംസകൾ



ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു....
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങൾ
നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്…..
കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും
കയ്യിൽ കരുതിവച്ചിട്ടുണ്ടാവാം...
എന്ത് ആശംസിച്ചാലാണ് മതിയാവുക എന്നെനിക്കറിയില്ല എന്നാലും....
കല്ലും മുളളും നിറഞ്ഞ ജീവിതവഴിത്താരകളിൽ കാലം പൂമ്പട്ടുപ്പരവതാനി വിരിക്കട്ടെ
കണ്ണിണകളെ കുളിരണിയിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന മഞ്ഞക്കണിക്കൊന്നപോലെ,
മാനത്ത് വ൪ണ്ണരാജി വിരിയിച്ച് ദൃശ്യവിസ്മയം തീ൪ക്കുന്ന മഴവില്ലുപോലെ,
നെയ്ത്തിരിനാളങ്ങളുടെ പ്രഭയിൽ കുളിച്ചുനില്ക്കുന്ന കാ൪ത്തികരാവുപോലെ
ജീവിതം സുന്ദരസുരഭിലമാകട്ടെ.....
സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനും സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാനും ശ്രമ്മിക്കുക. "ഞാന്‍ " "എന്റെ " വീട് - എന്ന ചിന്ഥാഗതി മാറ്റി "നാം ", "നമ്മുടെ " വീട് , നാട് എന്ന് നമ്മള്ക്ക്ന ചിന്തിക്കാം. ഒരിക്കലും നാം നമ്മിലേയ്ക്ക് തന്നെ ചുരുങ്ങാതിരിക്കുക!
ഇന്നലെകളിലെ സ്വപ്നങ്ങൾ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങൾ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും കഴിയട്ടെ….

എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Saturday, May 15, 2010

ജീവിതപ്പച്ച തേടിപ്പോയവർക്ക് താങ്ങും തണലുമായ യാത്ര

മണൽക്കാട്ടിൽ വീശിയടിക്കുന്ന ചൂടുകാറ്റ്. ആ കാറ്റ് പലപ്പോഴും മണൽക്കാറ്റായി മാറാറുണ്ട്. ഇങ്ങനെയുള്ള ഒരു കൊടും പകൽ എരിഞ്ഞടങ്ങുന്ന വേളയിലാണ് ഷാർജയിലെ ലേബർ ക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേത്രത്വത്തിലുള്ള സംഘം എത്തിയത്. ഉറ്റവരെയും ഉടയവരെയും വിട്ട് ഗൾഫ് നാട്ടിൽ കഷ്ടനഷ്ടങ്ങൾ പങ്കിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലാളികളെ അവരുടെകേന്ദ്രങ്ങളിലെത്തി പിണറായിയും പാർടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവനും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ടി കെ ഹംസയും കണ്ടു. മല്ലപ്പള്ളി സ്വദേശിയായ ഒരു തൊഴിലാളി പിണറായിയുടെ കരംഗ്രഹിച്ച് മുത്തം നൽകിയാണ് തന്റെ സ്നേഹവായ്പ് പങ്കുവെച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ സ്വന്തം ജീവിതം ജീവിതം ബലിയർപ്പിച്ച് നാട്ടിലെ ഉറ്റവർക്ക് അന്നവും വസ്ത്രവും പാർപ്പിടവും സമ്പാദിച്ച് നൽകുന്ന ത്യാഗശീലരുടെ ജീവിതത്തിന്റെ അകവും പുറവുമാണ് സംഘത്തിന് ഗൾഫ് യാത്രയിൽ കാണാനായത്.

ബംഗാളികളും ബിഹാറികളും ഉൾപ്പെടെയുള്ളവർ സിപിഐ എം നേതാവിനെ സ്നേഹത്തോടെ സ്വീകരിച്ചു. അവരുടെ ഊണുമേശക്കരികിലും നേതാകൾ എത്തി. മരിഭൂമിയിലെത്തി മെഴുകുതിരിപോലെ എരിഞ്ഞമരുന്ന തൊഴിലെടുക്കുന്നവരുടെ ദുഖവും സന്തോഷവും സ്നേഹവുമേല്ലാം പിണറായിയുടെ നേത്രത്വത്തിൽ ഗൾഫിൽ പര്യടനം നടത്തിയ സംഘം മനസ്സിലാക്കി. എന്നിട്ടാണ് മലയാളമനോരമ “ഒരു കുടം താറും ഒരു കുറ്റിചൂലുമായി” :പിണറായിയുടെ നവകേരള ഗൾഫ് യാത്ര” യെന്ന വിഷലിപ്ത തലക്കെട്ടുമായി അപവാദം പ്രചരിപ്പിച്ചത്. ലേബർ ക്യാമ്പുകൾ സന്ദർശിച്ചില്ല, അനുഭാവികളിൽ അമർഷം എന്നെല്ലാമുള്ള പതിവുകല്ലുവച്ച നുണ പരത്തുന്നത്.

കുവൈത്തിലെ മലായാളികളുടെ പൊതുസംഘടനയായ ‘കല’ ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പിണറായി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു യുവതി നിറകണ്ണുകളുമായി സഖാവിന് മുന്നിലെത്തി. ‘എന്നെ സഹായിക്കണം, നേഴ്സായി കുവൈത്തിയുടെ ക്ലിനിക്കിൽ ജോലിചെയ്യുന്ന എനിക്ക് അപകടമുണ്ടായി പൊള്ളലും പരിക്കുമേറ്റു. കൈ ഉയർത്താൻ വയ്യ. നാട്ടിൽ തിരിച്ചുപോകണം. സ്പോൺസർ അനുവദിക്കുന്നില്ല. സഖാവ് ഇടപെടണം.’ ചങ്ങനാശേരി സ്വദേശി ലിജിമോൾ കരഞ്ഞുകൊണ്ട് സഖാവിനോട് പറഞ്ഞു. ഭർത്താവ് ജിനീഷും അവർക്കൊപ്പമിണ്ടായിരുന്നു. ഡോ. തലാൽ സുലൈമാൻ അലിയുടെ ക്ലിനിക്കിലെ നേഴ്സായി മൂന്നുവർഷമായി ജോലിചെയ്യുന്ന ഇവർ പൊള്ളലേറ്റ് ചികിത്സ കഴിഞ്ഞശേഷം ക്ലിനിക്കിലെത്തിയപ്പോൾ ജോലിചെയ്യാനാവാത്ത് ശാരീരിക അവശതകൾ നേരിട്ടു. ഇതേത്തുടർന്ന് അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി ചോദിച്ചപ്പോൾ ക്ലിനിക്ക് ഉടമ അവധി നിഷേധിക്കുക മാത്രമല്ല ലിജിമോൾക്കെതിരെ പൊലീസിലും കോടതിയിലും കള്ളക്കേസ് കൊടുക്കുകയും ചെയ്തു. ഇതു കാ‍രണം നാട്ടിലേക്ക് മടങ്ങാ‍ൻ കഴിയാത്ത ദുരവസ്ഥയിലായി. ഈ പ്രശ്നത്തിന്റെ കാര്യങ്ങൾ മനസിലാക്കി റിപ്പോർട്ട് നൽക്കാൻ കലയുടെ നേതാക്കളോട് പിണറായി നിർദേഷിച്ചു. അടുത്ത ദിവസം തന്നെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി അജയ് മൽഹോത്രയെ കണ്ടപ്പോൾ ലിജിമോൾക്കു നീതികിട്ടാൻ ഇടപെടണമെന്ന് പിണറായി അഭ്യർഥിച്ചു. പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ പ്രവാസികളുടെ കണ്ണീരപ്പൊനുള്ള യാത്രകൂടിയായിരുന്നു പിണറായിയുടെ പര്യടനം. സന്ദർശിച്ച രാജ്യങ്ങളിലെല്ലാം സ്ഥാനപതിമാരെയോ ഉന്നത ഉദ്യോഗസ്ഥരെയോ പിണറായി കണ്ടിരുന്നു. എന്നിട്ടാണ് ‘പണച്ചാക്കുകളുടെ പിൻബലത്തിലെ യാത്ര’യെന്നും ‘സമ്പന്നന്മാരുമായുള്ള സമ്പർക്കയാത്ര’ യെന്നുമുള്ള സത്യവിരുദ്ധമായ വിശേഷണവും കൊച്ചുവർത്തമാനവുമായി മനോരമ സി പി ഐ എമ്മിനെതിരായ പരമ്പര നിരത്തിയത്.

ചടയൻ ഗോവിന്ദൻ സെക്രടറിയാകും വരെയുള്ള കമ്മ്യൂണിസ്റ്റ് ശൈലി പിണറായി സെക്രടറിയാ‍യതോടെ കൈമോശം വന്നെന്ന കണ്ടുപിടിത്തമാണ് മനോരമ നടത്തിയത്. സ്വദേശത്തും വിദേശത്തുമുള്ള സി പി ഐ എമ്മിനെ സ്നേഹിക്കുന്നവരിൽനിന്ന് പാർടി നടത്തുന്ന പ്രഖ്യാപിത ഫണ്ടു കലക്ഷനുമായി ബന്ധപ്പെടുത്തിയാണ് ഈ അബദ്ധപഞ്ചാംഗം എഴുന്നള്ളിച്ചത്. ദേശാഭിമാനി പത്രത്തിന്റെ നിലനിൽ‌പ്പിനും പാർടിയുടെ വളർച്ചയ്ക്കും വേണ്ടി എ കെ ജി സിലോണിലും സിംഗപ്പൂരിലും മലേഷ്യയിലും പര്യടനം നടത്തിയിരുന്നു. ആ അനുഭവം ആവേശപൂർവം എ കെ ജി വിവരിച്ചിട്ടുമുണ്ട്. ഹർകിഷൻസിങ് സുർജിത് ഉൾപ്പെടെയുള്ള നേതാക്കളെല്ലാം സ്വദേശത്തും വിദേശത്തും പാർടിക്കുവേണ്ടി അഭ്യുദയകാംക്ഷികളെ സംഭവനയ്ക്കായി കണ്ടിട്ടുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഫണ്ട് കലക്ഷ്നിലൂടെ പിണറായിവിജയൻ പുതിയൊരു ശൈലി കൊണ്ടുവന്നിരിക്കുന്നെന്ന മനോരമയുടെ വികലമായ വിലയിരുത്തൽ.

ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്ന ഗൾഫ് രാജ്യമായ സൌദ്യ അറേബ്യയിൽ പിണറായി എത്തുന്നത് ആദ്യമാണ്. സ്വന്തം നാടിന്റെ നേതാവ് തങ്ങളുടെ അടുത്തേക്ക് എത്തിയപ്പോൾ മറ്റൊരു നേതാവിനും ഇതുവരെ നൽകാത്തത്ര വികാ‍രവായ്പോടെയുള്ള വരവേൽ‌പ്പാണ് സൌദ്യയിലെ പ്രവാസി മലയാളികൾ നൽകിയത്. ജിദ്ദയിലെ സ്വീകരണസമ്മേളനം ചരിത്രമായി. ആയിരങ്ങളാണ് പങ്കെടുത്തത്. അറബികൾ ഉൾപ്പെടെയുള്ള മറുനാട്ടുകാരുടെ നല്ലൊരു പങ്കിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. സൌദ്യ ഭരണകൂടത്തിലെ പ്രമുഖരടക്കം പങ്കെടുത്ത യോഗത്തിൽ അവരുടെ ആവശ്യപ്രകാരം പിണറായിയുടെ പ്രസംഗം അറബ് ഭാഷയിൽ വിവർത്തനം ചെയ്യുകയും ചെയ്തു. റിയാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സ്നേഹനിർഭരമായ വരവേൽ‌പ്പായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ഒത്തുകൂടലുകളും ഉണ്ടായിരുന്നു. അവിടങ്ങളിലും സഖാവിന് മരുഭൂമിക്ക് നടുവിലെ ലേബർ ക്യാബിന് സമീപമുള്ള സ്ഥലത്തെ ഒത്തുകൂടലിനും സമയം മാറ്റി. ‘ഞാൻ സൌദ്യ അറേബ്യയിൽ ഒരു പാടു തവണ വന്നിട്ടുണ്ട്. പോയിട്ടുണ്ട്. എന്റെ മകളും കുടുംബവും ഇവിടെയാണ്. പക്ഷേ, ഇന്നുവരെ ഒരു രാഷ്ട്രിയപാർടി നേതാവിനും പിണറായിക്ക് നൽകിയതുപോലൊരു സ്നേഹവരവേൽ‌പ്പ് സൌദ്യ നൽകിയിട്ടില്ല.’

മലയാളികളുടെ ഹ്രദയത്തിൽ ജീവിക്കുന്ന ക‌മ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാർക്ക് കണ്ണൂരിൽ ഉചിതമായൊരു സ്മാരകം ഉയരുമ്പോൾ അതുമായി സഹകരികണമെന്ന് നേതാകൾ അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പുറപ്പെടുമ്മുമ്പുള്ള പത്രവാർത്തയിൽ തന്നെ കണ്ണൂരിൽ ഉയരുന്ന നായനാർ സ്മാരകത്തിന്റെ പ്രചാരണപ്രവർത്തനവും യാത്രാ ഉദ്ദേശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥകളും ഫണ്ട് ശേഖരണവും തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് പ്രവാസി മലയാളികളുടെ സംഘടനയും നേതാക്കളും പ്രവർത്തിച്ചിട്ടുള്ളത്. നായനാർ സ്മാരകം നല്ലനിലയിൽ ഉയരുന്നതിന് നായനാരെയും നായനാരുടെ പ്രസ്ഥാനത്തെയും സ്നേഹിക്കുന്നവർ കലവറയില്ലാത്ത സഹകരണത്തിന് മുന്നോടുവരികയും വാഗ്ദാനം നൽക്കുകയും ചെയ്തു. നായനാരുടെ പേരിൽ നല്ലൊരു സ്മാരകം സഖാവിന്റെ നാട്ടിൽ ഉയരുന്നത് മനോരമയുടെ ക‌മ്യൂണിസ്റ്റ് വിരുദ്ധ വിഷമനസ്സിന് സഹിക്കുന്നില്ല. അതുകൊണ്ടാണ് നായനാർ സ്മാര‌കത്തിനുവേണ്ടി നേതാകൾ നടത്തിയ സൽ‌പ്രവർത്തിയെ കരിതേച്ചു കാട്ടാൻ നെറികെട്ട പരമാർശങ്ങൾ കുത്തിനിറച്ച് മനോരമ പരമ്പരയാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ പ്രതിബദ്ധതയുള്ള ജനങ്ങളെയാകെ ബൻഡ്പ്പെട്ടുകൊണ്ടുള്ള പര്യടനമാണ് പിണറായിയും സംഘവും നടത്തിയത്. എന്നിട്ടാണ് പാർടിയുമായി ബൻഡ്പ്പെട്ട പോലീസ് ഉദ്യേഗസ്ഥനെ പൈലറ്റായി ഇറക്കിയെന്ന നെറിക്കെട്ട ആക്ഷേപം ഇതേ പത്രം ഉദ്ധരിച്ചത്. ഈ ‘പൈലറ്റുമാ’യി ഗൾഫ് യാത്രക്കിടയിൽ ടെലിഫോണിലോ അല്ലാതയോ ഒരു തവണ പോലും പിണറായി സംസാരിച്ചിട്ടില്ല. സി പി ഐ എം നേതാക്കൾക്ക് ഏതെങ്കിലും നാട്ടിൽ പര്യടനം നടത്താൻ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം വേണമെന്ന് എഴുതുന്നവരുടെ ചർമബലം കാണ്ടാമ്രഗത്തെ തോൽ‌പ്പിക്കും. ‘ഗൾഫ് പര്യടനത്തിനിടയിൽ പത്രക്കാരെ പാർടി സെക്രടറി അകറ്റിനിർത്തി’ യെന്ന് എഴുതിയ മനോരമയുടെ ഗൾഫ് പതിപ്പിൽ‌പോലും പിണാറായി സന്ദർശിച്ച എല്ലാ രാജ്യങ്ങളിലെയും പൊതുപാരിപാടികളുടെ റിപ്പോർട്ട് വന്നിട്ടുണ്ട്.

പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൈമെയ് മറന്ന് പോരാടാൻ ‘ഇനി സിപിഐ എമ്മിന് പരസഹായം വേണ്ടിവരില്ലെന്നാണ് ഉൾപാർടി വർത്തമാനം’ എന്ന പ്രയോഗം മനോരമ നടത്തിയിട്ടുണ്ട്. ഇതിനർഥം, കേരളത്തിൽ ഇനി ആരും സിപിഐ എമ്മിന് സംഭാവന കൊടുക്കരുതെന്നാണ്. പിന്തിരിപ്പൻ ശക്തികളെ സഹായിക്കാൻ നുണകളുടെ അണക്കെട്ട് പൊട്ടിക്കുന്ന സ്വഭാവം മനോരമയും മറ്റു പിന്തിരിപ്പൻ ശക്തികളും ചെയ്യുന്നത് ആദ്യമായല്ല. ദേശാഭിമാനിക്കും കൈരളിക്കും പുതിയ മന്ദിരം ഉയർന്നതും വിവിധ സഹകരണസംഘങ്ങൾ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതും പിന്തിരിപ്പൻ ശക്തികൾക്ക് സഹിക്കുന്നില്ല. ഈ അസഹിഷ്ണുത ഏറ്റവും പ്രകടമായത് ഒന്നാം ഇ എം സ് മന്ത്രിസഭയുടെ കാലത്താണ്. 25ലക്ഷം രൂപ ജനങ്ങളിൽ നിന്ന് ക‌മ്യൂണിസ്റ്റ് പാർടി ഫണ്ടിനായി പിരിച്ചെന്ന് പി രാമമൂർത്തി പറഞ്ഞപ്പോൾ അതിനെ കോഗ്രസുകാരും അവരുടെ മാധ്യമങ്ങളും അപഹസിച്ചു. 25ലക്ഷമല്ല ഒരു കോടി രൂപയാണ് പിരിച്ചതെന്നും അതിൽ 75ലക്ഷം രൂപ നേതാക്കൾ അടിച്ചുമാറ്റിയെന്നും അതുകൊണ്ടാണ് പാർടി ഫണ്ടിൽ 25ലക്ഷം രൂപയായി കുറഞ്ഞുപോയതെന്നും പ്രചരിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് ആന്ഡ്ര അരി ഇടപാടിലൂടെ ഭക്ഷ്യമന്ത്രി കെ എസ് ജോർജ് അഴിമതി നടത്തി പാർടിക്ക് വൻ‌തുകയുണ്ടാക്കിയെന്ന ആക്ഷേപവും ഉയർത്തിയത്. ഇ എം സും എ കെ ജിയുമെല്ലാം ജീവിച്ചിരുന്ന കാലം മുതൽ ക‌മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഉയർത്തിയ ക‌മ്യൂണിസ്റ്റ് വിരുദ്ധ ആക്ഷേപങ്ങളുടെ തുടർച്ചയാണ് മനോരമാദി പിന്തിരിപ്പൻ മാധ്യമങ്ങളുടെ ഇന്നത്തെ നുണപ്രചാരണം.

എ കെ ജി സ്മണയ്ക്കായി തിരുവനന്തപുരത്ത് സ്മാരകമന്ദിരം നിർമിക്കുമ്പോൾ മനോരമാദി പത്രങ്ങൾ ടൺ കണക്കിന് ന്യൂസ് പ്രിന്റു മഷിയുമാണ് സി പി ഐ എമ്മിനെതിരെ ഉപയോഗിച്ചത്. ഇ എം എസ് അധ്യക്ഷനും ഇ കെ നായനാർ സെക്രടറിയുമായ എ കെ ജി സ്മാരക കമ്മിറ്റിയാണ് അന്ന് പ്രവർത്തിച്ചിരുന്നത്. പിന്നീട് ട്രസ്റ്റും രൂപീകരിച്ചു. സർക്കാരിനെയും സർവലാശാലയെയും ജനങ്ങളെയും പറ്റിച്ചെന്ന് പിന്തിരിപ്പൻ പത്രങ്ങൾ അന്ന് എഴുതിക്കൂട്ടിയപ്പോൾ നിറം‌പിടിപ്പിച്ച കള്ളക്കഥകൾ ഓരോ ദിവസവും ചമച്ച് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ നോക്കേണ്ടെന്ന് ഓർമപ്പെടുത്തി ഇ എം എസ് ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. എ കെ ജി സ്മാരകമന്ദിരം ഉയർത്താനുള്ള അഭ്യർഥന ട്രസ്റ്റിയായിരുന്ന നായനാരുടേതായിരുന്നു. അന്ന് എ കെ ജി സ്മാരകം ഉയരുന്നതിനെതിരെ അപവാദം പ്രചരിപ്പിച്ച പിന്തിരിപ്പൻ ശക്തികൾ ഇപ്പൊൾ നായനാർ സ്മാരകം നിർമ്മിക്കുന്നതിനെതിരെ ചന്ദ്രഹാസം ഇളക്കുകയാണ്. ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാധ്യമക്കളി പ്രബുദ്ധകേരളം തിരിച്ചറിയും.

കടപ്പാട് : ദേശാഭിമാനി

Monday, May 3, 2010

മഴ










എനിക്കിഷ്ടമാണു മഴയെ, മനസ്സിനെ ഓർമ്മകളിൽ നീരാടിക്കുന്ന പ്രക്രതിയുടെ സംഗീതത്തെ......ഗൾഫ് മണലാരണ്യത്തിൽ ജീവിക്കുമ്പൊഴും മഴ സമ്മാനിച്ച നല്ല നിമിഷങ്ങൾ എന്റെ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും അപ്പൊൾ എന്റെ മനസ്സിനെ കൊണ്ടത്തിക്കുന്ന ബാല്യകാലത്തെ കുറിച്ചുള്ള ആ നല്ല ഓർമ്മകളെ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നു. തിമിർത്തു പെയ്യുന്ന മഴയിൽ ആർത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം. പണ്ട്‌ സ്കൂളിൽ പോകുമ്പോൾ ഇടവഴിയിൽ വെച്ചെന്റെ കുട മറിച്ച്‌ നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ... മഴ തോർന്ന പറമ്പിൽ ഓടിക്കളി‍ക്കുന്ന... എന്റെ ആ കുട്ടിക്കാലം മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന ഇടവ-തുലാ മാസ രാവുകൾ...അത് എല്ലാം ഇന്ന് ഒരു സ്വപ്നമായി മാറിയിരിക്കുന്നു. ഇനി എന്ന് തീരും ഈ പ്രവാസകാലം എന്ന് ഒരു നിശ്ചയമില്ലെങ്കിലും ആ കാലത്തിനിടക്ക് ഒരിക്കലെങ്കിലും മനസ്സിന്റെ തന്ത്രികളെ തൊട്ടുണർത്തുന്ന മഴയത്ത് എന്റെ എല്ലാ ദു:ഖങ്ങളും കഴുകികളഞ്ഞ് ഒരു നാലാം ക്ലാസുകരനാവാൻ മോഹം.

മഴ എന്നും എനിക്ക് ഭ്രാന്തായിരുന്നു.. എന്റെ പ്രണയം.. എന്റെ പ്രിയപെട്ട സുഹൃത്ത് ... എന്നും അടങ്ങാത്ത ആവേശം... എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും മഴ എന്റെ കൂടെ ഉണ്ടായിരുന്നു.. എല്ലാ സങ്കടങ്ങളിലും.. എല്ലാ നേട്ടങ്ങളിലും.. എല്ലാ നഷ്ടങ്ങളിലും മഴ എന്നോടോപ്പോം ഉണ്ടായിരുന്നു... ചിലപ്പോൾ സ്വാന്തനമായി.. ചിലപ്പോൾ ആശ്രയമായി.. മറ്റു ചിലപ്പോൾ എന്റെ കണ്ണുനീർ മറയ്ക്കാനുള്ള ഒരു ആയുധമായി.. ഒരു പാടു ഇഷ്ടത്തോടെ ഹൃദയത്തോട്‌ ചേർത്തു പിടിച്ച ചില ബന്ധങ്ങളുടെ തുടക്കത്തിലും മഴ ഉണ്ടായിരുന്നു കൂട്ടായി.... ഒരിക്കലും ഇനി തിരികെ വരില്ല എന്ന് പറഞ്ഞു എന്റെ സ്നേഹവും സന്തോഷവും എന്നിൽ നിന്നും അകന്നു പോയ ദിവസവും മഴയുണ്ടായിരുന്ന.............

Friday, April 30, 2010

മെയ് ദിനാശംസകൾ













അധ്വാനിക്കുന്നവന്റെ അവകാശ ദിനമായ മെയ് ദിനമാണിന്ന്. തൊഴിലാളിയുടെ സാമ്പത്തികവും സാമൂഹ്യമായ ഉന്നമനവും ലക്ഷ്യമിട്ടു ആഘോഷിക്കുന്ന മെയ് ദിനം തൊഴിൽ സമയം എട്ടുമണിക്കൂറായി നിജയപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്.1884ൽ Federation of Organized Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതൽ 8 മണിക്കൂർ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേൽ‌പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുവാന്‍ നിർബതന്ധിതരായിരുന്ന തൊഴിലാളികൾക്കിടയിൽ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടർന്നു കയറി.1886 ഏപ്രിൽ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികൾ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.
ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People's Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വർഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകർക്കു വാനും അവർ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങൾ നൽക്കിയും കൂടുതൽ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവർ പൂർത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിർമ്മാണതൊഴിലാളികൾക്കും തുണിമിൽ തൊഴിലാളികൾക്കും ജോലി സമയത്തിൽ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികൾക്കായി സമരം ശക്തമാക്കി.
1886 മെയ് മൂന്നിന് മക്കോർമിക്ക് റീപ്പർ ഫാക്ടറിയിലെ തൊഴിലാളികൾ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഹൈ മാർക്കറ്റ് സ്ക്വയറിൽ ഒരു യോഗം ചേർന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോൾ ഒരു സംഘം പോലീസുകാർ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിർത്തിവെക്കാൻ അവർ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരൻ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിനെ ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
ആൽബർട്ട് പാർസൻസ്സ്, ആഗസ്റ്റ് സ്പൈസ്, അഡോൾഫ് ഫിഷർ, ജോർജ്ജ് ഏങ്കൽ എന്നിവരെ 1887 നവംബർ 11ന് ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേർക്ക് (മൈക്കേൽ ഷ്വാബ്, സാമുവേൽ ഫീൽഡെൻ, ഓസ്കാർ നീബെ)1893ൽ മാപ്പു ലഭിച്ചു.
ഹൈ മാർക്കറ്റ് സംഭവവും അതിനെത്തുടർന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയർന്നു . 1890 മെയ് ഒന്നു മുതൽ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷൻ ഓഫ് ലേബർ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.
പോലീസിനെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട്‌ ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമർത്താനാണ്‌ തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്‌.ലാത്തിച്ചാർജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകൾക്ക്‌ പരിക്കും നൂറുകണക്കിന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാർഡ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓർമ്മക്കുമുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ്‌ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം ഈ ദിനം ആഘോഷപൂർവം കൊണ്ടാടുന്നത്‌.
1886 ൽ ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികൾ നടത്തിയ അവകാശസമരത്തെ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്ത അതേവർഗ്ഗണത്തിൽ പെട്ടവർ തന്നെയാണ്‌ ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായീ അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌.സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങൾ ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്‌.തൊഴിലാളികളെക്കൊണ്ട്‌ പരമാവധി പണിയെടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ യഥാസമയം ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ നൽക്കാൻ ഇന്നും തയ്യാറാകുന്നില്ല.വികസിത രാജ്യങ്ങളിലെ തൊഴിലാളികൾക്ക്‌ ജോലിസ്ഥിരതയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോൾ അവികസിതരാജ്യങ്ങളിലെ തൊഴിലാളികൾ കടുത്ത ചൂഷണത്തിനും നിലവിലുള്ള ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്‌.ആഗോളവൽക്കരണവും സൈനിക മേധാവിത്തവും കൊണ്ട്‌ ലോകരാജ്യങ്ങളുടെ നിയന്ത്രണവും കൈപ്പിടിയിലൊതുക്കാൻ സാമ്രാജിത്ത ശക്തികൾ കൊണ്ടുപിടിച്ച്‌ ശ്രമിക്കുകയാണ്‌.ആഗോളസമ്പാത്താകെ ഏതാനും ബഹുരാഷ്ട്രകുത്തക കമ്പിനികളുടെ അധീനതയിൽ വരുകയും അവരെ മാത്രം സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുകയും ചെയ്യുമ്പോൾ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും വിലക്കയറ്റവും പട്ടിണിയുംകൊണ്ട്‌ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്‌.

രാഷ്‌ട്രീയത്തെ ആരാഷ്‌ട്രീയം കൊണ്ട്
തത്വചിന്തയെ പരസ്യം കൊണ്ട്
പ്രബുദ്ധതയെ ഉപഭോഗക്രമം കൊണ്ട്
സംഘടനാ ബോധ്യങ്ങളെ
വ്യക്തി സങ്കീർത്തനങ്ങൾ കൊണ്ട്
സംവാദങ്ങളെ വിവാദങ്ങൾ കൊണ്ട്
സമരോത്സുകമായ ശുഭാപ്തിയെ
അശുഭാപ്തി വിശ്വാസം കൊണ്ട്
യുക്തിയെ അയുക്തികത കൊണ്ട്
മതനിരപേക്ഷതയെ മതാന്ധത കൊണ്ട്
അന്വേഷണങ്ങളെ അപവാദങ്ങൾ കൊണ്ട്
മൂടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടതിൽ അതിനെയെല്ലാം സംഘടിത ശക്തി ഉപയോഗിച്ച് തൊല്പിച്ചിട്ടാലാതെ പുതിയൊരു ലോകം സ്വപ്നം കാണാൻ നമ്മുക്ക് കഴിയുകയില്ല.

"ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയിൽ കത്തിയമരും...... അതിന്റെ ചാരത്തിൽ നിന്നും ഒരു പുതിയ സമൂഹം ഉയർന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള, അനുദിനം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറുന്ന പുത്തൻ സാമൂഹ്യ വ്യവസ്ഥ.....''

"വിശപ്പടക്കുവാന്‍ ഭിക്ഷയാചിക്കുന്ന മക്കളും, ശരീരംകൊണ്ട് വിശപ്പടക്കേണ്ടിവരുന്ന സഹോദരിമാരും, മക്കളെ തെരുവിലുപേക്ഷിക്കുന്ന പിതാക്കന്മാരും ഇല്ലാത്ത ഒരു ലോകം.... ആയിരം മഴവില്ലുകളാൽ വർണ്ണാഭമായ ചക്രവാളവും ആർത്തുല്ലസിക്കുന്ന കുഞ്ഞുങ്ങളും, അദ്ധ്വാനത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പുരുഷന്മാരും, പ്രഭാതത്തിലെ ഈറനണിഞ്ഞ റോസാദളത്തിന്റെ ഹൃദ്യത പകരുന്ന കുടുംബിനികളും ഉള്ള ഒരു ലോകം.....


ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവർഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങൾക്കെതിരെയും വർഗ്ഗീയ ജാതിയ ഛിദ്ര ശിഥിലികരണ ശക്തികൾക്കെതിരെ ശാക്തമായി നിലയുറപ്പിക്കാനും,ജനങ്ങളിൽ സ്നേഹവും സന്തോഷവും സഹകരണവും ഊട്ടി ഉറപ്പിക്കാനും ,തൊഴിലാളികളിൽ പുത്തൻ പ്രതീക്ഷകളുടെ നാമ്പുകൾ കിളിർപ്പിക്കാനും ഈ സാർവ്വദേശീയ തൊഴിലാളി ദിനത്തിന്ന് കഴിയട്ടെ.

എട്ടു മണിക്കൂർ അധ്വാനം - എട്ടു മണിക്കൂർ ആഹ്ലാദം - എട്ടു മണിക്കൂർ വിശ്രമം

എല്ലാവർക്കും എന്റെ മെയ് ദിനാശംസകൾ

Monday, April 26, 2010

സഖാവ് കെ.പിയുടെ സ്വപ്നം പൂവണിഞ്ഞു.










നൂറേക്കർ പാടത്ത് നൂറുമേനി വിളവെടുപ്പ്


ചാവക്കാട് നഗരസഭ തിരുവത്ര മുട്ടിൽ - മത്തിക്കായൽ പാടശേഖരത്തിൽ കർഷക കൂട്ടായ്മ നൂറേക്കർ പാടത്ത് ഇറക്കിയ നെൽക്രഷിക്കു നൂറുമേനി വിളവെടുപ്പ്. വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കൊലചെയ്ത നഗരസഭാധ്യക്ഷൻ കെ.പി വത്സലന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിട്ടാണ് 25 വർഷത്തോളം തരിശുകിടന്ന പാടശേഖരത്തിൽ നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണന്റെ നേത്രത്വത്തിലുള്ള കൌൺസിൽ ക്രഷി ആരംഭിച്ചത്.
2006 – 07ൽ 50ഏക്കറിൽ ക്രഷി ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനെ തുടർന്നു 2008-09ൽ കർഷകർ വിത്ത് ഇറക്കിയിരുന്നില്ല. എം‌എൽ‌എയും നഗരസഭാധിക്രതരും പാഡിമിഷനും വീണ്ടും സഹായവുമായെത്തിയതോടെ പാടശേഖര സമിതിയുടെ നേത്രത്വത്തിൽ ക്രഷി പുനരാരംഭിക്കുകയായിരുന്നു.
പ്രതികൂല കാലാ‍വസ്ഥയും ശക്തമായ ചൂടും ഉണ്ടായിട്ടും നൂറുമേനി വിളവെടുക്കാനായതിന്റെ അഹ്ലാദത്തിലാണു പി.കെ ബാലന്റെ നേത്രത്വത്തിലുള്ള പാടശേഖരസമിതി പ്രവർത്തകർ. കൊയ്ത്തുൽ‌സവം സഖാവ് കെ.വി.അബ്ദുൽ ഖാദർ എം‌എൽ‌എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ എം.എർ രാധാക്രഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാലിക്കുളം അബാസ്, കൌൺസിലർമാരായ കെ.നവാസ്, കെ.ച്ച്.സലാം, കെ.എം.അലി, ടി.എ.ഹാരിസ്, എം.എ.സുമംഗല, എ.എ.മഹേന്ദ്രൻ, എൻ.കെ.അക്ബർ, കെ.പുരുഷോത്തമൻ, പാഡി മിഷൻ ഡയറക്ടർ ഡോ.ബാലചന്ദ്രൻ, പാടശേഖരസമിതി സെക്രട്ടറി പി.കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിലെ മുഴുവൻ തരിശുഭൂമിയിലും നെല്ലും പച്ചക്കറിയും ക്രഷി ചെയ്യുമെന്നു ചെയർമാൻ എം.എർ രാധാക്രഷ്ണൻ പറഞ്ഞു.









ചിറക്കൽ പാടം ഒരു വിദൂര ദ്രശ്യം

Thursday, April 15, 2010

സഖാവ് കെ.പി വത്സലൻ അനുസ്മരണം



രക്ത പതാകയിലെ ദീപ്ത നക്ഷത്രം







കത്തിത്തീർന്ന ചാരം
മണ്ണടരുകളിൽ ലയിച്ചുചേരുന്ന
ഒരു സ്വാഭാവിക പരിണാമമാണ് ചരമമെങ്കിൽ
ഓർമ്മകൾ പൂതുലയുമ്പോൾ
പിന്നെയും പിന്നെയും ജ്വലനവേഗമാർന്ന്
ഇരുട്ടുകൾക്ക് എന്നും പേടിയായ്
കത്തിനിൽക്കുന്ന ഒരു കനലാണ്
രക്തസാക്ഷിത്വം.....................
.
സഖാവ് കെ.പി.വത്സലൻ രക്തസാക്ഷിയായിട്ട് 2010 ഏപ്രിൽ 16-ന് നാല് വർഷം തികയുന്നു.സി.പി.ഐ(എം) ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു.ചാവക്കാട് ഏരിയാ ജോയിന്റെ് സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി, ജില്ലാ ട്രഷറർ,ചാവക്കാട് നഗരസഭാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു പാർട്ടി എ.സി. അംഗമായ സ: എ.ച്ച്. അക്ബറിനോടൊപ്പം വത്സലൻ 2006 ഏപ്രിൽ 16-ന് അഞ്ച് മണിയോടേ പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിലെത്തിയത്.യാതൊരുവിധ പ്രകോപനവുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ രണ്ട് സഖാക്കളെയും അവിടെയെത്തിയ വലതു പക്ഷ-മുസ്ലീലീഗ് ഗുണ്ടകൾ കടന്നാക്രമിച്ചതും വത്സലന്റെ ജീവനെടത്തതും.
ചാവക്കാട്ടെ വലതുപക്ഷ രാഷ്ട്രീയം നാളിതുവരെ കൈകാര്യം ചെയ്ത മനുഷ്യത്വരഹിത നടപടികളുടെ ഏറ്റവും ഭീഭത്സമായ രൂപമാണ് സ:വത്സലന്റെ കൊലപാതകത്തിലൂടെ ഈ നാട് കണ്ടത്. ചാവക്കാടൻ തീരത്തെ മത്സ്യതൊഴിലാളികൾ അടക്കമുള്ള സാധാരണ മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണത്തിന് വിധേയരാക്കി അവരുടെ വിയർപ്പും രക്തവും ഊറ്റി സമ്പന്നതയിൽ ആറാടിയ കരപ്രാമണിമാരുടെയും കടൽപ്രമാണിമാരുടെയും അതിക്രമങ്ങളുടെ കഥകൾ പടിഞ്ഞാറൻ തീരത്തിന് അജ്ഞമല്ല. പ്രാമണിത്തത്തിന്റെ ചിറകിലേറി അധികാരത്തിന്റെ ഉന്നതങ്ങളിൽ പാറിപ്പറന്ന് രമിച്ച വലതുപക്ഷ രാഷ്ട്രീയ ക്യാമ്പിന്റെ പൊതുരംഗത്തെ പാരമ്പര്യവും തീരദേശ ജനതക്ക് നല്ല ബോധ്യം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പക്ഷങ്ങൾ ഒന്നൊന്നായി തളരുന്നതും കൊഴിയുന്നതും ചാവക്കാടൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന്റെ ഉള്ളടക്കം. കടലോരത്തെ പട്ടിണികിടക്കുന്ന, പ്രമാണിമാരുടെ തിട്ടൂരങ്ങൾക്ക് വിധേയരായി കഴിയേണ്ടിവന്ന സാധാരണ മനുഷ്യർ നട്ടെല്ല് നിവർത്തിനിൽക്കാൻ നടത്തിയ പരിശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് രണ്ടര പതിറ്റാണ്ട് കാലത്തെ ചാവക്കാടൻ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവണത. സി.പി.ഐ.(എം)ന്റെ നേത്രത്വത്തിൽ രക്തപതാകയുമായി കടലോരജീവിതത്തിൽ നിറഞ്ഞുനിന്ന പോരാളികൾ സ: കെ.പി. വത്സലന്റെ നേത്രത്വത്തിൽ നടന്ന സംഘടനാ പരിശ്രമങ്ങളുടെ ചരിത്രവും അദ്ദേഹത്തിന്റെ ജീവിതവുംവായിച്ചെടുക്കാൻ കഴിയുന്നത്. മേൽപ്പറഞ്ഞ സവിശേഷ പശ്ചാത്തലത്തിലാണ്.കിരീടം വെക്കാത്ത രാജാക്കന്മാർക്ക് വിറളി പിടിക്കുക സ്വാഭാവികം. ജനാധ്യപത്യത്തിന്റെ പൊയ്മുഖങ്ങൾ വലിച്ചെറിഞ്ഞ് ചോരകുടിക്കാൻ വെമ്പുന്ന ഭീകരതയുടെ തനിസ്വരൂപം വെളീപ്പെടുത്താൻ വലുത്തപക്ഷ രാഷ്ട്രീയ ക്യാമ്പ് നിർബന്ധിതമാകുന്നതും സ്വാഭാവികം.
അധികാരകേന്ദ്രങ്ങളിലെ കുടിവെയ്പ്പ് വാഴ്ച പാവപ്പെട്ടവനെ ‘നിലക്ക് നിറുത്താനു’ള്ള മർദ്ദനോപാധിയായി കൊണ്ടുനടന്നിരുന്ന പ്രമാണിമാർ അധികാരകേന്ദ്രങ്ങളിൽ നിന്ന് അരങ്ങൊഴിയുന്നു. നിസ്വമായ കടലോരജീവിതത്തിന്റെ ഉപ്പും ചവർപ്പും രുചിച്ച് വളർന്ന വത്സലനെപ്പോലുള്ളവർ അധികാരകേന്ദ്രങ്ങളിലേക്ക് നടന്നു കയറന്നു. പാവപ്പെട്ടവന്റെ സമരായുധമായി അധികാരത്തെ പ്രയോഗവൽക്കരിക്കുന്നു. ഇതൊന്നും യാദ്രശ്ചികതകളല്ല്ല……തീക്ഷ്ണമായ പരിശ്രമങ്ങൾ……..ഇതിന്റെയെല്ലാം പരിണതികളാണ്. ഈ മാറ്റങ്ങളുടെയെല്ലാം സവിശേഷമായ ഒരു ദശാസന്ധിയിൽ ഈ നാടിനുവേണ്ടി തന്നെപ്പോലെ ജീവിക്കുന്ന സാധാരണ മനുഷ്യനുവേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു സ:വത്സലൻ.

ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു സമൂഹത്തിനുനേരെ ഉയർന്നുവരുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ മൂർച്ചയുള്ള കൊലക്കത്തി സ: വത്സലൻ ഏറ്റുവാങ്ങുകയായിരുന്നു….തന്റെ ജീവിതം പകരം കൊടുത്ത്.
സമൂഹത്തിനുനേരെ ഉയർന്ന ആയുധവും സ്വന്തം ശരീരത്തിലേറ്റുവാങ്ങിയാണ് ധീരരക്തസാക്ഷി സ: കെ.പി.വത്സലൻ അനശ്വരനാകുന്നത് ഇങ്ങനെ, ധീര രക്തസാക്ഷികളുടെ ജീവിതം നമ്മോടാവശ്യപ്പെടുന്നത് ദുരിതക്കെടുതികളുടെ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന സാധാരണ മനുഷ്യന്റെ ജീവിതചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനല്ല…..അവന് താങ്ങും തണലുമായി നിലകൊള്ളാനാണ്.
സമൂഹത്തിന്റെ നന്മകളെ തല്ലിതകർത്ത് അഴിഞ്ഞാടുന്ന സമൂഹവിരുദ്ധ പ്രവണതകളോട് സന്ധിചെയ്യാനൊ കണ്ടില്ലെന്ന് നടിക്കാനൊ അല്ല….അവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പടനയിക്കാനാണ്.
സഹജീവികളോടുള്ള കൂറ്…….
തന്റെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത…..
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറ്……അതാണ് സ: വത്സലൻ.


തന്റെ പ്രസ്ഥാനം, സമൂഹം ഇവയ്ക്ക് വേണ്ടി തന്റെ രക്തം നൽകിയ സ: കെ.പി. വത്സലന്റെ സ്മരണക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.വത്സലൻ എന്ന പ്രിയപുത്രന്റെ, സഹോദരന്റെ, പിതാവിന്റെ കനൽവഴികൾ താണ്ടിയുള്ള ജീവിതത്തെക്കുറിച്ച്, നാടിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവർ……വത്സലന്റെ കുടുംബം……എങ്കിലും പ്രിയപ്പെട്ടവന്റെ വേർപാട് സ്രഷ്ടിച്ച വേദന, അതൊരിക്കലും ഒഴിവാകുന്നതല്ല. വേദനകൾ വേട്ടയാടുന്ന ആ കുടുംബത്തിന്റെ – ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ അമ്മ, സഹോദരങ്ങൾ, മകൻ നിരഞ്ജൻ(കണ്ണൻ) ഇവരനുഭവിക്കുന്ന വേദനയിൽ നമ്മുക്ക് പങ്കുചേരാം.

ഉജ്വലനായ രക്തസാക്ഷിയുടെ സ്മരണ പാവപ്പെട്ട മനുഷിരുടെ വിമോചനത്തിനു വേണ്ടിയുള്ള പോരട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരും. സഖാവ് വത്സലട്ടേന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

Wednesday, April 14, 2010

സഖാവ് കെ.പി. വത്സലൻ രക്തസാക്ഷിത്വ ദിനാചരണം



പുതിയൊരു ലോകം കൊയ്യാൻ ഇറങ്ങിയോൻ
ചുവടിടറാതെ മുന്നേറി ,... മുന്നേറി ,....
മൃതിയെ പരിഹസിചാട്ടിയോടിച്ചവൻ
'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്
പലകുറി നമ്മോടുറക്കെ പറഞ്ഞവൻ.
നാളത്തെ പുലരിക്കു കുങ്കുമം ചാർത്തുവാൻ
ചുടു ചോര ചിന്തിയോൻ
അരവയർ ഉണ്ണാൻ കൊതിച്ചൊരു ചെറുമന്റെ
സിരകളിൽ അഗ്നിയായ് ആളിപടർന്നമവൻ
നശ്വരമായോരീ ദേഹം ത്യജിച്ചു നീ
അനശ്വര ചൈതന്യമായ് മാറിയെങ്കിലും
ചിത്തത്തിൽ നീ കണ്ട സ്വപ്‌നങ്ങൾ മണ്ണിതിൽ
ശാശ്വത സത്യമായ് മാറ്റാൻ പോരുതുമീ ഞങ്ങളിൽ
കാറ്റായ് ,.....കരുതായ് ,....വെളിച്ചമായ്
പടരുക നീ
രക്ത സാക്ഷി .......രക്ത സാക്ഷി ,..

എല്ലാം ത്യജിച്ചവർ !
എന്തും സഹിച്ചവർ !
രക്തനക്ഷത്രങ്ങൾ ! നിങ്ങളാണീ യുഗം
കത്തിച്ചുയർത്തിയ രക്തനക്ഷത്രങ്ങൾ !
കൈക്കൊൾക ഞങ്ങൾതൻ
ധന്യവാദം ! ധീരധന്യവാദം !
ധന്യവാദം ! രക്തനക്ഷത്രമേ
ധന്യവാദം ! ധീരധന്യവാദം


സഖാവ് കെ.പി. വത്സലൻ രക്ത സാക്ഷിത്വ ദിനാചരണം

2010ഏപ്രിൽ 16 വൈകീട്ട് 5നു

കേരള സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ




ഞാനും നീയും അപരിചിതരാണെങ്കിൽ പ്പോലും ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ‌വെച്ചു നീ അനീതിക്കെതിരെ ശബ്ദമുയർത്തുകയാണെങ്കിൽ ഞാനും നീയും സഖാക്കളാണ്……

വിഷു ആശംസകൾ



സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും

കണിക്കൊന്നകൾ പൂത്തുവിടരുന്നൊരു

പവിത്ര സുന്ദരമാം വിഷുകാലം

ആംശസിക്കുന്നു.








Sunday, April 11, 2010

അമ്മക്ക് തീര്ച്ച യായും ഞാൻ ഒരു കുടിൽ കെട്ടിത്തരും

അമ്മേ, ജീവിതത്തിൽ അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് .ഇഷ്ടികക്കട്ടകൾ തലയിലേറ്റി അമ്മ വരുന്നതും അച്ഛന്‍ അവയെ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെച്ച് ഇടക്ക് സിമന്റ് തേച്ച് പിടിപ്പിക്കുന്നതും ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.

നമ്മുടെ ഗ്രാമത്തിൽ കഴിക്കുവാനൊന്നുമില്ലാതെ വിശന്ന് പൊരിഞ്ഞിരിരുന്നിരുന്ന ആ ദിവസങ്ങൾ എനിക്കോര്‍മ്മയുണ്ട്.അമ്മ ഓര്‍ക്കുന്നില്ലേ അമ്മയും അച്ഛനും കൂടി എന്നേയും കൂട്ടി ഗ്രാമച്ചന്തയിലെത്തിയിരുന്നതും, ആരെങ്കിലുമൊക്കെ അവരുടെ പാടത്ത് പണിക്കു വിളിക്കുമെന്നു കരുതി ആശയോടെ കാത്തിരുന്നതും, ആരും വിളിക്കാത്ത ദിവസങ്ങളിൽ നിരാശരായി തിരിച്ചുവന്നിരുന്നതുമൊക്കെ? ഞാനന്ന് വിശന്നിട്ട് ഒരു പാട് കരയുമായിരുന്നു. അന്നെനിക്കറിയില്ലായിരുന്നു, എനിക്ക് തരാനായി അമ്മയുടെ കൈയ്യിൽ ഒന്നുമില്ലായിരുന്നുവെന്ന്.

അമ്മയെന്തുമാത്രം സങ്കടപ്പെട്ടുകാണുമെന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഗ്രാമം വിട്ട് എവിടേയ്ക്കെങ്കിലും പോകാമെന്ന് അച്ഛന്‍ തീരുമാനിച്ചപ്പോൾ അമ്മയുടെ മുഖത്തുണ്ടായ പ്രത്യാശയും ഒപ്പം ഉണ്ടായ ചോദ്യഭാവമുമൊക്കെ എനിക്ക് ഓര്‍ത്തെടുക്കാം.

പുതിയ പുതിയ കാഴ്ചകൾ കാണുന്നതിന്റെ സന്തോഷമായിരുന്നു അന്നെനിക്ക്. വലിയ കെട്ടിടങ്ങൾ, പാര്‍ക്കുകൾ, പ്രത്യേകിച്ചും അതിൽ കളിച്ചുരസിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ. അമ്മയുടെ കണ്ണീർ ഒരു പഴംകഥയാവുമല്ലോ എന്ന സന്തോഷമായിരുന്നു എന്റെ മനസ്സിൽ.

നമ്മളൊരു വലിയ ഇടത്തിലേക്ക് മാറി. എനിക്കും എത്രവേണമെങ്കിലും കളിക്കാമല്ലോ എന്ന സന്തോഷം അടക്കാനാവുമായിരുന്നില്ല.

സാവധാനം ആ സ്ഥലമൊക്കെ കുഴിക്കുകയും നിറയ്ക്കുകയുമൊക്കെ ചെയ്തപ്പോൾ, അതിനൊരു വീടിന്റെ രൂപം വന്നു। നമുക്ക് താമസിക്കാനായിരിക്കും ആ വീട് എന്നാണ് ഞാന്‍ കരുതിയത്. കാരണം അമ്മയും അച്ഛനുമൊക്കെ മറ്റു കുറേപ്പേരുടെ കൂടെ അത്രമാത്രം കഷ്ടപ്പെട്ടിരുന്നല്ലോ.

എല്ലാം തീര്‍ന്നു കഴിഞ്ഞപ്പോൾ നമ്മൾ ആ സ്ഥലവും വിട്ടു.

ഇത്രയേറെ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് വിട്ട് നമ്മൾ എന്തിനുപോകുന്നുവെന്ന് അന്നെനിക്ക് ആശ്ചര്യമായിരുന്നു। പിന്നീട് ഒരിടത്ത്; പിന്നെ മറ്റൊരിടത്ത്.

സാവധാനം എനിക്കു മനസ്സിലായി നമ്മൾ പണിയുന്ന വീടുകളൊന്നും നമുക്കായി ആയിരുന്നില്ലെന്ന്.

അമ്മേ, നമുക്കു വേണ്ടിയല്ലായിരുന്നെങ്കിൽ അമ്മയും അച്ഛനും എന്തിനായിരുന്നു അത്രമാത്രം കഷ്ടപ്പെട്ടത്?

എന്റെ അറിവില്ലായ്മകൊണ്ട് “ചോറ്‌ ഇനിയും വേണം’ എന്ന് ഞാന്‍ വാശിപിടിച്ചു കരയുമ്പോൾ അമ്മ ഒരു മൂലയിൽ മാറിയിരുന്ന് കരയുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്। പിന്നീട് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ഇനി ചോറ് കൂടുതൽ ചോദിക്കില്ല എന്ന് ഞാൻ തീര്‍ച്ചപ്പെടുത്തി.

അമ്മ കരയുന്നത് കാണുന്നത് എനിക്കിഷ്ടമല്ലായിരുന്നു.

പണി കഴിഞ്ഞു വന്നാലും അമ്മക്ക് ഇരിക്കാന്‍ നേരമില്ലായിരുന്നു. ഭക്ഷണം വെയ്ക്കണം, ഉണ്ടായിരുന്ന രണ്ടോ മൂന്നോ പാത്രങ്ങൾ കഴുകണം, തുണി അലക്കണം.

എന്നിട്ടും അമ്മയെന്നെ സ്കൂളിൽ അയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു.

പഠിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും സ്കൂളിൽ പോകാൻ എനിക്ക് പേടിയായിരുന്നമ്മേ.

കൂട്ടുകാർ പല പല ചോദ്യങ്ങളും ചോദിക്കുമായിരുന്നു। നിന്റെ വീടെവിടെയാണ് എന്ന ചോദ്യത്തിന് എനിക്ക് വീടില്ലെന്ന് പറയുമ്പോൾ അവർ ഉറക്കെ ചിരിക്കുമായിരുന്നു.

പക്ഷികൾ കൂട്ടിലും, വന്യമൃഗങ്ങൾ ഗുഹകളിലും വീട്ടുമൃഗങ്ങൾ തൊഴുത്തിലും കഴിയുമ്പോൾ മനുഷ്യർ വീട്ടിൽ താമസിക്കുന്നു എന്ന് മാഷ് പറഞ്ഞുതരുമായിരുന്നു. നമുക്ക് വീടില്ല; അതുകൊണ്ട് നമ്മൾ മനുഷ്യരല്ലാതാകുമോ അമ്മേ? മൃഗങ്ങൾ പരസ്യമായി വിസര്‍ജ്ജനം ചെയ്യുമ്പോൾ മനുഷ്യർ കക്കൂസുകൾ ഉപയോഗിക്കുന്നുവെന്ന് ടീച്ചർ പറഞ്ഞു തന്നിരുന്നു. പക്ഷെ, നാം ഇതൊക്കെ പരസ്യമായല്ലേ അമ്മേ ചെയ്തിരുന്നത്?

അമ്മ തിടുക്കത്തിൽ കുളിച്ചുതീര്‍ക്കുന്നതും, അത് തന്നെ രാത്രി വളരെ വൈകിയും ആയിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് വലിയ കുട്ടിയായപ്പോഴാണ് .

ചില കഴുകന്‍ കണ്ണുകളെ നമുക്ക് ഒഴിവാക്കണമായിരുന്നു.

അച്ഛന്‍ ജോലിസ്ഥലത്ത് അപകടത്തില്‍പ്പെടുകയും കാലൊടിയുകയും ചെയ്തപ്പോൾ അമ്മ എന്തുമാത്രം കരഞ്ഞു എന്നെനിക്കോര്‍മ്മയുണ്ട്। അച്ഛന്റെ ജോലി പോയെന്നു മാത്രമല്ല, താമസിച്ചിരുന്ന ആ സ്ഥലവും നമുക്ക് നഷ്ടപ്പെട്ടു.

പിന്നെ ഒരു പാലത്തിനു ചുവടെ പന്നികള്‍ക്കും പട്ടികള്‍ക്കും വൃത്തികേടുകള്‍ക്കുമിടയിൽ നാം താമസിച്ചു। ഇങ്ങനെ ഒരു ജീവികളേ ഇല്ല എന്ന മട്ടിൽ ആളുകൾ അവരുടെ കുപ്പ നമ്മുടെ മേൽ ഇടുമായിരുന്നു.

നാം എവിടെപ്പോകാനാണമ്മേ?

പിന്നീടാണ് ആ സഖാക്കൾ വന്നതും രാത്രി മുഴുവൻ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും.ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകൾ തിളങ്ങുന്നതും സമ്മതഭാവത്തിൽ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.

എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.

പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകൾ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാൻ കരുതി.ചില സര്‍ക്കാർ ഉദ്യോഗസ്ഥർ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാർ പറഞ്ഞു. സര്‍ക്കാർ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവർ വീടുകൾ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കൾ പറഞ്ഞത് അച്ഛന്റെ കൂട്ടുകാർ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.

അമ്മേ, സര്‍ക്കാരിന്റെ കൈയ്യിൽ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോൾ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടിൽ താമസിക്കാമായിരുന്നു.

സഖാക്കൾ സ്ഥിരമായി നമ്മുടെ ചേരിയിൾ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകൾ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളിൽ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.

ഒരു സ്ഥലത്തെത്തിയപ്പോൾ സഖാവ് പറഞ്ഞു.

"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകൾ പണിയാൻ പോകുന്നു।“

എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌।

അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികൾ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോൾ, പെട്ടെന്ന് പോലീസ് മാമന്‍‌മാർ നമുക്കു നേരെ ഓടിവന്നു।

ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നിൽ ഒളിച്ചിരുന്നു.പെട്ടെന്ന് പോലീസുകാർ എല്ലാവരേയും തല്ലാൻ തുടങ്ങി। ചിലർ വസ്ത്രങ്ങൾ ചീന്താൻ തുടങ്ങി; മറ്റു ചിലർ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവർ കീറി.

അമ്മേ, എന്തിനാണവർ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റിൽ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?

അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.

അമ്മേ, നമ്മൾ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവർ നമ്മെ തല്ലുന്നത്? നമ്മൾ വീടുകളിൽ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു। ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.

അമ്മയുടെ കീറിവീണ സാരിയിൽ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാൻ അറിയാതെ പറഞ്ഞുപോയി.

“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും.ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടിൽ കെട്ടിത്തരും"

കടപ്പാട്: പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിച്ച ജി.മമതയുടെ രചന .

Thursday, March 18, 2010

ഇ.എം.സ് - എ.കെ.ജി അനുസ്മരണം

ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് മാര്‍ക്സിസ്റ്-ലെനിനിസ്റ് സിദ്ധാന്തം പ്രയോഗിക്കേണ്ടത്. നാടിന്റെ സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ട് നടത്തുന്ന ഇടപെടല്‍ സാമൂഹ്യ വികാസത്തിന് ഏറെ സഹായകമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കുന്നതില്‍ തനതായ സംഭാവന ചെയ്ത സൈദ്ധാന്തികനാണ് സ: ഇ.എം.എസ്.

സൈദ്ധാന്തികമായ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുകയും അതനുസരിച്ച് ജനങ്ങളെ സമരോത്സുകരാക്കുകയും ചെയ്യുക എന്നതും ഏറെ പ്രധാനമാണ്. ഈ പ്രക്രിയയിലൂടെ ജനങ്ങളുടെ ബോധത്തെ മുന്നോട്ടുനയിക്കുക എന്ന കടമ സ: എ.കെ.ജി വിജയകരമായി നിര്‍വ്വഹിച്ചു.

ഇങ്ങനെ മാര്‍ക്സിസ്റ് സിദ്ധാന്തത്തെ നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത് അത് ജനങ്ങളുടെ ഹൃദയങ്ങളില്‍ ആണ്ടിറങ്ങുന്ന വികാരമായും തിരിച്ചറിവായും മാറ്റി എടുത്തു എന്നതാണ് എ.കെ.ജിയും ഇ.എം.എസും ചെയ്ത സുപ്രധാനമായ ദൌത്യം. ഇതിന്റെ ഫലമായാണ് ഉന്നതമായ ജനാധിപത്യബോധവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നിലനില്‍ക്കുന്ന ഇന്നത്തെ കേരളം രൂപം കൊണ്ടത്.

ത്യാഗിവര്യരായ ഈ സഖാക്കളുടെ സംഭാവനകളെ വിശദമായി പ്രതിപാദിക്കുക ഈ ചെറിയ ലേഖനത്തില്‍ അസാധ്യമാണ്. സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. ആ നിലയില്‍നിന്നിരുന്ന കേരളത്തെ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കുന്നതിന് നേതൃത്വം നല്‍കുന്നതില്‍ സുപ്രധാനമായ പങ്കാണ് ഇ.എം.എസ് നിര്‍വ്വഹിച്ചത്. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂട്ടിനകത്തായിരുന്നു അന്ന് കേരളജനത കഴിഞ്ഞിരുന്നത്. ജാതീയവും മതപരവുമായ ചിന്തകളില്‍ കുരുങ്ങിക്കിടന്ന ജനതയെ വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടി സംഘടിപ്പിക്കുന്നതിന് ആശയപരമായ നേതൃത്വം നല്‍കി എന്നതാണ് ഇ.എം.എസിന്റെ സുപ്രധാനമായ സംഭാവനകളിലൊന്ന്.

വര്‍ത്തമാനകാലത്തും ജാതീയവും വര്‍ഗീയവുമായ സ്വത്വരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് പുരോഗമനപരം എന്ന മുഖംമൂടിയണിഞ്ഞുകൊണ്ട് പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടിയാണ് ഇത്തരമൊരു ആശയം ശക്തിപ്രാപിച്ചത്. പഴയ നക്സലൈറ്റ് നേതാക്കളില്‍ പലരും ഇതിനു സമാനമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ട് മുമ്പുതന്നെ കടന്നുവരികയുണ്ടായി. കമ്മ്യൂണിസ്റുകാരന്റെ ജനാധിപത്യ സങ്കല്‍പ്പത്തെ ഇത്തരത്തിലുള്ള സ്വത്വരാഷ്ട്രീയ നിലപാടുകളുമായി യോജിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമവും അവര്‍ നടത്തുകയുണ്ടായി. ഇതിനെതിരെ ശക്തമായ സൈദ്ധാന്തിക ആക്രമണമാണ് ഇ.എം.എസ് നടത്തിയത്. എന്നാല്‍ ഇന്ന് വീണ്ടും സ്വത്വവാദികള്‍ പഴയ ആശയങ്ങള്‍ പുതിയ കുപ്പികളില്‍ നിറച്ച് രംഗപ്രവേശം ചെയ്യുന്നുണ്ട്. സ്വത്വബോധം മുമ്പുണ്ടായിരുന്നുവെങ്കിലും അത് സ്വത്വരാഷ്ട്രീയമാക്കി പരിവര്‍ത്തിച്ച് പ്രയോഗിക്കുകയാണ് സാമ്രാജ്യത്വശക്തികള്‍. ആ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഇരകളായി നമ്മുടെ നാട്ടില്‍ പലരും മാറിയിട്ടുണ്ട്. ഇതിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റുകാര്‍ വളര്‍ത്തിയെടുത്ത വര്‍ഗപരമായ യോജിപ്പിന്റെ രാഷ്ട്രീയം തകര്‍ക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തുക എന്നത് വര്‍ഗ രാഷ്ട്രീയ സമീപനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമാണ്. ജാതിരഹിതവും മതേതരവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ഇ.എം.എസിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഈ സമീപനം അത്യന്താപേക്ഷിതമാണ്.

കേരളത്തിന്റെ ഭാഷാപരമായ സവിശേഷതകളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ഇ.എം.എസ് എഴുതിയ പുസ്തകമാണ് 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നുള്ളത്. കേരള ജനതയുടെ സവിശേഷതകളെ വിശകലനം ചെയ്തുകൊണ്ട് എഴുതപ്പെട്ട ഈ പുസ്തകം ഭാഷാപരമായ പ്രത്യേകതയുടെയും കേരളത്തിന്റെ സാംസ്കാരിക സവിശേഷതകളുടെയും സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങളെ വിശകലനം ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള വിശകലനത്തിലൂടെ ആധുനിക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇ.എം.എസ് മുന്നോട്ടുവച്ചിരുന്നു. ഭാവികേരളം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും കുത്തക മുതലാളിത്തത്തിനും എതിരായുള്ള ഒന്നാവണം എന്ന സമീപനവും അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിരാജാവിന്റെ ഐക്യകേരളം എന്ന സങ്കല്‍പ്പത്തെ എതിര്‍ത്തുകൊണ്ട് ഇ.എം.എസ് എഴുതിയ കൊച്ചി രാജാവിന്റെ ഐക്യകേരളം ബ്രിട്ടീഷ് കമ്മട്ടത്തില്‍ അടിച്ച കള്ളനാണയം എന്ന ലഘുലേഖ യഥാര്‍ത്ഥത്തില്‍ ആധുനിക കേരളത്തെ സംബന്ധിച്ചുള്ള ഒരു രൂപരേഖ തന്നെയായിരുന്നു.

ഈ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തെ രൂപപ്പെടുത്തുവാനുള്ള സാഹചര്യവും ഇ.എം.എസിന് ലഭിക്കുകയുണ്ടായി. 1957 ലെ കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടിനെ പ്രായോഗികമാക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വെളിച്ചംവീശുന്നത്. ആഗോളവല്‍ക്കരണ കാലഘട്ടം കേരള വികസനത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോള്‍ അത് എങ്ങനെ തരണം ചെയ്യണം എന്ന് കണ്ടെത്തുവാനുള്ള ഇടപെടലും ഇ.എം.എസ് നടത്തുകയുണ്ടായി. എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഈ കാര്യത്തിലേക്കാണ് ശ്രദ്ധ ഊന്നിയത്. ഇങ്ങനെ കാലത്തിനൊപ്പം വളരുക മാത്രമല്ല ആ വളര്‍ച്ചയ്ക്ക് നേതൃത്വപരമായ പങ്ക് നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഇ.എം.എസിന്റേത്. ചരിത്രത്തിനു മുമ്പേ നടന്നയാള്‍ എന്ന വിശേഷണം ഇതുകൊണ്ടുതന്നെയാണ് ഇ.എം.എസിന് ഇണങ്ങുന്നത്.

പാവങ്ങളുടെ പടത്തലവന്‍ എന്നത് എ.കെ.ജിയുടെ ഒരു വിശേഷണം മാത്രമല്ല. മറിച്ച്, സഖാവിന്റെ പ്രവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ വാചകം തന്നെയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരില്‍നിന്ന് പഠിച്ച് അവരെ നയിച്ച കമ്മ്യൂണിസ്റായിരുന്നു എ.കെ.ജി. അതുകൊണ്ടുതന്നെ സഖാവിന്റെ ജീവിതം സമരപോരാട്ടങ്ങളുടെ നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങളില്‍ ആണ്ടിറങ്ങുക എന്നതും എ.കെ.ജിയുടെ സവിശേഷമായ സ്വഭാവം തന്നെയായിരുന്നു.

നവോത്ഥാന പ്രസ്ഥാനമാണ് ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനപരമായ ചലനങ്ങള്‍ മുന്നോട്ടുവച്ചത്. അതിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു സ്ഥാനമാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ളത്. ആ സത്യാഗ്രഹസമരം നവോത്ഥാന കേരളത്തിന്റെ സമരകാഹളം തന്നെയായിരുന്നു. ആ സമരത്തില്‍ വളണ്ടിയര്‍ ക്യാപ്ടനായി എ.കെ.ജി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ് പ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും സജീവമായി സഖാവ് നിറഞ്ഞുനിന്നു. അക്കാലത്ത് ജാതിവ്യവസ്ഥയ്ക്കെതിരായി നടത്തിയ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിനെത്തുടര്‍ന്നുണ്ടായ ഭീകരമര്‍ദ്ദനവും.

കര്‍ഷകജനതയുടെ സമരപോരാട്ടങ്ങള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തും എ.കെ.ജി ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിലും ഉത്തര്‍പ്രദേശിലെ ഗ്രാമീണമമേഖലയിലും ബീഹാറിലെ കാര്‍ഷിക ഭൂമിയിലും സഖാവ് കര്‍ഷകര്‍ക്കൊപ്പം നിന്ന് പൊരുതി. കേരളത്തില്‍ നടന്ന ഐതിഹാസികമായ മിച്ചഭൂമി സമരത്തില്‍ അടിസ്ഥാന ജനവിഭാഗത്തോടൊപ്പം പോര്‍നിലങ്ങളില്‍ എ.കെ.ജി സജീവ നേതൃത്വമായിരുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി സമരം എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകജനത ഭൂമിയില്‍നിന്ന് എടുത്തെറിയപ്പെടുന്ന സാഹചര്യം സംജാതമായപ്പോള്‍ അവിടെ അവര്‍ക്കൊപ്പം നിന്ന് എ കെ ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചവയായിരുന്നു.

കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്നത് കമ്മ്യൂണിസ്റുകാരുടെ എക്കാലത്തെയും മുദ്രാവാക്യമായിരുന്നു. അതുകൊണ്ടാണ് 1957 ലെ ഒന്നാമത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ അട്ടിമറിക്കാനാണ് പിന്നീട് വന്ന വലതുപക്ഷ മന്ത്രിസഭ ശ്രമിച്ചത്. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് 1967 ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ് മന്ത്രിസഭ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നിയമം കൊണ്ടുവന്നത്. കമ്മ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഇടങ്ങള്‍ പോലും സമ്പന്നരുടെ കൈകളിലേക്ക് തിരിച്ചുനല്‍കുന്നതിനുള്ള നിയമങ്ങളാണ് വലതുപക്ഷ കക്ഷികള്‍ കേരളത്തില്‍ നടപ്പിലാക്കിയത്. അതുകൊണ്ട് മിച്ചഭൂമിയുടെ അളവ് കുറഞ്ഞുവന്ന നിലയുണ്ടായി. അതിന്റെ ഫലമായി ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഇവ പതിച്ചുനല്‍കുക എന്ന കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രാവര്‍ത്തികമായില്ല. 1967 ലെ ബില്ല് തന്നെ പ്രായോഗികമാക്കുന്നതിന് 1970-ല്‍ വലിയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഈ പോരാട്ടങ്ങളിലും നേതൃനിരയില്‍ത്തന്നെ എ.കെ.ജി ഉണ്ടായിരുന്നു.

നിയമം നിലനില്‍ക്കുന്നു എന്നതുകൊണ്ടുമാത്രം പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭിച്ചുകൊള്ളണമെന്നില്ല. ബ്യൂറോക്രസിയുടെയും കോടതികളുടെയും ഇടപെടലുകളെ എല്ലാം മറികടന്നുവേണം ഇത് പ്രായോഗികമാവാന്‍. അതുകൊണ്ടുതന്നെ നിയമം പ്രായോഗികമാക്കുന്നതിനുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്നാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഭരണവും സമരവുമെന്ന ഇ.എം.എസിന്റെ പ്രസിദ്ധമായ കാഴ്ചപ്പാട് ഈ പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്. ചരിത്രത്തിലെ ഇത്തരം അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. എ.കെ.ജിയും ഇ.എം.എസും തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചുതന്ന ഈ മാതൃക കേരളത്തിലെ കമ്മ്യൂണിസ്റുകാര്‍ പിന്തുടരുകയാണ്.

ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് വയനാട്ടിലെ ഭൂസമരവും നടക്കുന്നത്. എ.കെ.എസിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍ കെട്ടിയത് ഇതിന്റെ ഫലമാണ്. ആ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നുമുള്ള ആവശ്യമാണ് ഈ പ്രക്ഷോഭം ഉന്നയിക്കുന്നത്. ഇത് ഏതെങ്കിലും ജനവിഭാഗത്തിനെതിരായുള്ള സമരമല്ല. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചുകൊണ്ടുള്ള സമരപോരാട്ടമാണ്. ചെങ്ങറയില്‍ നടന്ന ഭൂസമരവും ഇതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. മറ്റെല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടും അവരുടെ കൂടി പ്രശ്നങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടുമാണ് വയനാട്ടില്‍ സമരം നടക്കുന്നത്.

എന്നാല്‍, ചെങ്ങറയില്‍ നടന്ന സമരം അവിടത്തെ തൊഴിലാളികളുടെ എതിര്‍പ്പ് മുഴുവനും ഉണ്ടാക്കിയെടുത്തതും ഭൂരഹിതരും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കപ്പെട്ടതുമായ ഒന്നാണ്. വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടിയാണ് വയനാട്ടിലെ ഭൂസമരം നടക്കുന്നത് എന്നതുകൊണ്ടാണ് ആ സമരത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ചെങ്ങറയിലെ സമരത്തിന് വലിയ പിന്തുണയുമായി ഇത്തരം മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്ത അനുഭവവും നമ്മുടെ മുമ്പിലുണ്ട്. രണ്ടും ഭൂസമരമാണ്. എന്നാല്‍ ഒന്ന് മികച്ചതായതും മറ്റൊന്ന് തഴയപ്പെടുന്നതിന്റെയും പിന്നിലുള്ളത് രാഷ്ട്രീയമാണ്; വര്‍ഗസമരത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയം; സ്വത്വരാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കാനുള്ള രാഷ്ട്രീയം. ഈ വസ്തുതയെ നാം തിരിച്ചറിയണം.

ഇ.എം.എസും എ.കെ.ജിയും തങ്ങളുടെ ജീവിതം ആരംഭിക്കുന്ന കാലത്ത് കേരളം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്‍ ജനതയെ ഒതുക്കിനിര്‍ത്തിയിരുന്നു. അതിനെതിരായുള്ള വലിയ പോരാട്ടമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി വര്‍ഗ കാഴ്ചപ്പാടോടെ ഇവിടെ നടന്നത്. അതാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ഇത്തരത്തില്‍ സാമൂഹ്യമായി ഏറെ മുന്നോട്ടുപോയ കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ഭിന്നിപ്പിക്കുവാനുള്ള പരിശ്രമമാണ് വലതുപക്ഷം നടത്തുന്നത്. അതിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സ്വത്വരാഷ്ട്രീയവാദികളെ തുറന്നുകാട്ടി മുന്നോട്ടുപോവുക എന്നതും വര്‍ത്തമാനകാലത്ത് പ്രധാനമാണ്. ഒപ്പം ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന് പ്രതിജ്ഞ ചെയ്യുകയുമാണ് ഇ.എം.എസിന്റെയും എ.കെ.ജിയുടെയും അനുസ്മരണ ദിനത്തില്‍ നമുക്ക് ചെയ്യാനുള്ളത്.

Saturday, February 20, 2010

തളിപ്പറമ്പിന് ആര് ഉത്തരവാദി?

ജീവിതമെന്നത് പുത്തൻകാഴ്ചകളാണെന്നും തുറന്നിട്ട പ്രദർശനമാണെന്നും പഠിപ്പിക്കുന്ന പുതിയ വിശാലചിന്തയ്ക്കുള്ള കരിയാത്ത മുറിവിന്റെ അടയാളം.

ക്ലാസ്മുറികളെ മരണശയ്യയാക്കുക. പാഞ്ഞുവരുന്ന മരണവേഗതയ്ക്കു മുന്നിലേക്ക് പുസ്തകക്കെട്ടുമായി നടന്നടുക്കുക. എല്ലാം കൂട്ടത്തോടെ. ദാലിയൻ ചിത്രത്തെ ഓർമിപ്പിക്കുന വിഭ്രമാത്മകമായ മരണദർശനങ്ങളിലേയ്ക്ക് നമ്മുടെ കൌമാരത്തെ കൂട്ടിക്കൊണ്ടുപോയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെയും ക്ലാസ്മുറികളിലും പുസ്തകസഞ്ചിയിലും മരണം കൂടുകെട്ടാൻ തുടങ്ങിയത്തിന്റെ കാരണം അന്വേഷിക്കാതെയുമുള്ള മുന്നോടുപോക്ക് മഹാപാതകമാകും.

കൊതിയോടെ ജീവിതത്തെ പ്രണയിക്കാൻ തുടങ്ങേണ്ട കാലത്ത് അതിനേക്കാളേറെ വാശിയോടെ മരണത്തെ വാരിപ്പുണരുന്ന കൌമാരങ്ങളെ സ്രഷ്ടിച്ചെടുത്തതിന്റെ ഉത്തരവാദിത്വം ആരേൽക്കും? അപക്വപ്രണയങ്ങളുടെയും അടിപതറലിന്റെയും കഥകളായി കുരുന്നുമരണങ്ങളെ കൂട്ടിവായിക്കാനാണ് നമുക്ക് താല്പര്യം. കൌമാരത്തിനു പ്രണയം പുതിയതല്ല. എന്നാൽ നമ്മുടെ കുട്ടികളുടെ പ്രണയസങ്കൽപ്പത്തെ വികലമാക്കിയതാരാണ്. ജീവിതം രസിക്കലാണെന്നും ശരീരം ആകർഷിക്കാനുള്ള ഒരുപകരണമാണെന്നും പെൺകുട്ടിയ്ക്കും, പെണ്ണ് ശരീരമാണെന്നും പ്രണയസ്വകാര്യതകൾ പോലും ഒരു മൊബൈൽകാമറയിലൂടെ നാടുമുഴുവൻ പങ്കുവയ്ക്കാനുള്ളതാണെന്നും ആൺകുട്ടിക്കും ഓതിക്കൊടുത്തതാരാണ്? നിത്യവും കണ്മുന്നിലിരുക്കുന്ന കുഞ്ഞുങ്ങളുടെ മാറ്റങ്ങളെ കണ്ടറിയാൻ കഴിയാത്തവരായി അധ്യാപകർ മാറിയതും മക്കളുടെ മനോവിചാരങ്ങളുടെ ഗതിവേഗമറിയാത്ത മാതാപിതാകൾ ഉണ്ടായതും ഏതു കാലത്തിന്റെ സ്രഷ്ടിയാണ്? ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ തിരു.
ഇങ്ങിനെയായിരുന്നില്ല നമ്മുടെ ചുറ്റുപാടുകൾ। മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ കുഞ്ഞുങ്ങളെയും മാറ്റിയെടുക്കാനുള്ള് തത്രപ്പാടായിരുന്നല്ലോ. പക്ഷെ നമ്മുടെ പൊങ്ങച്ചത്തിനു മീതെ കൂടുകൂട്ടാൻ കത്തിരുന്ന കഴുകന്മാരെ കാണാനാവാതെ പോയതാണ് ദുരന്തങ്ങൾക്ക് പാതയായത്.

പുതിയ കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും കുട്ടികൾ കുട്ടിത്തം കൈവിടുന്നതും പുസ്തകതാളിൽ മയിൽപീലി ഒളിപ്പിച്ചിരുന്ന അഞ്ചാം ക്ലാസുകാർ അതിരുവിട്ട പ്രണയക്കുറിപ്പുകൾ സൂക്ഷിച്ചതും കണേണറുകൊണ്ടും കൈമാടിക്കൊണ്ടും പ്രണയം പകർന്ന കൌമാരം രണ്ടാംകാഴ്ചയിൽതന്നെ ശരീരം പകരാൻ തുടങ്ങിയതും നാമറിഞ്ഞില്ല। പത്താംക്ലാസ് പൂർത്തിയാക്കിയ മകൻ പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ നാം സന്തോഷിച്ചു. പുത്തൻ ബാങ്കുകാരന്റെ പണപ്പിരിവിനുള്ള ഗുണ്ടയായും അയൽപക്കത്തെ കളിക്കൂട്ടുകാരിയുടെ ചിത്രവും ശരീരവും വിറ്റുമാണ് അവൻ പണമുണ്ടാകൂന്നതെന്ന് നാമറിയാതെപോയി. വർണാഭമായ അലങ്കാരങ്ങൾ ആടിത്തിമിർക്കുന്ന പ്രണയങ്ങൾ, ചോക്ലേറ്റ് പോലെ മധുരതരവും ലോലവുമായ ക്യാമ്പസുകൾ-സ്വീകരണമുറിയിലും സിനിമാകൊട്ടകയിലും കാഴ്ച്കളിൽ ലയിച്ചിരിക്കുമ്പോൾ തൊട്ടരികിലിരിക്കുന്ന കുട്ടികൾ നായികയും നായകനുമായി സങ്കൽപകൊട്ടരങ്ങളിൽ ചേക്കേറുന്നതും മനോരോഗികളാവുന്നതും നാമറിഞ്ഞില്ല. I.T.പാർക്കിൽ നിന്നിറങ്ങി മദ്യശാലയിൽ ക്ഷീണം മാറ്റുന്ന മലയാളിക്കുഞ്ഞുങ്ങളുമുണ്ടെന്നും രാത്രികളിൽ ഇവർക്ക് ഉറഞ്ഞാടാൻ നമ്മുടെ നഗരങ്ങളിലും താവളങ്ങളൊരുങ്ങുന്നുണ്ടെന്നും നാം സമ്മതിക്കില്ല്ല. അല്ലെങ്കിൽ ഇതിനെയൊക്കെ ജനറേഷൻ ഗ്യാപ് എന്ന ഓമനപ്പേരിട്ടു വിളിച്ചു നാം നിലവാരമുള്ളവരായി.

കച്ചവടക്കാർ മെനഞ്ഞ തന്ത്രങ്ങളോന്നും തിരിച്ചറിയാതിരുന്നതാണ് ദുരന്തം. അവർ ആശയം കൊണ്ട് അധീശത്വം നേടി. നമ്മുടേതെല്ലാം ചീത്തയാണെന്നും പഴഞ്ചനാണെന്നുമുള്ള പാഠങ്ങൾ അവർ നമ്മെ പഠിപ്പിച്ചു. ഭാഷ, സാംസകാരം, ജീവിതം, വസ്ത്രം, ഭക്ഷണം…….എല്ലാം മാറ്റാൻ കുഞ്ഞുങ്ങളേക്കാൾ തിരക്കു കൂട്ടിയ മുതിർന്നവരുണ്ട്. എല്ലാ കച്ചവടങ്ങളും നല്ലതെന്ന് പറയുന്നേടത്തേയ്ക്ക് നമ്മുടെ മനസ്സിനെ പരുവപ്പെടുത്തിയാണ് അവർ കച്ചവടം തുടങ്ങിയത്. ലാഭവും നേട്ടവും മാത്രമായി ജീവിതം.
മരണത്തിലേയ്ക്ക് നടന്നുകയരുയവരുടെയും പീഡനങ്ങളിൽ ജന്മം തകർന്നവരുടെയും കൂട്ടത്തിൽ മഹാഭൂരിപക്ഷവും മധ്യവർഗത്തിലോ അതിനുതാഴെയോ ഉള്ളവരാണ്. കാലത്തിന്റെ എല്ലാ ദുരിതങ്ങളോടിമൊപ്പം ഇതിനും ഇവർ ഇരകളാകുന്നു. ഈ കുട്ടികൾ കാണുന്നതും അറിയുന്നതും മുകളിലുള്ളവരുടെ ജീവിതമാണ്. അതിനൊപ്പം ഓടിയെത്താനുള്ള കൊതിയിൽ പലതും അവർ മറന്നുപോകുന്നു. കൊച്ചുകൊച്ചുപ്രലോഭനങ്ങൾ കൊണ്ട് അവരെ താളത്തിനു തുള്ളിക്കാനാവുമെന്ന് കണ്ടെത്തിയ ചിലരുണ്ട്. നാമറിഞ്ഞില്ലെങ്കിലും നമ്മുടെ കുട്ടികളുടെ മനസ്സ് അവർ പഠിച്ചെടുത്തു.
കുരുന്നുരക്തം ചിതറിയ പുസ്തകകെട്ടുകൾ ഇനിയും നാം കണികാണും.ജീവിതവും സംസ്കാരവും കൈവിട്ടുപോകുമ്പോഴും കുരുന്നുകൾ ഭ്രാന്തമായി മരണത്തിലേയ്ക്ക് നടക്കുമ്പോഴും കാഴ്ചകളിൽ നിന്ന് നമ്മുക്ക് തെന്നിമാറാം. സമ്രദ്ധമായ ആട്ടവും പാട്ടും നമ്മെ രസിപ്പികാനുണ്ട്. പക്ഷെ എത്ര നാൾ? നമ്മുടെ വൈകുന്നേരങ്ങളിലും നാം കാത്തിരിക്കുന്ന ഒരു കുഞ്ഞുണ്ട്. അവൻ/അവൾ ഒരു ദിനം മടങ്ങിയെത്താതിരുന്നാൽ?

Sunday, January 17, 2010

രക്തനക്ഷത്രമേ ! ധീരധന്യവാദം




LAL SALAM SAKHAVE


WE SALUTE – RED SALUTE


1914 ജൂലായ് എട്ടിന് ഡോ.നിസികാന്ത ബസുവിന്റെയും ഹേമലത ബസുവിന്റെയും മൂന്നാമത്തെ മകനായി ജനിച്ച ജ്യോതീന്ദ്ര ബസുവിന്റെ ചെല്ലപ്പേര് ഗണ എന്നായിരുന്നു. ആറാം വയസ്സില്‍ ബസുവിനെ ലൊറേറ്റോ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്‍ പേര് ജ്യോതീന്ദ്ര ബസുവില്‍ നിന്ന് ജ്യോതിബസു എന്ന് ചുരുക്കി. 1925ല്‍ ബസുവിനെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ ചേര്‍ത്തു. മെട്രിക്കുലേഷന് ശേഷം ഹിന്ദു കോളേജില്‍(ഇപ്പോഴത്തെ പ്രസിഡന്‍സി കോളേജ്) ഇംഗ്ലീഷ് ഓണേഴ്‌സിന് ചേര്‍ന്നു. 1935ല്‍ ബിരുദം നേടിയ ശേഷം ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് ബസു കപ്പല്‍ കയറി. 1936 മുതല്‍ 1940 വരെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്ന ബസു ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനായ ഇന്ത്യ ലീഗില്‍ അംഗമായി. ലണ്ടന്‍ മജ്‌ലിസിലും ബസു ചേര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത് ലണ്ടന്‍ മജ്‌ലിസ് ആയിരുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ലണ്ടനിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുന്നതിന്റെ ചുമതല ബസുവിനായിരുന്നു. സുഭാഷ് ചന്ദ്രബോസ് ലണ്ടനിലെത്തിയപ്പോള്‍ ലണ്ടന്‍ മജ്‌ലിസിന്റെ ആഭിമുഖ്യത്തില്‍ ബസു ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ നേതാക്കള്‍ക്ക് ലേബര്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യലിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ബസു ഒരുക്കിക്കൊടുത്തിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വഴി ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബസു ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ബസുവിന് ഇത് തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന് കാരണം. ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ ഈസ്റ്റ് ലണ്ടന്‍ ചേരികളിലെ നിരക്ഷരായ ഇന്ത്യന്‍ നാവികരെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നതിന് ബസു ഒരു സംഘത്തിന് രൂപം നല്‍കി. പാവപ്പെട്ട, നിരക്ഷരായ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബസുവിന് ഇത് അവസരം നല്‍കി. 1940ല്‍ ബസു ഇന്ത്യയില്‍ തിരിച്ചെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുള്ള ആ വരവ് കുടുംബാംഗങ്ങളടക്കം പലരെയും ഞെട്ടിക്കുന്നതായിരുന്നു. ആ വര്‍ഷം ജനവരി 20ന് ബസു ബസന്തി ഘോഷിനെ വിവാഹം കഴിച്ചു. 1942 മെയ് 11ന് ബസന്തി മരിച്ചു. 1940ല്‍ സി.പി.ഐയെ നിയമവിരുദ്ധമായി ഭരണകൂടം പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് ബസു പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന നേതാക്കള്‍ക്ക് താവളങ്ങള്‍ ഒരുക്കികൊടുക്കാനും അവര്‍ക്ക് യോഗങ്ങള്‍ വിളിക്കാനുള്ള സൗകര്യമൊരുക്കാനും പാര്‍ട്ടി നേതാക്കള്‍ ബസുവിനെ ചുമതലപ്പെടുത്തി. ഇതോടെ ഒളിവില്‍ കഴിയുന്ന നേതാക്കളും പുറത്തുള്ള നേതാക്കള്‍ക്കുമിടയിലെ പാലമായി ബസു മാറി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ലീഗല്‍ കോണ്‍ഫറന്‍സില്‍ ജ്യോതിബസു പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി ഓര്‍ഗനൈസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാള്‍-അസം റെയില്‍വെ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി ആയിരുന്ന ബസുവിനെ 1944ല്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തി. 1946ല്‍ വര്‍ഗീയ കലാപക്കാലത്ത് ബെളിയാഘട്ടയിലെത്തിയ ഗാന്ധിജിയെ ഭൂപേഷ് ഗുപ്തയ്‌ക്കൊപ്പം ചെന്നുകണ്ട ബസു സര്‍വകക്ഷി സമാധാന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും ഒരു സമാധാന റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തോട് ഉപദേശം തേടി. 1946ല്‍ ബംഗാള്‍ നിയമസഭയിലേയ്ക്ക് ബസു തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം 1972 വരെ ബസു തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1948 ഡിസംബര്‍ അഞ്ചിന് ബസു കമല്‍ ബസുവിനെ വിവാഹം കഴിച്ചു. കമല്‍ ബസു 1951 ആഗസ്ത് 31ന് ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഡയേറിയയും ഡീഹൈഡ്രേഷനും മൂലം ഈ കുട്ടി മരിച്ചു. 1952ല്‍ ബസുവിന് ഒരു ആണ്‍കുട്ടി ജനിച്ചു. 1951ല്‍ സിപി.ഐയുടെ നിരോധനം പിന്‍വലിച്ചപ്പോള്‍ ബസു ബംഗാളിലെ പാര്‍ട്ടി മുഖപത്രമായ 'സ്വാതിനാഥ'യുടെ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിഡന്റ് ആയി. 1953ല്‍ ബസു സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മധുരൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബസു കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് കേന്ദ്ര സെക്രട്ടേറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബസു 1958ല്‍ അമൃത്സര്‍ കോണ്‍ഗ്രസില്‍ വെച്ച് ദേശീയ കൗണ്‍സിലിലെത്തി. 1964ല്‍ മറ്റ് 31 പേരോടൊപ്പം ദേശീയ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ബസു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുകയും തുടക്കം മുതല്‍ തന്നെ പോളിറ്റ് ബ്യൂറോ അംഗവുമായി. സി.ഐ.ടി.യു രൂപവത്കരിച്ചപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റുമാരിലൊരാളായി ജ്യോതിബസു തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടിയു രൂപവത്കരിച്ച 1970ലെ സമ്മേളനത്തില്‍ റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു ബസു. 1967ല്‍ ബസു ബംഗാള്‍ ഉപമുഖ്യമന്ത്രിയായി. 1969ലെ തിരഞ്ഞെടുപ്പിനുശേഷം ബസു വീണ്ടും ഉപമുഖ്യമന്ത്രിയായി. 1977ല്‍ അതുവരെ ജയിച്ചുവന്ന ബാരാനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സത്ഗാച്ചിയ മണ്ഡലത്തിലേയ്ക്ക് മാറിയ ബസു ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് 2000 നവംബര്‍ മൂന്ന് വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.

ധീര സഖാവെ……

അങ്ങയുടെ വിപ്ലവസ്മരണക്ക് മുന്നിൽ
ഒരു പിടി രക്തപുഷ്പങ്ങൾ